മാവേലിക്കരയിലെ എല്‍ഡിഎഫ് വിജയം പിള്ള ഗ്രൂപ്പിന് അഭിമാനപ്രശ്നമാകുന്നു

മാവേലിക്കര: (www.kvartha.com 22.04.2019) മൂന്ന് ജില്ലകളിലായി പരന്നു കിടക്കുന്ന മാവേലിക്കര ലോക്സഭാ മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ചിറ്റയം ഗോപകുമാര്‍ വിജയിക്കേണ്ടത് പിള്ള ഗ്രൂപ്പിന്റെ അഭിമാന പ്രശ്നമായി മാറിയിരിക്കുന്നു. ആര്‍ ബാലകൃഷ്ണപിള്ളയുടെ നേതൃത്വത്തിലുള്ള കേരളകോണ്‍ഗ്രസ്( ബി ) ഇടതുമുന്നണിയില്‍ എത്തിയതിന് ശേഷമുള്ള ആദ്യ ലോക്സഭാ തെരഞ്ഞെടുപ്പ് എന്ന പ്രത്യേകതയുമുണ്ട്. മുന്നണിക്ക് പുറത്ത് നിന്ന് പിന്തുണ നല്‍കിയ കേരള കോണ്‍ഗ്രസ്(ബി)യെ മുന്നണിയിലെ ഘടകകക്ഷിയാക്കിയതിനു ശേഷമുള്ള തെരഞ്ഞെടുപ്പു കൂടിയാണ്.

അതിനാല്‍ അരയും തലയും മുറുക്കി ഇറങ്ങിയിരിക്കുകയാണ് പിള്ളയും മകനും പത്തനാപുരം എംഎല്‍എയുമായ കെ ബി ഗണേഷ് കുമാറും. കഴിഞ്ഞ തവണത്തെ വെറും പതിനയ്യായിരം വോട്ടിന്റെ ഭൂരിപക്ഷം ഇത്തവണ മറികടക്കാമെന്ന് എല്‍ഡിഎഫ് കരുതുന്നത്. എന്നാല്‍ രാഹുല്‍ തരംഗവും ശബരിമലയും അടക്കം തങ്ങള്‍ക്ക് ഗുണം ചെയ്യുമെന്നും അവസാനഘട്ടത്തില്‍ അരലക്ഷം വോട്ടിന് ജയിക്കുമെന്നുമാണ് യുഡിഎഫ് പറയുന്നത്. കോട്ടയം, ആലപ്പുഴ, കൊല്ലം എന്നീ മൂന്ന് ജില്ലകളിലായി വ്യാപിച്ച് കിടക്കുന്ന സംവരണ മണ്ഡലമാണ് മാവേലിക്കര.

 LDF candidate Chittayam Gopakumar in Mavelikara, Mavelikkara, News, Kerala, Election, Politics, Lok Sabha, Trending

പ്രളയം കനത്ത നാശം വിതച്ച കുട്ടനാടും ചെങ്ങന്നൂരും ഈ മണ്ഡലത്തിലാണ്. എന്‍എസ്എസിനും, എസ്എന്‍ഡിപിക്കും ക്രൈസ്തവ സഭയ്കള്‍ക്കും ശക്തമായ സ്വാധീനമാണിവിടെയുള്ളത്. മാവേലിക്കരയില്‍ ഹാട്രിക് വിജയം നേടാനൊരുങ്ങി കൊടിക്കുന്നില്‍ സുരേഷും, സിപിഐയ്ക്ക് അവരുടെ ആദര്‍ശ മുഖമായ അടൂര്‍ എംഎല്‍എ ചിറ്റയം ഗോപകുമാറും, തെരഞ്ഞെടുപ്പുകളില്‍ പരിചിതനായ ബിഡിജെഎസ്സിന്റെ തഴവ സഹദേവനും തമ്മിലാണ് പേരാട്ടം നടക്കുന്നത്. 25 വര്‍ഷം പാര്‍ലമെന്റ് അംഗമായിരുന്ന കൊടിക്കുന്നില്‍ സുരേഷിനെ തളയ്ക്കാന്‍ എല്‍ഡിഎഫ് രണ്ടും കല്പിച്ചാണ് ഇറങ്ങിയിരിക്കുന്നത്.

