യൂണിവേഴ്‌സിറ്റി കോളജില്‍ 18 വര്‍ഷത്തിനുശേഷം കെ എസ് യു യൂണിറ്റ് രൂപീകരിച്ചു; പ്രഖ്യാപനം അനിശ്ചിതകാല നിരാഹാര സമര വേദിയില്‍; അമല്‍ ചന്ദ്ര പ്രസിഡന്റ്, ആര്യ എസ് നായര്‍ വൈസ് പ്രസിഡന്റ്

തിരുവനന്തപുരം: (www.kvartha.com 22.07.2019) യൂണിവേഴ്‌സിറ്റി കോളജില്‍ കെ എസ് യു യൂണിറ്റ് രൂപീകരിച്ചു. യൂണിവേഴ്‌സിറ്റി കോളജ് പ്രശ്‌നത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് കെ എസ് യു സംസ്ഥാന പ്രസിഡന്റ് അഭിജിത്തിന്റെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ നടത്തുന്ന അനിശ്ചിതകാല നിരാഹാര സമര വേദിയിലായിരുന്നു പ്രഖ്യാപനം. ഏഴു പേരുള്ള കമ്മിറ്റിയില്‍ നിന്നും അമല്‍ചന്ദ്രനെ പ്രസിഡന്റായി തെരഞ്ഞെടുത്തു. ആര്യ എസ്. നായര്‍ ആണ് വൈസ് പ്രസിഡന്റ്. 18 വര്‍ഷത്തിനുശേഷമാണ് ഇവിടെ കെ എസ് യു യൂണിറ്റ് രൂപീകരിക്കുന്നത്.

യൂണിവേഴ്‌സിറ്റി കോളജില്‍ ഒരു സംഘടന മതിയെന്ന എസ് എഫ് ഐയുടെ വാദം അംഗീകരിക്കാന്‍ കഴിയില്ലെന്നു കെ എസ് യു നേതൃത്വം വ്യക്തമാക്കി. ഭയം കാരണമാണ് മറ്റു സംഘടനകളിലേക്ക് കുട്ടികള്‍ വരാത്തത്. കൂടുതല്‍ കുട്ടികള്‍ കെ എസ് യുവിലേക്ക് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. യൂണിവേഴ്‌സിറ്റി കോളജ് അക്രമത്തില്‍ ആവശ്യങ്ങള്‍ അംഗീകരിക്കുന്നത് വരെ സമരം തുടരുമെന്നും കെ എസ് യു അറിയിച്ചു. അതേസമയം കോളജ് ക്യാംപസില്‍ കൊടിമരം വയ്ക്കുന്നത് കോളജ് അധികൃതരുമായി ചര്‍ച്ച ചെയ്തു തീരുമാനിക്കുമെന്നും കെ എസ് യു നേതൃത്വം വ്യക്തമാക്കി.

KSU forms unit in University College after 18 years, Thiruvananthapuram, News, Politics, Education, KSU, SFI, Students, Clash, Kerala

അതിനിടെ ജുലൈ 12ന് ഉണ്ടായ എസ്എഫ്‌ഐ സംഘര്‍ഷത്തിനിടെ വിദ്യാര്‍ഥിയെ കുത്തിവീഴ്ത്തിയതിനെ തുടര്‍ന്ന് അടച്ചിട്ട യൂണിവേഴ്‌സിറ്റി കോളജ് അധ്യയനത്തിനായി തിങ്കളാഴ്ച വീണ്ടും തുറന്നു. അക്രമരാഷ്ട്രീയത്തിന് അവധി നല്‍കണമെന്ന സന്ദേശം ഉയര്‍ത്തി പ്രവേശനോത്സവം ഒരുക്കിയാണ് കോളജ് അധികൃതര്‍ വിദ്യാര്‍ത്ഥികളെ സ്വീകരിക്കുന്നത്.

തിരിച്ചറിയല്‍ കാര്‍ഡ് പരിശോധിച്ചാണ് വിദ്യാര്‍ഥികളെയും അധ്യാപകരെയും കടത്തിവിട്ടത്. ഇനി മുതല്‍ ഇങ്ങനെയായിരിക്കുമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. കോളജിന്റെ കവാടത്തിലും പുറത്തും കനത്ത പോലീസ് സംരക്ഷണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഒരു അസിസ്റ്റന്റ് കമ്മിഷണര്‍, രണ്ട് സിഐമാര്‍, 30 പോലീസുകാര്‍ എന്നിവരടങ്ങിയ ഒരു സംഘം തന്നെ നിലയുറപ്പിച്ചിട്ടുണ്ട്. വിദ്യാര്‍ത്ഥികളെ പുതിയ പ്രിന്‍സിപ്പല്‍ സി സി ബാബു അഭിസംബോധന ചെയ്തു.

വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ കോളേജില്‍ അച്ചടക്കം നിലനിര്‍ത്താന്‍ കോളജിയേറ്റ് എഡ്യൂക്കേഷന്‍ ഡയറക്ടറേറ്റിന്റെ നേതൃത്വത്തില്‍ അടിമുടി മാറ്റമാണ് കാമ്പസില്‍ നടപ്പാക്കിയിട്ടുള്ളത്. പൂര്‍ണ ചുമതലയോടെ പുതിയ പ്രിന്‍സിപ്പലായി ഡോ. സി. സി. ബാബുവിനെ നിയമിച്ചതാണ് ഇതില്‍ പ്രധാനം. എല്ലാവരെയും സഹകരിപ്പിച്ച് മുന്നോട്ട് പോകുമെന്ന് അദ്ദേഹം പറഞ്ഞു. ഏറെ നാളായി ഇന്‍ചാര്‍ജ് ഭരണത്തിലായിരുന്നു കോളജ്.

കോളജിലെ രാഷ്ട്രീയ പ്രവര്‍ത്തനത്തിന് പ്രിന്‍സിപ്പലിന്റെ അനുമതി വേണമെന്നാണ് കോളജ് കൗണ്‍സിലിന്റെ നിര്‍ദേശം. കാമ്പസിലെ രാഷ്ട്രീയ ചിഹ്നങ്ങളും ബാനറുകളും എല്ലാം മാറ്റി. എന്നാല്‍, കൊടിമരങ്ങളും മണ്ഡപങ്ങളും മാറ്റിയിട്ടില്ല. കോളജിന് മുന്നിലും വിവിധ വകുപ്പുകള്‍ക്ക് മുന്നിലും എസ്.എഫ്.ഐ.യുടെ കൊടിമരങ്ങളുണ്ട്. റീ അഡ്മിഷന്‍ നിര്‍ത്തലാക്കിയതാണ് മറ്റൊരു നടപടി.

ഇതോടെ ക്ലാസ് കട്ട്ചെയ്തുള്ള സംഘടനാ പ്രവര്‍ത്തനം ഇല്ലാതാവുമെന്നാണ് വിലയിരുത്തുല്‍. ഇത് നടപ്പാക്കാനുള്ള അധികാരവും കൗണ്‍സില്‍ പ്രിന്‍സിപ്പലിന് നല്‍കിയിട്ടുണ്ട്. റീ അഡ്മിഷന്‍ ഇനി വേണ്ടെന്നാണ് നിലപാട്. റഗുലര്‍ രീതിയില്‍ ഏറ്റവും ഉയര്‍ന്ന മാര്‍ക്കുള്ള വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമേ കോളജില്‍ പ്രവേശനം നല്‍കൂ എന്നും തീരുമാനിച്ചിട്ടുണ്ട്.

അതിനിടെ കോളജിലുണ്ടായ സംഘര്‍ഷത്തില്‍ പുറത്തുനിന്നുള്ളവരും ഉണ്ടായിരുന്നുവെന്നാണ് പോലീസ് റിപ്പോര്‍ട്ട്. ഭാവിയില്‍ ഇത് ഒഴിവാക്കാന്‍ എല്ലാ വിദ്യാര്‍ത്ഥികളും തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിക്കണം. പുറത്തുനിന്നുള്ളവരുടെ സാന്നിധ്യം പരമാവധി ഒഴിവാക്കണം. വിദ്യാര്‍ത്ഥികള്‍ക്ക് അനര്‍ഹമായ പരിഗണന നല്‍കുന്നത് ഒഴിവാക്കാന്‍ അധ്യാപകരെയും ജീവനക്കാരെയും പുനര്‍ വിന്യസിച്ചിട്ടുണ്ട്. അധ്യാപകരുടെ പഞ്ചിംഗ് പുനഃസ്ഥാപിക്കാനും നീക്കമുണ്ട്. ഹോസ്റ്റല്‍ വിദ്യാര്‍ത്ഥികളുടെ ലിസ്റ്റ് പോലീസിന് കൈമാറും.

കോളജിലെ യൂണിയന്‍ ഓഫീസ് ഒഴിപ്പിച്ച് ക്ലാസ് മുറിയാക്കിയിട്ടുണ്ട്. ഉത്തരക്കടലാസുകള്‍ സൂക്ഷിക്കാന്‍ പ്രിന്‍സിപ്പലിന്റെ നേതൃത്വത്തില്‍ സ്ട്രോംഗ് റൂം ഒരുക്കും. പരീക്ഷാ ആവശ്യങ്ങള്‍ക്ക് പുതിയൊരു ഓഫീസ് തുറക്കും. കോളജിലെ പരീക്ഷാ ചീഫ് സൂപ്രണ്ടിനെയും മൂന്ന് അനധ്യാപകരെയും മാറ്റിയതായും കോളജ് വിദ്യാഭ്യാസ അഡിഷണല്‍ ഡയറക്ടര്‍ വ്യക്തമാക്കി. 12നാണ് കോളജിലെ എസ്.എഫ്.ഐ. യൂണിറ്റ് മുന്‍ നേതാക്കളുടെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികളെ ആക്രമിച്ചത്. തുടര്‍ന്ന് പ്രതിഷേധവുമായി വിദ്യാര്‍ത്ഥികള്‍ തെരുവിലേക്കിറങ്ങുകയായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: KSU forms unit in University College after 18 years, Thiruvananthapuram, News, Politics, Education, KSU, SFI, Students, Clash, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?