'കൊന്നിട്ടും എന്തിന് ഏട്ടനെ ദുര്‍നടപ്പുകാരനാക്കുന്നു' മുഖ്യമന്ത്രിക്ക് കൃപേഷിന്റെ സഹോദരിയുടെ കത്ത്
പെരിയ (www.evisionnews.co): പെരിയയില്‍ ഇരട്ട കൊലപാതകത്തിനിരയായ കൃപേഷിനെ ദുര്‍നടത്തിപ്പുകാരനാക്കി സി.പി.എം ചിത്രീകരിക്കുന്നതില്‍ മുഖ്യമന്ത്രി പിണറായി വിജയന് തുറന്ന കത്തുമായി കൃപേഷിന്റെ സഹോദരി കൃഷ്ണപ്രിയ രംഗത്ത്. എന്റെ അറിവില്‍ ഏട്ടന്‍ ആരെയെങ്കിലും ഉപദ്രവിച്ചതായോ വേദനപ്പിച്ചതായോ ഞാന്‍ കേട്ടിട്ടില്ല. അങ്ങനെ എന്തെങ്കിലും ചെയ്തതിന്റെ പേരില്‍ ഒരു പരാതിയും ആര്‍ക്കും തന്നെ ഏട്ടന്റെ പേരില്‍ മരണം വരെ ഉണ്ടായിരുന്നില്ല. എന്നിട്ടും മുഖം പോലും ബാക്കിവയ്ക്കാതെ എന്റെ കൂടപ്പിറപ്പിനെ അരുംകൊല ചെയ്തു. ചോരയുതിര്‍ത്തിട്ടും കൊതിതീരാതെയാണ് എട്ടനെ സിപിഎമ്മുകാര്‍ ദുര്‍നടപ്പുകാരനായി ചിത്രീകരിച്ച് പ്രചാരണം നടത്തുന്നതെന്നും കൃഷ്ണപ്രിയ കത്തില്‍ പറയുന്നു.
ജീവിതത്തില്‍ അച്ഛന്‍ ചെയ്ത വോട്ടെല്ലാം അരിവാള്‍ ചുറ്റിക നക്ഷത്രത്തിനായിരുന്നു. കല്ല്യോട്ട് കോണ്‍ഗ്രസുകാരുടെ നടുവിലാണ് 18 വര്‍ഷം അച്ഛന്‍ ജീവിച്ചത്. നാട്ടിലെ കോണ്‍ഗ്രസുകാര്‍ക്കെല്ലാം അച്ഛന്‍ കമ്മ്യുണിസ്റ്റുകാരാനാണെന്ന് അറിയമായിരുന്നു. അവരാരും പാര്‍ട്ടി മാറണമെന്ന് അച്ഛ നോട് പറഞ്ഞിട്ടില്ല. വോട്ട് ചെയ്യുന്നത് തടഞ്ഞിട്ടില്ല. കൊല്ലാനോ തല്ലാനോ വന്നിട്ടില്ലെന്ന് മാത്രമല്ല ഒരു വാക്കോ നോക്കോ കൊണ്ട് പോലും അവരാരും ഞങ്ങളെ വേദനിപ്പിച്ചിട്ടില്ല. ഞങ്ങളുടെ കിടപ്പാടത്തിന് പട്ടയം കിട്ടാന്‍ സഹായിച്ചതും അവരായിരുന്നു. എന്നിട്ടും അച്ഛന്‍ പാര്‍ട്ടിയോടുള്ള കൂറ് കൈവിട്ടില്ല.
ഇനി ഈ ജന്മം മുഴുവന്‍ കണ്ണീരു കുടിച്ച് ജീവിക്കാനാണ് ഞങ്ങളുടെ വിധി. ഞങ്ങള്‍ക്ക് നഷ്ടമായത് തിരിച്ചുതരാന്‍ ദൈവത്തിന് പോലും സാധിക്കുന്നില്ലെന്നറിയാം എന്നാലും ഇനിയും ഒരമ്മയുടെയും കണ്ണുനീര്‍ ഈമണ്ണില്‍ വീഴാതിരിക്കാന്‍ ഒരേട്ടന്റെയും ചോര കൊണ്ട് ഈമണ്ണ് ചുവക്കാതിരിക്കാന്‍ അങ്ങ് ആത്മാര്‍ത്ഥമായി വിചാരിച്ചാല്‍ സാധിക്കുമെന്ന് ഞാന്‍ കരുതുന്നു. ഏട്ടനെയും ശരത്തേട്ടനെയും എന്തിനാണ് ഞങ്ങളില്‍ നിന്ന് പറച്ചു മാറ്റിയതെന്ന് എനിക്ക് ഇപ്പോഴും മനസിലായിട്ടില്ല. അവരെ ഇല്ലാതാക്കിയവരില്‍ പലരെയും പൊലീസ് പിടിക്കാത്തത് എന്തു കൊണ്ടാണെന്ന് അറിയില്ല. എന്റെ ഏട്ടന്മാര്‍ വലയലില്‍ പണിക്കു പോകാതെയാണ് വരമ്പത്ത് കൂലി കിട്ടിയത് കൊന്നിട്ടും പക തീരാതെ എന്തിനാണ് അവര്‍ക്കെതിരെ അപവാദം പ്രചരിപ്പിക്കുന്നത്. അവര്‍ പോയ ശേഷം കണ്ണീര്‍ വറ്റാതെ ഊണും ഉറക്കവും ഇല്ലാതെ ജീവശവമായി ജീവിക്കുന്ന രണ്ട് അമ്മാര്‍ ഉണ്ടിവിടെ മക്കളുടെ ഓര്‍മകളെക്കാള്‍ അവരെ ഇപ്പോള്‍ വേദനിപ്പിക്കുന്നത് നെഞ്ചില്‍ കുത്തുന്ന കുപ്രചാരണങ്ങളാണ്. അവരെ ഓര്‍ത്തിട്ടെങ്കിലും ഏട്ടന്മാരുടെ ആത്മാവിനെങ്കിലും വേട്ടയാടരുത്. അനാഥമായ രണ്ട് കുടുംബങ്ങള്‍ക്ക് വേണ്ടിയുള്ള അപേക്ഷയാണ്. പ്രാര്‍ത്ഥനയാണ് അങ്ങയുടെ മകളെ പോലെ എ ന്നെയും കരുതി അങ്ങ് ഇക്കാര്യത്തില്‍ ഇടപെടുമെന്ന് കരുതട്ടെ, വിശ്വസിച്ചോട്ടെ- കത്തില്‍ പറയുന്നു.
Powered by Info News For You

Comments
Post a Comment