പാളത്തില്‍ നിന്ന പശുവിനെ ട്രെയിന്‍ തട്ടി: ഗോരക്ഷാ ഗുണ്ടകള്‍ ലോക്കോ പൈലറ്റിനെ മര്‍ദ്ദിച്ചു
ദേശീയം (www.evisionnews.co): റെയില്‍വേ പാളത്തില്‍ നിന്ന പശുവിനെ ട്രെയിന്‍ തട്ടിയതിന് ലോക്കോ പൈലറ്റിന് ഗോരക്ഷാ ഗുണ്ടകളുടെ ക്രൂര മര്‍ദ്ദനം. ഗ്വാളിയോര്‍-അഹമ്മദാബാദ് സൂപ്പര്‍ ഫാസ്റ്റ് ട്രെയിനിന്റെ ലോക്കോ പൈലറ്റിനാണ് മര്‍ദ്ദനമേറ്റത്. ശനിയാഴ്ച രാവിലെ 11.17നാണ് പടന്‍ ജില്ലയിലെ സിദ്ദ്പൂര്‍ ജംഗ്ഷനില്‍ നിന്നും പാളത്തിലേക്ക് പൊടുന്നനെ പശു പാഞ്ഞുകയറുന്നത്. സ്റ്റേഷന്‍ മാസ്റ്റര്‍ ചുവപ്പ് സിഗ്നല്‍ കാണിച്ച് ലോക്കോ പൈലറ്റിന് അപായ ചിഹ്നം കാണിച്ചെങ്കിലും ട്രെയിന്‍ പെട്ടെന്ന് ബ്രേക്കിട്ട് നിര്‍ത്താന്‍ സാധിക്കാതെ പശുവിന് മേല്‍ ഇടിക്കുകയായിരുന്നെന്ന് മെഹ്സാന റെയില്‍വെ പൊലീസിലെ എഫ്.ഐ.ആര്‍ വ്യക്തമാക്കുന്നു.
ലോക്കോ പൈലറ്റായ ജി.എ ഝാല ഉടന്‍ തന്നെ അടുത്തുള്ള റെയില്‍വേ സ്റ്റാഫിനെ ബന്ധപ്പെടുകയും എഞ്ചിനില്‍ നിന്നും മൃതദേഹം മാറ്റുകയും ചെയ്തു. ഇതേസമയം തന്നെ ട്രെയിനില്‍ യാത്ര ചെയ്യുകയായിരുന്ന 30വയസ് പ്രായംവരുന്ന വ്യക്തി ഝാലയുടെ അടുത്തേക്ക് വരികയും പശുവിനെ കൊലപ്പെടുത്തിയതിന് രൂക്ഷമായി കുറ്റപ്പെടുത്തുകയും ചെയ്തു. 'നിങ്ങള്‍ക്കെന്താ കണ്ണ് കണ്ടൂടെ.... പശു ട്രാക്കില്‍ നില്‍ക്കുന്നത് അറിയില്ലേ' എന്ന് ചോദിച്ച് ദേഷ്യപ്പെട്ട ഗോരക്ഷക് എന്ന് സ്വയം പരിചയപ്പെടുത്തിയ ഇദ്ദേഹം ഉടനെ ലോക്കോ പൈലറ്റിനെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. അല്‍പ്പസമയത്തിന് ശേഷം 150-ഓളം വരുന്ന ഗോരക്ഷക് പ്രവര്‍ത്തകര്‍ കൂടി സ്ഥലത്തേക്ക് വരികയും പ്രശ്നം രൂക്ഷമാകുകയും ചെയ്തെന്ന് പൊലീസ് എഫ്.ഐ.ആര്‍ വ്യക്തമാക്കുന്നു.
സംഭവം വീണ്ടും റെയില്‍വേ പൊലീസില്‍ വാക്കിടോക്കി വഴി അറിയിച്ച ഝാലയോട് പശുവിന്റെ മൃതദേഹം എല്ലാവിധ ബഹുമാനത്തോടും കൂടി സ്ഥലത്ത് നിന്നും മാറ്റണമെന്നും ആവശ്യപ്പെട്ടു. 1500 ട്രെയിന്‍ യാത്രക്കാര്‍ ഈ സമയം ഏറെ അപകടം നിറഞ്ഞ സരസ്വതി നദിക്ക് മുകളിലുള്ള പാലത്തിലായിരുന്നെന്നും റെയില്‍വേ ഉദ്യോഗസ്ഥര്‍ പറയുന്നു. ഝാലയെ ആദ്യം ആക്രമിച്ച വ്യക്തി തന്നെ പിന്നീട് കാംലി, ഉജ്ജ ജംഗ്ഷനുകളില്‍ വെച്ചും മര്‍ദ്ദിച്ചെന്നും പരാതിയില്‍ പറയുന്നു.
Powered by Info News For You
Comments
Post a Comment