ജപ്തി നടപടി ഭയന്ന് നെയ്യാറ്റിന്‍കരയില്‍ അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവം; മകള്‍ മരിച്ചശേഷവും പണം ആവശ്യപ്പെട്ട് ബാങ്ക് അധികൃതര്‍ വിളിച്ചതായി പിതാവ് ചന്ദ്രന്‍

നെയ്യാറ്റിന്‍കര: (www.kvartha.com 15.05.2019) ബാങ്കിന്റെ ജപ്തി നടപടി ഭയന്ന് നെയ്യാറ്റിന്‍കര മാരായമുട്ടത്ത് അമ്മയും മകളും വീട്ടിനുള്ളില്‍ സ്വയം തീകൊളുത്തി ആത്മഹത്യ ചെയ്ത സംഭവത്തില്‍ മകള്‍ മരിച്ചശേഷവും പണം ആവശ്യപ്പെട്ട് ബാങ്ക് അധികൃതര്‍ വിളിച്ചതായി പിതാവ് ചന്ദ്രന്‍. ചൊവ്വാഴ്ച വൈകിട്ട് അഞ്ചു മണിവരെ പണം എപ്പോള്‍ എത്തിക്കുമെന്ന് ചോദിച്ച് ബാങ്കിന്റെ അഭിഭാഷകന്‍ വിളിച്ചുവെന്നും ഫോണ്‍ പരിശോധിച്ചാല്‍ ഇത് വ്യക്തമാകുമെന്നും ചന്ദ്രന്‍ വ്യക്തമാക്കുന്നു.

അതേസമയം, അമ്മയും മകളും ജീവനൊടുക്കിയതില്‍ ബാങ്ക് അധികൃതരെ പ്രതിയാക്കണമോയെന്ന് പോലീസ് പിന്നീട് തീരുമാനിക്കും. ബാങ്കിന്റെ ഭാഗത്തുനിന്നു സമ്മര്‍ദമുണ്ടായതായി തെളിഞ്ഞാല്‍ കേസെടുക്കാനാണ് തീരുമാനം.

Post My Daughter's Death, Bank Officers Asked Me To Repay Loan, Says Vaishnavi's Father, Neyyattinkara, News, Suicide, Allegation, Phone call, Bank, Kerala

വീടും സ്ഥലവും ജപ്തി ചെയ്യുമെന്ന കാനറ ബാങ്കിന്റെ മാനസിക പീഡനത്തില്‍ മനംനൊന്താണു ലേഖയും വൈഷ്ണവിയും തീകൊളുത്തി മരിച്ചതെന്നാണ് ബന്ധുക്കളുടെ പരാതി. ബാങ്കില്‍ നിന്ന് പല തവണ ഫോണ്‍ വിളിച്ച് സമ്മര്‍ദത്തിലാക്കിയെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു. അതിനാല്‍ കേസെടുക്കുന്നതിന് മുന്‍പ് പ്രധാനമായും രണ്ട് കാര്യങ്ങള്‍ പോലീസ് പരിശോധിക്കും.

ജപ്തി സമ്മര്‍ദവുമായി തുടര്‍ച്ചയായി ഫോണ്‍ വിളിയെത്തിയോ എന്നറിയാന്‍ ഫോണ്‍ രേഖകള്‍ പരിശോധിക്കും. കൂടാതെ ലേഖയുടെ ഭര്‍ത്താവ് ചന്ദ്രന്റെയും മാതാവ് കൃഷ്ണമ്മയുടെ മൊഴികളും നിര്‍ണായകമാവും. ബാങ്കിലെ വായ്പയുടെ രേഖകളും പരിശോധിക്കും. വായ്പ തിരിച്ച് പിടിക്കാനായി കോടതി നിയോഗിച്ച അഭിഭാഷക കമ്മിഷന്റെ നിര്‍ദേശപ്രകാരമായിരുന്നു നടപടിയെന്ന വാദം ബാങ്ക് മുന്നോട്ട് വയ്ക്കുന്നുണ്ട്. അതിനാല്‍ നിയമവിദഗ്ധരുമായും ആലോചിച്ചാകും പോലീസ് നടപടിയെടുക്കുക.

