അട്ടക്കുളങ്ങര ജയിലില്‍ നിന്നും തടവുചാടിയ സ്ത്രീകള്‍ പിടിയില്‍; മോഷണക്കേസില്‍ പ്രതികളായ ഇരുവരും വലയിലായത് തമിഴ്‌നാട്ടിലേക്ക് രക്ഷപ്പെടാന്‍ ശ്രമിക്കവെ

തിരുവനന്തപുരം: (www.kvartha.com 28.06.2019) അട്ടക്കുളങ്ങര ജയിലില്‍ നിന്നും തടവുചാടിയ രണ്ടു സ്ത്രീകളും പിടിയില്‍. വര്‍ക്കല തച്ചോട് അച്യുതന്‍മുക്ക് സജി വിലാസത്തില്‍ സന്ധ്യ(26)യും പാങ്ങോട് കല്ലറ കഞ്ഞിനട തേക്കുംകര പുത്തന്‍ വീട്ടില്‍ ശില്‍പ(23)യുമാണു പിടിയിലായത്.

വ്യാഴാഴ്ച രാത്രി പതിനൊന്നുമണിയോടെ തിരുവനന്തപുരം പാലോടിനടുത്ത് അടുക്കുംതറ ഉള്‍വനത്തില്‍ നിന്നാണ് ഇരുവരും പോലീസിന്റെ വലയിലായത്. റൂറല്‍ എസ്.പി. അശോക് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ പിടികൂടിയത്. മോഷണക്കേസില്‍ പ്രതികളായ ഇരുവരും തമിഴ്‌നാട്ടിലേക്കുകടക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്നാണു വിവരം.

Police arrested escaped women prisoners, Thiruvananthapuram, News, Prisoners, Police, Arrested, Women, Humor, Kerala

ശില്‍പയുടെ വീട്ടിലേക്ക് പോകുന്നതിനിടെ സഹോദരനെ ഫോണില്‍ വിളിച്ചതാണ് പ്രതികളെ കുടുക്കാന്‍ പോലീസിന് സഹായകമായത്. ഇവര്‍ക്കായി പോലീസ് വ്യാഴാഴ്ച ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. പ്രതികളെ വൈദ്യപരിശോധനയ്ക്ക് ശേഷം ഫോര്‍ട്ട് പോലീസ് സ്റ്റേഷനില്‍ എത്തിക്കും.

ചൊവ്വാഴ്ച വൈകിട്ടാണ് ഇവര്‍ തലസ്ഥാനത്തെ വനിതാ ജയിലില്‍ നിന്നും രക്ഷപ്പെട്ടത്. ജയില്‍ വളപ്പിനു പിന്‍വശത്തെ മതില്‍ ചാടിയാണ് ഇവര്‍ കടന്നത്. വനിതാ ജയിലില്‍നിന്നു തടവുകാര്‍ രക്ഷപ്പെടുന്നത് കേരളത്തില്‍ ആദ്യത്തെ സംഭവമായിരുന്നു.

അതേസമയം, ജയിലില്‍ നിന്നും രക്ഷപ്പെട്ട യുവതികള്‍ മണക്കാട് നിന്നും ഓട്ടോറിക്ഷയില്‍ മെഡിക്കല്‍ കോളജിലെ എസ്എടി ആശുപത്രിയിലെത്തിയിരുന്നു. പണം വാങ്ങി വരാമെന്നു പറഞ്ഞ് ആശുപത്രിക്കുള്ളിലേക്കു കയറിപ്പോയ ഇരുവരും പിന്നീടു മടങ്ങിയെത്തിയില്ല. പണം നല്‍കാതെ യുവതികള്‍ മുങ്ങിയെന്ന് മനസിലായ ഓട്ടോ ഡ്രൈവര്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

എന്നാല്‍ ജയില്‍ ചാടിയ യുവതികള്‍ നേരെ ആശുപത്രിയിലെത്തിയത് പരിചയക്കാരില്‍ നിന്നും പണം സംഘടിപ്പിക്കാനാണെന്ന് പോലീസ് കരുതുന്നു. യുവതികളിലൊരാളായ സന്ധ്യ മുന്‍പ് താത്കാലിക വേതനത്തില്‍ ഇവിടെ ജോലിചെയ്തിരുന്നു. ആശുപത്രി പരിസരത്തുനിന്നും രക്ഷപ്പെട്ട യുവതികള്‍ തമിഴ്‌നാട് ഭാഗത്തേക്ക് സഞ്ചരിച്ചതായി സൂചന ലഭിച്ച പോലീസ് അന്വേഷണം ശക്തമാക്കിയിരുന്നു.

എന്നാല്‍ മെഡിക്കല്‍ കോളജില്‍ നിന്നും പരവൂര്‍ ആശുപത്രിയിലേക്കുപോയ പ്രതികള്‍ പോലീസ് പിന്‍തുടരുന്നുവെന്ന് മനസ്സിലാക്കി പാങ്ങോട്ടുള്ള ശില്പയുടെ ബന്ധുവീട്ടിലേക്ക് വരുന്നവഴിയിലാണ് ഫോര്‍ട്ട് എ.സി. പ്രതാപചന്ദ്രന്‍ നായരുടെ നേതൃത്വത്തിലുള്ള പ്രത്യേകസംഘം ഇരുവരെയും വലയിലാക്കിയത്.

കഴിഞ്ഞ ദിവസം പ്രതികളുടെ ബന്ധുക്കളെ ചോദ്യം ചെയ്തതില്‍ നിന്ന് ഇവര്‍ വീടുകളിലേക്ക് സഹായത്തിനായി എത്തുമെന്ന സൂചന പോലീസിന് ലഭിച്ചിരുന്നു. ഇതിനിടെ പാരിപ്പള്ളിയില്‍ വച്ച് ശില്പ ബന്ധുക്കളുമായി ഫോണില്‍ ബന്ധപ്പെട്ടിരുന്നു. ഇവരെ കണ്ടെത്താന്‍ ഇതാണ് പോലീസിന് സഹായകമായത്.

മോഷണത്തിനും വഞ്ചനക്കേസുകളിലും പ്രതികളായി വര്‍ക്കല തച്ചോട് അച്യുതന്‍മുക്ക് സജി വിലാസത്തില്‍ സന്ധ്യ ജൂണ്‍ ഏഴിനും പാങ്ങോട് കല്ലറ കഞ്ഞിനട വെള്ളിയം ദേശം തേക്കുംകര പുത്തന്‍ വീട്ടില്‍ ശില്‍പ പതിനേഴിനുമാണ് ജയിലിലെത്തിയത്.

ഇരുവരെയും വിശദമായി ചോദ്യം ചെയ്താല്‍ മാത്രമേ ജയില്‍ ചാടിയ വിധവും അതിന് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചുവോയെന്ന വിവരവും അറിയാനാകൂവെന്ന് പോലീസ് പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Police arrested escaped women prisoners, Thiruvananthapuram, News, Prisoners, Police, Arrested, Women, Humor, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?