എ പ്ലസ് നേടുന്നത് നല്ലത് തന്നെ, പക്ഷേ വലിയ എന്തോ വെട്ടിപ്പിടിച്ച് വരികയാണെന്ന ഭാവത്തില്‍ ഓവറാക്കി ചളമാക്കരുത്, പത്താം ക്ലാസും പ്ലസ്ടുവും നല്ല മാര്‍ക്കോടെ വിജയിക്കുന്നതല്ല ജീവിത വിജയം, എ പ്ലസ് നേടിയവര്‍ക്ക് സ്വീകരണം ഒരുക്കുമ്പോള്‍ അവഗണനയുടെ ഓരത്ത് നില്‍ക്കുന്ന ചില കുട്ടികളുമുണ്ട്, അവരുടെ മനസ് ആര് വായിക്കും? 'കലക്ടര്‍ ബ്രോ'യുടെ കുറിപ്പ് വൈറലാകുന്നു, 2 മണിക്കൂറിനിടെ 4000 ത്തോളം ഷയറുകള്‍

തിരുവനന്തപുരം: (www.kvartha.com 08.05.2019) കേരള സിലബസിലും സിബിഎസ്ഇയിലും എല്ലാം പത്താം ക്ലാസിന്റെയും പ്ലസ്ടുവിന്റെയും ഈ വര്‍ഷത്തെ ഫലം പ്രസിദ്ധീകരിച്ചുകഴിഞ്ഞു. കുറച്ചുപേരൊഴികെ പരീക്ഷ എഴുതിയ എല്ലാവരും വിജയിച്ചു. ചിലര്‍ക്ക് മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് തന്നെ കിട്ടി. ചിലര്‍ക്ക് ഒന്നോ രണ്ടോ വിഷയങ്ങളില്‍ എ പ്ലസ് നഷ്ടപ്പെട്ടു. എന്നാല്‍ മുഴുവന്‍ വിഷയങ്ങളിലും ഡി പ്ലസ് നേടി കഷ്ടിച്ച് വിജയിച്ചവരുമുണ്ട്. ഫലം വന്നതോടെ എ പ്ലസ് വിജയികള്‍ക്ക് അനുമോദനവും സ്വീകരണവും നല്‍കുന്ന തിരക്കിലാണ് സംഘടനകളും ക്ലബ്ബുകളും റസിഡന്റ്‌സ് അസോസിയേഷനുമെല്ലാം. ഈ സാഹചര്യത്തിലാണ് മുന്‍ കോഴിക്കോട് ജില്ലാ കലക്ടറും നിലവില്‍ കേരള ഷിപ്പിംഗ് ആന്‍ഡ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പ്പറേഷന്‍ മാനേജിംഗ് ഡയറക്ടറുമായ പ്രശാന്ത് നായര്‍ ഐഎഎസിന്റെ കുറിപ്പ് പ്രസക്തമാകുന്നത്.

എ പ്ലസ് നേടുന്നത് നല്ലത് തന്നെ, പക്ഷേ വലിയ എന്തോ വെട്ടിപ്പിടിച്ച് വരികയാണെന്ന ഭാവത്തില്‍ ഓവറാക്കി ചളമാക്കരുത്, എ പ്ലസ് നേടിയവര്‍ക്ക് സ്വീകരണം ഒരുക്കുമ്പോള്‍ അവഗണനയുടെ ഓരത്ത് നില്‍ക്കുന്ന ചില കുട്ടികളുമുണ്ട്, അവരുടെ മനസ് ആര് വായിക്കും? മലയാളികളുടെ സ്വന്തം 'കലക്ടര്‍ ബ്രോ' യുടെ കുറിപ്പ് ഇതിനകം തന്നെ വൈറലായിക്കഴിഞ്ഞു. ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പ് രണ്ട് മണിക്കൂറിനിടെ 4000 ത്തോളം പേരാണ് ഷയര്‍ ചെയ്തിരിക്കുന്നത്.

പത്താം ക്ലാസും പ്ലസ്ടുവും നല്ല മാര്‍ക്കോടെ വിജയിക്കുന്നതല്ല ജീവിത വിജയമെന്നും പത്താം തരത്തിലെ ഗ്രേഡിംഗ് നടത്തുന്നത് കുട്ടികളെ സാമൂഹികമായി വേര്‍തിരിക്കാനല്ല, അക്കാദമിക് ചോയ്‌സുകള്‍ പ്രാവര്‍ത്തികമാക്കാന്‍ മാത്രമാണെന്നും അദ്ദേഹം ഓര്‍മിപ്പിക്കുന്നു. മാര്‍ക്ക്ഷീറ്റ് ഒരു കുട്ടിയുടെ സ്വകാര്യതയാണെന്നും കാണിക്കേണ്ട സ്ഥലത്ത് മാത്രം കാണിക്കേണ്ടതാണെന്നും പ്രശാന്ത് നായര്‍ പറയുന്നു.


