എം പി നാരായണപ്പിള്ളയുമായുള്ള ഓര്‍മ്മകള്‍ അയവിറക്കുമ്പോള്‍

എ ബെണ്ടിച്ചാല്‍

(www.kvartha.com 16.05.2019) എം പി നാരായണപ്പിള്ള ആരാണെന്ന്, വായന ഗൗരവമായി എടുത്തവര്‍ക്ക് പരിചയപ്പെടുത്തേണ്ട ആവശ്യം ഉണ്ടെന്ന് തോന്നുന്നില്ല. തമാശ ചേര്‍ത്ത കഷായമായിരുന്നു നാരായണപ്പിള്ളയുടെ എഴുത്തും ജീവിതവും. തുന്നലറ്റ വ്യവസ്ഥിതിയുടെ തുന്നിക്കെട്ടല്‍ തന്നെയായിരുന്നു അദ്ദേഹത്തിന്റെ മിക്ക പുസ്തകങ്ങളും എഴുത്തുകളും എന്ന് പറയുകയാവും ശരി.
നാരായണപ്പിള്ളയുമായുള്ള എന്റെ ബന്ധത്തിന് കാരണം ഗള്‍ഫ് മലയാളി മാസികയാണ്. 1977ന്റെ അവസാനം ഇറങ്ങിയ മാസികയില്‍ കണ്ട പരസ്യത്തിലെ വിലാസത്തിലേക്ക് ഗള്‍ഫില്‍ നിന്നും ഒരു കത്ത് ഞാന്‍ എഴുതി. 1978ല്‍ പുറത്തിറങ്ങിയ മാസികയുടെ ആദ്യ ലക്കവും, കൂട്ടത്തില്‍ ഒരു കത്തും എനിക്ക് ലഭിച്ചു. മാസിക തുറന്നു നോക്കിയപ്പോള്‍ കത്തുകളുടെ പംക്തിയിലെ ആദ്യ കത്ത് എന്റേതാണ്. അത് ഇങ്ങനെയായിരുന്നു...
മുന്‍ഗണന വേണം

'ഗള്‍ഫ് മലയാളി' യെന്ന ഒരു പ്രസിദ്ധീകരണം തുടങ്ങുന്നു എന്നറിഞ്ഞതില്‍ ഞാന്‍ അതിയായി സന്തോഷിക്കുന്നു. അതിന് കാരണം ഗള്‍ഫ് രാജ്യങ്ങളില്‍ താമസിക്കുന്ന എഴുത്തുകാര്‍ക്കും എഴുതാന്‍ താല്‍പര്യമുള്ളവര്‍ക്കും പ്രത്യേക പരിഗണന നല്‍കുമെന്നറിഞ്ഞതുകൊണ്ടാണ്. മലയാളത്തില്‍ ഇന്നുള്ള പ്രസിദ്ധീകരണങ്ങള്‍ ഇതിന് തയ്യാറല്ല. ഗള്‍ഫ് മലയാളി മാസിക ഗള്‍ഫില്‍ കഴിയുന്ന മലയാളികളുടെ യാതനയും, വേദനയും അസ്വസ്ഥതയും പ്രതിഫലിപ്പിക്കുന്ന ഒരു പ്രസിദ്ധീകരണമായിരിക്കട്ടെ. ഇവിടെ വണ്ടിക്കാളകളെപ്പോലെ അദ്ധ്വാനിച്ച് ഒന്ന് വിശ്രമിക്കാന്‍ ഒരു മരത്തണലില്ലാതെ കേരളീയതയെ കുറിച്ചോര്‍ക്കുന്നവരുടെ ആയിരമായിരം കഥകള്‍. ഗള്‍ഫ് മലയാളി വായനക്കാരുടെ ഹൃദയത്തില്‍ സ്ഥാനം പിടിപ്പിക്കുമെന്ന പ്രതീക്ഷയോടെ...

