കോടതിയില്‍ കീഴടങ്ങിയ പ്രതിയെ ബലംപ്രയോഗിച്ച് കസ്റ്റഡിയിലെടുത്ത എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസ്


കാഞ്ഞങ്ങാട് (www.evisionnews.co): അബ്കാരി കേസില്‍ കീഴടങ്ങാനെത്തിയ പ്രതിയെ കോടതിക്ക് മുന്നില്‍വെച്ച് ബലംപ്രയോഗിച്ച് കസ്റ്റഡിയിലെടുത്ത എക്‌സൈസ് സംഘത്തിനെതിരെ കോടതി നിര്‍ദ്ദേശ പ്രകാരം കേസെടുത്തു. 2017 മാര്‍ച്ച് 23ന് ഹൊസ്ദുര്‍ഗ് ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ കീഴടങ്ങാനെത്തിയ അബ്കാരി കേസിലെ പ്രതിയായ ഗുരുപുരം ലാലൂരിലെ വിനുവിനെ അഭിഭാഷകനെയും ഗുമസ്തനെയും പ്രതിയുടെ സഹോദരനെയും എക്‌സൈസ് ജീപ്പ് ഇടിച്ചു തെറിപ്പിച്ച് കസ്റ്റഡിയിലെടുത്ത സംഭവത്തിലാണ് ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരം ഹൊസ്ദുര്‍ഗ് പൊലീസ് കേസെടുത്തത്. അന്ന് കോടതിയിലുണ്ടായിരുന്ന അഭിഭാഷകര്‍ എക്‌സൈസ് ജീപ്പ് തടഞ്ഞുവെച്ചിരുന്നു. ഇത് ഏറെനേരം എക്‌സൈസും അഭിഭാഷകരും തമ്മിലുള്ള സംഘര്‍ഷത്തില്‍ കലാശിക്കുകയും ചെയ്തു.

ഹൊസ്ദുര്‍ഗ് ബാറിലെ അഭിഭാഷകന്‍ എം.സി കുമാരന്‍ മുഖേനയാണ് വിനു കോടതിയില്‍ കീഴടങ്ങിയത്. കുമാരനെയും ഗുമസ്തന്‍ മാധവനെയും ഇടിച്ചുതെറിപ്പിച്ചാണ് വിനുവിനെ കസ്റ്റഡിയിലെടുത്തത്. പിന്നീട് അന്ന് ഹൊസ്ദുര്‍ഗ് സി.ഐ ആയിരുന്ന സി.കെ സുനില്‍ കുമാര്‍, എസ്.ഐ എ. സന്തോഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം എത്തിയാണ് സ്ഥിതിഗതികള്‍ ശാന്തമാക്കിയത്. അസുഖത്തെ തുടര്‍ന്ന് മജിസ്‌ട്രേറ്റ് അവധിയിലായതിനാല്‍ വിനുവിനെ കോടതി ഓഫീസില്‍ ഹാജരാക്കിയ ശേഷം കോടതിയിലെ ബെഞ്ച് ക്ലര്‍ക്ക് ദാമോദരനോടൊപ്പം മജിസ്‌ട്രേറ്റിന്റെ വീട്ടിലേക്ക് ഹാജരാക്കാന്‍ കൊണ്ടുപോകുമ്പോഴാണ് നാടകീയമായ സംഭവങ്ങള്‍ അരങ്ങേറിയത്. അന്ന് എക്‌സൈസ് സംഘം കസ്റ്റഡിയിലെടുത്തു കൊണ്ടുപോയ വിനുവിനെ തിരിച്ചെത്തിക്കാതെ എക്‌സൈസ് ജീപ്പ് വിടില്ലെന്ന് വാശിപിടിച്ചു.

എക്‌സൈസ് ഡ്രൈവര്‍ മദ്യപിച്ചിട്ടുണ്ടെന്നും വൈദ്യപരിശോധനക്ക് വിധേയമാക്കണമെന്നും അഭിഭാഷകനെയും ഗുമസ്തനെയും ജീപ്പിടിച്ച് കൊല്ലാന്‍ ശ്രമിച്ചതിന് വധശ്രമത്തിന് കേസെടുക്കണമെന്നും അഭിഭാഷകര്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് സിഐ സി.കെ സുനില്‍ കുമാറിനെ ഔദ്യോഗിക വസതിയില്‍ വിളിച്ചുവരുത്തിയ മജിസ്‌ട്രേറ്റ് എക്‌സൈസുകാര്‍ കസ്റ്റഡിയിലെടുത്ത പ്രതിയെ ഉടന്‍ തന്റെ ഔദ്യോഗിക വസതിയില്‍ ഹാജരാക്കാന്‍ നിര്‍ദ്ദേശം നല്‍കി. പിന്നീട് വിനുവിനെ മജിസ്‌ട്രേറ്റിന് മുമ്പാകെ ഹാജരാക്കുകയായിരുന്നു. സംഭവത്തില്‍ ഇരുവിഭാഗത്തിനെതിരെയും പൊലീസ് കേസെടുത്തിരുന്നു. കേസ് ഒത്തുതീര്‍പ്പാക്കാന്‍ ഒട്ടേറെ ശ്രമങ്ങള്‍ നടന്നിരുന്നെങ്കിലും പിന്നീട് അഭിഭാഷകര്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?