കാസര്‍കോട് നിന്നും ശ്രീചിത്രയിലെത്തിച്ച കുഞ്ഞിന്റെ നിലഗുരുതരം: അഡ്മിഷന്‍ നല്‍കാതെ വൈകിപ്പിച്ചതായി ആരോപണം
കാസര്‍കോട് (www.evisionnews.co): കഴിഞ്ഞ ദിവസം കാസര്‍കോട്ട് നിന്നും തിരുവനന്തപുരം ശ്രീചിത്രയിലെത്തിച്ച രണ്ടുദിവസം പ്രായമുള്ള കുഞ്ഞിന്റെ നില ഗുരുതരമായി തുടരുന്നു. ചികിത്സകിട്ടാന്‍ വൈകിയതാണ് നിലവഷളാവാന്‍ കാരണമെന്ന് ഹൃദ്യം മെഡിക്കല്‍ സംഘം അറിയിച്ചു.
ഇക്കഴിഞ്ഞ ബുധനാഴ്ച രാത്രി ഒമ്പതുമണിക്കാണ് ഉദുമ സ്വദേശി നാസര്‍- മുനീറ ദമ്പതികളുടെ രണ്ടു ദിവസം മാത്രം പ്രായമുള്ള കുഞ്ഞുമായി കാസര്‍കോട്ടു നിന്നും ആംബുലന്‍സ് തിരിച്ചത്. വ്യാഴാഴ്ച പുലര്‍ച്ചെ അഞ്ചു മണിയോടെ ശ്രീചിത്രയിലെത്തുകയായിരുന്നു. എന്നാല്‍ ആശുപത്രിയിലെത്തിച്ചിട്ടും കുഞ്ഞിന് അഡ്മിഷന്‍ കിട്ടാന്‍ അരമണിക്കൂര്‍ കാത്തുനില്‍ക്കേണ്ടി വന്നതായി ചൈല്‍ഡ് പ്രൊടക്ട് ടീം ആരോപിച്ചു. അഡ്മിഷന്‍ കിട്ടാതെ കാത്തുനില്‍ക്കേണ്ടി വന്ന് അവസാനം പലരുടെയും ഇടപെടല്‍ മൂലമാണ് അഡ്മിഷന്‍ കിട്ടിയതെന്നും ചൈല്‍ഡ് പ്രൊടക്ട് ടീം പറയുന്നു.
കാസര്‍കോട്ടെ ഡോക്ടര്‍മാര്‍ കുഞ്ഞിന്റെ ആരോഗ്യനില വളരെ മോശമാണെന്ന് അറിയിച്ചിട്ടും തലേ ദിവസം ഓണ്‍ലൈനായി ചൈല്‍ഡ് പ്രൊട്ടക്റ്റ് ടീം ഹൃദ്യം പദ്ധതിയില്‍ രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കിയിരുന്നു. പദ്ധതിയുടെ കാസര്‍കോട് ജില്ലാ കോഡിനേറ്റര്‍മാരെ വിളിച്ച് ബന്ധപ്പെട്ടപ്പോള്‍ അവര്‍ പറഞ്ഞത് പ്രകാരം എക്കോ എടുത്തതായും എന്നാല്‍ അതൊക്കെ കൈമാറിയിട്ടും എറണാകുളത്തെ അമൃതയിലോ തിരുവനന്തപുരത്തെ ശ്രീചിത്രയിലോ അഡ്മിഷന്‍ തയാറാക്കി തന്നില്ലെന്നും സിപിടി ഭാരവാഹികള്‍ പറയുന്നു. മൂന്നുദിവസം കഴിഞ്ഞ് വീണ്ടും കോഴിക്കോട് മെഡിക്കല്‍ കോളജില്‍ കൊണ്ടുപോയി എക്കോ എടുക്കാനാണ് ഇവര്‍ ആവശ്യപ്പെട്ടത്. അവസാനം നേരിട്ടിടപെട്ട് ശ്രീചിത്രയില്‍ എത്തിച്ചപ്പോള്‍ ഒ.പിയില്‍ കാണിക്കാന്‍ കുഞ്ഞിനെ കൊണ്ടുപോകാനാണ് പറഞ്ഞതെന്നും സി.പി.ടി പറഞ്ഞു.
അതേസമയം ഹൃദ്യം പദ്ധതിയില്‍ സര്‍ക്കാര്‍ ചികിത്സ ഒരുക്കാന്‍ തയാറായിട്ടും ഡോക്ടര്‍മാരുടെ കര്‍ശന മുന്നറിയിപ്പ് അവഗണിച്ചാണ് കുട്ടിയെ തിരുവനന്തപുരത്തെത്തിച്ചതെന്ന് ഹൃദ്യം പദ്ധതിയുമായി ബന്ധപ്പെട്ടവര്‍ ആരോപിച്ചു. അടിയന്തിരമായി ശസ്ത്രക്രിയ വേണ്ടാത്ത കേസായതിനാല്‍ 48മണിക്കൂര്‍ നിരീക്ഷിച്ച ശേഷം കുഞ്ഞിനെ ഹൃദ്യം പദ്ധതിയില്‍പ്പെടുത്തി കൊച്ചി അമൃതയിലേക്ക് മാറ്റാന്‍ വേണ്ട സജ്ജീകരണങ്ങള്‍ ഒരുക്കാമെന്നും മെഡിക്കല്‍ സംഘം ആശുപത്രി അധികൃതരെ അറിയിച്ചിരുന്നു. ഈവിവരം കുഞ്ഞിന്റെ ബന്ധുക്കളെ ഹൃദ്യം ജില്ലാ കോഓര്‍ഡിനേറ്റര്‍ അറിയിച്ചിരുന്നതായി ഹൃദ്യം മെഡിക്കല്‍ സംഘം പറയുന്നു. എന്നാല്‍ ചൈല്‍ഡ് പ്രൊട്ടക്റ്റ് ടീം ഭാരവാഹികള്‍ ഡോക്ടര്‍മാരുടെ നിര്‍ദേശങ്ങള്‍ അവഗണിച്ച് കുഞ്ഞിനെ സ്വമേധയാ തിരുവനന്തപുരം ശ്രീചിത്രയിലേക്ക് മാറ്റാന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് ഹൃദ്യം മെഡിക്കല്‍ ടീം ആരോപിച്ചു.
600കിലോമീറ്ററോളം സഞ്ചരിച്ച് തിരുവനന്തപുരത്ത് എത്തിയപ്പോഴേക്കും കുഞ്ഞിന്റെ ആരോഗ്യനില വഷളാവുകയായിരുന്നു.
Powered by Info News For You
Comments
Post a Comment