അബ്ദുള്ള ബെണ്ടിച്ചാല്‍
അല്‍ ഷാഫര്‍ ഇലക്ട്രിക്കല്‍ കമ്പനി
ദുബൈ

കൂട്ടത്തില്‍ എനിക്ക് ലഭിച്ച കത്തിലെ പ്രധാന വാചകം ഇങ്ങനെയായിരുന്നു,
അബ്ദുള്ള നിരന്തരം എഴുതണം
എന്ന് എം.പി.നാരായണപ്പിള്ള

തുടര്‍ന്ന് ഞാന്‍ നിരന്തരം എഴുതി,
ഞങ്ങള്‍ കള്ളപ്പുള്ളികളല്ല, രാത്രി സിനിമകള്‍, പേരിക്കച്ചവടം, എന്താ ചെയ്യ എവിടക്ക പോയ്യേ.
അങ്ങിനെ ഒരുപാട് സൃഷ്ടികള്‍. കൂട്ടത്തില്‍ അറബികള്‍ പെണ്‍മോഹികളാണെന്നും.
ഇതോടെ മാസികയുടെ കഴുത്തില്‍ കൊലക്കയര്‍ വീഴുകയും ചെയ്തു. എന്റെ അക്ഷരതെറ്റുകളൊന്നും നാരായണപ്പിള്ളക്ക് പ്രശ്‌നമായിരുന്നില്ല.

1985 മെയ് 12/18ന്റെ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ഞാന്‍ നാരായണപ്പിള്ളക്ക് എഴുതിയ ഒരു കത്തും അതിനുള്ള മറുപടിയും എന്ന മട്ടില്‍ നാരായണപ്പിള്ള ഒരു ലേഖനം എഴുതി- 'തടവറയില്‍ നിന്നൊരന്വേഷണം' എന്നതായിരുന്നു അത്. മറ്റൊരു ലേഖനം തുടങ്ങുന്നത് തന്നെ, എഴുത്തച്ഛന്‍ മുതല്‍ അബ്ദുള്ള ബെണ്ടിച്ചാല്‍ വരെ കവിത എഴുതിയിരിക്കുന്നു എന്നാണ്.

1987 ല്‍ നാരായണപ്പിള്ള കലാകൗമുദി കുടുംബത്തില്‍ നിന്നും പ്രസിദ്ധീകരിച്ചിരുന്ന ട്രയല്‍വീക്കിലിയുടെ എഡിറ്റര്‍ ആയിരുന്നപ്പോള്‍ എന്റെ കുറേ സൃഷ്ടികള്‍ വെളിച്ചം കാണുകയുണ്ടായി. അതില്‍ ആദ്യത്തേതായിരുന്ന 'വെറും ചോദ്യങ്ങള്‍ ' എന്ന കവിത. സുകുമാര്‍ അഴിക്കോടിന്റെ തത്ത്വമസി അവസാനിക്കുന്ന പേജിലായിരുന്നു അത്.
ളുഹര്‍, ഇന്ത്യ, മാപ്പിളപ്പാട്ട് അങ്ങനെ ഒരുപാട് കവിതകള്‍...

