വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ഇത് വായിക്കാതെ പോകരുത്; ചരിത്രത്തില്‍ വീണുപോയവരാണ് നേടിയതെല്ലാം; പത്താം ക്ലാസോ പ്ലസ്ടുവോ തോറ്റത് കൊണ്ട് ജീവിതം വ്യര്‍ഥമായി എന്ന് നിരാശപ്പെടുന്നവര്‍ അറിയുക; കരോളിയും കലാമും മെസ്സിയും ഐന്‍സ്റ്റീനും ഹിലാരിയുമെല്ലാം വീണിടത്തുനിന്ന് എഴുന്നേറ്റ് വീണ്ടും ഓടിയവരായിരുന്നു

നിഷ്ത്തര്‍ മുഹമ്മദ്


(www.kvartha.com 10.05.2019) പ്ലസ്ടു പരീക്ഷയില്‍ തോറ്റതിന് പെണ്‍കുട്ടി കടലില്‍ ചാടി ആത്മഹത്യ ചെയ്ത വാര്‍ത്ത കഴിഞ്ഞ ദിവസം ഓണ്‍ലൈനില്‍ ചികയുമ്പോഴാണ് ശ്രദ്ധയില്‍പ്പെട്ടത്. പോയവാരം ഇതുകൂടാതെ ഇത്തരം സംഭവങ്ങള്‍ വേറെയും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ചെറിയൊരു പരാജയം പിണയുകയോ വെല്ലുവിളികള്‍ നേരിടേണ്ടിവരികയോ ചെയ്യുമ്പോള്‍ ജീവിതം അവസാനിപ്പിക്കുന്നതിലെ യുക്തി എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല. ചരിത്രത്തിന്റെ ഇന്നലകളിലേക്ക് കണ്ണോടിക്കുമ്പോള്‍ ജീവിതത്തില്‍ പല തവണ വീണുപോയവരും അറ്റമില്ലാത്ത വെല്ലുവിളികള്‍ നേരിട്ടവരുമാണ് വിജയത്തിന്റെ ഉച്ഛിയിലെത്തിയതെന്ന് മനസ്സിലാക്കാം. അതേസമയം ഇങ്ങനെ വീണുപോയവര്‍ തന്നെയാണ് ലോകരാഷ്ട്രങ്ങളിലെല്ലാം ദാരിദ്ര്യം അനുഭവിക്കുന്നവരിലെ ഭൂരിപക്ഷവും. പലതവണ വീണുപോയപ്പോള്‍ പലവുരു പൂര്‍വ്വാധികം ശക്തിയോടെ ഉയര്‍ത്തെഴുന്നേറ്റവരാണ് ആദ്യത്തെ വിഭാഗം. അതാണ് അവരുടെ വിജയരഹസ്യവും.

ജീവിതത്തില്‍ സങ്കടങ്ങളും വെല്ലുവിളികളും പരാജയങ്ങളും സംഭവിക്കുമ്പോള്‍ തളരാതെ വീറോടെ പൊരുതി ജയിക്കുന്നവനാരോ അവന്‍ ചരിത്രത്തിലിടം പിടിക്കുന്നു. അങ്ങനെ ചരിത്രത്തിലിടം പിടിച്ചവരില്‍ ചിലരെയെങ്കിലും അറിഞ്ഞാല്‍ പത്താം ക്ലാസോ പ്ലസ്ടുവോ തോറ്റത് കൊണ്ട് ജീവിതം വ്യര്‍ഥമായി എന്ന് നിരാശപ്പെടുന്നവര്‍ മാറിച്ചിന്തിച്ചേക്കാം

