രാജ്യത്തെ മതനിരപേക്ഷ കക്ഷികള്‍ കൂടുതല്‍ ജാഗ്രതയോടെ പ്രവര്‍ത്തിക്കണം; ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ ജനവിധി പ്രതീക്ഷ നല്‍കുന്നു, തെരഞ്ഞെടുപ്പ് അവലോകനവുമായി പി കെ അബ്ദുറബ്ബ്

മലപ്പുറം: (www.kvartha.com 27.05.2019) രാജ്യത്തെ മതനിരപേക്ഷ കക്ഷികള്‍ കൂടുതല്‍ ജാഗ്രതയോടെ ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്ന സൂചനയാണ് ലോകസഭാ തെരഞ്ഞെടുപ്പ് ഫലമെന്ന് മുസ്ലീം ലീഗ് നേതാവും മുന്‍ മന്ത്രിയുമായ പി കെ അബ്ദുറബ്ബ്. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെയും ചില വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലേയും തെരഞ്ഞെടുപ്പ് ഫലങ്ങള്‍ പ്രതീക്ഷ നല്‍കുന്നതാണെന്നും അബ്ദുറബ്ബ് പറഞ്ഞു. കേരളത്തിലെ 20 സീറ്റില്‍ 19ലും വിജയിച്ച ഐക്യജനാധിപത്യ മുന്നണിയുടെ വിജയം യു.ഡി.എഫിലെ ചിട്ടയായ പ്രവര്‍ത്തനത്തിന്റെ ഭാഗമാണെന്നും ഫേസ്ബുക്കില്‍ കുറിച്ച തെരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ടില്‍ അദ്ദേഹം അഭിപ്രായപ്പെട്ടു.

Politics, Kerala, News, P.K Abdul Rab, Facebook, Lok Sabha, Election, Muslim-League, Ex minister, State, UDF, Kerala, Tamilnadu, Andhra Pradesh, P K Abdu rabb writes about loksabha election result

തെരഞ്ഞെടുപ്പ് അവലോകനത്തെ കുറിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം..

രണ്ടു മാസത്തില്‍ കൂടുതല്‍ നീണ്ടു നിന്ന തെരഞ്ഞെടുപ്പ് പ്രക്രിയ പൂര്‍ത്തിയായി, 17ാം ലോക്സഭയുടെ ചിത്രം വ്യക്തമായി. രാജ്യത്തിന്റെ അടുത്ത അഞ്ചു വര്‍ഷം കൂടി വെല്ലുവിളികള്‍ നിറഞ്ഞതായിരിക്കുമെന്ന സൂചനയാണ് മെയ് 23ലെ തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നത്. രാജ്യത്തെ മതനിരപേക്ഷ കക്ഷികള്‍ കൂടുതല്‍ ജാഗ്രതയോടെ ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്ന സൂചന കൂടിയാണ് തെരഞ്ഞെടുപ്പ് ഫലം.

എന്നാല്‍, കേരളവും തമിഴ്നാടും ആന്ധ്രാപ്രദേശും അടക്കമുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളും ചില വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലേയും തെരഞ്ഞെടുപ്പ് ഫലങ്ങള്‍ ശുഭ സൂചനയാണ് നല്‍കുന്നത്. രാജ്യത്തെ വിദ്യാഭ്യാസ പരമായും രാഷ്ട്രീയമായും പ്രബുദ്ധരായ ജനങ്ങള്‍ വര്‍ഗ്ഗീയതയ്ക്കും വിഭാഗീയ ചിന്തകള്‍ക്കും അതീതമായി ഉയര്‍ന്നു ചിന്തിക്കുന്നു എന്നത് ഏറെ പ്രതീക്ഷയ്ക്ക് വകനല്‍കുന്നതാണ്. കേരളവും തമിഴ്നാടും രാജ്യത്തെ മതനിരപേക്ഷ ജനാധിപത്യ കക്ഷികള്‍ക്ക് ഈ തെരഞ്ഞെടുപ്പില്‍ നല്ല ഒരു പാഠമാണ് നല്‍കിയിരിക്കുന്നത്. ഏറ്റവും വലിയ മതനിരപേക്ഷ കക്ഷിയായ കോണ്‍ഗ്രസ് ഈ സംസ്ഥാനങ്ങളില്‍ കൈകൊണ്ട നിലപാട് ഏറെ ആശാവഹവും വന്‍ വിജയവുമായിട്ടുണ്ട്. ഈ രീതി ഭാവിയില്‍ രാജ്യത്തെ മറ്റു സംസ്ഥാനങ്ങളിലും പരീക്ഷിക്കാവുന്നതാണ്.

