കാസര്‍കോട്ട് കല്യാശേരിയിലെ 69, 70 ബൂത്തുകളില്‍ കള്ളവോട്ട് ചെയ്തതായി കണ്ടെത്തി, യുവാവ് വ്യാഴാഴ്ച നേരിട്ട് ഹാജരാകാന്‍ ജില്ലാകലക്ടര്‍ നിര്‍ദേശം നല്‍കി

കാസര്‍കോട്: (www.kasargodvartha.com 01.05.2019) കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലത്തില്‍ കല്യാശേരിയിലെ 69, 70 ബൂത്തുകളില്‍ യുവാവ് കള്ളവോട്ട് നടത്തിയതായി കണ്ടെത്തി. ഇതേതുടര്‍ന്ന് ഫായിസ് എന്നയാളെ വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് നേരിട്ട് ഹാജരാകാന്‍ വരണാധികാരി കൂടിയായ കാസര്‍കോട് ജില്ലാ കളക്ടര്‍ ഡോ. ഡി സജിത്ബാബു നിര്‍ദേശം നല്‍കി. ബുധനാഴ്ച രാവിലെ മുതല്‍ നടത്തിയ വെബ് കാസ്റ്റിംഗ് പരിശോധനയില്‍ രണ്ട് തവണ വോട്ട് ചെയ്തതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. നേരിട്ട് ഹാജരായില്ലെങ്കില്‍ ഇവരെ അറസ്റ്റ് ചെയ്യാന്‍ ഉത്തരവിടാനും കളക്ടര്‍ക്ക് അധികാരമുണ്ട്.

കല്യാശേരി നിയോജക മണ്ഡലത്തിലെ 69, 70 നമ്പര്‍ ബൂത്തുകളായ പുതിയങ്ങാടിയിലെ രണ്ടു ബൂത്തുകളില്‍ യുവാവ് കള്ളവോട്ട് ചെയ്‌തെന്ന സിപിഎമ്മിന്റെ പരാതിയില്‍ മുഖ്യതെരഞ്ഞെടുപ്പ് ഓഫീസറുടെ നിര്‍ദേശപ്രകാരമാണ് കളക്ടര്‍ അന്വേഷണം നടത്തിയത്. ആദ്യഘട്ട തെളിവെടുപ്പില്‍ മുഹമ്മദ് ഫായിസ് കള്ളവോട്ട് ചെയ്തതായി കണ്ടെത്തിയെന്ന് ജില്ലാ കലക്ടര്‍ മാധ്യമങ്ങളോട് പറഞ്ഞു. 69ാം നമ്പര്‍ ബൂത്തിലും 70ാം നമ്പര്‍ ബൂത്തിലും ഫായിസ് വോട്ട് ചെയ്തതായാണ് തിരിച്ചറിഞ്ഞത്. വ്യാഴാഴ്ച ഇദ്ദേഹത്തിന്റെ മൊഴി രേഖപ്പെടുത്തിയ ശേഷം തുടര്‍നടപടി തീരുമാനിക്കുമെന്നും കളക്ടര്‍ വ്യക്തമാക്കി.

ഇതേ ബൂത്തുകളിലായി മറ്റൊരാളും കള്ളവോട്ട് ചെയ്തതായി പരാതിയുണ്ട്. ആഷിഖ് എന്നയാള്‍ 69, 70 നമ്പര്‍ ബൂത്തുകളിലായി മൂന്ന് തവണ വോട്ട് ചെയ്‌തെന്നാണ് ആരോപണം. എന്നാല്‍ രാവിലെ നടന്ന വെബ് കാസ്റ്റിംഗില്‍ ഇത് വ്യക്തമായിട്ടില്ലെന്നും ഉച്ചയ്ക്ക് ശേഷം ഒരുതവണ കൂടി വീഡിയോ ദൃശ്യം പരിശോധിക്കുമെന്നും കലക്ടര്‍ മാധ്യമങ്ങളോട് പറഞ്ഞു.

പോളിങ് ബൂത്തിലെ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരില്‍ നിന്നും മറ്റും വിവരങ്ങള്‍ ശേഖരിച്ച് സെക്ടറല്‍ ഓഫീസറുടെ സഹായത്തോടെയാണ് അന്വേഷണം നടത്തിയത്. അതേസമയം കള്ളവോട്ട് നടന്നിട്ടും ഇരുബൂത്തുകളിലെയും പോളിംഗ് ഏജന്റുമാര്‍ എതിര്‍പ്പ് അറിയിച്ചിരുന്നില്ലെന്നാണ് ബൂത്തില്‍ പോളിംഗ് ഡ്യൂട്ടി ഉണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ കളക്ടര്‍ക്ക് മൊഴി നല്‍കിയത്. കള്ളവോട്ട് തടയാനുള്ള ഉത്തരവാദിത്വം ബൂത്ത് ഏജന്റുമാര്‍ക്കും ഉണ്ടെന്നും കലക്ടര്‍ വിശദീകരിച്ചു.

കാസര്‍കോട് ലോക്‌സഭാ മണ്ഡലത്തിലെ പുതിയങ്ങാടി ജമാഅത്ത് സ്‌കൂളിലെ രണ്ട് ബൂത്തുകളില്‍ ആഷിഖ്, ഫായിസ് എന്നിവര്‍ കള്ളവോട്ട് ചെയ്‌തെന്നായിരുന്നു സിപിഎമ്മിന്റെ ആരോപണം. ഇതിന്റെ ദൃശ്യങ്ങളും സിപിഎം പുറത്തുവിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പരാതിയില്‍ അന്വേഷണം നടത്താന്‍ മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ജില്ലാ കളക്ടര്‍ക്ക് നിര്‍ദേശം നല്‍കിയത്.

അതേസമയം തൃക്കരിപ്പൂര്‍ നിയമസഭാ മണ്ഡലത്തിലെ 48 ാം നമ്പര്‍ ബൂത്തില്‍ യുവാവ് രണ്ടു തവണ വോട്ട് ചെയ്തുവെന്ന പരാതി അന്വേഷിച്ച് ജില്ല കലക്ടര്‍ സിഇഒയ്ക്ക് റിപോര്‍ട്ട് സമര്‍പ്പിച്ചു. ചീമേനി കരക്കാട് സ്വദേശി കെ ശ്യാംകുമാര്‍ കലക്ടര്‍ക്ക് മുമ്പാകെ നല്‍കിയ വിശദീകരണത്തിന്റെ അടിസ്ഥാനത്തിലാണ് ചൊവ്വാഴ്ച രാത്രി 10.30 മണിയോടെ കലക്ടര്‍ റിപോര്‍ട്ട് സമര്‍പ്പിച്ചത്.


Related News: കള്ളവോട്ട് നടത്തിയിട്ടില്ല; തിരിച്ചറിയല്‍ കാര്‍ഡ് എടുക്കാന്‍ മറന്നതിനാല്‍ തിരിച്ചുപോവുകയായിരുന്നുവെന്ന് യുവാവിന്റെ വിശദീകരണം, തൃക്കരിപ്പൂര്‍ മണ്ഡലത്തിലെ കള്ള വോട്ട് വിവാദത്തില്‍ അന്വേഷണം തുടരുന്നു, വെബ് കാസ്റ്റിംഗ് പരിശോധിക്കുമെന്ന് കലക്ടര്‍


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kasaragod, Kerala, News, Trending, Election, District Collector, Payyannur, Bogus vote found in 69th and 70th booths in Kalyasery 
 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?