കേരളത്തില്‍ മഴയുടെ ശക്തി കുറയുമെന്ന് ഇന്ത്യന്‍ കാലാവസ്ഥാ കേന്ദ്രം മേധാവി ഡോ എം മഹാപത്ര

പത്തനംതിട്ട: (www.kvartha.com 10.08.2019) കേരളത്തില്‍ മഴയുടെ ശക്തി കുറയുമെന്ന് ഇന്ത്യന്‍ കാലാവസ്ഥാ കേന്ദ്രം മേധാവി ഡോ. എം. മഹാപത്ര. തെക്കന്‍ കേരളത്തില്‍ ശനിയാഴ്ച മുതല്‍ മഴയുടെ ശക്തി കാര്യമായി കുറയും. വടക്കന്‍ കേരളത്തില്‍ തുടരുമെങ്കിലും അത്ര ശക്തമായിരിക്കില്ല. കേരളത്തില്‍ ഒരിടത്തും അതിതീവ്ര മഴയ്ക്കു സാധ്യതയില്ല. എന്നാല്‍ പ്രളയസാഹചര്യം നിലനില്‍ക്കുന്നതിനാല്‍ റെഡ്, ഓറഞ്ച്, യെല്ലോ മുന്നറിയിപ്പുകള്‍ പാലിക്കണം. കേരളത്തില്‍ ഏഴ് ജില്ലകളില്‍ ശനിയാഴ്ചയും റെഡ് അലര്‍ട്ട് തുടരും.

പാലക്കാട് ആലത്തൂരില്‍ 40 സെന്റീമീറ്ററോളം അതിതീവ്ര മഴ ലഭിച്ചു. ഇത് റെക്കോഡാണ്. ഒഡീഷ തീരത്ത് രൂപപ്പെടുന്ന ന്യൂനമര്‍ദം കരയിലേക്കു കയറി പടിഞ്ഞാറന്‍ ദിശയിലേക്കു നീങ്ങുമ്പോള്‍ കേരളത്തില്‍ മഴ ശക്തിപ്പെടുന്നത് പതിവാണെന്നു മഹാപത്ര പറഞ്ഞു. 12 ന് ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടുമൊരു ന്യൂനമര്‍ദം രൂപപ്പെടുന്നുണ്ട്. ഇത് പശ്ചിമ തീരത്തും മഴയ്ക്കു കാരണമാകും. കേരളത്തിലും മഴ ലഭിക്കും. എന്നാല്‍ ഇത് തീവ്രമാകാന്‍ സാധ്യത കുറവാണ്. ഈ ന്യൂനമര്‍ദം അതീവ ന്യൂനമര്‍ദമാകില്ലെന്നാണു നിഗമനം. തന്നെയുമല്ല, ഇത് വടക്കോട്ടു നീങ്ങി ബംഗാളിലാവും മഴയെത്തിക്കുക.

 Chief of india meteorological department mrutyunjay mohapatra onkerala weather, Pathanamthitta, palakkad, Trending, Rain, Thrissur, Kerala

കഴിഞ്ഞ വര്‍ഷത്തേതിനു സമാനമായ സാഹചര്യമല്ല ഇത്തവണ കേരളത്തില്‍ ഉള്ളത്. കഴിഞ്ഞ വര്‍ഷം ഇതേസമയത്ത് സംസ്ഥാനം 25 ശതമാനത്തോളം അധികമഴയില്‍ കുതിര്‍ന്നു നില്‍ക്കുമ്പോഴാണു 15-ാം തീയതി കനത്ത മഴ എത്തിയത്. ഇതു സ്ഥിതി വഷളാക്കി. എന്നാല്‍ ഇത്തവണ സംസ്ഥാനത്ത് 14 ശതമാനം മഴ കുറവാണ്. അതിനാല്‍ കഴിഞ്ഞ വര്‍ഷത്തെപ്പോലെ കേരളമാകെ പ്രളയം ആവര്‍ത്തിക്കാന്‍ സാധ്യതയില്ലെന്നും മഹാപത്ര പറഞ്ഞു.

അറബിക്കടലില്‍ കേരള തീരത്തുണ്ടായ ശക്തമായ മഴമേഘക്കാറ്റിന്റെ ഫലമായി വ്യാഴാഴ്ച ആരംഭിച്ച കനത്ത മഴ ശനിയാഴ്ച കൂടി തുടരുമെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ഇതനുസരിച്ച് എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, പാലക്കാട്, കണ്ണൂര്‍ ജില്ലകളില്‍ ശനിയാഴ്ച റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.

തൃശ്ശൂര്‍, ആലപ്പുഴ, കാസര്‍കോട്, കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. അറബിക്കടലിലെ ജലംനിറഞ്ഞ കാറ്റിന്റെ ഫലമായി സംസ്ഥാനത്ത് 100 മുതല്‍ 150 എം.എം. വരെ കനത്ത മഴയുണ്ടാകും. തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ ദുര്‍ബലമായിരിക്കും.

കേരള തീരത്ത് തെക്കുനിന്ന് പടിഞ്ഞാറന്‍ ദിശയില്‍ മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റടിക്കാനിടയുണ്ട്. കടല്‍ പ്രക്ഷുബ്ധമായിരിക്കും. തിരമാലകള്‍ 3.2 മീറ്റര്‍ മുതല്‍ 3.7 വരെ ഉയര്‍ന്നേക്കും. മത്സ്യത്തൊഴിലാളികള്‍ കടലിലിറങ്ങരുത്.മഴയുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് സംസ്ഥാനത്ത് കനത്ത ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്. മലയോര പ്രദേശങ്ങളിലേക്കുള്ള യാത്രകള്‍ ഒഴിവാക്കണമെന്നും നിര്‍ദ്ദേശമുണ്ട്.

അതേസമയം, ഇപ്പോഴും മഴ ശക്തമായി പെയ്യുന്ന വടക്കന്‍ ജില്ലകളില്‍ അതീവ ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ ഉരുള്‍ പൊട്ടലുണ്ടായ സ്ഥലത്ത് നിന്നും ആളുകളെ പുറത്തെടുക്കാന്‍ ഇനിയും കഴിഞ്ഞിട്ടില്ല. പ്രതികൂല കാലാവസ്ഥ മൂലം രക്ഷാപ്രവര്‍ത്തകര്‍ക്ക് ഇവിടങ്ങളിലേക്ക് എത്താന്‍ കഴിഞ്ഞിട്ടില്ല. സംസ്ഥാനത്ത് മഴക്കെടുതിയില്‍ പെട്ട് ഇതുവരെ 43 പേര്‍ മരിച്ചതായാണ് അനൗദ്യോഗിക കണക്കുകള്‍.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Chief of india meteorological department mrutyunjay mohapatra onkerala weather, Pathanamthitta, palakkad, Trending, Rain, Thrissur, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?