പെണ്‍കുട്ടിയെ കത്തികൊണ്ട് തുരുതുരാ കുത്തുന്നത് കണ്ടു നിന്നവര്‍ ഭയന്നു മാറിനിന്നപ്പോള്‍ അക്രമിയെ ധൈര്യപൂര്‍വ്വം നേരിട്ടത് മലയാളി നഴ്സ്
മംഗളൂരു (www.evisionnews.co): മംഗളുരുവില്‍ പ്രണയാഭ്യര്‍ത്ഥന നിരസിച്ച പെണ്‍കുട്ടിയെ കത്തികൊണ്ട് തുരുതുരാ കുത്തുന്നത് കണ്ടു നിന്നവര്‍ ഭയന്നു മാറിനിന്നപ്പോള്‍ അക്രമിയെ ധൈര്യപൂര്‍വ്വം നേരിട്ടത് മലയാളി നഴ്സ്. കണ്ണൂര്‍ പയ്യാവൂര്‍ സ്വദേശിയും ദേര്‍ലക്കട്ട ജസ്റ്റിസ് കെ.എസ് ഹെഗ്‌ഡെ ആശുപത്രി അത്യാഹിത വിഭാഗത്തിലെ സ്റ്റാഫ് നഴ്സുമായ നിമ്മി സ്റ്റീഫനാണ് ധീരത പ്രകടിപ്പിച്ചത്. വെള്ളിയാഴ്ച വൈകിട്ടാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. കാര്‍ക്കള നിട്ടെ കോളജ് എം.ബി.എ വിദ്യാര്‍ത്ഥിനിയാണ് ആക്രമണത്തിനിരയായത്.
മംഗളൂരു ശക്തിനഗര്‍ രമാശക്തി മിഷനു സമീപത്തെ സുഹൃത്തായ ഡാന്‍സ് കൊറിയോഗ്രാഫര്‍ സുശാന്താണു (28) വിദ്യാര്‍ത്ഥിനിയെ കൊലപ്പെടുത്താന്‍ ശ്രമിച്ചത്. പെണ്‍കുട്ടിയെ കുത്തുന്നതു കണ്ട് രക്ഷിക്കാന്‍ ശ്രമിച്ചവരെയെല്ലാം ഇയാള്‍ ചോര പുരണ്ട കത്തി കാണിച്ച് ഭീഷണിപ്പെടുത്തി. തുടര്‍ന്ന് നാട്ടുകാര്‍ വിളിച്ചതിനെ തുടര്‍ന്ന് ജസ്റ്റിസ് കെ.എസ് ഹെഗ്ഡെ ആശുപത്രിയില്‍ നിന്ന് ആംബുലന്‍സ് അയച്ചു. ഇതിലാണ് നിമ്മി വന്നിറങ്ങിയത്. മറ്റുള്ളവര്‍ ഭയന്നു മാറിനിന്നപ്പോള്‍ സ്വന്തം ജീവന്‍ പണയം വെച്ച് നിമ്മി സുശാന്തിന്റെ അടുത്തേക്ക് ചെന്നു. അടുത്തു ചെന്നതോടെ റോഡില്‍ വീണു രക്തം വാര്‍ന്നു പിടയുന്ന പെണ്‍കുട്ടിയുടെ ദേഹത്ത് കത്തിയുമായി കിടന്നു സുശാന്ത് ഭീഷണി മുഴക്കി.
അതു കാര്യമാക്കാതെ അയാളെ നിമ്മി വലിച്ചുമാറ്റിയതോടെ നാട്ടുകാരും ഒപ്പം സഹായത്തിനു കൂടി. ഇവര്‍ പെണ്‍കുട്ടിയെ ആംബുലന്‍സിലേക്കു മാറ്റി. ഉടന്‍ തന്നെ ആശുപത്രിയലേക്കെത്തിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ സ്ഥിതി ഗുരുതരമായി തുടരുകയാണ്. ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവിന്റെ സ്ഥിതി ഗുരുതരമല്ല. നിട്ടെ കല്‍പിത സര്‍വകലാശാല രജിസ്ട്രാര്‍ അല്‍ക്ക കുല്‍ക്കര്‍ണി, നിമ്മിക്ക് അഭിനന്ദന കത്തുനല്‍കി.
Powered by Info News For You
Comments
Post a Comment