ദയനീയ തോല്‍വി: പിണറായിയുടെ ശബരിമല നിലപാട് പാര്‍ട്ടിക്കുള്ളില്‍ വിവാദമായി

സി കെ എ ജബ്ബാര്‍

കണ്ണൂര്‍: (www.kvartha.com 21.05.2019) ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ചരിത്രത്തിലെ ഏറ്റവും വലിയ പരാജയം നേരിടേണ്ടി വന്നതില്‍ സി.പി.എമ്മിനുള്ളില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ശബരിമല നിലപാട് വിവാദമായി. ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ച നിലപാട് വലിയ നഷ്ടമാണ് തെരഞ്ഞെടുപ്പില്‍ വരുത്തിയതെന്ന് മുന്നണിയില്‍ സി.പി.െഎ. തുറന്നു പറയുമെന്നിരിക്കെ സി.പി.എം. കേന്ദ്ര കമ്മിറ്റി അംഗം എം.വി.ഗോവിന്ദന്‍മാസ്റ്റര്‍ കൂടി ഇത് ഏറ്റ് പറഞ്ഞു.

പറശ്ശിനിക്കടവില്‍ കെ.എസ്.ടി.എ. പഠനക്യാമ്പിലാണ് ഗോവിന്ദന്‍ മാസ്റ്റര്‍ ശബരിമല വിധി നടപ്പിലാക്കിയതിലുള്ള വീഴ്ചയിലേക്ക് വിരല്‍ ചൂണ്ടുന്ന പരാമര്‍ശം നടത്തിയത്. മോദി ഭയം ചൂണ്ടികാട്ടി ന്യൂനപക്ഷ വോട്ട് കേന്ദ്രീകരിച്ചതാണ് പരാജയ കാരണമെന്ന് ചില സി.പി.എം. നേതാക്കള്‍ വിശദീകരിച്ചിരുന്നു. എന്നാല്‍ ന്യൂനപക്ഷ വോട്ട് കേന്ദ്രീകരണം ഒരു പരിധിവരെ ശരിയാണെങ്കിലും ഇത്രമാത്രം ഭീമമായ ഭൂരിപക്ഷം യു.ഡി.എഫിന് കിട്ടാനിടയായത് സി.പി.എമ്മിനെ കാലാകാലമായി പിന്തുണച്ചിരുന്ന ഭൂരിപക്ഷ സമുദായത്തിലെ നിഷ്പക്ഷ വോട്ടുകളുടെ ചോര്‍ച്ചയാണെന്നാണ് വിലയിരുത്തല്‍. ഹിന്ദു വിശ്വാസവുമായി ബന്ധപ്പെട്ട് കിടക്കുന്ന പാര്‍ട്ടി അനുഭാവി വോട്ടുകളില്‍ നല്ലൊരു ഭാഗം യു.ഡി.എഫിന് ചോര്‍ന്നിട്ടുണ്ടെന്നും ഭരണ നേതൃത്വം ഇക്കാര്യത്തില്‍ വലിയ വിലയാണ് നല്‍കിയെതന്നുമാണ് പാര്‍ട്ടിക്കുള്ളില്‍ ഉയര്‍ന്നിരിക്കുന്ന ചോദ്യം.

ശബരിമല വിഷയത്തില്‍ എല്ലാ വിരലുകളും മുഖ്യമന്ത്രിക്ക് നേരെയാണ് ചൂണ്ടുന്നത്. ശബരിമലവിഷയത്തില്‍ തുടക്കത്തില്‍ തന്നെ സംസ്ഥാന സര്‍ക്കാറിന് പാളിയെന്നാണ് സി.പി.എമ്മിന്റെ ആത്മപരിശോധന. ഇക്കാര്യത്തില്‍ കടകംപള്ളി സുരേന്ദ്രന്റെ നിലപാടിനെയാണ് പാര്‍ട്ടി ഇപ്പോള്‍ പുകഴ്ത്തുന്നത്. തന്ത്രിയുമായും രാജകുടുംബവുമായും ചര്‍ച്ച ചെയ്യാമെന്ന് കടകംപള്ളി ആദ്യം പറഞ്ഞിരുന്നു. പക്ഷെ, ഇതിന് വിരുദ്ധമായി കോടതി വിധി നടപ്പാക്കുമെന്ന് മുഖ്യമന്ത്രിയും പറഞ്ഞു. ഇതോടെയാണ് പന്തളത്ത് നാമജപഘോഷയാത്ര അഭൂതപൂര്‍വമായ ജനപിന്തുണയോടെ നടന്നത്. അപ്പോഴും സര്‍വകക്ഷി യോഗം ചേര്‍ന്ന് തീരുമാനം എടുക്കാമായിരുന്നു. എങ്കില്‍ തീരുമാനത്തിന്റെ ഉത്തരവാദിത്വം സര്‍വകക്ഷിക്ക് വരുമായിരുന്നു. അതിന് തടസ്സമായതും മുഖ്യമന്ത്രിയുടെയും പാര്‍ട്ടിയിലെ ഗ്രൂപ്പിസത്തിന്റെയും നിലപാട് കൊണ്ടാണ്. നിര്‍ണായക സമയത്താണ് മുഖ്യമന്ത്രി വിദേശത്ത് പോയത്. മുഖ്യമന്ത്രിയുടെ അസാന്നിധ്യത്തില്‍ ചുമതല ആര്‍ക്കും നല്‍കാതിരുന്നത് അനിശ്ചിതത്വമായി. ഈ സാചഹര്യത്തില്‍ പാര്‍ട്ടി സെക്രട്ടറിയേറ്റ് ചേര്‍ന്നാണ് മന്ത്രിസഭയെ നയിക്കാനുള്ള നിലപാട് രൂപപ്പെടുത്തിയത്. അപ്പോഴേക്കും കാര്യങ്ങള്‍ കൈവിട്ടുപോയിരുന്നു. പാര്‍ട്ടിയെ സ്‌നേഹിക്കുന്ന വിശ്വാസി കുടുംബങ്ങളില്‍ പോലും ഈ നിലപാട് ആശങ്കവളര്‍ത്തി. ബി.ജെ.പി. രൂക്ഷമായ നിലയില്‍ മുതലെടുപ്പിന് വന്നപ്പോള്‍ സ്ത്രീ പ്രവേശന വിഷയത്തില്‍ കോടതി വിധി നടപ്പിലാക്കുക എന്നതിലുപരി അതൊരു നവോത്ഥാന മുന്നേറ്റമാക്കി സര്‍ക്കാറിന് ക്രഡിറ്റ് വേണമെന്ന് വാശിയുണ്ടായി. ജില്ലകളിലെ റാലികളും, പിന്നീട് വനിതാമതിലുമെല്ലാം വിശ്വാസികളുടെ അവകാശത്തെ ചോദ്യം ചെയ്യുന്ന വിധം ദുര്‍വ്യാഖ്യാനിക്കാനുള്ള പഴുത് നല്‍കി. 

