റേഷന്‍ കാര്‍ഡ് പട്ടിക മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തണമെന്ന് മനുഷ്യാകാശ കമ്മീഷന്‍

കാസര്‍കോട്: (www.kasargodvartha.com 28.05.2019) കേരളത്തിന്റെ പ്രത്യേക സാമൂഹിക സാഹചര്യത്തില്‍ ദേശീയ മാനദണ്ഡമനുസരിച്ച് റേഷന്‍ കാര്‍ഡിന്റെ മുന്‍ഗണന, മുന്‍ഗണനേതര പട്ടിക തീരുമാനിക്കുന്നത് ശാസ്ത്രീയമായി പരിഷ്‌ക്കരിക്കണമെന്ന് സംസ്ഥാന മനുഷ്യാകാശ കമ്മീഷന്‍. കേരളത്തിലെ സാഹചര്യത്തില്‍ ദേശീയ മാനദണ്ഡം പ്രായോഗികമല്ല. 1200 ചതുശ്ര അടി വിസ്തീര്‍ണമുള്ള വീട് കേരളത്തില്‍ സമ്പന്നതയുടെ ലക്ഷണമല്ല. ദീര്‍ഘകാലാടിസ്ഥാനത്തില്‍ ബാങ്ക് വായ്പ എടുത്തും സ്ഥലം പണയപ്പെടുത്തിയുമാകും പലരും വീടുകള്‍ വയ്ക്കുന്നത്. അതിനാല്‍ തറവിസ്തീര്‍ണ്ണം കൂടിയ എല്ലാ വീടുകളും സമ്പന്നതയുടെ ലക്ഷണമായി കരുതാനാകില്ലെന്നും കമ്മീഷന്‍ നിരീക്ഷിച്ചു.

ഭിന്നശേഷിക്കാരായ രണ്ടുപേര്‍ ഒരു കുടുംബത്തിലുണ്ടായിട്ടും റേഷന്‍ കാര്‍ഡ് മുന്‍ഗണന വിഭാഗത്തില്‍പ്പെടുത്തിയില്ലെന്ന് കമ്മീഷനു പരാതി ലഭിച്ചിരുന്നു. പരാതിക്കാരന്റെ വീടിന്റെ തറ വിസ്തീര്‍ണ്ണം 1200 ചതുശ്ര അടി ആണെന്ന കാരണത്താലാണ് റേഷന്‍ കാര്‍ഡ് മുന്‍ഗണന വിഭാഗത്തില്‍പ്പെടുത്താന്‍ കഴിയാതിരുന്നതെന്ന് കാസര്‍കോട് ജില്ലാ സപ്ലൈ ഓഫീസര്‍ കമ്മീഷന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഈ സാഹചര്യത്തിലാണ് കമ്മീഷന്റെ ഇടപെടല്‍.

മനുഷ്യാവകാശ കമ്മീഷന്‍ കമ്മീഷന്‍ സിറ്റിംഗില്‍ 27 പരാതികള്‍ പരിഗണിച്ചു

സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അംഗം കെ.മോഹന്‍കുമാര്‍ കാസര്‍കോട് റസ്റ്റ് ഹൗസില്‍ നടത്തിയ സിറ്റിംഗില്‍ 27 പരാതികള്‍ പരിഗണിച്ചു. മതിയായ ചികിത്സ ലഭിക്കാതിരുന്നതിനാല്‍ ഗര്‍ഭസ്ഥശിശു മരിച്ചുവെന്ന പരാതിയില്‍ ജില്ലാ മെഡിക്കല്‍ ഓഫീസറുടെ റിപ്പോര്‍ട്ടില്‍ പരാതിക്കാരന്‍ തൃപ്തനല്ലാതിരിക്കുകയും റിപ്പോര്‍ട്ടില്‍ പറഞ്ഞ കാര്യങ്ങള്‍ നിഷേധിക്കുകയും ചെയ്തതിനാല്‍ ചികിത്സിച്ച ഡോക്ടറുടെ ഭാഗത്തുനിന്നും വീഴ്ച ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കാന്‍ ഒരു വിദഗ്ധ സമിതിയെ നിയോഗിക്കാന്‍ കമ്മീഷന്‍ നിര്‍ദേശിച്ചു. കാസര്‍കോട് നെല്ലിക്കുന്ന് കടപ്പുറം സ്വദേശിയുടെ പരാതിയിലാണ് കമ്മീഷന്‍ ഇടപെടല്‍. കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പൂര്‍ണ്ണഗര്‍ഭിണിയായ തന്റെ ഭാര്യയ്ക്കു മതിയായ ചികിത്സ ലഭിക്കാതിരുന്നതിനാല്‍ ഗര്‍ഭസ്ഥശിശു മരിച്ചുവെന്നായിരുന്നു യുവാവിന്റെ പരാതി.
മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിലേക്കു മതിയായ സൗകര്യമില്ലാത്ത ആംബുലന്‍സിലാണു യുവതിയെ കൊണ്ടുപോയതെന്നും സ്വകാര്യ ആശുപത്രിയിലെ ചികിത്സയില്‍ 1.5 ലക്ഷം രൂപ ചെലവായെന്നും ജനറല്‍ ആശുപത്രിയില്‍ കൃത്യമായ ചികിത്സ ലഭിച്ചിരുന്നുവെങ്കില്‍ തന്റെ കുഞ്ഞ് മരിക്കില്ലായിരുന്നുവെന്നും കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്നുമായിരുന്നു യുവാവിന്റെ പരാതി. ഇതിന്റെ അടിസ്ഥാനത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസറോട് കമ്മീഷന്‍ റിപ്പോര്‍ട്ട് തേടിയിരുന്നു. എന്നാല്‍ യുവതിക്ക് രക്തസ്രാവമുണ്ടായതിനെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായിരുന്നതിനാലാണ് ആംബുലന്‍സില്‍ വിദഗ്ധ ചികിത്സയ്ക്കായി സ്വകാര്യ ആശുപത്രിയിലേക്ക് അയച്ചതെന്നും ചികിത്സിച്ച ഡോക്ടറുടെ ഭാഗത്തുനിന്നും പിഴവുണ്ടായിട്ടില്ലെന്നും ജില്ലാ മെഡിക്കല്‍ ഓഫീസറിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍ തന്റെ ഭാര്യയുടെ ചികിത്സയുടെ കാര്യത്തില്‍ അലംഭാവം കാണിച്ചുവെന്ന് യുവാവ് പരാതിയില്‍ പറയുന്നു. മാസങ്ങളോളം ചികിത്സിച്ച ഡോക്ടര്‍ മറ്റൊരു ആശുപത്രിയിലേക്കു നിര്‍ബന്ധിച്ച് അയച്ചതില്‍ പ്രതിഷേധം ഉണ്ടെന്നും ജനറല്‍ ആശുപത്രിയില്‍ത്തന്നെ ചികിത്സ നല്‍കിയിരുന്നുവെങ്കില്‍ കുഞ്ഞ് മരിക്കില്ലായിരുന്നുവെന്നും കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്നുമാണു യുവാവിന്റെ ആവശ്യം. ഭാവിയില്‍ മറ്റ് ആര്‍ക്കും ഇത്തരം അനുഭവം ഉണ്ടാകരുതെന്നും പരാതിയില്‍ പറയുന്നു.

