ഷെറിന്‍ മാത്യൂസിന്റെ കൊലപാതകം; വളര്‍ത്തച്ഛന്‍ വെസ്ലി മാത്യൂസിന് ജീവപര്യന്തം; 30 വര്‍ഷത്തേക്ക് പരോള്‍ ലഭിക്കില്ല; കുഞ്ഞിന്റെ മൃതദേഹം കലുങ്കില്‍ ഒളിപ്പിക്കുമ്പോള്‍ തന്നെ വിഷപ്പാമ്പ് കടിച്ചെങ്കില്‍ എന്ന് ആഗ്രഹിച്ചതായും വെസ്ലി കോടതിയില്‍

ഡാലസ്: (www.kvartha.com 27.06.2019) യുഎസില്‍ ദത്തുപുത്രി ഷെറിന്‍ മാത്യൂസിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് വളര്‍ത്തച്ഛന്‍ വെസ്ലി മാത്യൂസിന് ജീവപര്യന്തം തടവ്. കൊലക്കുറ്റമാണ് ഇയാള്‍ക്കെതിരെ കോടതി ചുമത്തിയിരിക്കുന്നത്. എറണാകുളം സ്വദേശിയായ വെസ്ലി മാത്യൂസിന് ഡാലസ് കോടതിയാണ് തടവ് ശിക്ഷ വിധിച്ചത്. 30 വര്‍ഷത്തിനു ശേഷം മാത്രമേ ഇയാള്‍ക്ക് പരോളിന് അര്‍ഹതയുണ്ടാവൂ എന്നും കോടതി വിധിച്ചു.

അതേസമയം കോടതിയിലെത്തിയ വെസ്‌ലി മാത്യൂസ് സ്വന്തം പ്രവര്‍ത്തികളില്‍ വിലപിച്ചും മകളുടെ മരണത്തില്‍ ദുഃഖം പ്രകടിപ്പിച്ചും സഹതാപം പിടിച്ചുപറ്റി ശിക്ഷയില്‍ ഇളവുണ്ടാകാന്‍ ആവതും നോക്കി. വളര്‍ത്തു മകള്‍ ഷെറിന്‍ മാത്യൂസിനെ ഒരിക്കല്‍ കൂടി സംരക്ഷിക്കാന്‍ അവസരം ലഭിച്ചാല്‍ കാര്യങ്ങളെ വ്യത്യസ്തമായി കൈകാര്യം ചെയ്യുമെന്ന് വെസ്‌ലി കോടതിയില്‍ പറഞ്ഞു.
Indian-American Foster Father Gets Life In Jail For Death Of Toddler Sherin Mathews, News, America, Trending, Murder case, Life Imprisonment, Child, World, Crime, Criminal Case

പാലു കുടിക്കുമ്പോള്‍ ശ്വാസം മുട്ടി കുഞ്ഞ് മരിച്ചതോടെയുണ്ടായ ഭയം കൊണ്ടാണ് പിന്നീടുണ്ടായതെല്ലാം സംഭവിച്ചത്. അടിയന്തര സഹായം തേടുന്നതില്‍ നിന്നു തന്നെ പിന്തിരിപ്പിച്ചത് അകാരണമായ ഭയമായിരുന്നെന്നും വെസ്‌ലി വിചാരണയുടെ രണ്ടാം ദിവസം കോടതിയില്‍ പറഞ്ഞു.

ഗാരേജില്‍ വച്ച് പാലു കുടിക്കാന്‍ നിര്‍ബന്ധിക്കുന്നതിനിടെ തന്റെ ശബ്ദം ഉയര്‍ന്നു. ഇതു കേട്ടു ഭയന്ന കുഞ്ഞിനു പെട്ടെന്നു ശ്വാസ തടസമുണ്ടായെന്നും അബോധാവസ്ഥയിലായെന്നും വെസ്‌ലി പറയുന്നു. ഉടനെ സിപിആര്‍ കൊടുക്കാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഭയംകൊണ്ട് 911ല്‍ വിളിക്കുന്നതിനും സാധിച്ചില്ല.