പോസ്റ്റിന്റെ പൂര്‍ണരൂപം:

A+ നല്ലത് തന്നെ. പക്ഷേ ഓവറാക്കി ചളമാക്കരുത്. എന്റെ ചെറിയ ബുദ്ധിയിലെ അഭിപ്രായം, മാര്‍ക്ക്ഷീറ്റ് ഒരു കുട്ടിയുടെ സ്വകാര്യതയാണ് എന്നാണ്. കാണിക്കേണ്ട സ്ഥലത്ത് മാത്രം കാണിക്കേണ്ടത്.

വലിയ കൊമ്പത്തെ ഗ്രേഡ് കിട്ടാത്ത കുഞ്ഞുങ്ങളില്‍ ഈ മാര്‍ക്ക് ഷീറ്റ് പ്രദര്‍ശനം ഇടുന്ന പ്രഷര്‍ എന്തായിരിക്കും... ഇത്രമാത്രം ഹൈപ്പ് അര്‍ഹിക്കാത്ത ഒരു പരീക്ഷയാണ് പത്താംതരം എന്നു കൂടെ ഓര്‍ക്കണം. ജീവിത വിജയവുമായിട്ട് വലിയ ബന്ധവുമില്ല. പത്താം തരത്തിലെ ഗ്രേഡിംഗ് നടത്തുന്നത് കുട്ടികളെ സാമൂഹികമായി വേര്‍തിരിക്കാനല്ല, അക്കാദമിക് ചോയ്‌സുകള്‍ പ്രാവര്‍ത്തികമാക്കാന്‍ മാത്രമാണ്.

A+ ആഘോഷങ്ങളിലും സ്വീകരണങ്ങളിലും പങ്കെടുക്കാന്‍ വിളിക്കുന്നവരോട് സ്‌നേഹത്തോടെ വരാന്‍ നിര്‍വാഹമില്ല എന്നേ പറയാന്‍ പറ്റൂ. ഇവര്‍ക്ക് സ്വീകരണവും ആഘോഷവും ഒരുക്കുമ്പോള്‍ അപമാനിക്കപ്പെടുകയും അവഗണനയുമായി ഓരത്ത് മാറി നില്‍ക്കുകയും ചെയ്യുന്ന ബാക്കി കുട്ടികളുടെ മനസ്സാര് വായിക്കും? അവരും മിടുക്കരും മിടുക്കികളും തന്നെയാണ്. ഇത്തരത്തില്‍ സിസ്റ്റമാറ്റിക്കായി സമൂഹം ഒന്നടങ്കം അവരെ മാനസികമായി തളര്‍ത്താതിരുന്നാല്‍ മതി. സ്‌കൂളിലും, റെസിഡന്റ് അസോസിയേഷനിലും, വീട്ടിലും, ബന്ധുഗൃഹങ്ങളിലും, പത്രത്തിലും ടിവിയിലും, ഫേസ്ബുക്കിലും, കവലയിലെ ഫ്‌ലെക്‌സിലും ഒക്കെ ഇവരെ തളര്‍ത്താനുള്ള എല്ലാം നമ്മള്‍ ചെയ്യുന്നുണ്ട്. ഈ രക്തത്തില്‍ പങ്കാളിയാവാന്‍ വയ്യ ഉണ്ണീ.

വിജയങ്ങള്‍ നമ്രതയോടെ ഏറ്റ് വാങ്ങാനാണ് കുട്ടികളെ പഠിപ്പിക്കേണ്ടത്. വള്‍ഗറായി ആഘോഷിക്കാനല്ല. പരാജയങ്ങളെ ഗ്രേസ്ഫുളായി കൈകാര്യം ചെയ്യാനും. ഗൗരവമുള്ള ഉന്നത പരീക്ഷകളും ശരിക്കുള്ള ജീവിതപരീക്ഷണങ്ങളും ഇനി വരാനിരിക്കുന്നേ ഉള്ളൂ.

 - ബ്രോസ്വാമി



Keywords: Kerala, Thiruvananthapuram, Local-News, SSLC, Plus Two student, Result, News, Trending, Facebook, Social Network, Prashanth Nair post on SSLC and Plus Two result 



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?