ഗള്‍ഫ് ജീവിതം നഷ്ടപ്പെട്ട ഞാന്‍ അദ്ധ്വാനഫലത്തിനായി കൈ നീട്ടിയപ്പോള്‍ എല്ലാ പൂക്കളും ചിത്രശലഭം കണക്കെ പറന്നകലുന്നതായി കണ്ടു. ഈ അവസരത്തില്‍ രണ്ടും കല്‍പിച്ച് ഞാന്‍ ബോംബക്ക് വണ്ടി കയറി. ബോറിവല്ലിയിലെ നാരായണപ്പിള്ളയുടെ വീട്ടില്‍ ചെന്ന് അദ്ദേഹത്തോട് ഞാന്‍ എന്റെ അവസ്ഥ വിവരിച്ചു. അന്ന് നാരായണപ്പിള്ളക്ക,് ദുബൈ എയര്‍ പോര്‍ട്ടിലെ കസ്റ്റംസ് ഓഫീസറായിരുന്ന മലയാളിയായ അശോക് പോക്കരിയത്തിന് വേണ്ടി ഇന്റോ അറബ് ബിസിനസ് ഗൈഡ് നിര്‍മ്മിക്കാനുള്ള ഓഡര്‍ ലഭിച്ച സമയമായിരുന്നു. മൗനവ്രതത്തിലായിരുന്ന അദ്ദേഹം എനിക്ക് ഒരു കുറിപ്പ് എഴുതി തന്നു. അത് ഇങ്ങനെയായിരുന്നു, മാസം പതിനഞ്ചിന് മുമ്പ് 500 രൂപ വീട്ടിലേക്ക് അയക്കാം. മദ്യപാനം പാടില്ല. നിവൃത്തിയില്ലാതെ വരുമ്പോള്‍ ഒരു ബീഡി വലിക്കാം. ഞാന്‍ പറയുന്ന കാര്യങ്ങള്‍ ചെയ്യുക. ഇതിലും ഭേദപ്പെട്ട ഒരു ജോലി കിട്ടിയാല്‍ പോകാം. ജോലി എന്നു പറഞ്ഞ് തിരിച്ച് വരരുത്.

അങ്ങിനെ ഞാന്‍ ഗൈഡിന്റെ ആവശ്യങ്ങള്‍ക്കായി എവിടെയൊക്കെ പോകണമെന്ന് സാര്‍ എഴുതി തരും. ഞാന്‍ പോകും, വരും.
1982ല്‍ തന്നെ നാരായണപ്പിള്ളക്ക് കമ്പ്യൂട്ടര്‍ ഉണ്ടായിരുന്നു. ബിസിനസ് ഇന്‍ഫര്‍മേഷന്‍ വീക്കിലി ചെയ്തിരുന്നത് ഈ കമ്പ്യൂട്ടര്‍ വഴിയായിരുന്നു. കമ്പ്യൂട്ടര്‍ പഠിക്കാന്‍ സാര്‍ എന്നെ വളരെയധികം നിര്‍ബന്ധിച്ചു. ഇംഗ്ലീഷ് അറിയില്ലെന്ന് ഞാന്‍ പറഞ്ഞപ്പോള്‍ എന്നോട് സാര്‍ പറഞ്ഞ് നിനക്ക് നിന്റെ പേര് ഇംഗ്ലീഷില്‍ എഴുതാന്‍ അറിയുന്നുണ്ടല്ലോ, അത്രയേ വേണ്ടൂ കമ്പ്യൂട്ടര്‍ പഠിക്കാന്‍ എന്നാണ്. ഇന്നത്തെ എന്റെ ഖേദം ആരോടാണ് ചൊല്ലേണ്ടത് ഞാന്‍.

