അന്ന് ഗുജറാത്ത് മോഡല്‍ വികസനം വേണമെന്ന് വാഴ്ത്തിയതിന്റെ പേരില്‍ സി പി എമ്മില്‍ നിന്ന് പുറത്തായി; ഇപ്പോള്‍ കോണ്‍ഗ്രസിനെ ഞെട്ടിച്ച് അബ്ദുല്ലക്കുട്ടി മോഡിയെ ഗാന്ധി മാര്‍ഗിയായി വാഴ്ത്തുന്നു

- സി കെ എ ജബ്ബാര്‍

കണ്ണൂര്‍: (www.kvartha.com 28.05.2019) നരേന്ദ്രമോഡിയെ വാഴ്ത്തി മുന്‍ എം.പി.എ.പി.അബ്ദുല്ലക്കുട്ടിയുടെ മുഖപുസ്തകലേഖനം. നരേന്ദ്രമോഡി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ 'ഗുജറാത്ത്‌മോഡല്‍ വികസനം' വേണമെന്ന് വാഴ്ത്തിയതിന്റെ പേരില്‍ സി.പി.എമ്മില്‍ നിന്ന് പുറത്തായ അബ്ദുല്ലക്കുട്ടി ഇപ്പോള്‍ വീണ്ടും മോഡിയെ വാഴ്ത്തി കോണ്‍ഗ്രസിനെയാണ് ഞെട്ടിച്ചത്.

കെ.സുധാകാരന്‍ ബി.ജെ.പി.യിലേക്ക് പോകുമെന്ന് ആരോപിച്ചവരെയും അല്‍ഭുതപ്പെടുത്തുന്നതാണ് സുധാകരെന്റ കോണ്‍ഗ്രസിലെ ഏറ്റവും അടുത്ത സഹചാരിയെന്ന് അറിയപ്പെടുന്ന അബ്ദുല്ലക്കുട്ടിയുടെ പുതിയ വെളിപ്പെടുത്തല്‍.

AP Abdullakutty Facebook post about Narendra Modi, Kannur, News, Narendra Modi, Prime Minister, Facebook, Post, Kerala

മോഡിയുടെ ജയത്തിന് പിന്നില്‍ അദ്ദേഹം മഹാത്മാഗാന്ധിജിയുടെ അടിസ്ഥാന വര്‍ഗത്തോടുള്ള സമീപനം പിന്തുടര്‍ന്നതിന്റെ മേന്‍മയാണെന്നാണ് അബ്ദുല്ലക്കുട്ടി അക്കമിട്ട് നിരത്തുന്നത്. എല്ലാ രാഷ്ടീയ പ്രവര്‍ത്തകരും വികാരങ്ങള്‍ മാറ്റി വെച്ച് നിഷ്പക്ഷമായി ശാന്തമായി വിശകലനം ചെയ്യേണ്ടതാണ് മോഡിയുടെ വിജയമെന്ന് അബ്ദുല്ലക്കുട്ടി പറയുന്നു.

ഗാന്ധിയന്‍ മൂല്യം ഗാന്ധിയുടെ നാട്ടുകാരന്‍ മോഡി തന്റെ ഭരണത്തില്‍ പ്രയോഗിച്ചു എന്നുള്ളതാണ് വിജയത്തിന്റെ പിന്നിലെ രഹസ്യമെന്ന് അബ്ദുല്ലക്കുട്ടി മുഖപുസ്തകത്തില്‍ പറഞ്ഞു. ഇതിന്റെ ഉദാഹരണമായി സ്വച്ച്ഭാരത് പദ്ധതിയുള്‍പ്പെടെയുള്ളവ അബ്ദുല്ലക്കുട്ടി എടുത്തു കാട്ടുന്നുണ്ട്. കറന്‍സി നിരോധനം വരുത്തി വെച്ച ദുരിതവും, ആള്‍ക്കൂട്ട കൊലപാതകങ്ങളോട് മോഡി കാണിച്ച മൗനവും ഉള്‍പ്പെടെയുള്ള മറ്റൊരു ഭാഗം കാണാതെ പോയതെന്തുകൊണ്ടാണെന്ന് ഇതേക്കുറിച്ച് അബ്ദുല്ലക്കുട്ടിയോട് ചോദിച്ചപ്പോള്‍ അദ്ദേഹത്തിന്റെ വിശദീകരണം ഇങ്ങനെയാണ്:

