ഇറാന്‍ പിടിച്ചെടുത്ത ബ്രിട്ടീഷ് എണ്ണക്കപ്പലില്‍ മലയാളികളും; 23 പേരില്‍ 18 ഉം ഇന്ത്യക്കാര്‍; വിദേശകാര്യ മന്ത്രാലയം ഇടപെട്ടു, രാജ്യാന്തരതലത്തില്‍ തങ്ങള്‍ക്കെതിരെ നടക്കുന്ന ഉപരോധത്തിനും എണ്ണ കയറ്റുമതി വിലക്കിനുമുള്ള പ്രതികാരമാണിതെന്ന് ഇറാന്‍, നടപടിയെ അപലപിച്ച് യുഎസ്, ജര്‍മനി, റഷ്യ, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങള്‍

ലണ്ടന്‍:(www.kvartha.com 21/07/2019) ദുബൈയില്‍ നിന്നും സൗദിയിലേക്കുള്ള യാത്രക്കിടെ ഇറാന്‍ പിടിച്ചെടുത്ത ബ്രിട്ടീഷ് എണ്ണക്കപ്പലില്‍ മലയാളികളും കുടുങ്ങിക്കിടക്കുന്നതായി വിവരം ലഭിച്ചു. കപ്പലിലുള്ള 23 ജീവനക്കാരില്‍ 18 പേരും ഇന്ത്യക്കാരാണെന്ന് കഴിഞ്ഞ ദിവസം റിപോര്‍ട്ടുകള്‍ വന്നിരുന്നു. കപ്പലിലുള്ള തൃപ്പൂണിത്തുറ സ്വദേശി ഡിജോ പാപ്പച്ചന്‍ ഇറാന്റെ പിടിയിലാകുന്നതിന് മുമ്പ് 19ന് രാവിലെ വീട്ടിലേക്ക് ഫോണ്‍ ചെയ്തപ്പോള്‍ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മൂന്ന് മലയാളികളും കപ്പലിലുണ്ടെന്ന സൂചന ലഭിച്ചത്. ഡിജോയെ കൂടാതെ ഫോര്‍ട്ട് കൊച്ചി സ്വദേശിയായ ക്യാപ്റ്റനും, തൃപ്പൂണിത്തുറ സ്വദേശിയായ മറ്റൊരു ജോലിക്കാരനും കപ്പലില്‍ ഉണ്ടെന്ന് ഫോണ്‍ ചെയ്തപ്പോള്‍ പറഞ്ഞതായി ഡിജോയുടെ അച്ഛന്‍ പാപ്പച്ചന്‍ പറഞ്ഞു.

 News, London, World, Ship, Seized,India seeks release of 18 Indians aboard British-flagged ship seized by Iran


ഡിജോയുടെ പിതാവിനെ കപ്പല്‍ കമ്പനി ഉദ്യോഗസ്ഥര്‍ വിളിച്ച് വിവരം അറിയിച്ചിരുന്നു. അതിനിടെ ബ്രിട്ടനിലുള്ള ഡിജോയുടെ സഹോദരി ദീപ പാപ്പച്ചന്‍ കമ്പനിയുമായി ബന്ധപ്പെട്ടപ്പോള്‍ ജീവനക്കാര്‍ സുരക്ഷിതരാണെന്നും കപ്പല്‍ വിട്ട് ലഭിക്കുന്നതിന് ആവശ്യമായ ഉന്നതതല ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ് എന്നുമാണ് കമ്പനി അറിയിച്ചത്. സംഭവത്തില്‍ വിദേശകാര്യ മന്ത്രാലയം ഇടപെട്ടിട്ടുണ്ട്. അതേസമയം മലയാളികള്‍ ഈ കപ്പലിലുള്ളതായി ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ലെന്ന് വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ അറിയിച്ചു.

സംഭവത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ കണ്ടെത്തിവരികയാണ്. ഇന്ത്യന്‍ പൗരന്മാരെ വേഗത്തില്‍ മോചിപ്പിച്ച് സുരക്ഷിതമായി ഇന്ത്യയിലെത്തിക്കാനുള്ള നടപടികള്‍ സ്വീകരിക്കുന്നതിനായി ഇറാന്‍ സര്‍ക്കാരുമായി ബന്ധപ്പെടുകയാണെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രവീശ് കുമാര്‍ പറഞ്ഞു.

