കുരുക്ഷേത്ര യുദ്ധവും ചില തിരഞ്ഞെടുപ്പ് ചിന്തകളും
മനോജ് വി ബി
നരേന്ദ്ര മോദിയും രാഹുല്‍ ഗാന്ധിയും തമ്മിലുള്ള ബലാബലം എന്ന മട്ടിലാണ് ലോക്സഭാ തിരഞ്ഞെടുപ്പിനെ ആദ്യം എല്ലാവരും നോക്കിക്കണ്ടത്. പക്ഷേ പിന്നീട് മമത ബാനര്‍ജിയും മായാവതിയും മുതല്‍ സാക്ഷാല്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ വരെ ഗോദയില്‍ ഇറങ്ങിയതോടെ കാര്യങ്ങള്‍ മാറി. ഇടയ്ക്ക് അരവിന്ദ് കെജ്രിവാളും നമ്മുടെ പിണറായി വിജയനും ദേശീയ തലത്തില്‍ മോദി വിരുദ്ധ പട്ടം എടുത്തണിയാന്‍ ശ്രമം നടത്തി നോക്കിയെങ്കിലും അതാത് സംസ്ഥാനങ്ങളുടെ പുറത്ത് കാല്‍ക്കാശിന് വിലയില്ലാത്തത് കൊണ്ടാകണം അതൊന്നും വിജയം കണ്ടില്ല. ആ നിരാശ കൊണ്ടായിരിക്കാം പിണറായി സഖാവ് ലോകം ചുറ്റാന്‍ ഇറങ്ങിത്തിരിച്ചത്. ബൂര്‍ഷ്വാ രാജ്യങ്ങളെല്ലാം കണ്ടു കറങ്ങിയതിന് ശേഷം തിരിച്ചെത്തുന്ന അദ്ദേഹം താമസിയാതെ ചൈനീസ് വിരുദ്ധ രാജ്യങ്ങളായ ജപ്പാനും ദക്ഷിണ കൊറിയയും കാണാന്‍ വീണ്ടും വിമാനം കയറും. കമ്മ്യൂണിസ്റ്റുകാരെ അത്ര പഥ്യമല്ലാത്ത നാടുകളിലൊക്കെ പോകുന്ന സഖാവ് പക്ഷേ ഉറ്റ തോഴനായ കിം ജോങ് ഉന്നിനെ മാത്രം ഒഴിവാക്കിയത് എന്തിനാണെന്ന് വ്യക്തമായില്ല.
ശാരദാ ചിട്ടി ഫണ്ടിന്റെ പേരില്‍ പേടിപ്പിക്കാന്‍ നോക്കിയ കേന്ദ്ര സര്‍ക്കാരിനെ വിറപ്പിച്ചു കൊണ്ടാണ് മമത തുടങ്ങിയത്. പിന്നീട് അവര്‍ യോഗി ആദിത്യ നാഥിനും അമിത് ഷായ്ക്കും രാഹുലിനും എന്നല്ല ആകാശത്ത് കൂടി പറന്നു പോകുന്ന പക്ഷികള്‍ക്ക് പോലും ഇറങ്ങാനുള്ള അനുമതി നിഷേധിച്ചു. നന്ദിഗ്രാമിന് ശേഷം ആകെ തരിശായി കിടന്ന ബംഗാളിലെ പാടങ്ങളില്‍ താന്‍ ഏറെ പാടുപെട്ടാണ് കൃഷി ഇറക്കിയതെന്നും അത് നശിപ്പിക്കാന്‍ വന്ന കിളികളെ ആട്ടിയോടിക്കുക മാത്രമാണ് ചെയ്തതെന്നുമാണ് മുഖ്യമന്ത്രി പിന്നീട് പറഞ്ഞത്. മോദി വിരുദ്ധ മുന്നണിയുടെ നേതൃ സ്ഥാനത്ത് സ്വയം പ്രതിഷ്ഠിക്കാനുള്ള മമതയുടെ നീക്കങ്ങള്‍ കണ്ട മായാവതിയും വെറുതെ നിന്നില്ല. പ്രധാനമന്ത്രിയുടെ ജാതി സര്‍ട്ടിഫിക്കറ്റും വിവാഹ സര്‍ട്ടിഫിക്കറ്റുമെല്ലാം സൂക്ഷ്മമായി പരിശോധിച്ച അവര്‍ അതിലെ കുറ്റങ്ങളും കുറവുകളും വിളിച്ചു പറഞ്ഞാണ് ആനന്ദം കണ്ടെത്തിയത്.