'ഇതൊരു തെരഞ്ഞെടുപ്പ് അവലോകനം മാത്രമാണ്. സാധാരണക്കാരനെ ആകര്‍ഷിക്കുന്ന പ്രവര്‍ത്തിയിലെ മാതൃകയാണെന്ന്് ഞാന്‍ ഊന്നിപ്പറഞ്ഞുവെന്നേയുള്ളു. മോഡിയുടെ സംഘ്പരിവാര്‍ രാഷ്ട്രീയവുമായി ബന്ധപ്പെട്ട വിയോജിപ്പുകള്‍ ശക്തമായി നിലനിര്‍ത്തികൊണ്ടുള്ളതാണ് എന്റെ ഈ വിലയിരുത്തല്‍'' എന്നും അബ്ദുല്ലക്കുട്ടി പറഞ്ഞു.

പാര്‍ലമെന്റ് അംഗമായിരിക്കെയാണ് 2008ല്‍ കണ്ണൂരിലെ വാണിജ്യവ്യവസായ വേദിയായ 'വെയ്ക്ക്' ഗള്‍ഫില്‍ സംഘടിപ്പിച്ച സെമിനാറില്‍ അബ്ദുല്ലക്കുട്ടി ഗുജറാത്തിനെ വികസന മാതൃകാ സംസ്ഥാനമായി അവതരിപ്പിച്ച് വിവാദനായകനായി സി.പി.എമ്മില്‍ നിന്ന് പുറത്തായത്. ഗുജറത്ത് മികച്ച നിക്ഷേപസൗഹൃദ സംസ്ഥാനമാണെന്ന നിലയില്‍ മാതൃകയാക്കണമെന്നായിരുന്നു അന്നത്തെ അബ്ദുല്ലക്കുട്ടിയുടെ പ്രസംഗം.

അതിന് ശേഷം പ്രകാശ് കാരാട്ട് അബ്ദുല്ലക്കുട്ടിയില്‍ നിന്ന് വിശദീകരണം തേടുകയായിരുന്നു. പക്ഷെ, അബ്ദുല്ലക്കുട്ടി നിലപാടില്‍ ഉറച്ചു നിന്നതോടെ സി.പി.എം പുറത്താക്കുകയായിരുന്നു.
ഇത്തവണ അബ്ദുല്ലക്കുട്ടി പാര്‍ലിമെന്റ് തെരഞ്ഞെടുപ്പ് വേളയില്‍ കണ്ണൂര്‍ പാര്‍ലിമെന്റ് മണ്ഡലത്തില്‍ കൂടുതല്‍ സജീവമായിരുന്നില്ല. എന്നാല്‍, സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ തെരഞ്ഞെടുപ്പ് യോഗങ്ങളില്‍ തിരക്കിട്ട പ്രസംഗകനായിരുന്നു അബ്ദുല്ലക്കുട്ടി.

അബ്ദുല്ലക്കുട്ടിയുടെ ഫേസ്ബുക്ക് ലേഖനത്തിന്റെ പൂര്‍ണ രൂപം:

നരേന്ദ്ര മോഡിയുടെ മഹാവിജയത്തെ പറ്റി നരേന്ദ്രമോഡിയുടെ അത്യുഗ്രന്‍ വിജയത്തെ കുറിച്ചുള്ള പല നിരീക്ഷണങ്ങളും പുറത്ത് വന്നു കൊണ്ടിരിക്കുകയാണല്ലോ. എന്തുകൊണ്ട് ഈ വിജയം ഉണ്ടായി?

എന്റെ FB കൂട്ടുകാരുടെ സമക്ഷത്തിങ്കലേക്ക് ചില തോന്നലുകള്‍ തുറന്നു പറയട്ടെ. പ്രതിപക്ഷക്കാര്‍ മാത്രമല്ല BJP ക്ക് അകത്തുള്ളവരെ പോലും ആശ്ചര്യപ്പെടുത്തുന്ന വിജയമാണ് ഉണ്ടായത്. എല്ലാ രാഷ്ടീയ പ്രവര്‍ത്തകരും വികാരങ്ങള്‍ മാറ്റി വെച്ച് നിഷ്പക്ഷമായി ശാന്തമായി വിശകലനം ചെയ്യേണ്ട സംഗതിയാണിത്.

