ശ്രീലങ്കയിലെ ചാവേര്‍ ആക്രമണം; പ്രതിരോധ സെക്രട്ടറിക്ക് പിന്നാലെ ഉത്തരവാദിത്തം ഏറ്റെടുത്ത് പോലീസ് മേധാവിയും രാജിവെച്ചു

കൊളംബോ: (www.kvartha.com 27.04.2019) ശ്രീലങ്കയില്‍ ഈസ്റ്റര്‍ ദിനത്തിലുണ്ടായ ചാവേറാക്രമണങ്ങളെത്തുടര്‍ന്ന് ഇന്റലിജന്‍സ് വീഴ്ചയുടെ ഉത്തരവാദിത്വമേറ്റെടുത്ത് ശ്രീലങ്കന്‍ പോലീസ് മേധാവി പുജിത്ത് ജയസുന്ദര രാജിവച്ചു. വ്യാഴാഴ്ച പ്രതിരോധ സെക്രട്ടറി ഹെമസിരി ഫെര്‍ണാണ്ടോയും ഉത്തരവാദിത്തം ഏറ്റെടുത്ത് രാജിവച്ചിരുന്നു.

പ്രസിഡന്റ് മൈത്രിപാല സിരിസേനയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. രാജി ആക്ടിംഗ് പ്രതിരോധ സെക്രട്ടറിക്ക് കൈമാറിയതായും പുതിയ പോലീസ് മേധാവിയെ ഉടന്‍ നിര്‍ദേശിക്കുമെന്നും പ്രതിരോധമന്ത്രി കൂടിയായ പ്രസിഡന്റ് സിരിസേന അറിയിച്ചു.

Sri Lanka Police Chief Resigns Over Easter Sunday Attacks: President, News, Politics, Trending, Bomb Blast, Sri Lanka, Resigned, Police, World.

മുന്നറിയിപ്പ് നല്‍കിയിട്ടും ആക്രമണം തടയുന്നതില്‍ വീഴ്ച സംഭവിച്ചുവെന്ന് വ്യക്തമായതിനെത്തുടര്‍ന്ന് പോലീസ് മേധാവിയോടും പ്രതിരോധ സെക്രട്ടറിയോടും പ്രസിഡന്റ് രാജി ആവശ്യപ്പെട്ടിരുന്നു. ഈസ്റ്റര്‍ ദിനത്തില്‍ കൊളംബോയിലെ മൂന്ന് ഹോട്ടലുകളിലും ക്രൈസ്തവ ദേവാലയങ്ങളിലും നടന്ന ചാവേറാക്രമണത്തില്‍ 253 പേരാണ് കൊല്ലപ്പെട്ടത്.

അഞ്ഞൂറ് പേര്‍ക്ക് പരിക്കേറ്റു. അതേസമയം, 359 പേര്‍ കൊല്ലപ്പെട്ടുവെന്നായിരുന്നു നേരത്തേയുള്ള റിപ്പോര്‍ട്ടുകള്‍. സ്‌ഫോടനത്തില്‍ ശരീരങ്ങള്‍ പലതും ചിതറിത്തെറിച്ചതിനാലും തുടര്‍ച്ചയായ സ്‌ഫോടനങ്ങളുണ്ടായതിനാലും കണക്കുകളില്‍ പിഴവ് വരികയായിരുന്നുവെന്നാണ് ലങ്കന്‍ ആരോഗ്യവകുപ്പിന്റെ വിശദീകരണം.

അതേസമയം ശ്രീലങ്കയിലെ സ്‌ഫോടനങ്ങളുടെ സൂത്രധാരന്‍ സഹ്റാന്‍ ഹാഷിം കൊല്ലപ്പെട്ടെന്നുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. പ്രാദേശിക സംഘടനയായ നാഷണല്‍ തൗഹിത് ജമാഅത്ത് എന്ന സംഘടനയുടെ തലവനാണ് ഹാഷിം. സ്‌ഫോടനങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഐസിസ് പുറത്തുവിട്ട ദൃശ്യങ്ങളിലും ഹാഷിം ഉണ്ടായിരുന്നു.

