കളി ഇന്ത്യയോട് വേണ്ട: ഇന്ത്യന്‍ ഉല്‍പന്നങ്ങള്‍ക്ക് നികുതി ഉയര്‍ത്തിയ ട്രംപിന് ചുട്ട മറുപടി നല്‍കി ഇന്ത്യ; യു എസില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന 29 ഇനം ഉല്‍പന്നങ്ങള്‍ക്ക് അധിക ഇറക്കുമതിത്തീരുവ ചുമത്തും

ന്യൂഡല്‍ഹി: (www.kvartha.com 15.06.2019) ഇന്ത്യന്‍ ഉല്‍പന്നങ്ങള്‍ക്ക് നികുതി ഉയര്‍ത്തിയ അമേരിക്കയുടെ നടപടിക്ക് അതേ നാണയത്തില്‍ തിരിച്ചടിച്ച് ഇന്ത്യ. യുഎസില്‍നിന്ന് ഇറക്കുമതി ചെയ്യുന്ന 29 ഇനം ഉല്‍പന്നങ്ങള്‍ക്ക് ഇന്ത്യ അധിക ഇറക്കുമതിത്തീരുവ ചുമത്തും.

ഇതുസംബന്ധിച്ച ഔദ്യോഗിക ഉത്തരവ് ധനമന്ത്രാലയം ഉടന്‍ ഇറക്കും. തീരുമാനം നടപ്പിലാക്കിയാല്‍ 1513.84 കോടിരൂപയുടെ അധിക നികുതി ഇന്ത്യക്ക് ലഭിക്കും. ബദാം, വാള്‍നട്ട്, പയര്‍ വര്‍ഗങ്ങള്‍ തുടങ്ങിയ ഉല്‍പ്പന്നങ്ങള്‍ക്കാണ് നികുതി വര്‍ധിപ്പിക്കുന്നത്.

 India to impose retaliatory tariffs on 29 U.S. goods from June 16, New Delhi, News, Politics, Business, Criticism, Narendra Modi, Donald-Trump, National

ഇന്ത്യയുടെ സ്റ്റീല്‍, അലുമിനിയം ഉല്‍പ്പന്നങ്ങള്‍ക്ക് അമേരിക്ക നികുതി കൂട്ടിയിരുന്നു. സ്റ്റീല്‍, അലുമിനിയം ഉല്‍പ്പന്നങ്ങളുടെ നികുതി വര്‍ധിപ്പിച്ച അമേരിക്കന്‍ നടപടിക്കെതിരെ ഇന്ത്യ നല്‍കിയ പരാതി ലോക വ്യാപാര സംഘടനയുടെ പരിഗണനയിലുണ്ട്. ഇന്ത്യക്കുണ്ടായിരുന്ന സൗഹൃദ രാജ്യ പദവിയും അമേരിക്ക എടുത്ത് കളഞ്ഞിരുന്നു. ഇതിനുള്ള മറുപടിയായാണ് പുതിയ നീക്കം.

ഇന്ത്യയില്‍നിന്നുള്ള വിവിധ ഉല്‍പന്നങ്ങള്‍ക്ക് യുഎസില്‍ നികുതി ഒഴിവ് നല്‍കിയിരുന്ന 'പ്രത്യേക പരിഗണനാ രീതി' കഴിഞ്ഞയാഴ്ചയാണ് ട്രംപ് ഭരണകൂടം എടുത്തുകളഞ്ഞത്. ഇതോടെ ഇന്ത്യ യുഎസില്‍നിന്നുള്ള ബദാം, ആപ്പിള്‍ അടക്കമുള്ള ഉല്‍പന്നങ്ങള്‍ക്കു നികുതി ഉയര്‍ത്താന്‍ ഒരു വര്‍ഷം മുന്‍പ് എടുത്ത തീരുമാനം നടപ്പാക്കാന്‍ തീരുമാനിക്കുകയായിരുന്നു.

