രാജ് കുമാറിനെ സത്യം പറയിപ്പിക്കാന്‍ ആദ്യം ശ്രമിച്ചത് മുട്ടിന് താഴെ അടിച്ച്; തുടര്‍ന്ന് രഹസ്യ ഭാഗങ്ങളില്‍ മുളക് സ്‌പ്രേ തളിച്ചു; കാന്താരി അരച്ചു പുരട്ടി; ക്രൂരമായി മര്‍ദിച്ചിട്ടും സത്യം പറയാതെ വന്നതോടെ കസേര എടുത്ത് കുമാറിന്റെ ശരീരത്തിനു മുകളില്‍ ഇട്ടിരുന്നു; പരിക്കേറ്റതോടെ ചികിത്സിക്കാന്‍ കൊണ്ടുവന്ന തിരുമ്മുകാരന് നല്‍കിയത് പ്രതിയില്‍ നിന്നും പിടിച്ചെടുത്ത തുക; കുറ്റക്കാരായ പോലീസുകാരെ ചോദ്യം ചെയ്തപ്പോള്‍ ലഭിച്ചത് ഞെട്ടിപ്പിക്കുന്ന വിവരം

തൊടുപുഴ: (www.kvartha.com 09.07.2019) കസ്റ്റഡി മര്‍ദനത്തില്‍ കൊല്ലപ്പെട്ട ഹരിത ഫിനാന്‍സ് തട്ടിപ്പ് കേസിലെ പ്രതി രാജ് കുമാറിനെ സത്യം പറയിപ്പിക്കാന്‍ ശ്രമിച്ചത് ക്രൂര മര്‍ദന മുറയിലൂടെ എന്ന് കണ്ടെത്തി. കേസില്‍ കുറ്റക്കാരായ പോലീസുകാരെ ചോദ്യം ചെയ്തപ്പോള്‍ ലഭിച്ചത് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍. അതിനിടെ കേസില്‍ രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ കൂടി അറസ്റ്റിലായിട്ടുണ്ട്.

പറഞ്ഞത് മാറ്റിപ്പറഞ്ഞും നിഷേധിച്ചും ചോദ്യങ്ങളെ പ്രതിരോധിച്ചും എഎസ്‌ഐ സി.ബി.റെജിമോനും ഡ്രൈവര്‍ നിയാസും പയറ്റിയ തന്ത്രങ്ങള്‍ ക്രൈംബ്രാഞ്ച് ഒന്നൊന്നായി പൊളിച്ചടുക്കുകയായിരുന്നു. തെളിവുകളെല്ലാം എതിരാണെന്നു കണ്ടതോടെ ഒടുവില്‍ ഇവര്‍ കുറ്റസമ്മതം നടത്തി.

Nedumkandam custodial death: 2 more policemen arrested, Thodupuzha, News, Trending, Custody, Arrested, Police, Attack, Murder, Kerala

കസ്റ്റഡിമരണക്കേസില്‍ കഴിഞ്ഞദിവസം അറസ്റ്റിലായ റെജിമോനും നിയാസും എട്ടു മണിക്കൂറാണു ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരുടെ ചോദ്യങ്ങളെ പ്രതിരോധിച്ചത്. കേസില്‍ നേരത്തേ അറസ്റ്റിലായ എസ്‌ഐ കെ.എ. സാബുവും ഡ്രൈവര്‍ സജീവ് ആന്റണിയും രണ്ടു മണിക്കൂറിനുള്ളില്‍ കുറ്റം സമ്മതിച്ചെങ്കിലും റെജിയും നിയാസും ചോദ്യങ്ങള്‍ക്കു മുന്നില്‍ പിടിച്ചു നിന്നു.

കസ്റ്റഡിയിലെടുത്ത കുമാറിനെ (രാജ് കുമാര്‍) മര്‍ദിച്ചവശനാക്കിയത് റെജിയും നിയാസുമാണെന്നു എസ്‌ഐ സാബുവും സജീവും ക്രൈംബ്രാഞ്ചിനു നേരത്തേ മൊഴി നല്‍കിയിരുന്നു. എന്നാല്‍ ഇതിനെ ആസ്പദമാക്കി ഇരുവരേയും ചോദ്യം ചെയ്തപ്പോള്‍ നിഷേധിക്കുകയാണുണ്ടായത്.

ഹരിത ഫിനാന്‍സ് തട്ടിപ്പിലൂടെ കുമാര്‍ സമാഹരിച്ച പണം എവിടെയെന്നു നെടുങ്കണ്ടം പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ പല തവണ ചോദിച്ചെങ്കിലും കുമാര്‍ അതിനു മറുപടി നല്‍കാന്‍ കൂട്ടാക്കിയില്ല. ഇതോടെയാണു ക്രൂര മര്‍ദനമുറ ആരംഭിച്ചതെന്നും ക്രൈംബ്രാഞ്ച് വ്യക്തമാക്കി. തുടര്‍ന്ന് സത്യം പറയിപ്പിക്കാനായി ജൂണ്‍ 12 ന് രാത്രിയില്‍ അടിയും ഇടിയും തുടങ്ങി.

