കേരളത്തെ മയക്കാന്‍ പോപ്പിസ്‌ട്രോ കായകളും; ഇത് ലഹരി മാഫിയയുടെ പുതിയ കെണി

പാലക്കാട്:(www.kvartha.com 09/04/2019) ഒടുവില്‍ അതും കേരളത്തിലെത്തി. പോപ്പിസ്‌ട്രോ കായ. പേര് കേള്‍ക്കുമ്പോള്‍ മുന്തിയ ഇനം പഴവര്‍ഗമാണെന്ന് കരുതിയോ?. എങ്കില്‍ നിങ്ങള്‍ക്ക് തെറ്റി. പോപ്പിസ്‌ട്രോ കായ കഴിക്കാനുളളതല്ല, മറിച്ച് കഴിപ്പിക്കാനുളളതാണ്. ബ്രൗണ്‍ ഷുഗര്‍, ഹെറോയിന്‍, കറുപ്പ് ഉള്‍പ്പെടെ 26ല്‍ പരം വീര്യം കൂടിയ ലഹരിമരുന്നുകള്‍ നിര്‍മ്മിക്കുന്നത് പോപ്പിസ്‌ട്രോ കായ കൊണ്ടാണ്. കാന്‍സര്‍ രോഗികള്‍ക്ക് നല്‍കുന്ന മോര്‍ഫിന്‍ തുടങ്ങിയ വേദന സംഹാരികളും നിര്‍മ്മിക്കുന്നതും ഇതുകൊണ്ടുതന്നെ.

News, Palakkad, Kerala, Drugs, Police, Youth, Excise, Narcotics, College, Students,Poppitro drugs found in Kerala

മനുഷ്യന്റെ അന്തകനായ പോപ്പിസ്‌ട്രോ കായ കേരളത്തിലും എത്തിയിരിക്കുകയാണ്. കഴിഞ്ഞദിവസം പാലക്കാട്ട് രണ്ടരക്കിലോ പോപ്പിസ്‌ട്രോ കായ പിടികൂടിയിരുന്നു. ഇതിന് അന്താരാഷ്ട്ര വിപണിയില്‍ 5 കോടിയിലധികം വിലവരും. കേരളത്തില്‍ ആദ്യമായാണ് ഇത്രയും അളവില്‍ പോപ്പിസ്‌ട്രോ പിടിക്കപ്പെടുന്നത്. അഫ്ഗാനിസ്ഥാനിലാണ് ഇത് മുഖ്യമായും കൃഷി ചെയ്യുന്നതെന്ന് ബന്ധപ്പെട്ട അധികാരികള്‍ അറിയിച്ചു. ഇന്ത്യയില്‍ രാജസ്ഥാന്‍, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള തോട്ടങ്ങളിലാണ് മരുന്ന് ആവശ്യത്തിന് ഇവ കൃഷി ചെയ്തുവരുന്നത്. കേരളത്തിലെ നിശാക്ലബ്ബുകള്‍, ഡിജെ പാര്‍ട്ടികള്‍ എന്നിവിടങ്ങളില്‍ വിതരണം ചെയ്യുന്ന ലഹരിമരുന്നുകള്‍ നിര്‍മ്മിക്കുന്നതിനാണ് പോപ്പി സ്‌ട്രോ കേരളത്തിലെത്തിക്കുന്നത്.

കൊച്ചി, ആലപ്പുഴ, കുമരകം, കോവളം തുടങ്ങിയ സ്ഥലങ്ങളിലെ ബീച്ച് റിസോര്‍ട്ടുകള്‍ കേന്ദ്രീകരിച്ചാണ് ലഹരി മാഫിയ കച്ചവടം നടത്തി വരുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് നടക്കുന്ന പ്രത്യേക പരിശോധനയിലാണ് പോപ്പിസ്‌ട്രോ കായ പിടിക്കപ്പെട്ടത്. സംഭവത്തില്‍ തമിഴ്‌നാട് സ്വദേശികളായ രണ്ടുയുവാക്കളെ അറസ്റ്റുചെയ്തിട്ടുണ്ട്. കേരളത്തിലെ ആദ്യത്തെ കേസ്സാണിത്. അഫ്ഖാനിസ്ഥാനിലെ കാബൂളില്‍ നിന്നും രാജസ്ഥാന്‍ മാര്‍ഗമാണ് ഇന്ത്യയില്‍ അനധികൃതമായി ഇവ എത്തുന്നത്. ലഹരികളുടെ രാജാവ് എന്നാണ് ഈ ചെടി അറിയപ്പെടുന്നത്.