ഒരു ദിവസം ലീല ഹോട്ടലിന്റെ പരസ്യം, ക്യാപ്റ്റന്‍ കൃഷ്ണന്‍ നായരുടെ വീട്ടില്‍ ചെന്ന് വാങ്ങിച്ചു വരുമ്പോള്‍ മുന്‍വാതില്‍ തുറന്നിരിക്കുന്നു. സാര്‍ ടൈപിസ്റ്റുകളായ സ്ത്രീകള്‍ക്ക് തെറ്റ് തിരുത്തി കൊടുക്കുന്നു. പുറത്ത് നിന്ന് ഞാന്‍ ആ രംഗം ശ്രദ്ധിച്ചു. പതുക്കെ പൂച്ചയെ പോലെ പതുങ്ങി വന്ന നാരായണപ്പിള്ള എന്റെ ചെവിയില്‍ പറയുകയാണ്, 'അബ്ദുള്ളാ ഞാന്‍ പെണ്ണ് പിടിയനല്ല കേട്ടോ'
പിന്നീട് ഒരിക്കല്‍ നാരായണപ്പിള്ളയുടെ വീട്ടില്‍ നിന്നും പുറത്തിറങ്ങുമ്പോള്‍ അകത്തുള്ളവരോട് പുറത്തിറങ്ങുന്ന കാര്യം പറയാന്‍ വിട്ടു പോയി. വലത് കാല്‍ പുറത്ത് വയ്ക്കലും എന്റെ ഇടതുകാലിന്റെ ഉപ്പൂറ്റിക്ക് നാരായണപ്പിള്ളയുടെ പൊന്നോമനയായ പട്ടിയുടെ കടിയും ഒന്നിച്ചായിരുന്നു. ഇതു കണ്ട നാരായണപ്പിള്ള ഓടി വന്ന് രംഗം ശാന്തമാക്കി എന്നോട് പറഞ്ഞു,
'പേടിക്കേണ്ട, പട്ടിക്ക് ഇന്‍ഞ്ചന്‍ഷന്‍ കൊടുത്തതാണ് '
ഒരു ഒയല്‍മെന്റ് പുരട്ടുകയും ചെയ്തു. രണ്ട് ദിവസം കഴിഞ്ഞാണ് പിന്നീട് ഞാന്‍ സാറിന്റെ വീട്ടില്‍ വരുന്നത്. അപ്പോള്‍ എന്റെ കയ്യില്‍ ഒരു വടിയും ഉണ്ടായിരുന്നു. വടി കണ്ട നാരായണപ്പിള്ള എന്നോട് പറഞ്ഞു: നീയതിനെ അടിക്കുകയൊന്നും വേണ്ട, അത് കിടപ്പിലാണ്. പട്ടിയേക്കാള്‍ വിഷം നിനക്കാണന്ന് തോന്നുന്നു. എന്നോട് മൃഗഡോക്ടറെ കൊണ്ട് വരാന്‍ പറഞ്ഞു. അത് ഇഞ്ച് ഇഞ്ച് ആയി ചാവണ്ടല്ലൊ, ഇഞ്ചക്ഷന്‍ വെച്ച് കൊന്ന് കളയാം എന്നും പറഞ്ഞു .ആ പട്ടിയെ ഡോക്ടറെ കൊണ്ട് വന്ന് ഇഞ്ചക്ഷന്‍ വെച്ച് കൊല്ലുകയായിരുന്നു.

മാതൃഭൂമിയുടെ 400 ഷെയര്‍ ടൈംസ് ഓഫ് ഇന്ത്യ (ബെനറ്റ് കോള്‍മണ്‍ കമ്പനി) വാങ്ങിയ സംഭവം ആളികത്തുമ്പോഴും നാരായണപ്പിള്ളയുടെ പക്ഷം മഹാരാഷ്ട്രക്കാരന് കേരളത്തിലും കേരളക്കാരന് മഹാരാഷ്ട്രിയിലും ബിസിനസ് നടത്തുന്നതില്‍ എന്താണ് തെറ്റ് എന്നായിരുന്നു. ഒരു ദിവസം എന്നോട് സാര്‍ പറഞ്ഞു,
'നീ പത്ത് പേരെ കൂട്ടി ഫൗണ്ടനിലെ മാതൃഭൂമി ഓഫിസിനു മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തണം' എന്ന്. ഇത്തരം തമാശകളുടെ കലവറയായിരുന്നു എം.പി.നാരായണപ്പിള്ള. സ്വന്തം മച്ചൂനനായ പി ഗോവിന്ദപ്പിള്ളയെ കളിയാക്കാറുള്ളത് 'ഇ എം.എസ്സിന്റെ റാന്‍ മൂളി' എന്നാണ്.