മുട്ടിനു താഴെ അടിച്ചാണ് പോലീസുകാര്‍ ആദ്യം സത്യം പറയിപ്പിക്കാന്‍ ശ്രമിച്ചത്. ചൂരല്‍ ഉപയോഗിച്ച് കാല്‍വെള്ളയില്‍ പലതവണ അടിച്ചു. കുമാര്‍ സംസാരിക്കാതെ വന്നതോടെ 13, 14 തീയതികളില്‍ മൂന്നു കുപ്പി മുളകുസ്‌പ്രേ കുമാറിന്റെ ശരീരത്തിലെ രഹസ്യ ഭാഗങ്ങളില്‍ അടിച്ചു.

നിയാസാണ് സ്‌പ്രേ എത്തിച്ചത്. തുടര്‍ന്ന് കാന്താരി അരച്ചു പുരട്ടി. പോലീസ് സ്റ്റേഷനിലെ ശുചിമുറിക്കു സമീപത്തെ മുറിയില്‍ നിന്നു കാന്താരി മുളകും ചെറിയ അരകല്ലും ക്രൈംബ്രാഞ്ച് സംഘം കഴിഞ്ഞദിവസം കണ്ടെത്തി.

ഇവിടെയാണു കാന്താരി മുളക് അരച്ചതെന്നും ഇതിനു ശേഷം സ്റ്റേഷന്റെ ഒന്നാം നിലയിലെ വിശ്രമമുറിയില്‍ കൊണ്ടു പോയി കുമാറിന്റെ ശരീരത്തില്‍ തേച്ചതെന്നും തെളിവെടുപ്പിനിടെ നിയാസ് ക്രൈംബ്രാഞ്ചിനോടു പറഞ്ഞു.

ക്രൂരമായി മര്‍ദിച്ചിട്ടും സത്യം പറയാതെ വന്നതോടെ കസേര എടുത്ത് കുമാറിന്റെ ശരീരത്തിനു മുകളില്‍ ഇട്ട് നിയാസ് ഇരുന്നതായും ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ തെളിഞ്ഞു. 12,13,14 തീയതികളില്‍ കുമാറിനെ വിശ്രമ മുറിയിലെ തറയില്‍ കിടത്തിയാണ് മര്‍ദിച്ചത്.

ഇതോടെ കുമാറിന്റെ കാല്‍ മുട്ടിനു പരിക്കേറ്റു. ഇതിനു ശേഷമാണ് കാല്‍മുട്ടിനു ഉഴിച്ചില്‍ നടത്താന്‍ തിരുമ്മുകാരനെ എത്തിച്ചത്. തിരുമ്മുകാരനു 300 രൂപ നല്‍കിയത് നിയാസായിരുന്നു. കസ്റ്റഡിയിലെടുക്കുമ്പോള്‍ കുമാറില്‍ നിന്നു പിടിച്ചെടുത്ത 72,500 രൂപയില്‍ നിന്നുമാണ് 300 രൂപ തിരുമ്മുകാരന് നല്‍കിയതെന്നും കണ്ടെത്തിയിട്ടുണ്ട്. മര്‍ദന മുറകള്‍ക്ക്, എസ്‌ഐ കെ.എ. സാബുവും കൂട്ടു നിന്നുവെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തി.

കുമാറിനു മര്‍ദനമേറ്റ സമയത്ത് താന്‍ പോലീസ് സ്റ്റേഷനില്‍ ഇല്ലായിരുന്നു എന്നാണ് റെജിമോന്‍ ആദ്യം ക്രൈംബ്രാഞ്ചിനോട് പറഞ്ഞിരുന്നത്. എന്നാല്‍ സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങളില്‍ ചിലതില്‍, കുമാര്‍ കസ്റ്റഡിയിലുള്ള ദിവസങ്ങളില്‍ രാത്രി സമയത്ത് റെജിമോന്‍ സ്റ്റേഷനില്‍ ഉണ്ടെന്നു കണ്ടെത്തി.

അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം റെജിമോനെയും നിയാസിനെയും ഒറ്റയ്ക്കൊറ്റയ്ക്കാണ് തെളിവെടുപ്പിനായി എത്തിച്ചത്. പോലീസ് സ്റ്റേഷനിലെ ലോക്കപ്പ് മുറികള്‍, കുമാറിനെ മര്‍ദിച്ച വിശ്രമമുറി, സ്റ്റേഷന് പുറത്തുള്ള ശുചിമുറിക്കു സമീപമുള്ള മുറി എന്നിവിടങ്ങളില്‍ പ്രതികളെ എത്തിച്ച് തെളിവെടുപ്പ് നടത്തി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Nedumkandam custodial death: 2 more policemen arrested, Thodupuzha, News, Trending, Custody, Arrested, Police, Attack, Murder, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?