2024ലെ തെരഞ്ഞെടുപ്പില്‍ ബിജെപി ഒറ്റയ്ക്ക് നേടേണ്ടത് 333 സീറ്റുകള്‍; മുന്നൊരുക്കം തുടങ്ങുന്നത് കേരളത്തില്‍ നിന്ന്; ഹിന്ദിക്കാരുടെ പാര്‍ട്ടിയല്ല ഇന്ത്യക്കാരുടെ പാര്‍ട്ടിയെന്ന പ്രചരണം കൊഴുപ്പിച്ച് കേരളം പിടിക്കണം; ഇതിനായി ബൂത്തുതലം മുതല്‍ പന്ന പ്രമുഖിനെ നിയമിക്കും; ഓരോ ഇടങ്ങളിലും ഉയര്‍ത്തിക്കൊണ്ടുവരേണ്ട വിഷയങ്ങളെന്താണെന്ന് ആര്‍എസ്എസും ബിജെപിയും കൂട്ടായി ചര്‍ച്ച ചെയ്ത് നിര്‍ണയിക്കും; മന്ത്രിസഭ പോലും രൂപീകരിക്കുന്നതിന് മുമ്പേ ദക്ഷിണേന്ത്യയും അടുത്ത ഭരണവും ലക്ഷ്യമിട്ട് അമിതാ ഷായും മോദിയും; നേതൃസ്ഥാനത്ത് ആരെയിരുത്തുമെന്ന കാര്യത്തില്‍ പോലും സമവായമാകാതെ കോണ്‍ഗ്രസ്

ന്യൂഡല്‍ഹി:(www.kvartha.com 29/05/2019) ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തോടെ വിജയിച്ചെങ്കിലും മന്ത്രിസഭ പോലും രൂപീകരിക്കുന്നതിന് മുമ്പേ ദക്ഷിണേന്ത്യയും അടുത്ത ഭരണവും ലക്ഷ്യമിട്ട് പ്രവര്‍ത്തനത്തിന് തുടക്കം കുറിക്കുകയാണ് ചാണക്യന്‍ അമിതാ ഷായും നരേന്ദ്രമോദിയും. ഇത്തവണ ഒറ്റയ്ക്ക് 300ലേറെ സീറ്റ് നേടി രാജ്യമൊട്ടാകെ സംഹാരതാണ്ഡവമാടിയെങ്കിലും ദക്ഷിണേന്ത്യയില്‍ കാര്യമായ ചലനമുണ്ടാക്കാന്‍ ബിജെപിക്ക് സാധിച്ചിരുന്നില്ല. കേരളം, തമിഴ്‌നാട്, ആന്ധ്രപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലൊന്നും ബിജെപിക്ക് നിലംതൊടാനായിട്ടില്ല. അതുകൊണ്ട് തന്നെ ഇത്തവണ കേരളത്തില്‍ നിന്ന് തന്നെ മുന്നൊരുക്കങ്ങള്‍ തുടങ്ങാനാണ് ബിജെപിയുടെ തീരുമാനം.

News, New Delhi, National, BJP, Congress, RSS,BJP preparation started for 2024

ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പിലേറ്റ ദയനീയതോല്‍വിയുടെ ആഘാത്തതില്‍ നിന്ന് മുഖ്യപ്രതിപക്ഷ പാര്‍ട്ടിയായ കോണ്‍ഗ്രസ് ഇതുവരെ മുക്തരായിട്ടില്ല. എന്നാല്‍ പുതിയ എംപിമാരും മന്ത്രിസഭയും സത്യപ്രതിജ്ഞ ചെയ്യുന്നതിനുമുമ്പേ ബിജെപി 2024ലേക്കുള്ള മുന്നൊരുക്കം തുടങ്ങിയത് രാഷ്ട്രീയകേന്ദ്രങ്ങളില്‍ ഞെട്ടലുണ്ടാക്കിയിട്ടുണ്ട്. അടുത്ത പൊതുതെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് 333 സീറ്റ് നേടണമെന്നാണ് ബിജെപിയുടെ ലക്ഷ്യം. അതിനായി ദക്ഷിണേന്ത്യ കേന്ദ്രീകരിച്ച് പദ്ധതി ആവിഷ്‌കരിക്കാനാണ് തീരുമാനം.

കേരളത്തില്‍ നിന്ന് അതിനുള്ള മുന്നൊരുക്കം തുടങ്ങാനാണ് തീരുമാനമെന്ന് ബിജെപി വ്യാപനത്തിന് ആര്‍എസ്എസ് നിയോഗിച്ച ദേശീയ സെക്രട്ടറി സുനില്‍ ദേവ്ദര്‍ പറഞ്ഞു. അഞ്ച് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നാലിലും സംഘടനാ അടിത്തറ വിപുലപ്പെടുത്താന്‍ ഒരുക്കങ്ങള്‍ തുടങ്ങിയിട്ടുണ്ട്. ഈ സംസ്ഥാനങ്ങളില്‍ നടക്കാനിരിക്കുന്ന ചില നിയമസഭ തെരഞ്ഞെടുപ്പുകളാണ് ആദ്യ ലക്ഷ്യം.