തമിഴ്‌നാട്ടിലെ രാമേശ്വരത്ത് പ്രഭാതങ്ങളില്‍ പത്രവിതരണം ചെയ്തും സായാഹ്നങ്ങളില്‍ കടലോരത്ത് കടലവിറ്റും വളര്‍ന്ന അവുല്‍ പക്കീര്‍ ജൈനുല്‍ ആബിദീന്‍ അബ്ദുല്‍ കലാമിനെ 'മിസൈല്‍ മാന്‍ ഓഫ് ഇന്ത്യ' ആക്കിത്തീര്‍ത്തത് ചങ്ങലക്കെട്ടുകളെ പൊട്ടിച്ചെറിഞ്ഞ് സ്വപ്നങ്ങളെ പുണരാനുള്ള വെമ്പലായിരുന്നു. കുടുംബത്തിലെ പ്രാരാബ്ധങ്ങളും സൗകര്യങ്ങളുടെ അഭാവവും കലാമിനെ കൂടുതല്‍ ശക്തനാക്കുകയായിരുന്നു.

അഞ്ചാം വയസ്സില്‍ ഫുട്‌ബോള്‍ കളിച്ചുതുടങ്ങി, 11ാം വയസ്സില്‍ വളര്‍ച്ചാ ഹോര്‍മോണിന്റെ അഭാവത്തില്‍ പകച്ചുപോയ ലയണല്‍ ആന്ത്രെസ് മെസ്സിയെ അഞ്ചുതവണ ലോകഫുട്‌ബോളര്‍ പട്ടം ചൂടിയ കാല്‍പന്തു മിശിഹയാക്കിത്തീര്‍ത്തത് വെല്ലുവിളികളോട് പടപൊരുതാനുള്ള ചങ്കുറപ്പായിരുന്നു. ഡോക്ടര്‍മാര്‍ പോലും കൈയ്യൊഴിഞ്ഞ കാലുകൊണ്ട് കാല്‍പ്പന്തുകളത്തില്‍ മെസ്സി രചിക്കുന്ന വീരേതിഹാസം പരാജയങ്ങളില്‍ പതറിപ്പോവുന്നവര്‍ക്കുള്ള ഓര്‍മ്മപ്പെടുത്തലാണ്.

വിദ്യാലയത്തിലെ അധ്യാപകര്‍ ബുദ്ദൂസ്(Block Headed) എന്നു വിളിച്ച ആല്‍ബര്‍ട്ട് ഐന്‍സ്റ്റീനാണ് പിന്നീട് ഊര്‍ജശാസ്ത്രത്തിന് സമാനതകളില്ലാത്ത സംഭാവനകള്‍ നല്‍കിയ, 162 ഐക്യൂ ബുദ്ധിശക്തി രേഖപ്പെടുത്തപ്പെട്ട, നോബേല്‍ സമ്മാനജേതാവായ വിഖ്യാത ശാസ്ത്രജ്ഞനായത്.

16 പ്രാവശ്യം എവറസ്റ്റിന് മുമ്പില്‍ തോറ്റുപോയ എഡ്മണ്ട് ഹിലാരി 17ാം ശ്രമത്തിലാണ് എവറസ്റ്റ് കീഴടക്കിയത്. 16ആം തവണ എവറസ്റ്റിന് മുന്നില്‍ പരാജയപ്പെട്ട ശേഷം ഏറ്റവും കൂടുതല്‍ ഉയരം കീഴടക്കിയതിന് ഹിലാരിക്ക് വേണ്ടി ഒരു അനുമോദന യോഗം സംഘടിപ്പിക്കപ്പെട്ടു. യോഗത്തില്‍ സംസാരിക്കുന്നതിനിടെ ഹാളിന് പിന്‍ഭാഗത്ത് തനിക്ക് അഭിമുഖമായി നില്‍ക്കുന്ന എവറസ്റ്റിന്റെ ചിത്രം ഹിലാരിയുടെ ശ്രദ്ധയില്‍പ്പെട്ടു. കത്തിജ്വലിക്കുന്ന കണ്ണുകളോടെ എവറസ്റ്റിനെ നോക്കി ഹിലാരി വെല്ലുവിളിച്ചു, 'മിസ്റ്റര്‍ എവറസ്റ്റ്, നിനക്കിനി വളരാന്‍ സാധിക്കില്ല, പക്ഷേ ഞാന്‍ മനുഷ്യനാണ്, ഇനിയും വളരും'. 17ആം ശ്രമത്തില്‍ എഡ്മണ്ട് ഹിലാരിയുടെ നിശ്ചയദാര്‍ഢ്യത്തിന് മുന്നില്‍ എവറസ്റ്റ് തലകുനിച്ചത് ചരിത്രം.

