എസ്.എഫ്.ഐ പീഡനംമൂലം കോളജ് വിദ്യാര്‍ത്ഥിനി ആത്മഹത്യക്ക് ശ്രമിച്ച സംഭവം: റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് ഗവര്‍ണര്‍

തിരുവനന്തപുരം (www.evisionnews.co): എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ നിരന്തരം മാനസികമായി പീഡിപ്പിച്ചുവെന്ന് കുറിപ്പെഴുതി വെച്ച് തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജില്‍ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച സംഭവത്തില്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് ഗവര്‍ണര്‍ പി. സദാശിവം. കേരള സര്‍വകലാശാലയുടെ ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍, വൈസ് ചാന്‍സലര്‍ വി. പി മഹാദേവന്‍ പിള്ളയോടാണ് റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. എന്താണ് യഥാര്‍ത്ഥത്തില്‍ സംഭവിച്ചതെന്ന സ്ഥിതിവിവര റിപ്പോര്‍ട്ട് നല്‍കണമെന്നാണ് വൈസ് ചാന്‍സലറോട് ഗവര്‍ണര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് കെഎസ്‌യു സംസ്ഥാന കമ്മറ്റി ഗവര്‍ണര്‍ക്ക് നിവേദനം നല്‍കിയിരുന്നു. കേരളാ യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥി രാഷട്രീയത്തെ കുറിച്ചും സംഘടനാപ്രവര്‍ത്തനങ്ങളെ കുറിച്ചും വിശദമായ അന്വേഷണം നടത്തണമെന്നും നിവേദനത്തില്‍ കെഎസ്‌യു ആവശ്യപ്പെട്ടിരുന്നു.

രാവിലെ കോളജിലെ ലേഡീസ് റൂം വൃത്തിയാക്കാനെത്തിയവരാണ് കയ്യിലെ ഞരമ്പ് മുറിച്ചതിനെ തുടര്‍ന്ന് രക്തംവാര്‍ന്ന് ബോധരഹിതയായ നിലയില്‍ വിദ്യാര്‍ത്ഥിനിയെ കണ്ടത്. ഉടനെ ആശുപത്രിയിലെത്തിച്ചതിനാല്‍ അപകട നില തരണം ചെയ്തു. ഒന്നാം വര്‍ഷ ഡിഗ്രി വിദ്യാര്‍ത്ഥിനിയാണ് പെണ്‍കുട്ടി. കോളജിലെ എസ്എഫ്‌ഐ നേതാക്കളില്‍ നിന്നും കടുത്ത സമ്മര്‍ദം നേരിടുന്നെന്ന് പെണ്‍കുട്ടി ആത്മഹത്യാക്കുറിപ്പില്‍ എഴുതിയിരുന്നു. പാര്‍ട്ടി പരിപാടികളില്‍ പങ്കെടുക്കാന്‍ കൂട്ടാക്കാത്തതിനാല്‍ തന്നെ ഒറ്റപ്പെടുത്തുകയാണ്. അധ്യയന വര്‍ഷം നഷ്ടമാക്കി സമരങ്ങളും മറ്റും നടത്തുന്നതിനെതിരെ സാമൂഹ്യ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തതോടെ ഭീഷണി ശക്തമായെന്നും കുറിപ്പിലുണ്ട്. ഈ സാഹചര്യത്തിലാണ് സംഭവത്തെ കുറിച്ചും യൂണിവേഴ്‌സിറ്റിയിലെ സംഘടനാ പ്രവര്‍ത്തനങ്ങളെ കുറിച്ചും അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കെഎസ്‌യു ഗവര്‍ണര്‍ക്ക് നിവേദനം നല്‍കിയത്. സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തിട്ടുണ്ട്. കോളജ് വിദ്യാഭ്യാസ ഡയറക്ടറും കോളജ് പ്രിന്‍സിപ്പലും അന്വേഷണം നടത്തി ഒരു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് ആവശ്യപ്പെട്ടു.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?