തോല്‍വി വിലയിരുത്താന്‍ സിപിഎം കേന്ദ്രകമ്മിറ്റി ജൂൺ ആദ്യവാരം; പി ജയരാജന്റെ പദവി പിന്നീട്; കണ്ണൂരിന്റെ പുലിയെ വടകരയില്‍ ഇറക്കിയത് ഒതുക്കലിന്റെ ഭാഗമോ? സ്ഥാനാര്‍ത്ഥിയായ ഉടനെ കണ്ണൂര്‍ ജില്ലാ സെക്രട്ടറി സ്ഥാനത്ത് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയെ അവരോധിച്ചതും തിരക്കിട്ട്; മുഖ്യമന്ത്രി മനസുവെച്ചാല്‍ എംഎല്‍എ സ്ഥാനത്തിന് തുല്യമായ ഏത് പദവിയും ജയരാജന് നല്‍കാമെന്നിരിക്കെ ജില്ല സെക്രട്ടറി സ്ഥാനത്തേക്ക് തിരികെ കൊണ്ടുവരാന്‍ അഭിപ്രായ സര്‍വെയുമായി ജയരാജന്റെ ആരാധകരും

സി കെ എ ജബ്ബാര്‍

കണ്ണൂര്‍: (www.kvartha.com 27.05.2019) ദേശീയതലത്തിലും വിശിഷ്യാ കേരളത്തിലും പാര്‍ട്ടിക്കേറ്റ ദയനീയ പരാജയം വിലയിരുത്തുന്നതിന് സിപിഎം കേന്ദ്രകമ്മിറ്റി യോഗം ജൂൺ ഏഴ് മുതല്‍ മൂന്ന് ദിവസം ചേരാനിരിക്കെ കേരളത്തിലെ അവലോകന റിപ്പോര്‍ട്ടിന് തിരക്കിട്ട യോഗങ്ങള്‍ക്കുള്ള കാര്യപരിപാടി തയ്യാറാക്കി. ഒരാഴ്ചക്കകം താഴെ തലം മുതല്‍ സംസ്ഥാന കമ്മിറ്റി വരെ യോഗം ചേര്‍ന്ന് വിലയിരുത്തല്‍ റിപ്പോര്‍ട്ട് തയ്യാറാക്കും. ബൂത്തുതല റിപ്പോര്‍ട്ടുകള്‍ ഇതിനകം തയ്യാറായിട്ടുണ്ട്. ജില്ലാ കമ്മിറ്റികള്‍ ഉടനെ ചേര്‍ന്ന് ഇവ പരിശോധിക്കും.

അതിനിടെ വടകരയില്‍ തോറ്റ പി ജയരാജന് പാര്‍ട്ടി പദവി നല്‍കുന്നത് സംബന്ധിച്ച ഊഹാപോഹം ജയരാജന്‍ തന്നെ നിഷേധിച്ച് ഫെയ്‌സ്ബുക്കില്‍ വിശദീകരണമിട്ടു. തന്റെ ആരാധകര്‍ അത്തരം വിഷയം ഏറ്റുപിടിച്ച് ഇനിയൊരു സ്തുതിപാഠക വിവാദത്തിലേക്ക് എടുത്തുചാടാതിരിക്കാന്‍ കൂടിയാണ് ജയരാജന്റെ പുതിയ പോസ്റ്റ്. ജയരാജന് പൊതുമേഖലാ സ്ഥാനപത്തിന്റെ ചെയര്‍മാന്‍ സ്ഥാനം നല്‍കിയെന്ന തരത്തിലാണ് പ്രചാരണമുണ്ടായത്.

ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് തിരിച്ചുവരും എന്നും ചിലര്‍ പ്രചരിപ്പിച്ചു. ഇത് തന്റെ ആരാധകര്‍ പ്രചരിപ്പിച്ചേക്കരുതെന്ന് കരുതിയാണ് ജയരാജന്‍ കഴിഞ്ഞദിവസം കുറിപ്പിട്ടത്. ശത്രുകേന്ദ്രങ്ങളാണ് ഇത് പ്രചരിപ്പിക്കുന്നതെന്നും സഖാക്കളും സുഹൃത്തുക്കളും ഇത്തരം വാര്‍ത്തകളുടെ നിജസ്ഥിതി മനസ്സിലാക്കി മാത്രമേ പ്രതികരിക്കാവൂ എന്നും ജയരാജന്‍ പോസ്റ്റില്‍ മുന്നറിയിപ്പ് നല്‍കി.

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനം ഒഴിവാക്കിയാണ് എം വി ജയരാജനെ പി ജയരാജന് പകരം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയാക്കിയത്. കഴിഞ്ഞ തവണ പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയേറ്റില്‍ വരുമെന്ന് പി ജയരാജനെക്കുറിച്ച് അഭ്യൂഹമുയര്‍ന്നപ്പോഴായിരുന്നു മറ്റ് ബൂര്‍ഷ്വാ പാര്‍ട്ടികളെ പോലെ ജയരാജന്‍ സ്തുതിപാഠകരെ പാര്‍ട്ടിയില്‍ വളര്‍ത്തുകയാണെന്ന് ഒരു വിഭാഗം ആരോപിച്ചത്. അതിന് ശേഷം ജില്ലാ സമ്മേളനത്തില്‍ ജില്ലാ സെക്രട്ടറിയായി വീണ്ടും തെരഞ്ഞെടുക്കുകയായിരുന്നു.



വടകരയില്‍ ജയരാജന്റെ സ്ഥാനാര്‍ഥിത്വം ഒരു തരം പണിഷ്‌മെന്റ് ആണെന്ന് കരുതുന്നവരുണ്ട്. ഈ കാഴ്ചപ്പാടുള്ളവരെ തൃപ്തിപ്പെടുത്തി കൊണ്ട് തന്നെ ജനവിധിയും ഉണ്ടായി. പക്ഷെ, ജയരാജന്‍ മാത്രം തോറ്റിരുന്നുവെങ്കില്‍ മറ്റൊരു പദവിയും ഉടനെ നല്‍കാനാവില്ലായിരുന്നു. പൊതുവായ യുഡിഎഫ് അനുകൂല തരംഗത്തില്‍ പെട്ട് മറ്റെല്ലാവരും തോറ്റതിനോടൊപ്പമുള്ള പരാജയമായതിനാല്‍ ജയരാജന് വീണ്ടുമൊരു പദവി നല്‍കുന്നതില്‍ പാര്‍ട്ടിയില്‍ എതിര്‍പ്പൊന്നുമുണ്ടാവില്ല.

എംഎല്‍എ സ്ഥാനത്തിന് തുല്ല്യമായ ഏത് പദവിയും മുഖ്യമന്ത്രി മനസുവെച്ചാല്‍ ജയരാജന് നല്‍കാനാവും. ഇത് മുന്നില്‍ കണ്ട് മുമ്പെ തന്നെ പദവി നല്‍കുന്നുവെന്ന നിലയില്‍ ഒരു വിഭാഗം പ്രചരിപ്പിച്ചതാണ് ജയരാജന് വിനയായത്.

കേന്ദ്രകമ്മിറ്റി ചേര്‍ന്ന് വിലയിരുത്തല്‍ റിപ്പോര്‍ട്ട് അംഗീകരിച്ച ശേഷമുള്ള കീഴഘടകങ്ങളിലേക്കുള്ള റിപ്പോര്‍ട്ടിംഗ് ഉള്‍പ്പെടെയുള്ള നടപടി ക്രമം പൂര്‍ത്തീകരിക്കുന്നത് വരെയും പി ജയരാജന് ഔദ്യോഗിക പദവികളൊന്നും നല്‍കാനിടയില്ലെന്നാണ് ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ നല്‍കുന്ന സൂചന.


Keywords: Kerala, Kannur, News, CPM, Election, P Jayarajan, LDF, Pinarayi vijayan, Election defeat: CPM Central committee on June 1st week 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?