ഡോണാള്‍ഡ് ട്രംപ് പ്രസിഡന്റായ ശേഷം ലോകമെമ്പാടുമുള്ള രാജ്യങ്ങളിലെ ഉല്‍പന്നങ്ങള്‍ക്ക് അമേരിക്ക അധിക നികുതി ചുമത്തിയിരുന്നു. ഇന്ത്യയുടെ സ്റ്റീല്‍ ഉല്‍പ്പന്നങ്ങള്‍ക്ക് 25 ശതമാനവും അലൂമിനിയം ഉല്‍പ്പന്നങ്ങള്‍ക്ക് പത്ത് ശതമാനവുമാണ് അധിക നികുതി ചുമത്തിയത്. 16746.84 കോടി രൂപയുടെ അധിക കയറ്റുമതിച്ചെലവ് ഇതുമൂലം ഇന്ത്യക്കുണ്ടായി.

കഴിഞ്ഞ വര്‍ഷമാണ് ഇന്ത്യയില്‍നിന്നുള്ള സ്റ്റീലിനും അലൂമിനിയത്തിനും യുഎസ് ഇറക്കുമതിത്തീരുവ ഉയര്‍ത്തിയത്. ഇതേതുടര്‍ന്ന് 29 ഇനം അമേരിക്കന്‍ ഉല്‍പന്നങ്ങള്‍ക്കു നികുതി ഉയര്‍ത്താന്‍ ഇന്ത്യ കഴിഞ്ഞ ജൂണില്‍ തീരുമാനം എടുത്തിരുന്നുവെങ്കിലും ആ തീരുമാനം ഇതുവരെയും നടപ്പാക്കിയിരുന്നില്ല; ചര്‍ച്ചകളിലൂടെ പ്രശ്‌നം പരിഹരിക്കാനായിരുന്നു ശ്രമം. തീരുമാനം ഞായറാഴ്ച വരെ മരവിപ്പിച്ചിരിക്കുകയായിരുന്നു. അതു നീക്കുന്നതോടെ തിങ്കളാഴ്ച മുതല്‍ പുതിയ നിരക്കുകള്‍ പ്രാബല്യത്തിലാകുമെന്നാണു സൂചന.

യുഎസില്‍നിന്ന് ഇറക്കുമതി ചെയ്യുന്ന 29 ഇനം ഉല്‍പന്നങ്ങള്‍ക്ക് ഇന്ത്യ അധിക ഇറക്കുമതിത്തീരുവ ചുമത്തുന്നതോടെ ഇന്ത്യയ്ക്ക് 22 കോടി ഡോളര്‍ കൂടുതല്‍ കിട്ടും. വാല്‍നട്ടിന് 30% ആയിരുന്ന ഇറക്കുമതി നികുതി 120% ആകും. കടല തുടങ്ങിയ ചില പരിപ്പിനങ്ങള്‍ക്ക് 30% ആയിരുന്നത് 70% ആകും. രാസവസ്തുക്കള്‍, സ്റ്റീല്‍ ഉല്‍പന്നങ്ങള്‍, നട്ട്, ബോള്‍ട്ട്, പൈപ്പ് ഫിറ്റിങ്‌സ് തുടങ്ങിയവയൊക്കെ നികുതി ഉയരുന്നവയുടെ പട്ടികയിലുണ്ട്.

യുഎസില്‍നിന്ന് ഏറ്റവുമധികം ബദാം വാങ്ങുന്നത് ഇന്ത്യയാണ്. ആപ്പിള്‍ വാങ്ങുന്നതില്‍ രണ്ടാം സ്ഥാനവും. ഇവയ്‌ക്കൊക്കെ ഇവിടെ വില ഉയരാന്‍ വഴിയൊരുങ്ങുകയാണ്. 2017- 18ല്‍ ഇന്ത്യ അമേരിക്കയിലേക്ക് 4,790 കോടി ഡോളറിന്റെ കയറ്റുമതി നടത്തിയപ്പോള്‍, അവിടെനിന്നുള്ള ഇറക്കുമതി 2,670 കോടി ഡോളറിന്റേതാണ്. അതായത് ഇന്ത്യയ്ക്ക് വ്യാപാരമിച്ചം 2120 കോടി ഡോളര്‍.

യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് ഇന്ത്യയ്ക്കും ചൈനയ്ക്കുമെതിരെ വ്യാപാര യുദ്ധത്തിനു തുനിഞ്ഞത്, ഈ രീതിയില്‍ യുഎസില്‍ നിന്നുള്ള കയറ്റുമതി കുറവും യുഎസിലേക്കുള്ള ഉല്‍പന്നങ്ങളുടെ അളവ് കൂടുതലും ആണെന്നു ചൂണ്ടിക്കാട്ടിയാണ്. ഇന്ത്യയും ചൈനയുമടക്കമുള്ള രാജ്യങ്ങള്‍ യുഎസ് ഉല്‍പന്നങ്ങള്‍ക്കും കമ്പനികള്‍ക്കും നികുതിയിലൂടെ വിവേചനം കാട്ടുന്നു എന്നാണ് ട്രംപിന്റെ വാദം.

ഈ മാസം അവസാനം ജപ്പാനില്‍ ജി20 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപും കൂടിക്കാഴ്ച നടത്താനിരിക്കെയാണ് കഴിഞ്ഞയാഴ്ച യുഎസ് 'നികുതിയുദ്ധം' രൂക്ഷമാക്കിയത്. നികുതി രഹിത ഇറക്കുമതി അനുവദിച്ച് വ്യാപാര മേഖലയില്‍ ഇന്ത്യയ്ക്കു നല്‍കിയിരുന്ന പ്രത്യേക പരിഗണന (ജിഎസ്പി) കഴിഞ്ഞയാഴ്ച യുഎസ് പിന്‍വലിക്കുകയായിരുന്നു.

മത്സ്യം, മാംസം, മുട്ട, കൈതച്ചക്ക, മാങ്ങ ഉള്‍പ്പെടെയുള്ള പഴങ്ങള്‍, സുഗന്ധവ്യഞ്ജനങ്ങള്‍, പച്ചക്കറികള്‍, ആഭരണം, രത്‌നക്കല്ലുകള്‍ തുടങ്ങി, വ്യവസ്ഥകള്‍ക്കു വിധേയമായി വികസ്വര രാജ്യങ്ങളില്‍ നിന്നുള്ള ഏകദേശം 4,800 ഉല്‍പന്നങ്ങള്‍ നികുതിരഹിതമായി യുഎസ് വിപണിയിയില്‍ വില്‍ക്കാനുള്ള ആനൂകൂല്യമാണു ജിഎസ്പി.

ഇന്ത്യയില്‍ നിന്ന് 1900 ഉല്‍പന്നങ്ങളാണ് ഈ ഗണത്തില്‍ കയറ്റുമതി ചെയ്തിരുന്നത്. കയറ്റുമതിക്കാര്‍ക്ക് വലിയ വിപണി ലഭിക്കുമ്പോള്‍, യുഎസിലെ ആഭ്യന്തര ഉല്‍പാദകര്‍ക്കും ഉപയോക്താക്കള്‍ക്കും വിലക്കുറവിന്റെ മെച്ചവുമുണ്ട്.

ഇന്ത്യന്‍ വിപണിയില്‍ തുല്യ സാന്നിധ്യം യുഎസ് കമ്പനികള്‍ക്ക് അനുവദിക്കാത്തതാണ് നടപടിക്കു പ്രധാന കാരണമായി യുഎസ് പറയുന്നത്. എന്നാല്‍ കഴിഞ്ഞ വര്‍ഷം ഇന്ത്യയ്ക്ക് ആകെ 1,300 കോടി രൂപയുടെ മെച്ചമേ ജിഎസ്പി ഇനത്തില്‍ ലഭിച്ചിട്ടുള്ളൂവെന്നും ട്രംപിന്റെ നടപടി ആഘാതമുണ്ടാക്കില്ലെന്നുമാണ് കേന്ദ്ര വാണിജ്യ മന്ത്രാലയത്തിന്റെ വാദം. ജിഎസ്പി അടക്കമുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെയോ 25ന് ഡെല്‍ഹിയിലെത്തുന്നുണ്ട്.