പിന്നെ എന്താണ് സംഭവിക്കുന്നതെന്ന് മനസിലാക്കാനാകാത്ത മാനസികാവസ്ഥയായി. കുഞ്ഞ് ഇത്രപെട്ടെന്ന് തന്നെ വിട്ടുപോയെന്ന് വിശ്വസിക്കാനായില്ല. ശരിക്കും തളര്‍ന്നു പോയി. സാഹചര്യം വ്യക്തമായതോടെ കുഞ്ഞിന്റെ മൃതദേഹം എവിടെയെങ്കിലും ഒളിപ്പിക്കാനുള്ള ശ്രമമായിരുന്നുവെന്നും വെസ്‌ലി കോടതിയില്‍ പറഞ്ഞു.

നഴ്‌സായ ഭാര്യയോടു പോലും കുഞ്ഞിനു സംഭവിച്ച കാര്യം പറയാതിരുന്നത് ഭയം മൂലമാണ്. ശക്തമായി പ്രാര്‍ഥിച്ചാല്‍ കുഞ്ഞ് ഉയിര്‍ത്തെഴുന്നേല്‍ക്കുമെന്ന് വിശ്വസിച്ചു. എന്നാല്‍ അതിനു കഴിയാതെ വന്നപ്പോഴാണ് മൃതദേഹം ഒളിപ്പിക്കാന്‍ ശ്രമിച്ചത്. മൃതദേഹം ഒളിപ്പിക്കാനായി കലുങ്കിനു സമീപം എത്തിയപ്പോള്‍ അതിനകത്തേയ്ക്ക് കയറിയാല്‍ വിഷമുള്ള പാമ്പ് തന്നെ കടിക്കണമെന്ന് ഒരുനിമിഷം ആഗ്രഹിച്ചു. അങ്ങനെയെങ്കില്‍ തന്റെ കുഞ്ഞിനൊപ്പം ചേരാമെന്നു പ്രതീക്ഷിച്ചു.

ഭാര്യ സിനിയോ സ്വന്തം കുഞ്ഞോ ഷെറിന്റെ മൃതദേഹം കാണുമോ എന്ന് ഭയപ്പെട്ടു. സംഭവത്തില്‍ ചൈല്‍ഡ് പ്രൊട്ടക്ടീവ് സര്‍വീസസ് ഇടപെടുമോ എന്നും ഭയന്നു. അതുകൊണ്ടാണ് എല്ലാം ഒറ്റയ്ക്ക് ചെയ്തത്. എന്തുകൊണ്ടാണ് താന്‍ ഭയത്താല്‍ നയിക്കപ്പെട്ടതെന്നാണ് ആലോചിക്കുന്നത്. ആ രാത്രിയിലേയ്ക്ക് ഇടയ്ക്ക് ഞാന്‍ കടന്നു ചെല്ലാറുണ്ട്. അന്നു രാത്രി ഭയമാണ് എന്നെ പൂര്‍ണമായും നയിച്ചത്. ഇത്ര വിവേകശൂന്യമായി പെരുമാറുന്നതിന് കാരണമായ ആ ഭയത്തെക്കുറിച്ച് ആലോചിക്കാന്‍ പോലും സാധിക്കുന്നില്ലെന്നും വെസ്‌ലി പറഞ്ഞു.

അതേസമയം വെസ്‌ലിയുടെ വാദങ്ങളെ പ്രോസിക്യൂട്ടര്‍മാര്‍ ശക്തമായി എതിര്‍ത്തു. അദ്ദേഹം പറയുന്നത് കള്ളമാണെന്നാണ് പ്രോസിക്യൂട്ടര്‍മാര്‍ വാദിച്ചത്. മകളെ കാണാതായി തിരച്ചില്‍ നടക്കുമ്പോഴെല്ലാം വെസ്‌ലി ശാന്തനായിരുന്നു. മാത്യൂസിനെ കണ്ടപ്പോള്‍ മുതല്‍ തനിക്ക് സംശയമുണ്ടായിരുന്നുവെന്ന് റിച്ചാര്‍ഡ്‌സണ്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ വിക്ടര്‍ ഡയസ് കോടതിയില്‍ പറഞ്ഞു.

