വിമാനത്തിന്റെ ചക്രഅറയില്‍ ഒളിച്ച് യാത്ര ചെയ്ത അജ്ഞാതന്‍ ലണ്ടന്‍ വിമാനത്താവളത്തിനരികെ മരിച്ചു വീണതിന് പിന്നാലെ ഇന്ത്യന്‍ സഹോദരങ്ങളുടെ സാഹസിക യാത്രയും വാര്‍ത്തയാകുന്നു; യാത്രയ്ക്കിടെ അനുജന്‍ മരിച്ചു; ജ്യേഷ്ഠന്‍ മരണത്തെ അതിജീവിച്ചു

ലണ്ടന്‍: (www.kvartha.com 08.07.2019) വിമാനത്തിന്റെ ചക്രഅറയില്‍ (ലാന്‍ഡിങ് ഗിയര്‍ കംപാര്‍ട്‌മെന്റ്) ഒളിച്ച് യാത്ര ചെയ്ത അജ്ഞാതന്‍ കഴിഞ്ഞ ആഴ്ച ലണ്ടന്‍ വിമാനത്താവളത്തിനരികെ മരിച്ചു വീണ സംഭവത്തെ തുടര്‍ന്ന് 23 വര്‍ഷം മുന്‍പ് ഇത്തരത്തില്‍ ഒളിച്ചുകടക്കാന്‍ ശ്രമിച്ച ഇന്ത്യന്‍ സഹോദരങ്ങളുടെ സാഹസികയാത്രയും വാര്‍ത്തയാകുന്നു.

അന്നത്തെ ആ സാഹസിക യാത്രയില്‍ അനുജന്‍ മരണത്തിന് കീഴടങ്ങിയെങ്കിലും ജ്യേഷ്ഠന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. പുതിയ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ പര്‍ദീപ് സൈനിയെന്ന ആ ഇന്ത്യക്കാരനെ ലണ്ടനിലെ 'ദി മെയില്‍' പത്രം കണ്ടെത്തി ഇന്റര്‍വ്യൂ ചെയ്തതോടെ പുറത്തുവന്നത് വിസ്മയകരമായ കഥയാണ് .

AGAINST ALL ODDS Stowaway who survived 4,000-mile flight from Delhi to UK at 40,000ft and -60C in jet’s undercarriage now works at Heathrow, London, News, Lifestyle & Fashion, Passengers, Dead Body, World

1996 ഒക്ടോബറിലാണ് അന്ന് 22കാരനായിരുന്ന പര്‍ദീപും 19കാരനായ സഹോദരന്‍ വിജയും അനധികൃത കുടിയേറ്റത്തിന് സഹായിക്കുന്ന ഒരാളിന്റെ സഹായത്തോടെ വിമാനത്തിന്റെ ചക്രഅറയില്‍ കടന്നു കൂടിയത്. ഡെല്‍ഹിയില്‍ നിന്ന് ലണ്ടനിലേക്കുള്ള 10 മണിക്കൂര്‍ യാത്രയില്‍ 6500 കിലോമീറ്ററാണ് സഞ്ചരിക്കാനുണ്ടായിരുന്നത്. മൈനസ് 60 ഡിഗ്രിയാണ് അന്നത്തെ തണുപ്പ്.

ഇന്ത്യക്കാരെ അനധികൃതമായി ബ്രിട്ടനിലേക്കു കടത്തുന്ന ഒരാളാണു പര്‍ദീപ് സൈനിയോടും അനുജന്‍ വിജയിനോടും അക്കാര്യം പറഞ്ഞത്: 'ചെലവൊന്നുമില്ലാതെ ലണ്ടനിലേക്കു കടക്കാനൊരു വഴിയുണ്ട് വിമാനത്തിന്റെ ലാന്‍ഡിങ് ഗിയര്‍ കംപാര്‍ട്‌മെന്റ്. അതിനകത്ത് ആരുമറിയാതെ കയറ്റിയിരുത്തുന്ന കാര്യം ഞാനേറ്റു. അവിടെ എത്തിയതിനു ശേഷം രക്ഷപ്പെടുന്ന കാര്യം നിങ്ങള്‍ നോക്കണം' എന്നാണ് അയാള്‍ സഹോദരങ്ങളോട് പറഞ്ഞത്.