തട്ടിക്കൂട്ട് മുന്നണി ബന്ധങ്ങള്‍ക്ക് അപ്പുറം വ്യവസ്ഥാപിതമായ രീതിയില്‍ കേരളത്തിലെ ഐക്യ ജനാധിപത്യ മുന്നണി മാതൃകയിലുള്ള മുന്നണി സംവിധാനങ്ങള്‍ക്ക് മറ്റു സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് മുന്‍കൈയ്യെടുക്കണം. ഇത്തരത്തിലുള്ള ഒരു സംവിധാനത്തിന്റെ വിജയം കൂടിയാണ് തമിഴ്നാട്ടിലെ തെരഞ്ഞെടുപ്പ് ഫലം. കന്യാകുമാരിയില്‍ ബി.ജെ.പിയുടെ കേന്ദ്രമന്ത്രിയെ വരെ പരാജയപ്പെടുത്തിയാണ് ഡി.എം.കെ- കോണ്‍ഗ്രസ്-മുസ്ലിം ലീഗ് സഖ്യം തമിഴ്നാട്ടില്‍ വിജയക്കൊടി പാറിച്ചത്. ഇക്കുറി ഡല്‍ഹിയില്‍ തെരഞ്ഞടുപ്പ് പ്രഖ്യാപിച്ചതിന് ശേഷമാണ് മുന്നണി സംബന്ധമായ ചര്‍ച്ചകള്‍ നടന്നത്. ദേശീയ തലത്തില്‍ ഒരു മുന്നണി പ്രഖ്യാപിച്ചത് വോട്ടെണ്ണുന്നതിന് മണിക്കൂറുകള്‍ മാത്രം മുന്‍പാണ്.

കോണ്‍ഗ്രസ്സുമായി ഒരു തരത്തിലുള്ള സഖ്യവും പാടില്ലെന്ന പിടിവാശിയുണ്ടായിരുന്ന സി.പി.എമ്മിന്റെ വരെ മാനം കാത്തത് തമിഴ്നാട്ടിലെ കോണ്‍ഗ്രസും ലീഗും ഉള്‍പ്പെടുന്ന മുന്നണി സംവിധാനമാണെന്ന കാര്യം ആ പാര്‍ട്ടിക്കും ഒരു പാഠമാണ്. ചിത്രം മറിച്ചായിരുന്നുവെങ്കില്‍ 17ാം ലോക്സഭയില്‍ ഒരംഗം മാത്രമായി ഇടതു പക്ഷം ചരിത്ര പരമായ പരാജയം ഏറ്റുവാങ്ങേണ്ടി വരുമായിരുന്നു. മുസ്ലിം ലീഗ് പ്രതിനിധികളില്ലാത്ത ലോക്സഭ ആയിരിക്കും ഇക്കുറി എന്ന് കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പ് സമയത്ത് പറഞ്ഞ പിണറായി വിജയന്റെ പാര്‍ട്ടിക്ക് രണ്ടംഗങ്ങളെ തമിഴ്നാട്ടില്‍ നിന്ന് വിജയിപ്പിക്കാന്‍ മുസ്ലിം ലീഗിന്റെ പ്രവര്‍ത്തകരുടെ കൂടി അധ്വാനം വേണ്ടി വന്നു എന്നത് ആ പാര്‍ട്ടി മറക്കരുത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗിനെ മൂക്കില്‍ വലിക്കാന്‍ നടന്ന സി.പി.എം ഈ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ലീഗിന്റെ ഏഴയലത്ത് പോലും എത്തിയിട്ടില്ലെന്ന കാര്യവും ഓര്‍ക്കുന്നത് നന്നാവും.

