കോടതി മുറിയിലും ചെക്കുകേസ് ഒത്തുതീര്‍പ്പായില്ല; യാത്രാ വിലക്ക് ഒഴിവാക്കാന്‍ യുഎഇ പൗരന്റെ പാസ്‌പോര്‍ട്ട് കോടതിയില്‍ കെട്ടിവെച്ച് ജാമ്യ വ്യവസ്ഥയില്‍ ഇളവ് നേടാനുള്ള ശ്രമത്തില്‍ തുഷാര്‍ വെള്ളാപ്പള്ളി

ദുബൈ: (www.kvartha.com 27.08.2019) ബി ഡി ജെ എസ് നേതാവും കേരളത്തിലെ എന്‍ ഡി എ കണ്‍വീനറുമായ തുഷാര്‍ വെള്ളാപ്പള്ളിക്കെതിരെ യു എ ഇ യിലുള്ള ചെക്ക് കേസ് കോടതിയിലും ഒത്തുതീര്‍പ്പായില്ല. തുഷാര്‍ വാഗ്ദാനംചെയ്ത തുക കുറവാണെന്ന പരാതിക്കാരന്‍ നാസില്‍ അബ്ദുള്ളയുടെ വാദമാണ് അതിന് കാരണം. ഇതോടെ പ്രോസിക്യൂട്ടറുടെ മധ്യസ്ഥതയിലുള്ള ചര്‍ച്ചകള്‍ പരാജയപ്പെട്ടു.

അജ്മാന്‍ കോടതിയില്‍ തിങ്കളാഴ്ച നടന്ന കേസിന്റെ വിവര-തെളിവ് ശേഖരണത്തിനിടെ നാസില്‍ തന്റെ ചെക്ക് മോഷ്ടിച്ചതാണെന്ന് തുഷാര്‍ വാദിച്ചു. എന്നാല്‍ എന്തുകൊണ്ട് മോഷണസമയത്ത് പരാതി നല്‍കിയില്ലെന്ന കോടതിയുടെ ചോദ്യത്തിന് മുന്നില്‍ തുഷാറിന് മറുപടി ഉണ്ടായിരുന്നില്ല. തുടര്‍ന്ന് ചെക്ക് മോഷ്ടിച്ചതാണെങ്കില്‍ അതിന് പ്രത്യേക പരാതി നല്‍കണമെന്നും ആ വാദം ഇപ്പോള്‍ സ്വീകരിക്കാന്‍ കഴിയില്ലെന്നും പ്രോസിക്യൂട്ടര്‍ നിലപാടെടുത്തു.

Talks for out-of-court settlement fail for Kerala politician Thushar Vellappally arrested in UAE, Dubai, News, Trending, Ajman, Court, Complaint, Gulf, Politics, World

തന്റെ സാന്നിധ്യത്തില്‍ ഒത്തുതീര്‍പ്പു ചര്‍ച്ചകള്‍ക്ക് തയ്യാറാണോയെന്ന പ്രോസിക്യൂട്ടറുടെ ചോദ്യത്തിന് ഇരുവരും സമ്മതം മൂളുകയും ചെയ്തു. തുടര്‍ന്ന് തുഷാറിനെതിരായ കേസ് പിന്‍വലിക്കാന്‍ നാസില്‍ ഒരു തുക ആവശ്യപ്പെട്ടു. ആ തുക തുഷാറിന് സ്വീകാര്യമായില്ല. അതോടെ ചെക്ക് കേസ് ഒത്തുതീര്‍പ്പാക്കാനുള്ള അജ്മാന്‍ പ്രോസിക്യൂട്ടറുടെ ശ്രമം പരാജയപ്പെട്ടു. രണ്ടുദിവസം കഴിഞ്ഞ് പ്രോസിക്യൂട്ടര്‍ ഇരുവരെയും വീണ്ടും വിളിപ്പിക്കും.

അതേസമയം, കോടതിക്കുപുറത്ത് സമാന്തരമായി ഒത്തുതീര്‍പ്പു ചര്‍ച്ചകള്‍ തുടരുകയാണ്. നാസിലും തുഷാറും തമ്മില്‍ നേരിട്ടുള്ള ചര്‍ച്ചയുണ്ടാകില്ല. ഇരുവരുടെയും സുഹൃത്തുക്കള്‍ തമ്മിലാണ് ചര്‍ച്ച നടത്തുന്നത്. പത്തൊമ്പത് കോടി രൂപ മുഴുവനും കിട്ടിയാല്‍ മാത്രമേ പരാതി പിന്‍വലിക്കൂ എന്ന നിലപാടിലാണ് നാസില്‍.