കപ്പല്‍ ഇറാന്റെ ഒരു മീന്‍പിടിത്ത ബോട്ടിനെ ഇടിച്ചതായി ഹോര്‍മുസ്ഗന്‍ പ്രവിശ്യയിലെ തുറമുഖ സമുദ്രകാര്യവിഭാഗം ഡയറക്ടര്‍ ജനറല്‍ അല്ലാമൊറാദ് അഫിഫിപോറിനെ ഉദ്ധരിച്ച് ഇറാന്റെ വാര്‍ത്താ ഏജന്‍സി ഇര്‍ന റിപ്പോര്‍ട്ട് ചെയ്തു. ബോട്ടിന്റെ ക്യാപ്റ്റന്‍ ബ്രിട്ടീഷ് കപ്പലുമായി ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും അവര്‍ സിഗ്‌നല്‍ നല്‍കിയില്ലെന്നും ഡയറക്ടര്‍ ജനറല്‍ പറഞ്ഞു.

അപകടം വിളിച്ചുവരുത്തുന്നതാണ് ഇറാന്റെ നടപടിയെന്ന് ബ്രിട്ടീഷ് വിദേശകാര്യമന്ത്രി ജെറമി ഹണ്ട് മുന്നറിയിപ്പ് നല്‍കി. നിയമവിരുദ്ധമായ ഇത്തരം നീക്കങ്ങള്‍ കാര്യങ്ങള്‍ മാറ്റിമറിക്കും. കപ്പലുമായി ബന്ധപ്പെടാന്‍ ഉടമകള്‍ക്ക് കഴിഞ്ഞിട്ടില്ല. ഇറാനിയന്‍ അധികൃതരുമായി അവിടത്തെ ബ്രിട്ടീഷ് സ്ഥാനപതി ബന്ധപ്പെട്ടുവരികയാണ്.

സ്വീഡന്റെ ഉടമസ്ഥതയിലുള്ള ബ്രിട്ടന്റെ പതാക ഘടിപ്പിച്ച സ്‌റ്റെനാ ഇംപേരോ എന്ന കപ്പലാണ് ഇറാന്റെ റെവല്യൂഷണറി ഗാര്‍ഡിന്റെ കസ്റ്റഡിയിലുള്ളത്. ഹോര്‍മുസില്‍ ഇറാന്‍ പിടിച്ചെടുത്തശേഷം കപ്പലിലെ ജീവനക്കാരുമായി ആശയവിനിമയം സാധ്യമാകുന്നില്ലെന്ന് കമ്പനി കഴിഞ്ഞദിവസം അറിയിച്ചിരുന്നു. ഹോര്‍മുസ് കടലിടുക്കില്‍വെച്ച് ചെറിയ കപ്പലും ഹെലികോപ്റ്ററും ബ്രിട്ടീഷ് കപ്പലിനെ സമീപിക്കുകയും കപ്പല്‍ ഇറാന്റെ സമുദ്രമേഖലയിലേക്ക് കൊണ്ടുപോവുകയുമായിരുന്നുവെന്നാണ് പറയുന്നത്. ജീവനക്കാര്‍ സുരക്ഷിതരാണെന്ന് സ്‌റ്റെന ബള്‍ക്കിന്റെ പ്രസിഡന്റും ചീഫ് എക്‌സിക്യുട്ടീവുമായ എറിക് ഹാനെല്‍ അറിയിച്ചു. ബ്രിട്ടീഷ്, സ്വീഡിഷ് സര്‍ക്കാരുമായി വിഷയത്തില്‍ ബന്ധപ്പെടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇറാന്റെ നടപടിക്കെതിരെ വിവിധ രാജ്യങ്ങള്‍ രംഗത്തെത്തി. വിഷയം ആഗോള പ്രശ്‌നമായി മാറുകയാണ്. എണ്ണ കയറ്റുമതി ചെയ്യാനുള്ള വിലക്കും സാമ്പത്തിക ഉപരോധവും അടക്കം രാജ്യാന്തരതലത്തില്‍ തങ്ങള്‍ക്കെതിരെ നടക്കുന്ന നീക്കങ്ങള്‍ക്കെതിരെയുള്ള പ്രതികരണമാണിതെന്നും ഇത്തരം നടപടികള്‍ രാജ്യാന്തര നിയമങ്ങളുടെ ചട്ടക്കൂട്ടിലുള്ളവയാണെന്നുമാണ് ഇറാന്റെ വിശദീകരണം. യുഎസ്, ജര്‍മനി, റഷ്യ, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളാണ് ഇറാന്റെ ഈ നടപടിയെ അപലപിച്ച് രംഗത്തെത്തിയത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, London, World, Ship, Seized,India seeks release of 18 Indians aboard British-flagged ship seized by Iran


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?