കോണ്‍ഗ്രസ് ആവട്ടെ എല്ലാ വിശ്വാസികളുടെയും വിഷയത്തില്‍ ഒരേ നിലപാട് എന്ന ആകര്‍ഷകമായ നിലപാട് സ്വീകരിച്ചു. അത് കൊണ്ട് തന്നെയാണ് പത്ത് മണ്ഡലങ്ങളില്‍ ഒരു ലക്ഷത്തോളം വോട്ടിന് അവര്‍ ഭൂരിപക്ഷം നേടിയത്. കാസര്‍കോട്, കണ്ണൂര്‍, വടകര മണ്ഡലങ്ങളില്‍ ബി.ജെ.പി.യുടെ വോട്ട് യു.ഡി.എഫിന് ചോര്‍ന്നുവെങ്കിലും ന്യൂനപക്ഷ കേന്ദ്രീകരണം ഉണ്ടായാലും കിട്ടാത്ത ഭൂരിപക്ഷമാണ് പാര്‍ട്ടിയുടെ എല്ലാ സജ്ജീകരണവും രംഗത്തിറങ്ങിയിട്ടും കോണ്‍ഗ്രസിന് കിട്ടിയത്. കാസര്‍കോട് തുടക്കം മുതല്‍ യു.ഡി.എഫ്. സ്ഥാനാര്‍ഥി കടുത്ത നിരാശയിലായിരുന്നു. അവസാന മണിക്കൂറിലും പ്രതീക്ഷയുണ്ടായില്ല. എന്നാല്‍, പാര്‍ട്ടി സംഘടനാ സംവിധാനം എണ്ണയിട്ട യന്ത്രം പോലെ വടകര, കണ്ണൂര്‍, കാസര്‍കോട് മണ്ഡലങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടും ദയനീയ പരാജയം സംഭവിച്ചത് ഹിന്ദു വോട്ടിന്റെ ചോര്‍ച്ചയാണ് എന്ന് പാര്‍ട്ടി കരുതുന്നു. താഴെ തലം വരെ ഈ വിഷയം പരിശോധിക്കാന്‍ സി.പി.എം. ഉടനെ നടപടി സ്വീകരിക്കുെമന്ന് ഉയര്‍ന്ന നേതൃത്വവുമായി ബന്ധപ്പെട്ടവര്‍ ഈ ലേഖകനോട് പറഞ്ഞു. 

മുഖ്യമന്ത്രിക്കും ചില മന്ത്രിമാര്‍ക്കും ഇടതു നേതാക്കള്‍ക്കും ധാര്‍ഷ്ട്യമുണ്ടെന്ന് വരുത്തി തീര്‍ക്കാന്‍ മാധ്യമങ്ങള്‍ക്ക് സാധിച്ചു. അങ്ങനെയല്ല എന്ന് ബോധ്യപ്പെടുത്താവുന്ന ശരീരഭാഷ നേതാക്കള്‍ക്കുണ്ടായില്ല. മാധ്യമങ്ങളുമായി അകന്നു നില്‍ക്കുന്ന അന്തരീക്ഷത്തില്‍ ഭരണ നേട്ടങ്ങള്‍ ജനങ്ങളിലെത്താതായത് ഉള്‍പ്പെടെയുള്ള കാര്യങ്ങളും പരിശോധിക്കണമെന്നാണ് പാര്‍ട്ടിയില്‍ ഉയര്‍ന്നിരിക്കുന്ന ആവശ്യം.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kannur, Kerala, News, Election, Article, Pinarayi Vijayan's Sabarimala viewpoint makes LDF loss. 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?