അദ്ദേഹം തിരച്ചിലിന് സഹായിക്കുന്നതിനു പകരം തങ്ങളെ പിന്തുടരുന്നതായാണ് തോന്നിയത്. കുഞ്ഞിനെ കാണാനില്ലെന്ന് റിപ്പോര്‍ട്ട് ചെയ്യാന്‍ വെസ്ലി അഞ്ചു മണിക്കൂറെടുത്തു. അതും 911ലേയ്ക്ക് വിളിക്കുന്നതിനു പകരം ഡിപ്പാര്‍ട്‌മെന്റിന്റെ അത്ര അടിയന്തരമല്ലാത്ത ലൈനിലേയ്ക്കാണ് വിളിച്ചത്. ഒരാളെ കാണാതായ കേസില്‍ ഇങ്ങനെ ആരും ചെയ്യാറില്ലെന്നും അദ്ദേഹം കോടതിയില്‍ പറഞ്ഞു.

ഷെറിന്‍ മാത്യൂസിന്റെ മൃതദേഹം തങ്ങള്‍ക്കു ലഭിക്കുമ്പോള്‍ ആന്തരികാവയങ്ങളിലടക്കം പുഴുവരിച്ചു തുടങ്ങിയിരുന്നുവെന്ന് ഡോക്ടര്‍മാര്‍ വെളിപ്പെടുത്തിയിരുന്നു. മൃതദേഹം വളരെയധികം ജീര്‍ണിച്ചിരുന്നതിനാല്‍ മരണകാര്യം കൃത്യമായി കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ലെന്നും ഷെറിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്യുന്നതിന് നേതൃത്വം നല്‍കിയ ഫൊറന്‍സിക് പാത്തോളജിസ്റ്റ് എലിസബത്ത് വെന്‍ച്യൂറ കോടതിയില്‍ മൊഴി നല്‍കിയിരുന്നു. മാത്രമല്ല, കുഞ്ഞ് പാലു കുടിക്കുമ്പോള്‍ ശ്വാസംമുട്ടി മരിക്കാന്‍ സാധ്യതയില്ലെന്നും ഇത് കൊലപാതകമാണെന്നും ഫൊറന്‍സിക് പരിശോധകന്‍ സാക്ഷ്യപ്പെടുത്തിയതാണ്.

വെസ്‌ലി കുഞ്ഞിനെ പരിക്കേല്‍പിച്ചെന്ന് നേരത്തെ സമ്മതിച്ചതാണ്. വധശിക്ഷ നല്‍കാവുന്ന കുറ്റമാണത്. ആ ശിക്ഷ നല്‍കുന്നത് പരിഗണിക്കണം. കോടതിക്ക് ശിക്ഷയുടെ കാഠിന്യം കുറയ്ക്കാമെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞിരുന്നു.

വിചാരണയ്ക്കിടെ കുഞ്ഞിന്റെ വീട്ടില്‍ നിന്നുള്ള ദൃശ്യങ്ങളും വെസ്‌ലിയെ ചോദ്യം ചെയ്യുന്നതിന്റെ ദൃശ്യങ്ങളുമെല്ലാം കോടതി പരിശോധിച്ചു. പാലു കുടിക്കാത്തതിനു പുറത്തു നിര്‍ത്തിയപ്പോള്‍ കുട്ടിയെ കാണാതായെന്നാണു വെസ്‌ലി ആദ്യം കോടതിയില്‍ മൊഴി നല്‍കിയത്. അന്നു വെസ്‌ലിയെ അറസ്റ്റു ചെയ്‌തെങ്കിലും ജാമ്യത്തില്‍ വിട്ടിരുന്നു. വീടിന് ഒരു കിലോമീറ്റര്‍ അകലെ കലുങ്കിനടിയില്‍നിന്നു കണ്ടെടുത്ത മൃതദേഹം ഷെറിന്റെതാണെന്ന് ഉറപ്പായ ശേഷം വെസ്‌ലി മാത്യൂസ് മൊഴി മാറ്റി പറഞ്ഞു.