കാര്യമായ വികസനം കൊണ്ടുവന്നില്ലെന്നും വളരെ പെട്ടെന്ന് സമ്പന്നനായെന്നുമുള്ള ആരോപണങ്ങള്‍ ഉന്നയിച്ച് കൊടിക്കുന്നിലിനെതിരെ എല്‍ഡിഎഫ് കൊണ്ടുപിടിച്ച് പ്രചാരണം നടത്തുന്നുണ്ട്. ഏറെക്കാലം യുഎഡിഎഫിന്റെ കൂടെയുണ്ടായിരുന്ന ആര്‍ ബാലകൃഷ്ണപിള്ളയും പത്തനാപുരം എംഎല്‍എ കെ ബി ഗണേശ് കുമാറും ഇടതുമുന്നണിയിലെ തെരഞ്ഞെടുപ്പ് പ്രചാരകരായത് പത്തനാപുരത്തേയും കൊട്ടാരക്കരയിലേയും വലിയൊരു ശതമാനം നായര്‍ വോട്ടുകള്‍ ഇടതുപക്ഷത്തിലേക്ക് അടുപ്പിക്കാന്‍ കഴിയുമെന്നാണ്പ്രതീക്ഷ.

സമുദായ വോട്ടുകള്‍ക്ക് പുറമേ കേരള കോണ്‍ഗ്രസ്(ബി )ക്ക് വലിയ സ്വാധീനമുള്ള രണ്ട് മണ്ഡലങ്ങള്‍ കൂടിയാണ് കൊട്ടാരക്കരയും പത്തനാപുരവും. ഏതുവിധേനെയും കൊടുക്കുന്നിലിനെ പരാജയപ്പെടുത്തുക എന്ന ലക്ഷ്യമാണ് പിള്ളക്കും ഗണേശനുമുള്ളത്. തങ്ങളുടെ ശക്തി കേന്ദ്രങ്ങളായ കൊട്ടാരക്കര, പത്തനാപുരം മണ്ഡലങ്ങളില്‍ ചിറ്റയത്തിന് പരമാവധി ഭൂരിപക്ഷം ഉയര്‍ത്തുകയെന്ന ലക്ഷ്യവും ഇരുവര്‍ക്കുമുണ്ട്. 2014 ല്‍ കേരളകോണ്‍ഗ്രസ്(ബി), യുഡിഎഫിന്റെ ഭാഗമായിരുന്നപ്പോള്‍ പതിനയ്യായിരം വോട്ടിന്റെ ഭൂരിപക്ഷമാണ് പത്തനാപുരത്ത് നിന്ന് മാത്രം കൊടിക്കുന്നിലിന് ലഭിച്ചത്. ഇത്തവണ അത് എന്താകുമെന്ന് കാത്തിരുന്ന് കാണാം.

മാവേലിക്കര ലോക്സഭ മണ്ഡലത്തില്‍ ഉള്‍പ്പെടുന്നതല്ല അടൂര്‍. എന്നിട്ടും മാവേലിക്കര പിടിക്കാന്‍ അടൂര്‍ എംഎല്‍എയായ ചിറ്റയത്തെ ഇറക്കുമ്പോള്‍, ചരിത്രത്തില്‍ തന്നെയാണ് സിപിഐയും ഇടതുപക്ഷവും കണ്ണുവച്ചിരിക്കുന്നത്. കൊട്ടാരക്കരയിലെ ചിറ്റയമെന്ന ഗ്രാമത്തില്‍ നിന്നും വന്ന് അടൂര്‍ എന്ന യുഡിഎഫ് കോട്ട പിടിക്കാന്‍ കഴിഞ്ഞൊരാള്‍ക്ക് അടൂരില്‍ നിന്നും മാവേലിക്കരയും പിടിക്കാന്‍ കഴിയുമെന്ന് ഇടതുമുന്നണി വിശ്വസിക്കുന്നു. പ്രളയം നല്ല രീതിയില്‍ ബാധിച്ച ലോക്സഭാ മണ്ഡലം കൂടിയാണ് മാവേലിക്കര. അതേ സമയം കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പത്തനാപുരം സമ്മേളനത്തോടെ വിജയം അനായാസമാണന്ന പ്രതീക്ഷയിലാണ് യുഡിഎഫ് ക്യാമ്പ്. ഇതുവഴി ന്യൂനപക്ഷവിഭാഗങ്ങളുടെ വോട്ട് ഒഴുക്ക് കൂടുമെന്നും പ്രതീക്ഷിക്കുന്നു.

