കനത്തമഴ: റണ്‍വെ പൂര്‍ണമായും വെള്ളത്തിനടിയില്‍; നെടുമ്പാശേരി വിമാനത്താവളം ഞായറാഴ്ച വരെ അടച്ചിട്ടു; കുടുങ്ങിക്കിടക്കുന്നത് 7 വിമാനങ്ങള്‍

കൊച്ചി: (www.kvartha.com 09.08.2019) റണ്‍വെയില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് നെടുമ്പാശേരി വിമാനത്താവളം ഞായറാഴ്ച വൈകിട്ട് മൂന്നുമണി വരെ അടച്ചിട്ടു. അതുവരെ കൊച്ചിയിലേക്ക് വരുന്ന വിമാനങ്ങള്‍ വഴിതിരിച്ച് വിടാനാണ് തീരുമാനം. വിമാനത്താവളത്തിന്റെ പ്രവര്‍ത്തന മേഖലയുടെ 60 ശതമാനവും നിലവില്‍ വെള്ളത്തിനടിയിലാണ്. ടെര്‍മിനല്‍ മൂന്നിലെ ചരക്കു കയറ്റുന്ന ഭാഗം, ഫയര്‍ സ്റ്റേഷന്‍, ടാക്‌സി വേ തുടങ്ങിയ ഇടങ്ങളിലെല്ലാം വെള്ളം കയറി.

ടെര്‍മിനല്‍ കെട്ടിടത്തിനുള്ളില്‍ വെള്ളം കയറിയിട്ടില്ല. കനത്തമഴയില്‍ വിവിധ വിമാനക്കമ്പനികളുടെ ഏഴ് വിമാനങ്ങള്‍ നെടുമ്പാശേരിയില്‍ കുടുങ്ങിക്കിടക്കുന്നുണ്ട്. ഇതിനിടെ വിമാനത്താവളത്തിന്റെ മതില്‍ പൊളിഞ്ഞു വെള്ളം കുഴിപ്പള്ളം ഭാഗത്തേയ്ക്ക് ഒഴുകുകയാണ്. വിമാനത്താവളത്തിനുള്ളില്‍ ഉണ്ടായിരുന്ന വാഹനങ്ങള്‍ സുരക്ഷിത സ്ഥാനത്തേയ്ക്കു മാറ്റി.

Cochin airport closed as water enters taxiway, Kochi, News, Nedumbassery Airport, Flight, Rain, Trending, Kerala

റണ്‍വേയില്‍ വെള്ളം കയറിയ പശ്ചാത്തലത്തില്‍ വ്യാഴാഴ്ച രാത്രി ഒമ്പതു മണിയോടെയാണ് വിമാനത്താവളം പ്രവര്‍ത്തനം നിര്‍ത്തിയത്. അര്‍ധരാത്രിയോടെ പ്രവര്‍ത്തനം പുന:സ്ഥാപിക്കാനായിരുന്നു ആദ്യ ശ്രമമെങ്കിലും റണ്‍വേയില്‍ കയറിയ വെള്ളം ഒഴുക്കി കളയാന്‍ കഴിയാതെ വന്നതോടെ വെള്ളിയാഴ്ച രാവിലെ ഒമ്പതു മണി വരെ വിമാനത്താവളം അടയ്ക്കാന്‍ തീരുമാനിക്കുകയായിരുന്നു.

മഴയ്ക്കു ശമനമില്ലാത്തതും ജലനിരപ്പ് ഉയര്‍ന്നതും കണക്കിലെടുത്ത് കൂടുതല്‍ നാശനഷ്ടങ്ങള്‍ ഒഴിവാക്കുന്നതിന് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം ഞായറാഴ്ച വരെ നിര്‍ത്തിവയ്ക്കാന്‍ തീരുമാനിക്കുകയായിരുന്നു. മോട്ടോര്‍ ഉപയോഗിച്ച് വെള്ളം പമ്പു ചെയ്തു പുറത്തു കളയാനുള്ള ശ്രമം പുരോഗമിക്കുന്നുണ്ട്.

അതേസമയം, ആലപ്പുഴയ്ക്കും ചേര്‍ത്തലയ്ക്കും ഇടയില്‍ ട്രാക്കില്‍ മരം വീണ് ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു. ആലപ്പുഴ വഴി ഉള്ള ട്രെയിനുകള്‍ വൈകും. ഗുരുവായൂര്‍-തിരുവനന്തപുരം ഇന്റര്‍സിറ്റി ,ബംഗളൂരു- കൊച്ചുവേളി എന്നീ ട്രെയിനുകള്‍ കോട്ടയം വഴി തിരിച്ച് വിട്ടു. ഏറനാട് എക്‌സ്പ്രസ് കോട്ടയം വഴിയായിരിക്കും സര്‍വീസ് നടത്തുക. എറണാകുളം- ആലപ്പുഴ പാസഞ്ചറും ആലപ്പുഴ-എറണാകുളം പാസഞ്ചറും സര്‍വീസ് നടത്തില്ല.

വയനാട് മേപ്പാടി പുതുമലയില്‍ രാത്രിയുണ്ടായ ഉരുള്‍പൊട്ടലില്‍ നിരവധി പേര്‍ അകപ്പെട്ടതായി സംശയിക്കുന്നു. അവിടെ രക്ഷാപ്രവര്‍ത്തനത്തിന് കണ്ണൂര്‍ ടെറിട്ടോറിയല്‍ ആര്‍മിയുടെ ഒരു കമ്പനി രാത്രിയില്‍ പുറപ്പെട്ടു. മലപ്പുറം നാടുകാണിയില്‍ വീട് ഒലിച്ചുപോയി രണ്ടു സ്ത്രീകളെ കാണാതായി.

വിവിധ ജില്ലകളിലായി നൂറുകണക്കിന് വീടുകള്‍ പൂര്‍ണമായും ആയിരത്തോളം വീടുകള്‍ ഭാഗികമായും തകര്‍ന്നു. വയനാട്, ഇടുക്കി ജില്ലകളിലാണ് ഏറ്റവും കനത്ത നാശം. സംസ്ഥാനത്താകെ അയ്യായിരത്തിലധികം പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്കു മാറ്റി. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് സൈന്യത്തിന്റെ സഹായം തേടിയിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Cochin airport closed as water enters taxiway, Kochi, News, Nedumbassery Airport, Flight, Rain, Trending, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?