ബന്തടുക്ക ബസ് സ്റ്റാന്‍ഡ് പരിസരത്തെ ബിവറേജസ് കോര്‍പറേഷന്റെ വിദേശമദ്യഷോപ്പ് മാറ്റി സ്ഥാപിക്കണമെന്നും ഇവിടെ മദ്യപരുടെ ശല്ല്യമായതിനാല്‍ ബസില്‍ യാത്ര ചെയ്യാന്‍ ബുദ്ധിമുട്ടാണെന്നുമുള്ള പരാതിയില്‍ ബിവറേജസ് കോര്‍പറേഷന്‍ മറുപടി നല്‍കി. ഈ പരിസരത്ത് മറ്റു രണ്ടു സ്വകാര്യബാറുകള്‍ ഉണ്ടായിട്ടും കോര്‍പറേഷന്റെ വിദേശമദ്യഷോപ്പ് മാറ്റി സ്ഥാപിക്കണമെന്നു പരാതി പറയുന്നത് എന്തിനാണെന്നും കോര്‍പറേഷന്റെ വിദേശമദ്യഷോപ്പില്‍ അടച്ചകുപ്പികളിലെ മദ്യവില്‍പ്പന മാത്രമേയുള്ളുവെന്നും മദ്യപിക്കുവാന്‍ സൗകര്യമൊരുക്കുന്നില്ലെന്നും മറുപടിയില്‍ പറയുന്നു. ബിവറേജസ് കോര്‍പറേഷന്റെ മദ്യശാലയ്ക്കൊപ്പം സമീപത്തെ മദ്യശാലകള്‍ പ്രവര്‍ത്തിക്കുന്നതില്‍ പ്രശ്നമില്ലേയെന്ന് പരാതിക്കാരോട് കമ്മീഷന്‍ അഭിപ്രായമാരാഞ്ഞുവെങ്കിലും വ്യക്തമായ മറുപടിയില്ലായിരുന്നു. ഇവിടെ മറ്റു മദ്യശാലകള്‍ ഇല്ലെന്നാണു പരാതിക്കാരുടെ വാദം. അത് എഴുതിക്കൊടുക്കുവാന്‍ പറഞ്ഞെങ്കിലും പരാതിക്കാര്‍ തയ്യാറായില്ല. ഇക്കാര്യത്തില്‍ പോലീസിനോട് റിപ്പോര്‍ട്ട് തേടിയിരിക്കുകയാണു കമ്മീഷന്‍.

ബാക്രബയല്‍ എ യു പി സ്‌കൂള്‍ ഗ്രൗണ്ടിനു മുകളിലൂടെ ഹൈടെന്‍ഷന്‍ വൈദ്യുതി ലൈന്‍ വലിച്ചിരിക്കുന്നത് വിദ്യാര്‍ഥികളുടെ സുരക്ഷയ്ക്കു ഭീഷണിയാണെന്നും മാറ്റി സ്ഥാപിക്കണമെന്ന പരാതിയില്‍ വോര്‍ക്കാടി പഞ്ചായത്ത് സെക്രട്ടറിയോടും കെഎസ്ഇബിയോടും റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. ജനശതാബ്ദി പോലുള്ള ട്രെയിനുകളില്‍ യാത്രക്കാരുടെ ബാഗുകള്‍ മോഷണം പോകുന്നുവെന്ന പരാതിയില്‍ റെയില്‍വേ പോലീസിനോട് വിശദീകരണം ആവശ്യപ്പെട്ടു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Ration Card, Top-Headlines, Human Commission on Ration card complaint
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?