നിര്‍ബന്ധിച്ചു പാല്‍ കുടിപ്പിച്ചപ്പോഴാണു ഷെറിന്‍ മരിച്ചതെന്നായിരുന്നു രണ്ടാമത് നല്‍കിയ മൊഴി. ശ്വാസംമുട്ടിയാണു കുഞ്ഞ് മരിച്ചത്. പാല്‍ കുടിപ്പിക്കുന്നതിനിടെ ചുമയും ശ്വാസതടസ്സവുമുണ്ടായി. തുടര്‍ന്ന് അബോധാവസ്ഥയിലായ കുട്ടിയെ മരിച്ചെന്നു കരുതി ഉപേക്ഷിക്കുകയായിരുന്നുവെന്നാണ് മൊഴി. വീണ്ടും മൊഴി മാറ്റിയ സാഹചര്യത്തിലായിരുന്നു വെസ്ലിയെ പോലീസ് അറസ്റ്റ് ചെയ്തത്. 2017 ഒക്ടോബര്‍ ഏഴിനാണ് മൂന്നുവയസുകാരി ഷെറിന്‍ മാത്യൂസിനെ ടെക്സസ് റിച്ചാര്‍ഡ്സണിലുള്ള വീട്ടില്‍ നിന്ന് കാണാതായത്.

ബിഹാറിലെ നളന്ദയില്‍ ശിശുസംരക്ഷണ കേന്ദ്രത്തില്‍നിന്ന് ദത്തെടുത്തതായിരുന്നു ഷെറിന്‍ മാത്യൂസിനെ. ഇവര്‍ ദത്തെടുത്ത ശേഷം കുഞ്ഞിന്റെ ശരീരത്തില്‍ പരിക്കുകളേല്‍ക്കുകയും എല്ലില്‍ പൊട്ടലുണ്ടായതും തിരിച്ചറിഞ്ഞിരുന്നു. ശിശുരോഗ വിദഗ്ധനായ ഡോ. സൂസണ്‍ ദകിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കുഞ്ഞിന്റെ കൈമുട്ടിനും കാലിലെ വലിയ അസ്ഥിക്കും പൊട്ടലുണ്ടായിരുന്നു. 2016 സെപ്റ്റംബറിനും 2017 ഫെബ്രുവരിക്കും ഇടയ്‌ക്കെടുത്ത എക്‌സ്‌റേകളിലും സ്‌കാനുകളിലും മുറിവുകള്‍ വ്യക്തമായിരുന്നു. തുടര്‍ന്ന് 2017ല്‍ സിപിഎസിലേയ്ക്ക് ഒരു റഫറല്‍ നടത്തുകയും ചെയ്തിരുന്നു.

കേസില്‍ വെസ്‌ലിയുടെ ഭാര്യയും വളര്‍ത്തമ്മയുമായ സിനി മാത്യൂസിനെ കോടതി വെറുതെ വിട്ടിരുന്നു. ഷെറിന്‍ മാത്യൂസിനെ വീട്ടില്‍ തനിച്ചാക്കി മാതാപിതാക്കള്‍ പുറത്തു പോയി എന്ന കേസില്‍ അറസ്റ്റിലായ സിനിക്കെതിരെ ഇതു തെളിയിക്കാന്‍ മതിയായ തെളിവുകള്‍ ഹാജരാക്കാന്‍ ഇല്ലാതിരുന്നതിനാലാണ് കുറ്റാരോപണം ഡിസ്ട്രിക്റ്റ് അറ്റോര്‍ണി ഉപേക്ഷിച്ചത്. പതിനഞ്ചു മാസത്തെ ജയില്‍വാസത്തിനു ശേഷമായിരുന്നു സിനി ജയില്‍ മോചിതയായത്. സിനിക്കെതിരായ കേസ് ഉപേക്ഷിച്ചതില്‍ റിച്ചാര്‍ഡ്‌സണ്‍ പോലീസ് നിരാശ പ്രകടിപ്പിച്ചിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Indian-American Foster Father Gets Life In Jail For Death Of Toddler Sherin Mathews, News, America, Trending, Murder case, Life Imprisonment, Child, World, Crime, Criminal Case.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?