രാഹുല്‍ റാഫേല്‍ മന്ത്രവുമായി കാശ്മീര്‍ മുതല്‍ കന്യാകുമാരി വരെ പറന്നു നടന്ന് മോദിയെ അങ്കത്തിന് വെല്ലുവിളിച്ചെങ്കിലും അദ്ദേഹം കേട്ട ഭാവം പോലും കാണിച്ചില്ല. ആ നിരാശ കൊണ്ടായിരിക്കാം സാക്ഷാല്‍ ബോക്സര്‍ വിജേന്ദര്‍ സിങ്ങിനെ തന്നെ രംഗത്തിറക്കി തലസ്ഥാനത്ത് ബിജെപിയെ വിറപ്പിക്കാന്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ തീരുമാനിച്ചത്. വിമാനത്തില്‍ ലോകം മുഴുവന്‍ സഞ്ചരിക്കും എന്നല്ലാതെ അതിന്റെ സാങ്കേതിക വശങ്ങളൊന്നും തനിക്കറിയില്ലെന്ന് ചാനല്‍ അഭിമുഖത്തില്‍ മോദിജി സ്വയം സമ്മതിച്ചതാണല്ലോ. മേഘങ്ങളും റഡാറുമൊക്കെയാണ് അദ്ദേഹത്തിന്റെ ഗവേഷണ വിഷയം. അങ്ങനെയുള്ളയാളെ കേവലം ഒരു വിമാനത്തിന്റെ പേരില്‍ സംവാദത്തിന് വിളിച്ച രാഹുല്‍ജിയുടെ നീക്കം അപക്വവും അറിവില്ലായ്മയുമാണ്. ക്ലൌഡ് തിയറിയെ കുറിച്ചായിരുന്നുവെങ്കില്‍ മോദിജി ഒരു കൈ നോക്കുമായിരുന്നു.
രാഹുലും മമതയും മായാവതിയും അരങ്ങ് വാണപ്പോള്‍ സീതാറാം യച്ചൂരിക്ക് നിരാശനാകേണ്ടി വന്നു. കേരളത്തിന് പുറത്ത് ആര്‍ക്കും വേണ്ടാതായതാണ് അദ്ദേഹത്തിന് തിരിച്ചടിയായത്. ത്രിപുരയിലെ സിപിഎം ഓഫീസുകളെല്ലാം കാവി പുതച്ചതും ബംഗാളിലെ മമതയുടെ ആധിപത്യവുമൊക്കെയാണ് യെച്ചൂരിയുടെ മാര്‍ക്കറ്റ് വാല്യു കുറച്ചത്. തമിഴ്നാട്ടിലെ പാര്‍ട്ടി സ്ഥാനാര്‍ഥികളും ഇങ്ങ് മലപ്പുറത്തെ സിപിഎം സ്വതന്ത്രന്‍ അന്‍വറും രാഹുലിന്റെ ഫോട്ടോ വച്ച് വോട്ട് പിടിക്കുന്നത് കണ്ടപ്പോള്‍ മനസ് വേദനിച്ചെങ്കിലും പഴയ തറവാടിന്റെ പൂമുഖത്ത് ഗതകാല സ്മരണകള്‍ അയവിറക്കിയിരിക്കാനായിരുന്നു അദ്ദേഹത്തിന്റെ വിധി. തിരഞ്ഞെടുപ്പിന് ശേഷം പന്ത് തന്റെ കാല്‍ക്കല്‍ വരുമെന്നും അപ്പോള്‍ മെസ്സിയെ പോലെ ഗോളടിക്കാമെന്നുമാണ് യച്ചൂരിയുടെ പ്രതീക്ഷ.