അമേരിക്കന്‍ പേപ്പര്‍ ഉത്പ്പന്നങ്ങളും ഹാര്‍ളി ഡേവിഡ്‌സണ്‍ മോട്ടോര്‍സൈക്കിളുകളും പോലുള്ള അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് ഇന്ത്യ അനാവശ്യ നികുതി ഏര്‍പ്പെടുത്തുന്നുവെന്ന് ഡൊണാള്‍ഡ് ട്രംപ് നേരത്തെ വിമര്‍ശനമുന്നയിച്ചിരുന്നു. ഇന്ത്യ, ചൈന, അമേരിക്ക പോലുള്ള രാജ്യങ്ങളുടെ ഇത്തരം നിലപാടുകള്‍ മൂലം കോടിക്കണക്കിന് ഡോളറുകളാണ് അമേരിക്കക്ക് നഷ്ടമാക്കുന്നതെന്നും ട്രംപ് ചൂണ്ടിക്കാട്ടിയിരുന്നു. അനേകം രാജ്യങ്ങള്‍ ഇങ്ങനെ അമേരിക്കയെ കൊള്ളയടിക്കുകയാണെന്നും ട്രംപ് വിമര്‍ശിച്ചു.

അതേസമയം, തന്റെ ഭരണത്തിന്‍ കീഴിലുള്ള രാജ്യത്തെ ഇനിയുമേറെ കാലം വിഡ്ഢികളാക്കാന്‍ താനനുവദിക്കില്ലെന്നും ചില രാജ്യങ്ങള്‍ അവര്‍ക്ക് കൊള്ളയടിക്കാനുള്ള ബാങ്കായാണ് അമേരിക്കയെ കാണുന്നതെന്നും ട്രംപ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഒരു വിദേശമാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ട്രംപ് ഇക്കാര്യം തുറന്നടിച്ചത്. പിന്നീട് തന്റെ ഒരു നല്ല സുഹൃത്ത് നരേന്ദ്രമോഡി എന്ന് അഭിസംബോധന ചെയ്താണ് ഇന്ത്യയെക്കുറിച്ച് പരാമര്‍ശിച്ചത്.

യു.എസ് ഇന്ത്യയിലേക്കയക്കുന്ന മോട്ടോര്‍ ബൈക്കുകള്‍ക്ക് നൂറ് ശതമാനം തീരുവ, ഇന്ത്യ തിരിച്ചയക്കുന്നവയ്ക്ക് തീരുവയില്ല. ഞാന്‍ മോഡിയെ വിളിച്ചു, ഇത് സാധ്യമല്ലെന്ന് പറഞ്ഞു. അങ്ങനെ ആ ഒറ്റക്കോളില്‍ മോഡി കുറച്ചത് 50 ശതമാനമാണ്. തീരുവയില്ലായ്മയും 50 ശതമാനവും സമാനമല്ലാത്തതിനാല്‍ അതും സ്വീകാര്യമല്ലെന്ന് പറഞ്ഞു. അവിടെ ചര്‍ച്ചകള്‍ നടക്കുന്നു എന്നാണ് ഇന്ത്യ യു.എസ് നികുതി ചര്‍ച്ചകളെക്കുറിച്ച് ട്രംപ് പറഞ്ഞത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: India to impose retaliatory tariffs on 29 U.S. goods from June 16, New Delhi, News, Politics, Business, Criticism, Narendra Modi, Donald-Trump, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?