പാര്‍ലെ ബിസ്‌കറ്റ് വില്‍പ്പന കുറഞ്ഞു: 10,000 ജീവനക്കാരെ പിരിച്ചുവിടുന്നു
ദേശീയം (www.evisionnews.co): പ്രമുഖ ബിസ്‌കറ്റ് നിര്‍മാതാക്കളായ പാര്‍ലെ ജി 10,000 ജീവനക്കാരെ പിരിച്ചു വിട്ടേക്കുമെന്ന് റിപ്പോര്‍ട്ട്. സാമ്പത്തിക പ്രതിസന്ധിയും, ബിസ്‌കറ്റ് വില്‍പ്പന കുറഞ്ഞതു കൊണ്ട് ഉത്പാദനം വെട്ടിച്ചുരുക്കേണ്ടി വന്നതുമാണ് തൊഴിലാളികളെ പിരിച്ചു വിടാനുളള തീരുമാനത്തിലേക്ക് എത്തിച്ചതെന്ന് കമ്പനിയുടെ എക്സിക്യൂട്ടീവ് പറഞ്ഞതായി ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നു.
പാര്‍ലെയുടെ ബിസ്‌കറ്റ് വില്‍പനയില്‍ ഗണ്യമായ കുറവുണ്ടായതിനാല്‍ കമ്പനി ഉത്പാദനം കുറയ്‌ക്കേണ്ടി വരുമെന്നും ഇത് 8,000-10,000 പേരെ പിരിച്ചുവിടാന്‍ ഇടയാക്കുമെന്നും പാര്‍ലെ കാറ്റഗറി ഹെഡ് മായങ്ക് ഷാ പറഞ്ഞു. സാഹചര്യം വളരെ മോശമാണെന്നും സര്‍ക്കാര്‍ ഉടനടി ഇടപ്പെട്ടില്ലെങ്കില്‍ ഞങ്ങള്‍ ഈ തസ്തികകള്‍ എടുത്ത് കളയാന്‍ നിര്‍ബന്ധിതരാവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
1929-ല്‍ സ്ഥാപിതമായ പാര്‍ലെയ്ക്ക് ഒരു ലക്ഷത്തിനോടടുത്ത് തൊഴിലാളികളുണ്ട്. അതില്‍ കമ്പനി നേരിട്ട് നിയമനം നടത്തിയവരും കരാര്‍ തൊഴിലാളികളുമാണുള്ളത്. കമ്പനിക്ക് സ്വന്തമായി 10 ഉത്പാദന പ്ലാന്റുകളും 125 കരാര്‍ ഉത്പാദന പ്ലാന്റുകളുമാണുള്ളത്. 2017-ല്‍ ജി.എസ്.ടി ഏര്‍പ്പെടുത്തിയത് മുതല്‍ അഞ്ചും ഏഴും രൂപ ഈടാക്കിയിരുന്ന പാര്‍ലെ ജി പോലുള്ള ജനപ്രിയ ബ്രാന്‍ഡുകളുടെ ആവശ്യം മാര്‍ക്കറ്റില്‍ കുറഞ്ഞുവെന്ന് ഷാ പറഞ്ഞു.
Powered by Info News For You

Comments
Post a Comment