ലോക്സഭാ തിരഞ്ഞെടുപ്പിനെ കൗരവരും പാണ്ഡവരും തമ്മില്‍ നടന്ന കുരുക്ഷേത്ര യുദ്ധത്തോടാണ് പ്രിയങ്ക ഗാന്ധി ഉപമിച്ചത്. കൃഷ്ണനും ദുര്യോധനനും തുടങ്ങി സമകാലമാന വേഷങ്ങളും വിവിധ നേതാക്കള്‍ സ്വയം എടുത്തണിഞ്ഞപ്പോള്‍ ധൃതരാഷ്ട്രരുടെ വേഷം ആര് ചെയ്യും എന്ന ആശങ്ക സ്വാഭാവികമായും ഉയര്‍ന്നു. പുത്രസ്നേഹം കൊണ്ട് അന്ധനായി പോയ രാജാവിന്റെ വേഷം ചെയ്യാന്‍ പുറത്ത് നിന്ന് ആളെ കൊണ്ടു വരേണ്ടി വരും എന്ന് തോന്നിയപ്പോഴാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇടപെട്ടത്. കഥാപാത്രത്തെ അവതരിപ്പിക്കാന്‍ അവര്‍ സമ്മതിച്ചു.
പാക്കിസ്താന്‍ പിടിയിലായ പൈലറ്റ് അഭിനന്ദനെയും പട്ടാളത്തെയും സര്‍ജ്ജിക്കല്‍ സ്ട്രൈക്കിനെയും മോദി തരാതരം പോലെ ആവനാഴിയില്‍ നിന്നെടുത്ത് പ്രയോഗിച്ചപ്പോള്‍ പ്രതിപക്ഷം പരിവേദനങ്ങളുമായി രാജാവിനെ സമീപിച്ചു. അതില്‍ പക്ഷേ തെറ്റൊന്നും ഇല്ലെന്നാണ് വിധി വന്നത്. മുസ്ലിമെന്നും ഗോഡ്സെയെന്നും പാക്കിസ്ഥാനെന്നുമൊക്കെയുള്ള ചൈനീസ് പടക്കങ്ങളെയും കടത്തി വെട്ടുന്ന വില കുറഞ്ഞ ആയുധങ്ങള്‍ വീണ്ടും പ്രവഹിച്ചപ്പോള്‍ മറുവിഭാഗം പ്രതീക്ഷയോടെ നോക്കിയെങ്കിലും കേദാര്‍നാഥിലെ ഗുഹയിലേയെന്ന പോലെ ധ്യാന നിമഗ്നനായി ഇരിക്കുന്ന കമ്മീഷനെയാണ് കണ്ടത്.
തിരഞ്ഞെടുപ്പ് റിയാലിറ്റി ഷോയിലെ വിജയിയെ അറിയാന്‍ ഇനി ഏതാനും ദിവസങ്ങളെ ബാക്കിയുള്ളൂ. 23 മുതല്‍ വിഴുപ്പലക്കുകളുടെയും കൂറുമാറ്റങ്ങളുടെയും അടുത്ത ഘട്ടം തുടങ്ങും. ഏതൊക്കെ പാര്‍ട്ടികള്‍ എവിടെ നില്‍ക്കുന്നുവെന്നും പറഞ്ഞതെല്ലാം വിഴുങ്ങി അധികാരത്തിന് വേണ്ടി മറുകണ്ടം ചാടുമെന്നും അപ്പോള്‍ അറിയാം. മോദിയും രാഹുലും എന്നല്ല സകല ഛോട്ടാ നേതാക്കളും ചാക്കുകെട്ടുകളുമായി ആളെ പിടിക്കാനിറങ്ങുക അധികാരത്തിനൊപ്പം നൂറ്റിമുപ്പത് കോടി ജനങ്ങളുടെ അടുത്ത അഞ്ചു വര്‍ഷത്തെ ജീവിതം മാറ്റിമറിക്കാനുള്ള അവകാശത്തിനും കൂടി വേണ്ടിയാണ്. നല്ല ചാക്ക് നോക്കി കയറുന്നവര്‍ ഭാഗ്യമുണ്ടെങ്കില്‍ അധികാരത്തിന്റെ അപ്പക്കഷണങ്ങള്‍ രുചിക്കും. മറ്റുള്ളവര്‍ അത് കണ്ട് വെള്ളമിറക്കി നോക്കിയിരിക്കുകയും ചെയ്യും.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Article, National, Trending, Politics, Narendra Modi, Lok Sabha, Narendra Modi, Rahul Gandhi, Mamata Banerji, Mayavati, BJP, Congress, Lok Sabha election 2019, Some Election thinkings; article by Manoj VB
Keywords: Article, National, Trending, Politics, Narendra Modi, Lok Sabha, Narendra Modi, Rahul Gandhi, Mamata Banerji, Mayavati, BJP, Congress, Lok Sabha election 2019, Some Election thinkings; article by Manoj VB
Powered by Info News For You

Comments
Post a Comment