18/4/1973 ല്‍ കുടുംബ സ്വത്തുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെ എന്റെ വീട്ടില്‍ വെച്ച് എനിക്ക് മര്‍ദ്ദനം ഏല്‍ക്കേണ്ടി വന്നു. ആശുപത്രയില്‍ കിടന്ന് ഞാന്‍ മര്‍ദ്ദിച്ചവരുടെ പേരില്‍ കേസ് കൊടുത്തു. ഒന്നാം പ്രതി നാട്ടിലെ പ്രമാണിയായിരുന്നു. കേസ് ഇല്ലാതാക്കാനുള്ള ശ്രമം മണത്തറിഞ്ഞ ഞാന്‍ ഉടനെ ആശുപത്രിയില്‍ നിന്നും കാസര്‍കോട്ടെ മാതൃഭൂമി ഓഫിസില്‍ ചെന്ന് അഹമ്മദ് മാഷിനോട് പറഞ്ഞു,
'എനിക്കൊന്ന് നാരായണപ്പിള്ളയെ വിളിക്കണം'
എന്റെ അന്നത്തെ അവസ്ഥയില്‍ മനംനൊന്ത അഹമ്മദ് മാഷ് മാതൃഭൂമിയുടെ ഫോണ്‍ എന്റെ മുന്നിലേക്ക് ഉന്തിക്കൊണ്ട് പറഞ്ഞത് 'നീ ബോംബക്ക് മാത്രമല്ല അമേരിക്കയിലേക്കും വിളിച്ചോ' എന്നാണ്. അങ്ങിനെ സംഭവം ഞാന്‍ നാരായണപ്പിള്ളയെ ധരിപ്പിക്കുകയും, നാരായണപ്പിള്ള അന്നത്തെ മുഖ്യമന്ത്രി കെ കരുണാകരനെ വിളിക്കുകയും, മുഖ്യമന്ത്രി കാസര്‍കോട് എസ്.പി.യെ വിളിക്കുകയും ചെയ്തത്. അതിന്റെ ഫലമായി പ്രതികളെ അന്ന് രാത്രി തന്നെ പിടികൂടി ലോക്കപ്പില്‍ ഇടുകയായിരുന്നു.

പരിണാമം നോവലിന് കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ച വിവരം അടങ്ങിയ കത്ത് കൈപറ്റിയ എം.പി.നാരായണപ്പിള്ള സാഹിത്യ അക്കാദമിക്ക് മറുപടി നല്‍കിയത് ഇങ്ങനെയായിരുന്നു, അവാര്‍ഡ് തുക 5000 രൂപ പൊതു ഖജനാവില്‍ അടക്കുക. അതിന്റെ രസീറ്റും പ്രശസ്തിപത്രവും തന്നാല്‍ സ്വീകരിക്കാം. ഇത് പത്രങ്ങളായ പത്രങ്ങളൊക്കെ വെണ്ടക്ക അക്ഷരങ്ങളില്‍ നിരത്തി,
എം.പി നാരായണപ്പിള്ള കേരള സാഹിത്യ അക്കാദമിയെ പൂച്ചയുടെ മുന്നില്‍ പെട്ട എലിയെ പോലെ വിറപ്പിച്ചു എന്നായിരുന്നു അത്.
ഒരിക്കല്‍ കുശലം പറയുന്ന കൂട്ടത്തില്‍ ഞാന്‍ സാറിനോട് പറഞ്ഞു,
'നിങ്ങള്‍ക്ക് ആ അയ്യായിരം രൂപ എനിക്ക് തരാമായിരുന്നില്ലേ'
മറുപടി,
'പോ, മണ്ട, ഞാന്‍ അയ്യായിരം രൂപ മാത്രമാണ് വേണ്ടന്ന് വെച്ചത്, എനിക്ക് അമ്പത് ലക്ഷം രൂപ കൊടുത്താല്‍ കിട്ടാത്തത്രയും പരസ്യം കിട്ടി' എന്നാണ്.
മറുപടി കേട്ടപ്പോഴാണ് എനിക്ക് മനസിലായത്, എം.പി.നാരായണപ്പിള്ള ഒരു ബുദ്ധിമാനും, ഞാനൊരു മണ്ടനും ആണെന്ന്.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Article, Gulf, Malayalam, Mathrubhumi, Magazine, Letter, Writer, Dubai, A Bendichal memories about M P Narayana Pillai


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?