ഉന്നാവോ കേസില്‍ ചീഫ് ജസ്റ്റിസിന്റേത് ഗാലറിക്കുവേണ്ടിയുള്ള കളി; ഇരകള്‍ക്ക് നീതി ഉറപ്പാക്കാന്‍ കോടികള്‍ ചിലവഴിച്ച സംവിധാനങ്ങള്‍ പരാജയം, കൈയ്യടി കിട്ടാനുള്ള ഡയലോഗുകളില്‍ കാര്യമില്ല, ചീഫ് ജസ്റ്റിസിനെ വിമര്‍ശിച്ച് ഹരീഷ് വാസുദേവന്റെ ഫേസ്ബുക്ക് കുറിപ്പ്

കൊച്ചി: (www.kvartha.com 03.08.2019) ഉന്നാവോ കേസില്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് നടത്തിയ പരാമര്‍ശങ്ങള്‍ ഗാലറിക്ക് വേണ്ടിയുള്ള കളിയാണെന്ന വിമര്‍ശനവുമായി അഭിഭാഷകന്‍ ഹരീഷ് വാസുദേവന്‍ ഫേസ്ബുക്ക് കുറിപ്പിട്ടു. ഇരകള്‍ക്ക് നീതി ഉറപ്പാക്കാന്‍ കോടികള്‍ ചിലവഴിച്ച സംവിധാനങ്ങള്‍ ഉണ്ടെങ്കിലും അവയുടെ പരാജയമാണ് പ്രശ്നമെന്നും അതിനുള്ള പരിഹാരമാണ് രാജ്യത്തിന് വേണ്ടതെന്നും അദ്ദേഹം കുറിച്ചു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം...


ഉന്നാവ് കേസിൽ സുപ്രീംകോടതിയുടെ റോൾ എന്താകണം?

"ഈ രാജ്യത്ത് എന്താണ് നടക്കുന്നത്" എന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഗോഗോയ് സോളിസിറ്റർ ജനറൽ തുഷാർ മേത്തയോട് ഉന്നാവോ കേസ് വാദത്തിനിടെ ചോദിച്ചത്രേ. റേപ്പ് കേസിലെ പരാതിക്കാരിയുടെ അച്ഛനെ പോലീസ് കസ്റ്റഡിയിൽ കൊന്നതും, അമ്മാവനെ കേസിലാക്കി ജയിലിൽ അടച്ചതും, ബന്ധുവിനെയും വക്കീലിനെയും വാഹനമിടിച്ചതും ഒക്കെ കേട്ടപ്പോഴാണ് ചീഫ് ജസ്റ്റിസ് ഈ ചോദ്യം ചോദിച്ചു പോയത്.

"2 മാസം മുൻപ് ഇതേ ചോദ്യമാണ് ഈ രാജ്യത്തെ ജനങ്ങൾ താങ്കളോട് ചോദിച്ചത്, മിസ്റ്റർ ചീഫ് ജസ്റ്റിസ്" എന്നായിരുന്നു മറുപടി പറയേണ്ടിയിരുന്നത്. ലൈംഗികാതിക്രമ പരാതി കൊടുത്തതിനു ഇരയേയും ബന്ധുക്കളേയും ഭീഷണിപ്പെടുത്തി എന്ന ചീഫ് ജസ്റ്റിസിനെതിരായ പരാതിയിൽ സ്വയം തീരുമാനങ്ങൾ എടുക്കൽ പ്രക്രിയയിൽ കയറിയിരുന്ന് നീതി എന്ന തത്വം തന്നെ അട്ടിമറിച്ച ആളാണ് ഇപ്പോഴീ ചോദ്യം ചോദിക്കുന്നത്. അതവിടെ നിൽക്കട്ടെ.

ഉന്നാവ് കേസിലെ പരാതിക്കാരിക്കു നീതി ലഭിക്കാൻ കേസ് അന്വേഷണം CBI യ്ക്ക് വിട്ടു. 7 ദിവസത്തിനകം അന്വേഷണം പൂർത്തീകരിക്കാൻ പറഞ്ഞു. 15 ദിവസത്തിനകം കുറ്റപത്രം. വിചാരണ UP യിൽ നിന്ന് ഡൽഹിക്ക് മാറ്റി. സംരക്ഷണം സ്റ്റേറ്റ് പോലീസിൽ നിന്ന് CRP യ്ക്ക് കൈമാറി. 25 ലക്ഷം രൂപ നഷ്ടപരിഹാരം. വിമാനം പിടിച്ചു വന്നായാലൂം ഉദ്യോഗസ്ഥൻ കോടതിയിലെത്തണം എന്നും ചീഫ് ജസ്റ്റിസ്.