അതേസമയം ലേഖയുടേയും വൈഷ്ണവിയുടേയും മൃതദേഹങ്ങള്‍ ബുധനാഴ്ച രാവിലെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.

16 വര്‍ഷം മുന്‍പെടുത്ത ഭവന വായ്പ മുടങ്ങിയതിന്റെ പേരില്‍ വീട് ജപ്തി ചെയ്യുമെന്ന് ഉറപ്പായതോടെയാണ് അമ്മയും മകളും കിടപ്പുമുറിയില്‍ സ്വയം തീകൊളുത്തി മരിച്ചത്. മഞ്ചവിളാകം മലയിക്കട വൈഷ്ണവി ഭവനില്‍ ചന്ദ്രന്‍ രുദ്രന്റെ ഭാര്യ ലേഖ (44), മകള്‍ വൈഷ്ണവി (19) എന്നിവരാണു മരിച്ചത്. കോളജ് വിദ്യാര്‍ഥിനിയായ വൈഷ്ണവി സംഭവസ്ഥലത്തു തന്നെ മരിച്ചിരുന്നു. 90% പൊള്ളലേറ്റ ലേഖയെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒന്നരമണിയോടെയായിരുന്നു നാടിനെ നടുക്കിയ സംഭവം. ബാങ്ക് നല്‍കിയ അവധി അവസാനിച്ച ചൊവ്വാഴ്ചയും കിടപ്പാടം വിറ്റ് പണം കണ്ടെത്താന്‍ കഴിയാതെ വന്നതാണു മരണത്തിലേക്കു നയിച്ചതെന്നു ബന്ധുക്കള്‍ പറഞ്ഞു. ജപ്തി നടപടികളുമായി ബാങ്ക് ദ്രുതഗതിയില്‍ മുന്നോട്ടു പോയതു കുടുംബത്തെ സമ്മര്‍ദത്തിലാക്കിയെന്ന് കലക്ടറുടെ അഭാവത്തില്‍ എഡിഎം മന്ത്രിക്കു നല്‍കിയ പ്രാഥമിക റിപ്പോര്‍ട്ടില്‍ പറയുന്നു.

കാനറ ബാങ്ക് നെയ്യാറ്റിന്‍കര ശാഖയില്‍നിന്ന് 2003 ലാണു ചന്ദ്രന്‍ അഞ്ചു ലക്ഷം രൂപയുടെ ഭവനവായ്പയെടുത്തത്. എട്ടു ലക്ഷത്തോളം രൂപ തിരിച്ചടച്ചു. 2010 ല്‍ അടവ് മുടങ്ങിയതോടെ നിഷ്‌ക്രിയ ആസ്തിയായി പ്രഖ്യാപിച്ചു. 6.8 ലക്ഷമാണ് ഇപ്പോഴത്തെ കുടിശിക. സര്‍ഫാസി നിയമപ്രകാരം റിക്കവറി നടപടികള്‍ക്കായി ബാങ്ക് തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചു. കോടതി നിയോഗിച്ച അഭിഭാഷക കമ്മിഷനും ബാങ്ക് ഉദ്യോഗസ്ഥരും പോലീസും കഴിഞ്ഞ വെള്ളിയാഴ്ച ജപ്തി നടപടികള്‍ക്കായി എത്തിയിരുന്നു.

എന്നാല്‍ 14 നു മുന്‍പ് വീട് വിറ്റ് പണം അടയ്ക്കാമെന്നു ചന്ദ്രനും കുടുംബവും ബാങ്കിന് എഴുതി ഒപ്പിട്ടു നല്‍കിയതിനെ തുടര്‍ന്ന് ഇവര്‍ മടങ്ങി. 45 ലക്ഷത്തോളം രൂപ മതിപ്പുവിലയുള്ള 10.5 സെന്റ് സ്ഥലവും വീടും ആ വിലയ്ക്ക് വില്‍ക്കാന്‍ നാളുകളായി ശ്രമിക്കുകയായിരുന്നെങ്കിലും നടന്നില്ല. ഒടുവില്‍ 24 ലക്ഷം രൂപയ്ക്കു വാങ്ങാമെന്നു ബാലരാമപുരം സ്വദേശി കഴിഞ്ഞ ദിവസം ഉറപ്പ് നല്‍കി. ഈ വിശ്വാസത്തിലാണ് ചൊവ്വാഴ്ച വരെ സാവകാശം ആവശ്യപ്പെട്ടത്.

