സ്വകാര്യ ബസ് തലയിലൂടെ കയറിയിറങ്ങി വീട്ടമ്മയ്ക്ക് ദാരുണാന്ത്യം; സ്വന്തം അമ്മ കണ്‍മുന്നില്‍ പിടഞ്ഞുവീണ് മരിച്ചത് കണ്ട് വാവിട്ട് നിലവിളിച്ച് മകള്‍; കണ്ടുനിന്നവര്‍ക്ക് നൊമ്പരമായി കാഴ്ച

കോട്ടയം: (www.kvartha.com 07.05.2019) സ്വകാര്യ ബസ് തലയിലൂടെ കയറിയിറങ്ങി മകളുടെ കണ്‍മുന്നില്‍ വീട്ടമ്മ ദാരുണമായി മരിച്ചു. തോട്ടയ്ക്കാട് കോവൂര്‍ വീട്ടില്‍ ബിജുവിന്റെ ഭാര്യ പൊന്നമ്മ (മിനി -47) യാണ് അപകടത്തില്‍ മരിച്ചത്. തിങ്കളാഴ്ച രാവിലെ ഒന്‍പത് മണിയോടെ തിരുനക്കര ബസ് സ്റ്റാന്‍ഡിനു മുന്നിലായിരുന്നു അപകടം.

പതിനാല് വയസുകാരിയായ മകള്‍ ദേവികാ ബിജുവിന്റെ കണ്‍മുന്നിലായിരുന്നു ദുരന്തം. മകളുടെ കൈപിടിച്ച് റോഡ് മുറിച്ചു കടന്ന മിനിയെ, ബസ് ഇടിച്ചു വീഴ്ത്തുകയായിരുന്നു. റോഡില്‍ വീണ മിനിയുടെ തലയിലൂടെ ബസിന്റെ മുന്‍ ചക്രങ്ങള്‍ കയറിയിറങ്ങി. സംഭവ സ്ഥലത്തുവെച്ചുതന്നെ മിനി മരിച്ചിരുന്നു.

 House wife dies in road accident,Kottayam, News, Local-News, Accidental Death, Obituary, Daughter, Dead Body, Police, Allegation, Kerala

തോട്ടയ്ക്കാട് നിന്നും എത്തി ബസിറങ്ങിയ ശേഷം റോഡ് മുറിച്ച് കടക്കുകയായിരുന്നു മിനിയും, മകള്‍ ദേവികയും. ഈ സമയം സ്റ്റാന്‍ഡിനുള്ളില്‍ നിന്നും പുറത്തേയ്ക്ക് ഇറങ്ങിയ വൈക്കം റൂട്ടിലോട്ടുപോകുന്ന പുള്ളത്തില്‍ ബസ് മിനിയെ ഇടിച്ചു വീഴ്ത്തുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബസിന്റെ മുന്‍ ചക്രങ്ങള്‍ക്ക് അടിയിലേയ്ക്ക് മിനി വീണു. ഇവരുടെ തലയിലൂടെ ബസ് കയറിയിറങ്ങി. മിനി വീഴുന്നത് കണ്ട് മകള്‍ ദേവിക ബഹളം വച്ചതോടെ ബസ് നിര്‍ത്തിയെങ്കിലും, അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

അപകടത്തെ തുടര്‍ന്ന് നാട്ടുകാര്‍ ഓടിക്കൂടിയതോടെ ബസ് ജീവനക്കാര്‍ നടുറോഡില്‍ ബസ് ഉപേക്ഷിച്ച് ഓടിരക്ഷപെട്ടു. തുടര്‍ന്ന് പോലീസ് എയ്ഡ് പോസ്റ്റില്‍ നിന്നെത്തിയ പോലീസുകാരാണ് മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രിയിലേയ്ക്ക് മാറ്റിയത്.

അതേസമയം അതുവരെ കൈപിടിച്ച് നടന്നിരുന്ന അമ്മ, മരണത്തിലേയ്ക്ക് കൈവിട്ടു പോകുന്നത് കണ്ടു നില്‍ക്കാനേ ദേവികയ്ക്ക് സാധിച്ചുള്ളൂ. കണ്‍മുന്നില്‍ മാതാവിന്റെ മരണത്തിന് സാക്ഷിയായതിന്റെ ഞെട്ടല്‍ ദേവികയുടെ മുഖത്ത് നിന്നു വിട്ടുമാറിയിട്ടില്ല. ക്ഷേത്ര ദര്‍ശനത്തിനും, ഷോപ്പിംഗിനുമായാണ് ദേവികയും അമ്മ മിനിയും നഗരത്തിലെത്തിയത്.

