മാപ്പിളപ്പാട്ടിന്റെ ഇശലുകള്‍ കൊണ്ട് ആസ്വാദകരെ വിസ്മയിപ്പിച്ച അനുഗ്രഹീത കലാകാരന്‍; പെട്രോമാക്‌സിന്റെ മങ്ങിയ വെളിച്ചത്തില്‍ പാടിത്തുടങ്ങി സംഗീതപ്രേമികളുടെ മനധാരില്‍ കൂടുകെട്ടിയ വാനമ്പാടി; എരഞ്ഞോളി മൂസ ഓര്‍മ്മയാകുമ്പോള്‍

കണ്ണൂര്‍: (www.kvartha.com 06.05.2019) മാപ്പിളപ്പാട്ടിന്റെ ഇശലുകള്‍ കൊണ്ട് ആസ്വാദകരെ വിസ്മയിപ്പിച്ച അനുഗ്രഹീത കലാകാരനായിരുന്നു എരഞ്ഞോളി മൂസ. 1940 മാര്‍ച്ച് പതിനെട്ടിന് കണ്ണൂര്‍ ജില്ലയിലെ തലശ്ശേരിക്കടുത്തുള്ള എരഞ്ഞോളിയിലാണ് ഇദ്ദേഹം ജനിച്ചത്. കേരളത്തിലെ പ്രശസ്തനായ മാപ്പിളപ്പാട്ട് രചയിതാവ്, പിന്നണി ഗായകന്‍ എന്നീ നിലകളിലും എരഞ്ഞോളി മൂസ ശ്രദ്ധേയനായി. എരഞ്ഞോളി വലിയകത്തെ ആസിയയുടെയും അബ്ദുവിന്റെയും മകനായ ഇദ്ദേഹം, വലിയകത്ത് മൂസ എന്നായിരുന്നു ആദ്യകാലത്ത് അറിയപ്പെട്ടിരുന്നത്. രാഘവന്‍ മാസ്റ്ററുടെ കൈപിടിച്ച് ആകാശവാണിയില്‍ പാടിയത് മുതലാണ് എരഞ്ഞോളി മൂസ എന്നപേര് പ്രസിദ്ധമാകുന്നത്

അരിമുല്ലപ്പൂമണം ഉള്ളോളെ അഴകിലേറ്റം ഗുണമുള്ളോളെ... എന്നു തുടങ്ങുന്ന ഗാനത്തോടെയാണ് എരഞ്ഞോളി മൂസ പാട്ടുജീവിതം ആരംഭിക്കുന്നത്. ദാരിദ്ര്യത്തിന്റെ പൂമുഖത്ത് നിന്ന് ജീവിതത്തിലേക്ക് കാലെടുത്ത് വച്ച മൂസ ജീവിതസാഹചര്യങ്ങള്‍ കൊണ്ട് മൂന്നാം ക്ലാസ്സില്‍ തന്നെ പഠിത്തം നിര്‍ത്തി. പഴയ കോഴിക്കോടിന്റെ ആത്മസംഗീതമായിരുന്ന എം എസ് ബാബുരാജ്, കണ്ണൂര്‍ രാജന്‍ എന്നിവരുടെ പാട്ടുകള്‍ കേട്ടാണ് മൂസ വളര്‍ന്നത്. തുടര്‍ന്നങ്ങോട്ട് മാപ്പിളപ്പാട്ടിന്റെ ലോകത്ത് മലബാറിന്റെ ശബ്ദം ആവുകയായിരുന്നു ഇദ്ദേഹം. ഗ്രാമീണ കലാസമിതികളിലൂടെയാണ് എരഞ്ഞോളി മൂസ വളര്‍ന്നത്. ഹിന്ദുസ്ഥാനി സംഗീതത്തെ മലയാളിയുടെ മണ്ണിലേക്ക് പറിച്ചു നട്ട വിഖ്യാത ഹിന്ദുസ്ഥാനി സംഗീതജ്ഞന്‍ ശരത്ചന്ദ്ര മറാഠെയുടെ കീഴില്‍ രണ്ടുവര്‍ഷം സംഗീതവും പഠിച്ചു. കല്യാണവീടുകളില്‍ പെട്രോമാക്‌സിന്റെ മങ്ങിയ വെളിച്ചത്തില്‍ പാടിത്തുടങ്ങിയ എരഞ്ഞോളി മൂസ പിന്നീട് ആയിരത്തിലധികം മാപ്പിളപ്പാട്ടുകള്‍ക്കും ഒട്ടേറെ നാടക ഗാനങ്ങള്‍ക്കും നാദമേകി.


കേരളത്തിനകത്തും പുറത്തും വിവിധ വേദികള്‍ കയ്യടക്കിയ മൂസ ഗള്‍ഫ്‌നാടുകളില്‍ ഏറ്റവും കൂടുതല്‍ സ്‌റ്റേജ്‌ഷോ അവതരിപ്പിച്ച മാപ്പിളപ്പാട്ട് ഗായകന്‍ എന്ന ബഹുമതിക്കര്‍ഹനാണ്. കേരളത്തിന് പുറത്തും, പ്രത്യേകിച്ച് ഗള്‍ഫ് നാടുകളിലും വളരെ വലിയ ആരാധകവൃന്ദമാണ് മൂസയ്ക്ക് ഉണ്ടായിരുന്നത്. ഇദ്ദേഹത്തിന്റെ സ്‌റ്റേജ് ഷോ നടക്കുന്ന സ്ഥലങ്ങളില്‍ ക്ഷണിക്കപ്പെടാതെ എത്തുന്ന വലിയ ജനകൂട്ടം ആരെയും അതിശയിപ്പിക്കുന്നതാണ്. മുന്നൂറിലധികം സ്‌റ്റേജ് ഷോകളാണ് എരഞ്ഞോളി മൂസ ഗള്‍ഫില്‍ നടത്തിയിട്ടുള്ളത്. കേരളാ ഫോക്ലോര്‍ അക്കാദമിയുടെ വൈസ് ചെയര്‍മാനായിരുന്നു.

മിഅ്‌റാജ്, മൈലാഞ്ചിയരച്ചല്ലോ, കെട്ടുകള്‍ മൂന്നും കെട്ടി, തുടങ്ങി നൂറുകണക്കിന് പ്രശസ്തമായ മാപ്പിളപ്പാട്ടുകളും നിരവധി നാടക ഗാനങ്ങളും ഇദ്ദേഹത്തിന്റേതായിട്ടുണ്ട്. ജീവിതം പാടുന്ന ഗ്രാമഫോണ്‍ (ഡിസി ബുക്ക് പ്രസിദ്ധീകരിച്ചത്) എന്ന ആത്മകഥ രചിച്ചിരുന്നു. കുഞ്ഞാമിയാണ് ഭാര്യ. നസീറ, നിസാര്‍, സാദിഖ്, സമീം, സാജിദ എന്നിവരാണ് മക്കള്‍.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, Kannur, News, Song, Death, Singer, Eranjoli Moosa, Remembrance of Eranjoli Moosa


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?