ബള്‍ഗേറിയയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച ഷൂട്ടര്‍മാരിലൊരാളായിരുന്നു കരോളി ടകാക്‌സ്. ചെറുപ്രായത്തില്‍ തന്നെ കരോളിയുടെ ഏറ്റവും വലിയ ആഗ്രഹം ഒളിമ്പിക്‌സില്‍ പങ്കെടുത്ത് സ്വര്‍ണ്ണം നേടണമെന്നായിരുന്നു. ബള്‍ഗേറിയന്‍ പട്ടാളത്തില്‍ ജോലി ചെയ്തിരുന്ന കരോളി നിരന്തര പ്രയത്‌നങ്ങള്‍ക്കൊടുവില്‍ രാജ്യത്തെ ഏറ്റവും മികച്ച ഷൂട്ടറായി മാറി. എന്നാല്‍ 1938ല്‍ പട്ടാളക്യാമ്പില്‍ വെച്ച് ഗ്രനേഡ് പൊട്ടി കരോളിയുടെ വലതുകൈ നഷ്ടമായി. 1939ല്‍ ദേശീയ ഷൂട്ടിംഗ് ചാമ്പ്യന്‍ഷിപ്പ് വേദിയില്‍ കരോളിയെത്തി. കൈ നഷ്ടമായിട്ടും മത്സരം കാണാന്‍ വന്ന കരോളിയുടെ മനക്കരുത്തിനെ സഹമത്സരാര്‍ത്ഥികള്‍ വാനോളം പുകഴ്ത്തി. താന്‍ കാണാനല്ല, മത്സരിക്കാനാണ് ഇവിടെയത്തിയതെന്ന് കരോളി പറഞ്ഞപ്പോള്‍ കേട്ടവരൊന്നടങ്കം സ്തബ്ധരായി. ഇടതുകൈ കൊണ്ട് എഴുത്ത് പോലും വശമില്ലാത്ത കരോളി രാപ്പകല്‍ ഭേദമന്യേ യത്‌നിച്ച് ഒരു വര്‍ഷം കൊണ്ട് ഷൂട്ടിങ്ങ് പരിശീലിച്ചു. ആ വര്‍ഷത്തെ ദേശീയ ചാമ്പ്യന്‍ കരോളിയായിരുന്നു.

ഒളിമ്പിക്‌സ് ലക്ഷ്യമാക്കി കരോളി പരിശീലനം തുടര്‍ന്നു. ദൗര്‍ഭാഗ്യവശാല്‍ രണ്ടാം ലോകമഹായുദ്ധത്തെ തുടര്‍ന്ന് 1940 ഒളിമ്പിക്‌സ് റദ്ദാക്കി. കരോളി പരിശീലനം തുടര്‍ന്നു. 1944 ഒളിമ്പിക്‌സും ലോകമഹായുദ്ധം മൂലം റദ്ദാക്കി. കരോളി തളര്‍ന്നു. പ്രായം അദ്ദേഹത്തെ തളര്‍ത്തി. എങ്കിലും നിശ്ചയദാര്‍ഢ്യം കൈവിടാതെ കരോളി പരിശീലനം തുടര്‍ന്നു. 1948 ഒളിമ്പിക്‌സില്‍ രണ്ട് കൈകളുള്ള ഭാഗ്യശാലികളെ തോല്‍പ്പിച്ച് സ്വര്‍ണ്ണപതക്കത്തില്‍ മുത്തമിട്ടത് ഒറ്റക്കൈയ്യനായ ആ ദൗര്‍ഭാഗ്യവാനായിരുന്നു... കരോളി ടകാക്‌സ്. 1952 ഒളിമ്പിക്‌സ വന്നെത്തി. കരോളി മത്സരിച്ചു. യൂത്തന്മാര്‍ ഒരുപാടെത്തി. സ്വര്‍ണ്ണപതക്കത്തില്‍ ആ ഒറ്റക്കൈയ്യന്‍ വീണ്ടും മുത്തമിട്ടു... കരോളി ടകാക്‌സ്. ഒരു കൈ പോയ കരോളി നഷ്ടപ്പെട്ടതോര്‍ത്ത് ദു:ഖിച്ചില്ല. തനിക്ക് മറ്റൊരു കൈ കൂടിയുണ്ടല്ലോ എന്നോര്‍ത്ത് ആത്മവിശ്വാസം കൊണ്ടു.