കേരളത്തിലെ 20 സീറ്റില്‍ 19ലും വിജയിച്ച ഐക്യ ജനാധിപത്യ മുന്നണിയുടെ വിജയം യു.ഡി.എഫിലെ ചിട്ടയായ പ്രവര്‍ത്തനത്തിന്റെയും രാജ്യത്തെ ജനാധിപത്യം തന്നെ അപകടത്തിലായ സമയത്ത് കോണ്‍ഗ്രസ്സിനൊപ്പം നിന്ന് സംസ്ഥാനത്തെ ജനാധിപത്യ വിശ്വാസികള്‍ കാണിച്ച രാഷ്ട്രീയ പ്രബുദ്ധതയുടെയും വിജയമാണ്. ചെറിയ അഭിപ്രായ വ്യത്യാസങ്ങളുടെ പേരില്‍ മതനിരപേക്ഷ കക്ഷികള്‍ ഭിന്നിച്ചു നിന്നതില്‍ നിന്നാണ് ബി.ജെ.പി നേട്ടം കൊയ്തത്. പരമത വിദ്വാഷം പടര്‍ത്തിയും ഇത്രയും കാലം നാം അഭിമാനിച്ചിരുന്ന രാജ്യത്തിന്റെ ജാതി, മത, ഭാഷാ, സംസ്‌കാര വൈവിദ്ധ്യങ്ങളെ വരെ വിദ്വാഷ പ്രകടനത്തിനുള്ള ആയുധമാക്കിയുമാണ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ബി.ജെ.പി വിജയം നേടിയത്. രാഷ്ട്ര പിതാവ് മഹാത്മാ ഗാന്ധിയുടെ കൊലയാളിയെ രാജ്യസ്നേഹിയായി കാണുന്ന സ്ഥാനാര്‍ത്ഥിയെ പോലും ലക്ഷങ്ങളുടെ ഭൂരിപക്ഷത്തിന് വിജയിപ്പിക്കാന്‍ ബി.ജെ.പിക്ക് സാധിച്ചത് ഇതിന്റെ വ്യക്തമായ തെളിവാണ്. ഗാന്ധിയുടെ പ്രത്യായശാസ്ത്രത്തെ പരാജയപ്പെടുത്തി ഗാന്ധി ഘാതകന്റെ മനസ്സ് രാജ്യത്ത് വളര്‍ത്തി എടുക്കുന്നതില്‍ ബി.ജെ.പി വിജയിക്കുന്നു എന്നത് ഏറെ അപകടകരമാണ്.