വിദേശത്തൊരു സ്വപ്നഭാവി പ്രതീക്ഷിച്ചിരുന്ന പരദീപും വിജയും പിന്നെ മറ്റൊന്നും ആലോചിച്ചില്ല. ലണ്ടനിലേക്ക് കടക്കാന്‍ തന്നെ തീരുമാനിച്ചു. അങ്ങനെ 1996 ഒക്ടോബറില്‍ മനുഷ്യക്കടത്തുകാരന്റെ സഹായത്തോടെ അവര്‍ ഡെല്‍ഹി വിമാനത്താവളത്തില്‍നിന്നു ലണ്ടനിലേക്കുള്ള ബോയിങ് വിമാനത്തിന്റെ ലാന്‍ഡിങ് ഗിയര്‍ കംപാര്‍ട്‌മെന്റില്‍ കയറിപ്പറ്റി. വിമാനത്തിന്റെ മുന്‍വശത്തുള്ള കംപാര്‍ട്‌മെന്റിലായിരുന്നു ഇരുവരും. ടേക്ക് ഓഫിന്റെയും ലാന്‍ഡിങ്ങിന്റെയും സമയത്തു മാത്രം തുറക്കുന്നവയാണ് ഈ കംപാര്‍ട്‌മെന്റ്.

എന്നാല്‍ ലാന്‍ഡിങ് ഗിയറില്‍ പിടിച്ചു കയറി ജീവിതത്തിലേക്കു രക്ഷപ്പെട്ട അധികമാരും ഇല്ലെന്നുള്ള കാര്യം ഈ സഹോദരങ്ങള്‍ക്കു അറിയില്ലായിരുന്നു. ആ യാത്ര പര്‍ദീപിനെ എത്തിച്ചത് ഇംഗ്ലണ്ടിലേക്ക് അനധികൃതമായി കുടിയേറി രക്ഷപ്പെട്ട, അറിയപ്പെടുന്ന ആദ്യത്തെ വ്യക്തി എന്ന വിശേഷണത്തിലേക്കാണ്. രണ്ടാമത്തെയാള്‍ 2015 ജൂണില്‍ ജോഹന്നാസ്ബര്‍ഗില്‍നിന്ന് ലണ്ടനിലേക്ക് ഒളിച്ചുകടന്ന ഇരുപത്തിനാലുകാരനുമാണ്.

എന്നാല്‍ പര്‍ദീപിന്റെ സഹോദരന്‍ വിജയ് കൊടും തണുപ്പിനെ അതിജീവിക്കാനാകാതെ ഭൂമിയിലേക്ക് പതിച്ചു. എന്നാല്‍ അബോധാവസ്ഥയിലായിരുന്ന പര്‍ദീപിന് ഈ കാഴ്ച കാണാന്‍ കഴിയാത്തത് ഒരു ഭാഗ്യമായാണ് കരുതുന്നത്. അനുജന്‍ താഴേക്ക് പതിക്കുമ്പോള്‍ ശരീരോഷ്മാവ് നഷ്ടപ്പെട്ട്, ഓക്‌സിജനില്ലാതെ അബോധാവസ്ഥയിലായിപ്പോയിരുന്നു അദ്ദേഹം.

കഴിഞ്ഞ ആഴ്ച കെനിയ എയര്‍വേസിന്റെ വിമാനത്തില്‍നിന്ന് ഹീത്രു വിമാനത്താവളത്തിനു സമീപത്തെ വീടിനു മുന്നിലേക്ക് മൃതദേഹം വന്നുവീണ സംഭവമുണ്ടായതോടെയാണ് പര്‍ദീപിന്റെ നടുക്കുന്ന ഓര്‍മകള്‍ വിദേശ മാധ്യമങ്ങളില്‍ വാര്‍ത്തയായത്. ലാന്‍ഡിങ് ഗിയര്‍ കംപാര്‍ട്‌മെന്റ് വഴി ഒളിച്ചുകടക്കാന്‍ ശ്രമിച്ചയാളാണ് ഹീത്രുവിലും തണുത്തു മരവിച്ചു മരിച്ചു വീണത്.