ഇതൊക്കെ വെറും ഗ്യാലറിക്ക് വേണ്ടിയുള്ള കളിയാണ് എന്നു ഖേദപൂർവ്വം പറയട്ടെ. ഇരകൾക്ക് നീതി ഉറപ്പാക്കാനുള്ള സംവിധാനങ്ങളുടെ, കോടിക്കണക്കിനു രൂപ മുടക്കി നാം പരിപാലിക്കുന്ന സംവിധാനങ്ങളുടെ പരാജയമാണ് പ്രശ്നമെന്നും അതിനുള്ള പരിഹാരമാണ് രാജ്യത്തിനു വേണ്ടതെന്നും കാണാതെ കയ്യടി കിട്ടാനുള്ള ഡയലോഗുകളിൽ മാത്രം കാര്യമില്ല. ഇത് രാജ്യമനഃസാക്ഷി പൊട്ടിത്തെറിക്കാതെ ഇരിക്കാനുള്ള വെറും instant relief ആണ്. അതുകൊണ്ട് പ്രശ്നം തീരുന്നില്ലല്ലോ.

ഇതിൽ നിന്ന് ബഹു.സുപ്രീംകോടതി തന്നെ സമ്മതിക്കുന്ന കാര്യമുണ്ട്. UP പോലീസ് സംവിധാനം ഉന്നാവ് കേസിലെ ഇരയ്ക്ക് സംരക്ഷണം നൽകാൻ പരാജയമാണ്. ഇത്തരം കേസുകളിൽ വിചാരണ UP യിൽ നടന്നാൽ നീതി കിട്ടുന്നില്ല. അങ്ങനെ രാജ്യത്തെ എത്ര കേസുകൾ CBI അന്വേഷിക്കും? എത്ര കേസുകളിൽ വിചാരണ ഡൽഹിക്ക് മാറ്റും? ഇതൊന്നും എല്ലായ്പ്പോഴും നടക്കില്ല. പ്രശ്നം system failure ആണ്. പുതിയ സിസ്റ്റം ഉണ്ടാക്കി അത് പരിഹരിക്കാൻ കഴിയില്ല.

UP പോലീസിന്റെ ക്രിമിനൽവൽക്കരണത്തെപ്പറ്റി, രാഷ്ട്രീയ ഇടപെടലുകളേപ്പറ്റി, പോക്സോ കേസ് വന്നിട്ടും FIR ഇടാത്ത സാഹചര്യങ്ങളെപ്പറ്റി, പൊലീസിനാൽ നീതി നിഷേധിക്കപ്പെട്ട മറ്റു നൂറുകണക്കിന് മനുഷ്യരുടെ പരാതിയെപ്പറ്റി, ക്രിമിനലുകളായ MLA മാരെപ്പറ്റി, അവരുടെ ഗുണ്ടാ വിളയാട്ടങ്ങളെപ്പറ്റി, സത്യസന്ധമായി അന്വേഷിച്ചു റിപ്പോർട്ട് നൽകാൻ ഒരു റിട്ട ജഡ്ജി അധ്യക്ഷനായ സ്‌പെഷ്യൽ ടീമിനെ നിയോഗിക്കാൻ കഴിയുമോ? സമയബന്ധിതമായി അന്വേഷിച്ചു സുപ്രീംകോടതിയ്ക്ക് റിപ്പോർട്ട് ചെയ്യാൻ പറയുമോ? അതിന്മേൽ അടിയന്തിരമായി നടപടി എടുത്ത് കുറ്റക്കാരായ കുറച്ചു പേരെയെങ്കിലും UP പോലീസിന്റെ തലപ്പത്ത് നിന്നും പിരിച്ചു വിടാനാകുമോ? ഒരു MLA യെ എങ്കിലും സ്ഥാനഭ്രഷ്ടൻ ആക്കാനോ ജയിലിലാക്കാനോ പറ്റുമോ?

ഇല്ലെങ്കിൽ ഉന്നാവോ ആവർത്തിക്കും. നീതി കൊടുക്കേണ്ട സിസ്റ്റം പരാതിക്കാരിയെ കൊല്ലാൻ കൂട്ടുനിൽക്കും. മാധ്യമങ്ങളും രാജ്യവും മുറവിളി കൂട്ടും. അപ്പോൾ നാടകത്തിലെ തന്റെ റോൾ എന്ന പോലെ ഞെട്ടൽ രേഖപ്പെടുത്താൻ ഡിക്ഷണറിയിൽ പുതിയ പദം തിരയേണ്ടിവരും ഇന്ത്യയുടെ പരമോന്നത കോടതിയിലെ ചീഫ് ജസ്റ്റിസിന്. അന്ന് രാജ്യത്തിനു പക്ഷെ ആ പൊറാട്ട്നാടകം മനസിലാകും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: News, Kerala, Controversy, Advocate, Police, Case, UP, Court, Court Order, Supreme Court of India, Kochi, BJP, Adv Hareesh Vasudev's Facebook post, which critisises cheif justice


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?