എന്നാല്‍ കേസ് നടപടികള്‍ അനന്തമായി നീണ്ടാല്‍ തുഷാറിന് അനിശ്ചിതമായി യു എ ഇ യില്‍ തങ്ങേണ്ടിവരും. ഈ സാഹചര്യത്തില്‍ തുഷാര്‍ കോടതിക്കു പുറത്ത് ഒത്തുതീര്‍പ്പിന് വഴങ്ങുമെന്നാണ് നാസിലിന്റെ പ്രതീക്ഷ.

അതിനിടെ നാട്ടിലെത്താനുള്ള യാത്രാ വിലക്ക് ഒഴിവാക്കാന്‍ തുഷാര്‍ വെള്ളാപ്പള്ളി പുതിയ വഴി തേടുകയാണ്. യുഎഇ പൗരന്റെ പാസ്‌പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചു ജാമ്യ വ്യവസ്ഥയില്‍ ഇളവ് നേടാനാണ് തുഷാറിന്റെ ശ്രമം. ഇതിനായി തുഷാര്‍ ചൊവ്വാഴ്ച കോടതിയില്‍ അപേക്ഷ നല്‍കും.

വിചാരണ തീരുന്നത് വരെയോ അല്ലെങ്കില്‍ കോടതിക്ക് പുറത്തു കേസ് ഒത്തുതീര്‍പ്പാകുന്നത് വരെയോ യുഎഇ വിട്ടു പോകരുത് എന്ന വ്യവസ്ഥയിലാണ് അജ്മാന്‍ കോടതി കഴിഞ്ഞ വ്യാഴാഴ്ച തുഷാറിനു ജാമ്യം അനുവദിച്ചത്.

എന്നാല്‍ സ്വദേശി പൗരന്റെ ആള്‍ ജാമ്യത്തില്‍ യുഎഇ വിടാന്‍ കഴിയും എന്നാണ് തുഷാറിന് ലഭിച്ച നിയമോപദേശം. ഇതിന്റെ അടിസ്ഥാനത്തില്‍ തുഷാറിന്റെ സുഹൃത്തായ യുഎഇ പൗരന്റെ പേരില്‍ കേസിന്റെ പവര്‍ ഓഫ് അറ്റോര്‍ണി കൈമാറുകയും അതു കോടതിയില്‍ സമര്‍പ്പിക്കാനുമാണ് തീരുമാനം. തുഷാറിന്റെ അസാന്നിധ്യത്തില്‍ കേസിന്റെ ബാധ്യതകള്‍ ഏറ്റെടുക്കാന്‍ സാമ്പത്തിക ശേഷിയുള്ള സ്വദേശിയുടെ പാസ്‌പോര്‍ട്ട് മാത്രമേ സ്വീകാര്യമാവൂ.

സ്വദേശിയുടെ പാസ്‌പോര്‍ട്ടിന്‍മേലുള്ള ജാമ്യത്തില്‍ നാട്ടിലേക്കു മടങ്ങിയാല്‍ വിചാരണയ്ക്കും മറ്റുമായി കോടതി വിളിപ്പിക്കുമ്പോള്‍ യുഎഇയില്‍ തിരിച്ചെത്തിയാല്‍ മതിയാകും. തുഷാര്‍ തിരിച്ച് എത്തുന്നതില്‍ വീഴ്ചയുണ്ടായാല്‍ പാസ്‌പോര്‍ട്ട് ജാമ്യം നല്‍കിയ സ്വദേശി ഉത്തരവാദിയാകും. ആള്‍ ജാമ്യത്തിനൊപ്പം കൂടുതല്‍ തുകയും കോടതിയില്‍ കെട്ടിവയ്ക്കേണ്ടി വരും. നേരത്തേ തുഷാറിനു ജാമ്യം ലഭിക്കുന്നതിനുള്ള തുകയ്ക്കും നിയമസഹായത്തിനും വ്യവസായി എം എ യൂസഫലിയുടെ പിന്തുണയുണ്ടായിരുന്നു.

യൂസഫലിയുടെ വക്കീല്‍ തന്നെയാണ് തുഷാറിന്റെ ജാമ്യ നടപടികള്‍ക്ക് വേണ്ടി കോടതിയില്‍ ഹാജരായതും. ഒരു കോടി 95ലക്ഷം രൂപയാണ് ജാമ്യത്തുകയായി കോടതിയില്‍ കെട്ടിവെച്ചത്. മാത്രമല്ല പാസ്‌പോര്‍ട്ടും കോടതിയില്‍ കണ്ടുകെട്ടിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനും തുഷാറിന്റെ മോചനത്തിനായി കേന്ദ്രമന്ത്രിക്ക് കത്തെഴുതിയിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Talks for out-of-court settlement fail for Kerala politician Thushar Vellappally arrested in UAE, Dubai, News, Trending, Ajman, Court, Complaint, Gulf, Politics, World.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?