കെനിയ എയര്‍വേസിന്റെ വിമാനത്തിലാണു വന്നതെങ്കിലും ഇദ്ദേഹത്തിന്റെ കയ്യില്‍ യാതൊരു ഔദ്യോഗിക രേഖകളും ഉണ്ടായിരുന്നില്ല. നയ്‌റോബിയിലും പരിസരപ്രദേശത്തും നടത്തിയ അന്വേഷണവും ഫലം കണ്ടില്ല.

കെക്യു1000 വിമാനത്തില്‍ യാത്ര ചെയ്ത എല്ലാവരും ഹീത്രു വിമാനത്താവളത്തില്‍ ഇറങ്ങിയതായും കണ്ടെത്തി. ജോഹന്നാസ്ബര്‍ഗില്‍ നിന്നാണ് വിമാനം നയ്‌റോബിയിലെത്തിയത്. അതിനാല്‍ത്തന്നെ ദക്ഷിണാഫ്രിക്കക്കാരനാണോ ഇയാളെന്ന കാര്യത്തില്‍ അന്വേഷണം നടക്കുന്നുണ്ട്. നയ്‌റോബിയില്‍ വിമാനമെത്തിയ സമയത്ത് ഇയാള്‍ അബോധാവസ്ഥയിലാവുകയോ മരിച്ചിരിക്കുകയോ ചെയ്തിട്ടുണ്ടാകാമെന്നും അധികൃതര്‍ കരുതുന്നു. മരിച്ചയാളെ തിരിച്ചറിയാനാകുമോയെന്ന കാര്യത്തില്‍ ഇപ്പോഴും സംശയം നിലനില്‍ക്കുകയാണ്.

ഡെല്‍ഹിയില്‍നിന്നു ലണ്ടനിലേക്ക് പര്‍ദീപ് നടത്തിയ യാത്രയില്‍ അദ്ദേഹം രക്ഷപ്പെട്ടത് ഡോക്ടര്‍മാര്‍ക്കു പോലും അത്ഭുതമായിരുന്നു. ശരീരം മരവിച്ചു പോകുന്ന കൊടുംതണുപ്പും ഓക്‌സിജനില്ലാത്ത അവസ്ഥയും മറികടന്ന് 10 മണിക്കൂറോളം യാത്ര. യാത്രയ്ക്കിടെ 40,000 അടി വരെ ബോയിങ്ങിന്റെ ആ ജെറ്റ് വിമാനം ഉയര്‍ന്നിരുന്നു. ആകെ താണ്ടിയ ദൂരമാകട്ടെ 4000 മൈലും.

പഞ്ചാബില്‍ കാര്‍ മെക്കാനിക്കായി ജോലി നോക്കുന്ന സമയത്താണ് പര്‍ദീപിന് വിദേശത്തേക്ക് കടക്കണമെന്ന മോഹം ഉണ്ടായത്. എങ്ങനെയെങ്കിലും വിദേശത്തേക്ക് കടക്കണമെന്നായിരുന്നു ആഗ്രഹം. എന്നാല്‍ പഞ്ചാബില്‍ നിന്നുള്ളവര്‍ വിഘടനവാദികളാണെന്ന സംശയത്തില്‍ ഇംഗ്ലണ്ടില്‍ കനത്ത നിരീക്ഷണം നടക്കുന്ന സമയമായതിനാല്‍ ഒട്ടേറെ പേര്‍ അറസ്റ്റിലായി. അങ്ങനെയാണ് അനധികൃതമായി കടക്കാന്‍ തീരുമാനിക്കുന്നത്.

അന്ന് പര്‍ദീപിന് 22 വയസ്സായിരുന്നു. വിമാനത്തിലെ ലാന്‍ഡിങ് ഗിയര്‍ കംപാര്‍ട്‌മെന്റില്‍ കയറി യാത്ര ചെയ്താലുള്ള പ്രശ്‌നത്തെക്കുറിച്ച് അറിയുക പോലുമില്ലായിരുന്നു. അതിനു മുന്‍പ് വിമാനത്തില്‍ യാത്ര ചെയ്തിട്ടുമില്ല. അങ്ങനെയാണു മനുഷ്യക്കടത്തുകാരന്റെ വാക്കുകളില്‍ വീണുപോയത്. ഇന്ന് 44 വയസ്സ് പിന്നിട്ട പ്രദീപ് അന്നത്തെ യാത്രയെക്കുറിച്ച് ഓര്‍ക്കാന്‍ പോലും ആഗ്രഹിക്കുന്നില്ല.