നരേന്ദ്ര മോഡിയുടെ ഭരണതന്ത്രജ്ഞതയുടെ വികസന അജണ്ടയുടെ അംഗീകാരം തന്നെയാണിത്. വളരെ കൗതുകകരമായ ഒരു കാര്യം ഇദ്ദേഹത്തിനെ ജനപ്രിയനാക്കിയതിന്റെ രഹസ്യം ഒരു ഗാന്ധിയന്‍ മൂല്യം ഗാന്ധിയുടെ നാട്ടുകാരന്‍ മോഡി തന്റെ ഭരണത്തില്‍ പ്രയോഗിച്ചു എന്നുള്ളതാണ്.

മഹാത്മാ ഗാന്ധി പൊതുപ്രവര്‍ത്തകരോട് പറഞ്ഞു.... നിങ്ങള്‍ ഒരു നയം ആവിഷ്‌ക്കരിക്കുമ്പോള്‍ ജീവിതത്തില്‍ കണ്ടുമുട്ടിയ ഏറ്റവും പാവപ്പെട്ടവന്റെ മുഖം ഓര്‍മ്മിക്കുക... ശ്രീ മോഡി അത് കൃത്യമായി നിര്‍വഹിച്ചു.

1) സ്വച്ച് ഭാരത് സ്‌കീമില്‍ 9.16 കോടി കുടുംബങ്ങള്‍ക്ക് സ്വന്തം ടോയ് ലെറ്റ് നല്‍കി

2) പ്രധാനമന്ത്രി ഉജ്വലയോജന സ്‌കീമില്‍ ആറു കോടി കുടുംബങ്ങള്‍ക്കാണ് സൗജന്യമായി LPG ഗ്യാസ് കണക്ഷന്‍ നല്‍കിയത്

കേരളം വിട്ടാല്‍ നാമല്ലാം കണ്ട സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും ദയനീയമായ കാഴ്ചയായിരുന്നു വെളിം പ്രദേശത്ത് മലമൂത്ര വിസര്‍ജനത്തിനിരിക്കുന്ന പാവങ്ങളുടെ ചിത്രം. മോഡി ഒരു പരിധിവരെ അതിനോട് നീതി കാണിച്ചു.

ചാണകം ഉണക്കി, ഉണക്ക ചില്ലക്കമ്പുകള്‍ ശേഖരിച്ച് അടുപ്പു ഊതി തളര്‍ന്നു പോയ 6 കോടി അമ്മമാര്‍ക്ക് മോഡി നല്‍കിയ ആശ്വാസം എത്ര ഹൃദ്യമാണ്. ജനകോടികളില്‍ അദ്ദേഹത്തെ പ്രിയങ്കരനാക്കി. ഇതൊക്കെ ഒരു കാരണമല്ലെ ?

സ്മാര്‍ട്ട് സിറ്റികളും ബുള്ളറ്റ് ട്രെയിന്‍ ഉള്‍പ്പെടെ നിരവധി സ്വപ്ന പദ്ധതികള്‍ രാഷ്ടീയ അജണ്ടയില്‍ കൊണ്ടുവന്നത് കാണാതെ പോകരുത്... നമ്മുടെ രാഷ്ട്രീയം മെല്ലെ മാറുകയാണ്. വിജയങ്ങള്‍ ഇനി വികസനങ്ങള്‍ക്കൊപ്പമാണ്....നരേന്ദ്രമോഡിയെ വിമര്‍ശിക്കുമ്പോള്‍ ഈ യാഥാര്‍ത്ഥ്യങ്ങള്‍ വിസ്മരിക്കരുത്....

പല വികസിത സമൂഹത്തിലും തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ രാജ്യ വികസനത്തിലും ജനങ്ങളുടെ പുരോഗതിക്കും കൈകോര്‍ത്ത് നില്‍ക്കുന്ന ഭരണ പ്രതിപക്ഷ ശൈലിയും നാം ചര്‍ച്ചക്ക് എടുക്കാന്‍ സമയമായി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: AP Abdullakutty Facebook post about Narendra Modi, Kannur, News, Narendra Modi, Prime Minister, Facebook, Post, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?