പ്രളയത്തെ അതിജീവിച്ച് 4 ലക്ഷത്തിലധികം വിദ്യാര്‍ത്ഥികള്‍; എസ്എസ്എല്‍സി ഫലം പ്രഖ്യാപിച്ചു, 98.11 ശതമാനം വിജയം

തിരുവനന്തപുരം: (www.kvartha.com 06.05.2019)  2018-19 അദ്ധ്യയന വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷ ഫലം പ്രഖ്യാപിച്ചു. 98.11 ആണ്ഇത്തവണത്തെ വിജയശതമാനം. തിരുവനന്തപുരത്ത് ഉച്ചയ്ക്ക് രണ്ട് മണിക്ക് സംസ്ഥാന വിദ്യാഭ്യാസ സെക്രട്ടറിയാണ് ഫലം പ്രഖ്യാപിച്ചത്. രാവിലെ പരീക്ഷാ ബോര്‍ഡ് യോഗം ചേര്‍ന്ന് ഫലം അംഗീകരിച്ചിരുന്നു. സാധാരണ വിദ്യാഭ്യാസ മന്ത്രിമാരാണ് ഫലപ്രഖ്യാപനം നടത്താറുള്ളത്. എന്നാല്‍ ഈ വര്‍ഷം തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍ വിദ്യാഭ്യാസ മന്ത്രിക്ക് പകരം വിദ്യാഭ്യാസ സെക്രട്ടറി ആണ് ഫലം പ്രഖ്യാപിച്ചത്. മഹാപ്രളയത്തെ തുടര്‍ന്ന് ഏറ്റവും കൂടുതല്‍ ക്ലാസുകള്‍ നഷ്ടപ്പെട്ട അദ്ധ്യന വര്‍ഷം കൂടിയാണ് ഇത്തവണത്തേത്.

97.84 ശതമാനമായിരുന്നു കഴിഞ്ഞ വര്‍ഷത്തെ വിജയശതമാനം. 37,334 വിദ്യാര്‍ത്ഥികള്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടി. കഴിഞ്ഞ വര്‍ഷം 34311 വിദ്യാര്‍ത്ഥികളായിരുന്നു. ഏറ്റവും കൂടുതല്‍ എ പ്ലസുകളുള്ള ജില്ല മലപ്പുറമാണ്. ആറ് ഗള്‍ഫ് സെന്ററുകള്‍ നൂറ് ശതമാനം വിജയം നേടി. കൂടുതല്‍ വിജയം പത്തനംതിട്ട (99.3)യിലും കുറവ് വയനാട്ടി(93.22)ലുമാണ്. ഏറ്റവും കൂടുതല്‍ വിജയശതമാനമുള്ള വിദ്യാഭ്യാസ ജില്ല കുട്ടനാടാണ്. പ്രളയം ഏറ്റവും കൂടുതല്‍ ബാധിച്ച പ്രദേശം കൂടിയാണ് കുട്ടനാട്.

4,35,142 വിദ്യാര്‍ത്ഥികളാണ് ഇത്തവണ എസ്എസ്എല്‍സി പരീക്ഷയെഴുതിയത്. മൂന്ന് ഘട്ടങ്ങളായാണ് ഇത്തവണ മൂല്യ നിര്‍ണ്ണയം നടത്തിയത്. എസ്എസ്എല്‍സിക്കൊപ്പം ടിഎച്ച്‌സ്എല്‍സി, ടിഎച്ച്‌സ്എല്‍സി (ഹിയറിംഗ് ഇംപേര്‍ഡ്), എസ്എസ്എല്‍സി (ഹിയറിംഗ് ഇംപേര്‍ഡ്), എഎച്ച്എസ്എല്‍സി എന്നീ പരീക്ഷകളുടെ ഫലവും പ്രഖ്യാപിച്ചു.

keralapareeksahabhavan.in, sslcexam.kerala.gov.in, results.kite.kerala.gov.in, results.kerala.nic.in, prd.kerala.gov.in എന്നീ വെബ്‌സൈറ്റുകളിലൂടെയും പിആര്‍ഡി ലൈവ്, സഫലം 2019 എന്നീ മൊബൈല്‍ ആപ്പുകളിലൂടെയും ഫലം ലഭ്യമാണ്. വ്യക്തിഗത ഫലങ്ങള്‍ക്ക് പുറമെ സ്‌കൂള്‍, വിദ്യാഭ്യാസ ജില്ല, റവന്യൂജില്ലാ തലങ്ങളിലുള്ള റിസള്‍ട്ട് അവലോകനം, വിഷയാധിഷ്ഠിത അവലോകനങ്ങള്‍, വിവിധ റിപ്പോര്‍ട്ടുകള്‍, ഗ്രാഫിക്‌സുകള്‍ തുടങ്ങിയവ ഉള്‍ക്കൊള്ളുന്ന പൂര്‍ണ വിശകലനവും പോര്‍ട്ടലിലും മൊബൈല്‍ ആപ്പിലും ലഭ്യമാണ്. മൂന്ന് മണി മുതല്‍ 'റിസള്‍ട്ട് അനാലിസിസ്' എന്ന ലിങ്കില്‍ കയറിയാല്‍ ലോഗിന്‍ ചെയ്യാതെ തന്നെ പൂര്‍ണ വിശകലനം ലഭ്യമാകും.



Keywords: Kerala, Thiruvananthapuram, News, SSLC, Result, Education, Trending, Kerala SSLC Result announced 



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?