സൗത്ത് വെസ്റ്റ് ലണ്ടനിലെത്താറായപ്പോഴേക്കും തണുത്തുമരവിച്ച് വിജയ് മരിച്ചിരുന്നു. ലാന്‍ഡിങ്ങിനായി കംപാര്‍ട്‌മെന്റ് തുറന്നപ്പോള്‍ 2000 അടി ഉയരത്തില്‍നിന്നു മൃതദേഹം താഴെ വീഴുകയും ചെയ്തു. റിച്ച്‌മോണ്ടിലെ ഒരു വ്യാവസായിക കേന്ദ്രത്തിലായിരുന്നു മൃതദേഹം വീണത്. പക്ഷേ മൃതദേഹം കണ്ടെത്തിയത് അഞ്ചു വര്‍ഷം കഴിഞ്ഞപ്പോള്‍ മാത്രം.

പര്‍ദീപാകട്ടെ വന്നുവീണത് റണ്‍വേയിലും. ബഗേജ് ശേഖരിക്കാന്‍ വന്നവരാണ്, ശരീരോഷ്മാവ് അപായകരമായ വിധം താഴ്ന്ന് 'ഹൈപോതെര്‍മിയ' അവസ്ഥയില്‍ ബോധമില്ലാതെ കിടക്കുന്ന പര്‍ദീപിനെ കണ്ടെത്തിയത്. ഉടനെ ആശുപത്രിയിലെത്തിച്ചു. ഓക്‌സിജന്റെ അഭാവത്തില്‍ പര്‍ദീപിന്റെ ബോധം നഷ്ടപ്പെടുകയായിരുന്നു .

പക്ഷേ അതിശക്തമായ തണുപ്പു വന്നതോടെ ശരീരം സ്വാഭാവികമായി 'സസ്‌പെന്‍ഡഡ് അനിമേഷന്‍' എന്ന അവസ്ഥയിലേക്കു മാറി. സ്വയരക്ഷയ്ക്കായി ആന്തരിക ശാരീരിക പ്രവര്‍ത്തനങ്ങള്‍ ശരീരം താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുന്നതാണിത്. തണുപ്പിനെ അതിജീവിക്കുന്നതിന് മൃഗങ്ങള്‍ സ്വീകരിക്കുന്നതും ഈ രക്ഷാരീതിയാണ്. ശരീരത്തിലെ ജൈവ പ്രവര്‍ത്തനങ്ങള്‍ക്കെല്ലാം 'വിശ്രമം' കൊടുക്കുന്നതാണിത്.

മൃഗങ്ങള്‍ ചിലപ്പോള്‍ ജൈവ പ്രവര്‍ത്തനങ്ങളെല്ലാം പൂര്‍ണമായി നിര്‍ത്തിവച്ചു സ്വന്തം ശരീരം രക്ഷിക്കാറുണ്ട്. കൊടുംമഞ്ഞിലും വെള്ളമില്ലാതെ വരുമ്പോഴും മറ്റുമാണിത്. എന്നാല്‍ അതികഠിനമായ മഞ്ഞില്‍ മനുഷ്യന് ഇത് അസാധ്യമാണ്. സൈനിയുടെ കാര്യത്തില്‍ പക്ഷേ രക്ഷയായത് ഇതാണ്. താപനില മൈനസ് 60 ഡിഗ്രി വരെയെത്തിയപ്പോള്‍ ബയോളജിക്കല്‍ പ്രവര്‍ത്തനങ്ങള്‍ സ്വാഭാവികമായും താഴ്ന്ന് സ്വയം രക്ഷിക്കാന്‍ ശരീരം നടത്തിയ ശ്രമം സൈനിക്ക് തുണയാവുകയായിരുന്നു.