തോട്ടയ്ക്കാട് നിന്നു ബസ് കയറി തിരുനക്കര പഴയ ബസ് സ്റ്റാന്‍ഡില്‍ വന്നിറങ്ങി. തുടര്‍ന്ന് കൈകോര്‍ത്ത് പിടിച്ച് റോഡ് കുറുകെ കടക്കുന്നതിനിടെയാണ് അശ്രദ്ധമായി മുന്നോട്ടെടുത്ത ബസ് മിനിയുടെ ജീവനെടുത്തത്. അമ്മ റോഡില്‍ മറിഞ്ഞു വീണ ഉടന്‍ ദേവികെ പിടിക്കാന്‍ ശ്രമിച്ചെങ്കിലും, പിടിവിട്ട് ബസിന്റെ അടിയിലേയ്ക്ക് മിനി വീണു. ദേവികയുടെ കരച്ചില്‍ കേട്ടാണ് ബസ് നിറുത്തിയത്. ഓടിക്കൂടിയവര്‍ കാണുന്നത് അമ്മയുടെ മൃതദേഹത്തിനരികെ ഇരുന്ന് വാവിട്ട് കരയുന്ന കുട്ടിയെയാണ്.

പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി. സംസ്‌കാരം ചൊവ്വാഴ്ച മൂന്നുമണിക്ക് വീട്ടുവളപ്പില്‍ നടക്കും. മിനിയുടെ ഭര്‍ത്താവ് ബിജു വെല്‍ഡിംഗ് തൊഴിലാളിയാണ്.

അതേസമയം തിരുനക്കര ബസ് സ്റ്റാന്‍ഡില്‍ എല്ലാം തോന്നുംപടിയാണ് നടക്കുന്നതെന്ന് യാത്രക്കാര്‍ പരാതിപ്പെടുന്നു. പോലീസ് എയ്ഡ് പോസ്റ്റ് സമീപത്തുണ്ടെങ്കിലും കാര്യങ്ങള്‍ നിയന്ത്രിക്കുന്നത് സ്വകാര്യബസ് ജീവനക്കാരാണെന്നും ഇവര്‍ ആരോപിക്കുന്നു. അമിതവേഗത, സമയത്തെച്ചൊല്ലിയുള്ള തര്‍ക്കവും കൈയാങ്കളിയും ഇവിടുത്തെ പതിവ് കാഴ്ചയാണ്.

മെഡിക്കല്‍ കോളജ് റൂട്ടില്‍ സര്‍വീസ് നടത്തുന്ന ബസുകള്‍ ഒരു ലൈനിലും, മറ്റുള്ള ബസുകള്‍ തൊട്ടടുത്ത ലൈനിലുമായാണ് നിറുത്തുന്നത്. ബസുകളുടെ നിര പലപ്പോഴും സ്റ്റാന്‍ഡിന് പുറത്തേയ്ക്ക് നീണ്ടാലും പോലീസ് അനങ്ങില്ല. പല പോലീസുകാരും വിശ്രമകേന്ദ്രമായാണ് എയ്ഡ് പോസ്റ്റിനെ കാണുന്നത്.

മെഡിക്കല്‍ കോളജ്, വൈക്കം ഭാഗത്തേയ്ക്കുള്ള ബസുകള്‍ അതിവേഗമാണ് സ്റ്റാന്‍ഡ് വിടുന്നത്. ഡ്രൈവര്‍മാരുടെ അശ്രദ്ധയാണ് ഭൂരിഭാഗം അപകടങ്ങള്‍ക്കും കാരണം. സ്റ്റാന്‍ഡിന്റെ ഒരു വശത്ത് ഇറങ്ങുന്ന യാത്രക്കാര്‍ക്ക് സ്റ്റാന്‍ഡിനുള്ളിലൂടെ നടക്കേണ്ടി വരുന്നതും, ബസിനു പിന്നാലെ ഓടുന്നതും അപകടങ്ങള്‍ക്കിടയാക്കുന്നു.

തിരുനക്കരയിലെ അപകടത്തിന്റെ പശ്ചാത്തലത്തില്‍ നഗരത്തില്‍ പരിശോധന ശക്തമാക്കി മോട്ടോര്‍ വാഹനവകുപ്പ്. കഴിഞ്ഞദിവസം നടത്തിയ പരിശോധനയില്‍ 53 സ്വകാര്യ ബസുകള്‍ക്ക് നോട്ടീസ് നല്‍കി. അമിത വേഗം, അശ്രദ്ധമായി വാഹനം ഓടിക്കല്‍ എന്നിവയാണ് കണ്ടെത്തിയ കുറ്റങ്ങള്‍. എം.വി.ഐ എം.ബി ജയചന്ദ്രന്റെ നേതൃത്വത്തില്‍ അപകട സ്ഥലത്തും പരിശോധന നടത്തി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: House wife dies in road accident,Kottayam, News, Local-News, Accidental Death, Obituary, Daughter, Dead Body, Police, Allegation, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?