പോലീസ്,എക്‌സൈസ്,നര്‍ക്കോട്ടിക്ക് വകുപ്പുകള്‍ വലവിരിച്ചിട്ടും കേരളത്തില്‍ മയക്കുമരുന്ന് മാഫിയ ശക്തമാകുന്നതിന്റെ തെളിവുകളാണ് പാലക്കാട്ട് അരങ്ങേറിയ ലഹരിവേട്ട. അന്താരാഷ്ട്രതലങ്ങളില്‍ ശക്തമായ സ്വാധീനം ചെലുത്തുന്ന മാഫിയകളാണ് കേരളത്തിലും വേരുന്നിയിരിക്കുന്നത്. കഴിഞ്ഞദിവസങ്ങളില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന മയക്കുമരുന്നുവേട്ട ഇതിന്റെ ഉത്തമദൃഷ്ടാന്തമായി വിലയിരുത്തപ്പെടുന്നു. കഞ്ചാവു ഉള്‍പ്പെടെയുളള മയക്കുമരുന്ന് വസ്തുക്കള്‍ പിടികൂടുന്നത് നിത്യസംഭവമായി മാറിയിരിക്കുകയാണ്. യുവതലമുറയെ നോട്ടമിട്ടാണ് ലഹരിമാഫിയ തങ്ങളുടെ പ്രവര്‍ത്തനവുമായി മുന്നോട്ടുപോകുന്നത്. സ്‌കൂള്‍, കോളജ് വിദ്യാര്‍ത്ഥികളും ഇവരുടെ വലയില്‍ കുടുങ്ങിയിട്ടുണ്ട്. കേരളത്തിലെ മിക്ക സ്‌കൂളുകളിലും ലഹരിമാഫിയയുടെ പ്രവര്‍ത്തനം സജീവമാണ്. കുട്ടികളെ ലഹരിക്കടിമയാക്കുന്ന ഇവര്‍ അവരെ മയക്കുമരുന്ന് സാധനങ്ങള്‍ വില്‍ക്കാനും ഉപയോഗപ്പെടുത്തുന്നുണ്ട്.

കേരളത്തില്‍ നടമാടുന്ന ലഹരിമാഫിയയില്‍ ഉത്തരേന്ത്യന്‍ലോബിയും ഉണ്ട്. കേരളം നല്ല മാര്‍ക്കറ്റാണെന്നു തിരിച്ചറിവ് ഇവര്‍ക്കുണ്ട്. ഇവരോടപ്പം സൗത്ത് ഇന്ത്യന്‍ലോബിയും കൂടെ ചേര്‍ന്നിരിക്കുന്നു. പ്രധാനമായും ഒറീസയില്‍ നിന്നാണ് കേരളത്തിലേക്ക് കഞ്ചാവടക്കമുളള ലഹരിവസ്തുക്കള്‍ എത്തുന്നത്. ആന്ധ്രാപ്രദേശില്‍ നിന്നും വന്‍തോതില്‍ ഇത്തരം വസ്തുക്കള്‍ എത്തുന്നുണ്ടെന്ന് എക്‌സൈസ് വകുപ്പ് സാക്ഷ്യപ്പെടുത്തുന്നു.

ഒറീസ, ആന്ധ്ര എന്നിവടങ്ങളില്‍ നിന്നും എത്തുന്ന കഞ്ചാവ് തമിഴ്‌നാട്ടിലാണ് സ്‌റ്റോക്ക് ചെയ്യപ്പെടുന്നത്. അവിടെ നിന്നാണ് കേരളത്തിലേക്ക് കടത്തുന്നത്. ട്രെയിനുകള്‍, ബസുകള്‍, ചരക്കുലോറികള്‍, കാറുകള്‍ എന്നിവ വഴിയാണ് ലഹരി വസ്തുക്കള്‍ കൂടുതലായും കടത്തുന്നത്. നിത്യവും നൂറുകണക്കിന് കിലോ കഞ്ചാവാണ് കേരളത്തിലേക്ക് ഒഴുകിക്കൊണ്ടിരിക്കുന്നത്. ഇതിനിടയിലാണ് പുതിയ കെണിയായ പോപ്പിസ്‌ട്രോ കായയുമായി ലഹരി മാഫിയ കേരളത്തെ മയക്കിക്കിടത്താന്‍ രംഗത്ത് എത്തിയിട്ടുളളത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:News, Palakkad, Kerala, Drugs, Police, Youth, Excise, Narcotics, College, Students,Poppitro drugs found in Kerala


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?