എന്നാല്‍ ഉച്ചയായിട്ടും കച്ചവടം നടക്കാതെ വന്നതോടെ കുടുംബം മാനസികമായി തകര്‍ന്നതായി പോലീസ് പറഞ്ഞു. ചൊവ്വാഴ്ച ഉച്ചയ്ക്ക് മുന്‍പ് പണമടച്ചില്ലെങ്കില്‍ ബാങ്കിനു തുടര്‍നടപടികള്‍ സ്വീകരിക്കാമെന്നായിരുന്നു വ്യവസ്ഥ. ഇതിനിടെയാണ് കിടപ്പുമുറിയില്‍ കയറി ഇരുവരും മണ്ണെണ്ണയൊഴിച്ചു തീകൊളുത്തിയത്. ചന്ദ്രനും അമ്മ കൃഷ്ണമ്മയും വീടിനു പുറത്തായിരുന്നു. കമ്പിപ്പാര ഉപയോഗിച്ച് കതക് തകര്‍ത്താണ് നാട്ടുകാര്‍ ഇരുവരെയും പുറത്തെത്തിച്ചത്.

വര്‍ഷങ്ങളായി ഗള്‍ഫിലായിരുന്ന ചന്ദ്രന്‍ തന്റെ സമ്പാദ്യത്തിനൊപ്പം വായ്പ കൂടി എടുത്താണു വീട് പണിതത്. എന്നാല്‍ പിന്നീട് ഗള്‍ഫിലെ ജോലിപ്രശ്‌നങ്ങള്‍ മൂലം സാമ്പത്തിക പ്രതിസന്ധിയിലായി. ഒരു വര്‍ഷം മുന്‍പു മടങ്ങിയെത്തി. ജപ്തി നടപടി ഒഴിവാക്കണമെന്നു സി.കെ. ഹരീന്ദ്രന്‍ എംഎല്‍എ ബാങ്ക് അധികൃതരോട് ഒരു മാസം മുന്‍പ് ആവശ്യപ്പെട്ടിരുന്നു. നെടുമങ്ങാട് ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു.

അതേസമയം കുടുംബത്തിനുമേല്‍ സമ്മര്‍ദം ചെലുത്തിയിട്ടില്ലെന്നും കഴിഞ്ഞ വെള്ളിയാഴ്ച ജപ്തി നടപടികള്‍ക്കായി പോയെങ്കിലും സാവകാശം വേണമെന്ന ആവശ്യം അംഗീകരിച്ചിരുന്നുവെന്നുമാണ് കാനറ ബാങ്കിന്റെ വിശദീകരണം.

സാവകാശം അവസാനിക്കുന്ന ദിവസവും തുടര്‍നടപടികളൊന്നും സ്വീകരിച്ചിട്ടില്ല. കോടതി നിര്‍ദേശപ്രകാരമാണ് അഭിഭാഷക കമ്മിഷന്‍ വീട്ടില്‍ പോയത്. നിയമം അനുസരിച്ച് ബാങ്ക് പ്രതിനിധിയും ഒപ്പമുണ്ടായിരുന്നു. ബാങ്കിന്റെ ഭാഗത്തു നിന്ന് സമ്മര്‍ദമുണ്ടായെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും ബാങ്ക് അധികൃതര്‍ പറയുന്നു. 

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Post My Daughter's Death, Bank Officers Asked Me To Repay Loan, Says Vaishnavi's Father, Neyyattinkara, News, Suicide, Allegation, Phone call, Bank, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?