കൂടാതെ ശബരിമല വിഷയം ഏറ്റവും കൂടുതല്‍ ബാധിച്ച ഇവിടെ വിശ്വാസികള്‍ തങ്ങള്‍ക്കൊപ്പം നില്‍ക്കുമെന്ന പ്രതീക്ഷയിലുമാണ് യുഡിഎഫ് നേത്യത്വം. കൊല്ലം ജില്ലയിലെ കുന്നത്തൂരും, കൊട്ടാരക്കരയും, പത്തനാപുരം, ആലപ്പുഴ ജില്ലയിലെ മാവേലിക്കരയും, കുട്ടനാടും, ചെങ്ങന്നൂരും കോട്ടയം ജില്ലയിലെ ചെങ്ങനാശ്ശേരിലിയുമായി പരന്നു കിടക്കുന്ന മണ്ഡലമാണ് മാവേലിക്കര. ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തിലാണ് ഇടതുമുന്നണിയുടെ പ്രതീക്ഷ. മണ്ഡലത്തിലെ ഏഴില്‍ ആറ് നിയോജകമണ്ഡലങ്ങളിലും എല്‍ഡിഎഫാണ് വിജയിച്ചത്.

കൂടാതെ എന്‍എസ്എസ്, എസ്എന്‍ഡിപി, കെപിഎംഎസ് തുടങ്ങിയ ജാതി സംഘടനകള്‍ക്കും ക്രൈസ്തവസഭകള്‍ക്കും നിര്‍ണായക സ്വാധീനമുള്ള മണ്ഡലം കൂടിയാണ് മാവേലിക്കര. യുഡിഎഫും എന്‍ഡിഎയും എന്‍എസ്എസ് ക്രൈസ്തവ വോട്ടുകളില്‍ കണ്ണുവെക്കുമ്പോള്‍ പരമ്പരാഗത ഈഴവ, പിന്നാക്ക വോട്ടുകളിലാണ് ഇടതുമുന്നണിയുടെ പ്രതീക്ഷ. അയ്യപ്പ ജ്യോതിയിലെ ജനപങ്കാളിത്തം യുഡിഎഫിന് പ്രതീക്ഷ നല്‍കുന്നതാണ്. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ഇടതിനെ കൈ അയഞ്ഞ് സഹായിച്ച ഓര്‍ത്തഡോക്സഭ ഇക്കുറി പിണങ്ങിയ മട്ടാണ്.

ചെങ്ങന്നൂരിന് പുറമേ മാവേലിക്കരയിലും ചങ്ങനാശേരിയിലും ഇത് അലയൊലിയുണ്ടാകും. യാക്കോബായ വിഭാഗം കൂടെ ഉണ്ടാകുമെന്ന ആശ്വസത്തിലാണ് എല്‍ഡിഎഫ്. തോമസ് ചാണ്ടിക്കെതിരായ നിലപാടില്‍ കുട്ടനാട്ടില്‍ എന്‍സിപി സിപിഐയോട് ഇടഞ്ഞ് നില്‍ക്കുന്നു. ഇടത് സ്ഥാനാര്‍ത്ഥിക്ക് സ്വീകരണം നല്‍കിയ എന്‍എസ്എസ് മാവേലിക്കര യൂണിയന്‍ പിരിച്ചുവിട്ടതും മണ്ഡലത്തില്‍ ചലനങ്ങളുണ്ടാക്കും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: LDF candidate Chittayam Gopakumar in  Mavelikara, Mavelikkara, News, Kerala, Election, Politics, Lok Sabha, Trending.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?