ടെലിവിഷനില്‍ മുഖം കാണിക്കാന്‍ യോഗ്യതയില്ലെന്നുപറഞ്ഞ് ഒരു ചാനല്‍ തള്ളിക്കളഞ്ഞ അമേരിക്കന്‍ പെണ്‍കൊടി ഓപ്‌റ വിന്‍്രേഫ ലോകം ഇന്നേവരെ കണ്ടതില്‍ വെച്ച് ഏറ്റവും മികച്ച അവതാരകരിലൊരാളായി മാറി. തെരുവുവിളക്കിന്റെ ചുവട്ടിലിരുന്ന് പഠിച്ച് വളര്‍ന്ന എബ്രഹാം ലിങ്കണ്‍ ജനാധിപത്യത്തിന് കരുത്തുറ്റ നിര്‍വചനങ്ങള്‍ നല്‍കി അമേരിക്കയുടെ എക്കാലത്തെയും മികച്ച പ്രസിഡന്റായി.

തന്റെ ജീവിതത്തിന്റെ സായാഹ്നവേളയില്‍ ആകെയുണ്ടായിരുന്ന ജീവിതസമ്പാദ്യമായ തുച്ഛമായ കാശുകൊണ്ട് വീടുകള്‍തോറും മസാലക്കൂട്ടുകള്‍ കൊണ്ടുള്ള ചിക്കന്‍ വിഭവങ്ങള്‍ വില്‍പനചെയ്തുനടന്ന കേണല്‍ ഹാര്‍ലണ്ട് സാന്‍ഡേര്‍സാണ് ഇന്ന് ലോകത്താകമാനം ആയിരക്കണക്കിന് ഔട്ട്‌ലെറ്റുകളുള്ള കെ എഫ്‌സിയുടെ സ്ഥാപകന്‍.

ഇങ്ങനെ പരാജയങ്ങളുടെ കയ്പ്പുനീര്‍ കുടിച്ച്, വെല്ലുവിളികള്‍ നിറഞ്ഞ ജീവിതത്തിലൂടെ കടന്നുവന്നവരാണ് സ്വപ്നങ്ങളും നിശ്ചയദാര്‍ഢ്യവും നിതാന്ത പരിശ്രമവും സമന്വയിപ്പിച്ച് തങ്ങളുടെ ജീവിതത്തില്‍ വലിയ വിജയങ്ങള്‍ നേടിയത്. മലയാളത്തിന്റെ പ്രിയപ്പെട്ട സംവിധായകന്‍ ലാല്‍ ജോസ് അണിയിച്ചൊരുക്കിയ 'വിക്രമാദിത്യനിലെ' ദുല്‍ഖര്‍ സല്‍മാന്റെ ഡയലോഗ് കൂടി അവസാനം പറഞ്ഞുവെക്കട്ടെ... 'ചെറിയ ലക്ഷ്യങ്ങളില്‍ തട്ടി വീണാലും വലിയ ലക്ഷ്യങ്ങള്‍ നമ്മെ കാത്തിരിക്കുന്നുണ്ടാകും, വീണ്ടും ഓടുന്നവര്‍ക്ക് മാത്രമായി'.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Article, Malayalam, Examination, Result, Suicide, Students, Parents, Article on Suicide After Exam Failures


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?