കല്ല്യോട്ട് സമാധാനത്തിന് ഉഭയകക്ഷി തീരുമാനം: കലക്ടറുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു


കാസര്‍കോട് (www.evisionnews.co): പെരിയ കല്ല്യോട്ട് ഇരട്ടക്കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ പ്രദേശത്ത് സമാധാനാന്തരീക്ഷം പുന:സ്ഥാപിക്കുന്നതിന്റെ ഭാഗമായി ജില്ലാ കലക്ടര്‍ ഡോ. ഡി. സജിത് ബാബുവിന്റെ അധ്യക്ഷതയില്‍ സി.പി.ഐ (എം), ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് (ഐ) എന്നീ പാര്‍ട്ടികളുടെ ജില്ലാ നേതാക്കളുടെ പ്രത്യേക യോഗം കലക്ടറുടെ ചേമ്പറില്‍ ചേര്‍ന്നു. കല്ല്യോട്ട് കൊലപാതകത്തെ തുടര്‍ന്ന് കലക്ടറേറ്റില്‍ ഫെബ്രുവരി 26ന് ചേര്‍ന്ന സര്‍വ്വകക്ഷി സമാധാന യോഗത്തിലും അതിനുശേഷം ജില്ലാ പൊലീസ് മേധാവി, സബ് കലക്ടര്‍, ഡി.വൈ.എസ്.പി തുടങ്ങിയ തലങ്ങളില്‍ നടന്ന ചര്‍ച്ചകളിലും തീരുമാനമാകത്തതിനെ തുടര്‍ന്നാണ് ഇരുപാര്‍ട്ടികളുടേയും ജില്ലാ നേതാക്കളുടെ യോഗം ജില്ലാ കലക്ടര്‍ പ്രത്യേകം വിളിച്ചുചേര്‍ത്തത്. 

കല്ല്യോട്ട് പ്രദേശത്തുണ്ടായ ദൗര്‍ഭാഗ്യകരമായ സംഭവങ്ങളെ ഇരുപാര്‍ട്ടികളുടെയും സംയുക്തയോഗം ശക്തമായി അപലപിച്ചു. നാടിന്റെ സമാധാനവും സൗഹൃദ അന്തരീക്ഷവും നിലനിര്‍ത്തുന്നതിനായി പരസ്പരം വിട്ടുവീഴ്ച ചെയ്തുകൊണ്ട് നിയമപരമായ നടപടികള്‍ക്കായി ഏവരും ശ്രമിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ഒരുതരത്തിലുള്ള അക്രമസംഭവങ്ങളും ഭാവിയില്‍ ഉണ്ടാകാതിരിക്കുന്നതിനുള്ള കരുതല്‍ എല്ലാവരുടെ ഭാഗത്തുനിന്നുമുണ്ടാകും. പലീസിന്റെ ഇടപെടല്‍ നിഷ്പക്ഷവും നീതിപൂര്‍വവുമാക്കി സമാധാന അന്തരീക്ഷം കാത്തുസൂക്ഷിക്കുന്നതിനു പൂര്‍ണസഹകരണം ഇരുപാര്‍ട്ടി നേതാക്കളും വാഗ്ദാനം ചെയ്തു. 

ജില്ലാ ഭരണകൂടത്തിന്റെ ആഭിമുഖ്യത്തില്‍ കല്ല്യോട്ട് പ്രദേശം ഉള്‍ക്കൊള്ളുന്ന പുല്ലൂര്‍- പെരിയ പഞ്ചായത്ത് തലത്തില്‍ ഇരുപാര്‍ട്ടികളുടേയും പ്രാദേശികതലത്തിലെ നേതാക്കളെ മാത്രം ഉള്‍പ്പെടുത്തി പ്രത്യേകയോഗം ചേരുവാനും തീരുമാനിച്ചു. പരസ്പരം വിശ്വാസം വളര്‍ത്താനുള്ള നടപടികള്‍ ഉണ്ടാക്കും. കല്ല്യോട്ട് എന്തെങ്കിലും അനിഷ്ടസംഭവങ്ങള്‍ ഉണ്ടായാല്‍ ഈ വിവരങ്ങള്‍ ജില്ലാ പൊലീസ് മേധാവിയെ നേരിട്ട് അറിയിക്കുന്നതിനായി ഇരുപാര്‍ട്ടികളുടെയും പ്രാദേശിക തലത്തിലെ മൂന്നു നേതാക്കളെ വീതം ഉള്‍പ്പെടുത്തി ആറംഗ കമ്മിറ്റി രൂപീകരിക്കും. സബ് ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തിലുള്ള പോലീസ് എയ്ഡ് പോസ്റ്റ് കല്ല്യോട്ട് സ്ഥാപിക്കും. 

ജില്ലാ കലക്ടര്‍ ഡോ. ഡി. സജിത് ബാബുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സബ് കലക്ടര്‍ അരുണ്‍ കെ. വിജയന്‍, ഡെപ്യൂട്ടി കലക്ടര്‍ കെ. ജയലക്ഷ്മി, അഡീഷണല്‍ എസ്പി പി.ബി പ്രശോഭ്, ഡി.വൈ.എസ്.പി (എസ്.എസ്.ബി) പി. ബാലകൃഷ്ണന്‍ നായര്‍, (രാഷ്ട്രീയ കക്ഷിപ്രതിനിധികളായ പി. കരുണാകരന്‍ എം.പി, എം.വി ബാലകൃഷ്ണന്‍, കെ.പി സതീഷ് ചന്ദ്രന്‍, ഹക്കിം കുന്നില്‍, എ. ഗോവിന്ദന്‍നായര്‍, കെ.പി കുഞ്ഞിക്കണ്ണന്‍ സംബന്ധിച്ചു 



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?