പുതിയ ജനാധിപത്യ രാഷ്ട്രീയ പ്രസ്ഥാനം വരുന്നു: പ്രഖ്യാപനം ജനുവരിയില്‍


കേരളം (www.evisionnews.co): വ്യത്യസ്ത സാമൂഹിക, രാഷ്ട്രീയ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ ഒത്തുചേര്‍ന്ന് പുതിയ ജനാധിപത്യ രാഷ്ട്രീയ പ്രസ്ഥാനം രൂപീകരിക്കുന്നതിനുള്ള നീക്കം ഊര്‍ജിതമാവുന്നു. ജൂണ്‍ രണ്ടിന് എറണാകുളത്ത് ചേര്‍ന്ന കണ്‍വെന്‍ഷനിലാണ് പുതിയ രാഷ്ട്രീയ പ്രസ്ഥാനം രൂപീകരിക്കാന്‍ തീരുമാനിച്ചത്. സണ്ണി എം. കപിക്കാട് ജനറല്‍ കണ്‍വീനറായ 50 അംഗ സംസ്ഥാന സംഘാടക സമിതി പ്രവര്‍ത്തനം ജില്ലാ തലങ്ങളിലേക്കും വ്യാപിപ്പിച്ചു. ജില്ലാ തലങ്ങളിലും സംഘാടക സമിതികളുടെ രൂപീകരണം ആരംഭിച്ചു.

2020 ജനുവരിയില്‍ എറണാകുളത്ത് നടക്കുന്ന ജനാധിപത്യ രാഷ്ട്രീയ സമ്മേളനത്തില്‍ പ്രസ്ഥാനത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം നടക്കും. വൈക്കത്ത് ആഗസ്ത് 24ന് നടന്ന കോട്ടയം ജില്ലാ സംഘാടക സമിതി രൂപീകരണത്തിന്റെ തുടര്‍ച്ചയായി എറണാകുളത്ത് സെപ്റ്റംബര്‍ എട്ടിന് കണ്‍വെന്‍ഷന്‍ നടക്കും. കൊച്ചിന്‍ ടൂറിസ്റ്റ് ഹോമില്‍ ഉച്ചക്ക് രണ്ടിന് നടക്കുന്ന കണ്‍വെന്‍ഷന്‍ എഴുത്തുകാരനും ചിന്തകനുമായ കെ. കെ കൊച്ച് ഉദ്ഘാടനം ചെയ്യും. അഡ്വ. കെ.വി ഭദ്ര കുമാരി അദ്ധ്യക്ഷത വഹിക്കും. സണ്ണി എം. കപിക്കാട് ആമുഖ പ്രഭാഷണവും സമീപന രേഖ അവതരണവും നടത്തും. സി. ആര്‍ നീലകണ്ഠന്‍, ഫാ. അഗസ്റ്റിന്‍ വട്ടോളി, പി.പി രാജന്‍ (ശ്രീനാരായണ സേവ സമിതി), ഷാജി ജോര്‍ജ് (കെ.എല്‍.ആര്‍.സി.സി), ഡോ. കെ. ശ്രീകുമാര്‍, അംബിക, ടി.ടി വിശ്വംഭരന്‍ തുടങ്ങിയവര്‍ ചര്‍ച്ചകളില്‍ പങ്കെടുക്കും.

സാമ്പത്തിക നീതി, സാമൂഹിക നീതി, പാരിസ്ഥിതിക നീതി, ലിംഗ നീതി എന്നിവയില്‍ കേന്ദ്രീകരിക്കുന്നതാകും പുതിയ പ്രസ്ഥാനത്തിന്റെ രാഷ്ട്രീയം. സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം, നീതി എന്നീ മൂല്യങ്ങളായിരിക്കും പുതിയ ജനാധിപത്യ രാഷ്ട്രീയത്തെ മുന്നോട്ട് നയിക്കുക. ആദിവാസികള്‍, ദളിതര്‍, പിന്നോക്ക, ന്യൂനപക്ഷ വിഭാഗങ്ങള്‍, സ്ത്രീകള്‍, കര്‍ഷകര്‍, തൊഴിലാളികള്‍, തുടങ്ങി എല്ലാ വിഭാഗം ജനങ്ങളുടെയും ഐക്യം സാധ്യമാക്കും. സമ്പദ്ഘടനയെയും സാമൂഹിക ക്രമത്തെയും പുനഃസംഘടിപ്പിക്കാന്‍ കഴിയുന്ന ഒരു നവജനാധിപത്യ രാഷ്ട്രീയം രൂപപ്പെടുത്തുകയാണ് ലക്ഷ്യമെന്നും ജനറല്‍ കണ്‍വീനര്‍ സണ്ണി എം. കപിക്കാട് പറഞ്ഞു.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?