ഇക്കുറി ബി.ജെ.പി വിജയം നേടിയ സംസ്ഥാനങ്ങളില്‍ പൊതുവായ മറ്റു ചില സമാനതകള്‍ നാം കണ്ടില്ലെന്ന് നടിക്കരുത്. താല്‍ക്കാലികമായ നേട്ടങ്ങള്‍ക്കു വേണ്ടിയും മതേതര കക്ഷികളിലെ ചെറിയ അഭിപ്രായ വ്യത്യാസങ്ങളുടെ പേരിലും കഴിഞ്ഞ കാലങ്ങളില്‍ ബി.ജെ.പിയുടെ സഖ്യ കക്ഷികളാവുകയൊ ബി.ജെ.പിയുമായി സഹകരിക്കുകയും ചെയ്ത പാര്‍ട്ടികളെ ഇക്കുറി ജനം വിശ്വാസത്തിലെടുത്തില്ലെന്ന് കാണാനാവും. ഇക്കുറി ശക്തമായ ബി.ജെ.പി വിരുദ്ധ നിലപാട് എടുത്ത ആന്ധ്രപ്രദേശിലെ ടി.ഡി.പി, പശ്ചിമ ബെംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് എന്നിവയും ബി.ജെ.പിയുടെ ഘടകകക്ഷിയായി നിലനിന്ന തമിഴ്നാട്ടിലെ എ.ഐ.എ.ഡി.എം.കെക്കും ഈ തെരഞ്ഞെടുപ്പില്‍ നഷ്ടമുണ്ടായി. പശ്ചിമ ബെംഗാളില്‍ ബി.ജെ.പി രണ്ടു സീറ്റില്‍ നിന്ന് രണ്ടക്ക സീറ്റിലേക്ക് ഉയര്‍ന്നത്, നേരത്തെ, കോണ്‍ഗ്രസ്സിനെ എതിര്‍ക്കുന്നതിനായി ബി.ജെ.പിയുമായി കൂട്ടുകൂടുക വഴി തൃണമൂല്‍ പ്രവര്‍ത്തകര്‍ക്ക് ബി.ജെ.പി അത്ര തൊട്ടു കൂടാത്ത പാര്‍ട്ടിയല്ലെന്ന മാനസികാവസ്ഥ സൃഷ്ടിച്ചത് മൂലമാണെന്ന് അനുമാനിക്കാവുന്നതാണ്. അതേസമയം, കഴിഞ്ഞ നരേന്ദ്ര മോദി സര്‍ക്കാരിന്റെ ഭാഗമായി നാലു വര്‍ഷത്തോളം പ്രവര്‍ത്തിച്ച ടി.ഡി.പിക്ക് ആന്ധ്രയില്‍ തിരിച്ചടി ലഭിച്ചത് മതേതര കക്ഷികളുടെ മതനിരപേക്ഷ നിലപാടുകളില്‍ ജനങ്ങള്‍ക്ക് വിശ്വാസം നഷ്ടമാകുന്നതിന്റെ ഭാഗമായി കാണേണ്ടതുണ്ട്. ജമ്മു കശ്മീരില്‍ പി.ഡി.പിക്കു നേരിടേണ്ടി വന്നതും സമാനമായ അനുഭവമാണ്.

ഇന്നലെകളില്‍ നിന്ന് പാഠമുള്‍ക്കൊണ്ട് കേരള മോഡല്‍ മുന്നണി സംവിധാനം രാജ്യവ്യാപകമായി വ്യാപിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ക്ക് ഇന്ന് തന്നെ തുടക്കമിടണം. ഇതൊരു സ്ഥിരം സംവിധാനമായിരിക്കുകയും രാജ്യത്തിന്റെ പൈതൃകവും താല്‍പര്യങ്ങളും കാത്തു സൂക്ഷിക്കുന്ന എല്ലാ കക്ഷികളെയും ഉള്‍കൊള്ളാന്‍ ഈ മുന്നണിക്കാവുകയും വേണം . കൂടാതെ, കോണ്‍ഗ്രസ്സിന്റെ സംഘടനാ സംവിധാനം അടിത്തട്ട് മുതല്‍ ശക്തമാക്കുക എന്നുള്ളതും അനിവാര്യമാണ്. അടിത്തട്ടുലുണ്ടാക്കുന്ന മാറ്റങ്ങളിലൂടെ മാത്രമെ അടുത്ത തെരഞ്ഞെടുപ്പില്‍ നമുക്ക് ആത്മവിശ്വാസത്തോടെ ജനങ്ങളെ അഭിമുഖീകരിക്കാനും ഇന്ത്യക്ക് വേണ്ടി ജനങ്ങള്‍ക്ക് ഒരു സര്‍ക്കാരിനെ തെരഞ്ഞെടുക്കാനും സാധിക്കുകയുള്ളു.അതിനാവട്ടെ ഇനിയുള്ള നാളുകള്‍.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Politics, Kerala, News, P.K Abdul Rab, Facebook, Lok Sabha, Election, Muslim-League, Ex minister, State, UDF, Kerala, Tamilnadu, Andhra Pradesh, P K Abdu rabb writes about loksabha election result


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?