കേരളത്തിലേക്ക് പുതിയ ഗവര്‍ണര്‍ ഉടന്‍; ആര്‍ എസ് എസിന്റെയോ ബി ജെ പിയുടെയോ മുതിര്‍ന്ന നേതാക്കള്‍ക്കും വിരമിച്ച സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ക്കും പരിഗണന

തിരുവനന്തപുരം: (www.kvartha.com 29.08.2019) ഗവര്‍ണര്‍ പി സദാശിവത്തിന്റെ ഔദ്യോഗിക കാലാവധി അവസാനിക്കാനിരിക്കെ കേരളത്തിലേക്ക് പുതിയ ഗവര്‍ണറെത്തുന്നു. പുതിയ രാഷ്ട്രീയ സാഹചര്യത്തില്‍ ആര്‍ എസ് എസിന്റെയോ ബി ജെ പിയുടെയോ മുതിര്‍ന്ന നേതാവിനെയോ, വിരമിച്ച സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥനെയോ പരിഗണിക്കാന്‍ സാധ്യത. അടുത്ത ബുധനാഴ്ചയാണ് സദാശിവത്തിന്റെ കാലാവധി അവസാനിക്കുന്നത്.

സുപ്രീംകോടതി ചീഫ് ജസ്റ്റിസായി വിരമിച്ചതിനു പിന്നാലെ, 2014 ആഗസ്റ്റ് 31നാണ് പി സദാശിവത്തെ കേരള ഗവര്‍ണറായി നിയമിച്ച് കേന്ദ്രം ഉത്തരവിറക്കിയത്. എന്നാല്‍ സെപ്തംബര്‍ അഞ്ചിനാണ് അദ്ദേഹം ചുമതലയേറ്റത്.

Central government may appoint new Governor to Kerala, Thiruvananthapuram, News, Politics, BJP, RSS, Governor, Kerala

വിരമിക്കുന്ന പശ്ചാത്തലത്തില്‍ വെള്ളിയാഴ്ച വരെയുള്ള പൊതുപരിപാടികളില്‍ മാത്രമേ ഗവര്‍ണര്‍ പങ്കെടുക്കുകയുള്ളൂ. തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ആരോഗ്യ സര്‍വകലാശാലയുടെ ബിരുദ ദാനവും കൊച്ചിയില്‍ ന്യൂറോ സര്‍ജന്മാരുടെ സമ്മേളനവുമാണ് അദ്ദേഹത്തിന്റെ അവസാന പരിപാടികള്‍. പുതിയ ഗവര്‍ണറെ നിയമിച്ച് ഉത്തരവുണ്ടാകും വരെ അദ്ദേഹത്തിന് രാജ് ഭവനില്‍ തന്നെ തുടരേണ്ടിവരും.

നേരത്തേ, ആന്ധ്രപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളുടെ ചുമതലയുള്ള ഗവര്‍ണറാകാന്‍ പി സദാശിവം കേന്ദ്രത്തെ താത്പര്യമറിയിച്ചിരുന്നു. എഴുപതുകാരനായ സദാശിവത്തെ മറ്റേതെങ്കിലും സംസ്ഥാനത്ത് ഒരു വട്ടം കൂടി ഗവര്‍ണറാക്കാനാണ് സാധ്യത.

കേരളത്തിനൊപ്പം മറ്റ് 14 സംസ്ഥാനങ്ങളിലും ഗവര്‍ണറുടെ ഒഴിവുണ്ടാകുമെന്നതിനാല്‍ പദവിക്കായി മുതിര്‍ന്ന നേതാക്കളും വിരമിച്ച ഐ എ എസ്, ഐ പി എസ് ഉന്നതരെല്ലാം രംഗത്തുണ്ട്.

ലോക്‌സഭാ സ്പീക്കറായിരുന്ന സുമിത്രാ മഹാജന്‍, മുന്‍ കേന്ദ്രമന്ത്രി ഉമാഭാരതി, പുതുച്ചേരി ലഫ്റ്റനന്റ് ഗവര്‍ണര്‍ കിരണ്‍ബേദി, വീരപ്പനെ വധിച്ച ദൗത്യസംഘത്തിന്റെ തലവന്‍ പാലക്കാട്ടുകാരന്‍ കെ വിജയകുമാര്‍, കോട്ടയം സ്വദേശിയും മേഘാലയ സര്‍ക്കാരിന്റെ ഉപദേഷ്ടാവുമായ മുന്‍ ഐ എ എസ് ഉദ്യോഗസ്ഥന്‍ ഡോ സി വി ആനന്ദബോസ്, എ ഐ സി സി മുന്‍ സെക്രട്ടറി ടോം വടക്കന്‍, കലിക്കറ്റ് സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ എം അബ്ദുള്‍സലാം, മുന്‍ പോലീസ് മേധാവി ടി പി സെന്‍കുമാര്‍, സ്വയം വിരമിക്കാനൊരുങ്ങുന്ന ഡി ജി പി ഡോ ജേക്കബ് തോമസ് എന്നിവരെല്ലാം പരിഗണനയിലുണ്ട്.

നിലവില്‍ ജമ്മു കശ്മീര്‍ ഗവര്‍ണറുടെ ഉപദേശകനായ കെ വിജയകുമാറിനെ അവിടെത്തന്നെ ഗവര്‍ണറാക്കാനും സാധ്യതയുണ്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് മത്സരിക്കാന്‍ കുമ്മനം രാജശേഖരന്‍ പദവി ഒഴിഞ്ഞതിനെ തുടര്‍ന്ന് അസാം ഗവര്‍ണര്‍ ജഗദീഷ് മുഖിക്ക് മിസോറാമിന്റെ അധിക ചുമതല നല്‍കിയിരിക്കുകയാണ്. നേരത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഗവര്‍ണര്‍ സ്ഥാനം രാജിവെച്ച കുമ്മനം രാജശേഖരനെ വീണ്ടും പരിഗണിക്കാന്‍ സാധ്യതയുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Central government may appoint new Governor to Kerala, Thiruvananthapuram, News, Politics, BJP, RSS, Governor, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?