എന്നാല്‍ താപനില പിന്നെയും താഴ്ന്നിരുന്നെങ്കില്‍ അനുജനെ പോലെ ജ്യേഷ്ഠനം മരണത്തിന് കീഴടങ്ങിയേനെ. ശരീരത്തിന്റെ ആരോഗ്യവും ഇക്കാര്യത്തില്‍ നിര്‍ണായകമാണ്. വെള്ളമില്ലാതെ വരുമ്പോള്‍ ചെളിയിലേക്കു പൂണ്ട് കിടക്കുന്ന ആഫ്രിക്കന്‍ ലങ്ഫിഷാണ് ഇക്കാര്യത്തില്‍ ശാസ്ത്രലോകത്തെ ഞെട്ടിച്ചിട്ടുള്ളത്. വെള്ളമോ ഭക്ഷണമോ ഇല്ലാതെ 'സസ്‌പെന്‍ഡഡ് അനിമേഷനില്‍' മൂന്നു മുതല്‍ അഞ്ചു വര്‍ഷം വരെ ജീവിക്കാനാകും ഇവയ്ക്ക്.

ആശുപത്രിയില്‍ നിന്നു പുറത്തിറങ്ങിയ പര്‍ദീപ് കരുതിയത് വിഘടനവാദിയെന്നു പറഞ്ഞ് തന്നെ അറസ്റ്റ് ചെയ്യുമെന്നായിരുന്നു. തിരിച്ച് ഇന്ത്യയിലേക്ക് അയയ്ക്കുമെന്നും കരുതി. എന്നാല്‍ നിയമപോരാട്ടത്തില്‍ പര്‍ദീപിന് ബ്രിട്ടനില്‍ തന്നെ തങ്ങാന്‍ അനുവാദം ലഭിച്ചു, 2014 വരെ കാത്തിരിക്കേണ്ടി വന്നുവെന്നു മാത്രം. അതിനു ശേഷമായിരുന്നു വിവാഹം.

ഇന്ന് നാലും ഒന്നും വയസ്സുള്ള രണ്ട് ആണ്‍കുട്ടികളുണ്ട് പര്‍ദീപിന്. നോര്‍ത്ത് ലണ്ടനിലെ വെംബ്ലിയിലാണ് താമസം. ഹീത്രുവിലെ കാറ്ററിങ് കമ്പനിയില്‍ ഡ്രൈവറായി ജോലി നോക്കുന്നു. പക്ഷേ ഇന്നും 1996 ഒക്ടോബറിലെ ആ യാത്രയുടെ ഓര്‍മകള്‍ പര്‍ദീപിനെ വിട്ടുപോയിട്ടില്ല.

സഹോദരന്റെ മരണമോര്‍ത്ത് ആറു വര്‍ഷത്തോളം വിഷാദരോഗത്തിന്റെ പിടിയിലായിരുന്നു. 'ഞങ്ങള്‍ രണ്ടു പേരും മരിച്ചിരുന്നെങ്കില്‍ കുഴപ്പമില്ലായിരുന്നു. രണ്ടു പേരും രക്ഷപ്പെട്ടാലും നല്ലതായിരുന്നു. പക്ഷേ ഒരുമിച്ചു യാത്ര പുറപ്പെട്ടവരില്‍ ഒരാള്‍ രക്ഷപ്പെടുകയും മറ്റൊരാള്‍ മരിക്കുകയും ചെയ്താല്‍' അത് സഹിക്കാവുന്നതിലും അപ്പുറമാണ്, പര്‍ദീപ് പറയുന്നു.

ബ്രിട്ടനിലെത്തിയ ശേഷം ആദ്യമായി വിമാനത്തില്‍ കയറിയതിനെപ്പറ്റിയും മാധ്യമപ്രവര്‍ത്തകര്‍ പര്‍ദീപിനോടു ചോദിച്ചു 'ആ യാത്രയുടെ ബുദ്ധിമുട്ട് ഞാനെങ്ങനെ നിങ്ങളെ പറഞ്ഞു മനസ്സിലാക്കും...?' എന്നായിരുന്നു പര്‍ദീപിന്റെ മറുചോദ്യം. വര്‍ഷങ്ങള്‍ പലതു കഴിഞ്ഞെങ്കിലും പര്‍ദീപിന്റെ നെഞ്ചില്‍ അരിച്ചിറങ്ങുന്ന ആ മരണത്തണുപ്പ് ഇപ്പോഴും വിട്ടുമാറിയിട്ടില്ല.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: AGAINST ALL ODDS Stowaway who survived 4,000-mile flight from Delhi to UK at 40,000ft and -60C in jet’s undercarriage now works at Heathrow, London, News, Lifestyle & Fashion, Passengers, Dead Body, World.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?