രാജ്യത്ത് ആര്‍എസ്എസിന് ഏറ്റവും കൂടുതല്‍ ശാഖകളുള്ള കേരളത്തില്‍ ബിജെപിക്ക് ഇതുവരെ കാര്യമായ ചലനം ഉണ്ടാക്കാന്‍ സാധിച്ചിട്ടില്ല. സംസ്ഥാനത്ത് താരതമ്യേന മെച്ചപ്പെട്ട വോട്ടുവിഹിതം ലഭിക്കുന്നുണ്ടെങ്കിലും വിജയം മാത്രം അകലെയാണ്. ഈ പ്രശ്‌നങ്ങള്‍ പഠിച്ച് ബിജെപി വ്യാപിപ്പിക്കാനാണ് തീരുമാനം. ദക്ഷിണേന്ത്യ പിടിച്ച് അടുത്ത ഭരണവും കൈപ്പിടിയിലൊതുക്കാനുള്ള ശ്രമങ്ങള്‍ക്കുള്ള ആദ്യ ചര്‍ച്ച കേരളത്തില്‍ നിന്നാണ് തുടങ്ങുന്നത്. കര്‍ണാടകയില്‍ 28ല്‍ 25 സീറ്റുകളും നേടിയിട്ടും കേരളം, തമിഴ്‌നാട്, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ നിലം തൊടാത്ത സാഹചര്യത്തില്‍ താഴെ തട്ടുമുതല്‍ പ്രവര്‍ത്തനം ശക്തിപ്പെടുത്താനാണ് നീക്കം. ഇതിനായി ബൂത്ത് തലത്തില്‍ പന്ന പ്രമുഖിനെ നിയമിച്ചുതുടങ്ങും. ഓരോ ഇടങ്ങളിലും ഉയര്‍ത്തിക്കൊണ്ടുവരേണ്ട വിഷയങ്ങളെന്താണെന്ന് ആര്‍എസ്എസും ബിജെപിയും കൂട്ടായി ചര്‍ച്ചചെയ്തായിരിക്കും നിര്‍ണയിക്കുക.

ശബരിമല വിഷയം ആളിക്കത്തിച്ച് തിരുവനന്തപുരമടക്കം മൂന്നുസീറ്റുകള്‍ പിടിച്ചടക്കാമെന്ന് ഇത്തവണ പ്രതീക്ഷിച്ചിരുന്നെങ്കിലും ബിജെപിയുടെ പ്രചരണത്തിന്റെ ഫലമെല്ലാം ലഭിച്ചത് യുഡിഎഫിനാണ്. എല്‍ഡിഎഫിനെതിരെ ബിജെപി കാടിളക്കി പ്രചരണം നടത്തിയെങ്കിലും അത് അവര്‍ക്ക് അനുകൂലമായില്ല. കേരളത്തില്‍ ബിജെപിയുടെ വ്യാപനത്തെ സംബന്ധിച്ച് നേതൃതലത്തില്‍ കാര്യമായ ചര്‍ച്ച നടത്തും. കേരളത്തില്‍ ബിജെപിയിലെ നേതൃമാറ്റം ഇപ്പോള്‍ ചര്‍ച്ച ചെയ്യാനിടയില്ല. ശബരിമല വിധിക്കുശേഷം സിപിഎമ്മിന്റെയും കോണ്‍ഗ്രസിന്റെയും വോട്ടുബാങ്ക് എങ്ങനെ പിടിച്ചെടുക്കാം എന്നത് സംബന്ധിച്ചായിരിക്കും ചര്‍ച്ച നടത്തുക.

ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മാതൃഭാഷയ്ക്കും അതത് പ്രാദേശിക പാര്‍ട്ടികള്‍ക്കും ജനങ്ങള്‍ക്കിടയിലുള്ള പിന്തുണ മനസിലാക്കി കളം മാറ്റിക്കളിക്കാനാണ് ബിജെപി തീരുമാനം. ബിജെപി ഹിന്ദിക്കാരുടെ പാര്‍ട്ടിയല്ലെന്നും ഇന്ത്യക്കാരുടെ പാര്‍ട്ടിയാണെന്നുമുള്ള നിലയില്‍ അടുത്ത തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ പരിചയപ്പെടുത്തനാണ് നീക്കം. ഇത്തരത്തില്‍ പ്രചരണം കൊഴുപ്പിച്ചായിരിക്കും കേരളമടക്കമുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പിനെ നേരിടുക. ഹിന്ദി സംസാരിക്കുന്നവരുടെ പാര്‍ട്ടിയാണ് ബിജെപി എന്ന നില മാറിയാലേ ഭാഷാപ്രേമം കൂടുതലുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നേട്ടമുണ്ടാക്കാനാകൂ എന്ന തിരിച്ചറിവിനെ തുടര്‍ന്നാണ് തീരുമാനം.

ആന്ധ്രപ്രദേശില്‍ ബിജെപി വ്യാപിപിക്കുന്നതിന്റെ ഭാഗമായി ചുമതലയുള്ള താന്‍ തെലുങ്ക് ഭാഷ പഠിക്കുകയാണെന്ന് ദേശീയ സെക്രട്ടറി ദേവ്ദര്‍ പറഞ്ഞു. ബംഗാളിലും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും പാര്‍ട്ടി വ്യാപനം സാധ്യമാക്കാന്‍ ബംഗാളി ഭാഷ പഠിച്ചയാളാണ് ദേവ്ദര്‍. ആന്ധ്രപ്രദേശിനുപുറമെ ത്രിപുരയുടെ ചുമതലയും ദേവ്ദറിനാണ്. ദക്ഷിണേന്ത്യയില്‍ പാര്‍ട്ടി ശക്തിപ്പെടുത്തുക എന്നത് ദേശീയമായ അഭിലാഷവും പ്രാദേശികമായ പ്രചോദനവുമാണെന്ന് കര്‍ണാടകയുടെ ചുമതലയുള്ള മുരളീധര്‍ റാവു പറഞ്ഞു. വിവിധ ഭാഷാസമൂഹങ്ങളും അതോടെ ഹിന്ദുത്വ ദേശീയതയുടെ ഭാഗമാകുമെന്നും റാവു കൂട്ടിച്ചേര്‍ത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, New Delhi, National, BJP, Congress, RSS,BJP preparation started for 2024


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?