ഐസിസിനോടുള്ള കൂറു പ്രഖ്യാപിച്ച് പ്രതിജ്ഞയെടുക്കുന്ന എട്ടു ഭീകരരില്‍ മുഖം മറയ്ക്കാതിരുന്നതും ഹാഷിം മാത്രമാണ്. അതേസമയം, ഭീകരാക്രമണവുമായി ബന്ധമുള്ള മൂന്നു സ്ത്രീകളടക്കം ആറുപേരുടെ ചിത്രങ്ങള്‍ പോലീസ് പുറത്തുവിട്ടു. ഇവര്‍ക്കായി തെരച്ചില്‍ തുടരുകയാണ്.

ശ്രീലങ്കയില്‍ ഈസ്റ്റര്‍ ദിനത്തിലുണ്ടായ തീവ്രവാദി ആക്രമണത്തിന് പിന്നാലെ രാജ്യത്തെ ഐസിസ് കേന്ദ്രത്തില്‍ സുരക്ഷാസേന നടത്തിയ പരിശോധനയ്ക്കിടെ വെള്ളിയാഴ്ച രാത്രി ആറ് കുട്ടികള്‍ ഉള്‍പ്പെടെ 15 പേര്‍ കൊല്ലപ്പെട്ടു. അമ്പാര ജില്ലയിലെ സെയ്ന്തമരുത് എന്ന സ്ഥലത്തുവെച്ചാണ് ഏറ്റുമുട്ടല്‍ നടന്നത്. സ്ഫോടകവസ്തു ശേഖരമുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ തിരച്ചിലിനിടെയാണ് വെടിവെപ്പുണ്ടായത്.

പോലീസും സൈന്യവും സംയുക്തമായാണ് തിരച്ചില്‍ നടത്തിയത്. പോലീസിന്റെയും സൈന്യത്തിന്റെയും സംയുക്ത സംഘത്തിനു നേരെ ഒരുകൂട്ടം ആളുകള്‍ നിറയൊഴിക്കുകയായിരുന്നു. ഇതിന് പിന്നാലെ സ്ഫോടനങ്ങളുമുണ്ടായി.

പരിശോധനയ്ക്കിടെ മൂന്ന് ചാവേറുകള്‍ സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു എന്നാണ് കരുതുന്നത്. മൂന്ന് സ്ത്രീകളും ആറ് കുട്ടികളുമാണ് ചാവേര്‍ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടത്. ബാക്കിയുള്ളവരെ സുരക്ഷാസേന വെടിവച്ച് കൊല്ലുകയായിരുന്നു.

ഐസിസ് കേന്ദ്രത്തില്‍ തീവ്രവാദികള്‍ ഒളിച്ചിരിക്കുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് പോലീസ് പരിശോധനയ്ക്ക് എത്തിയപ്പോഴാണ് മൂന്ന് ചാവേറുകള്‍ സ്വയം പൊട്ടിത്തെറിച്ചത്. വീട്ടിലുള്ളവരുമായി പോലീസ് സംഘം ഒരുമണിക്കൂറിലേറെ ഏറ്റുമുട്ടി. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

സ്ഥലത്തുനിന്നും രണ്ട് വാഹനങ്ങളും കണ്ടെടുത്തിട്ടുണ്ട്. ഇതിലൊന്ന് ശ്രീലങ്കയിലെ തീവ്രവാദ സംഘടനയായ നാഷണല്‍ തൗഹീദ് ജമാഅത്തിന്റെ സഹ്രാന്‍ ഹാഷിമിന്റേതാണെന്നാണ് കരുതുന്നത്. മൂന്നുപേര്‍ക്ക് പരിക്കേറ്റതായും ഒരു പ്രദേശവാസി കൊല്ലപ്പെട്ടതായും വിവരങ്ങളുണ്ട്. ഏറ്റമുട്ടലിനൊടുവില്‍ മൂന്നുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏറ്റുമുട്ടലിനിടയില്‍ പെട്ട ഒരു ഗ്രാമീണനും കൊല്ലപ്പെട്ടതായി സുരക്ഷാസേനയുടെ വക്താവ് സുമിത്ത് അട്ടപ്പട്ടു അറിയിച്ചു.

സംഭവത്തില്‍ സുരക്ഷാസേനയില്‍ പെട്ട ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു. ഏറ്റുമുട്ടല്‍ നടന്ന സ്ഥലത്താണ് ഐസിസ് തലവന്‍ അബുബക്കര്‍ അല്‍ ബഗ്ദാദിക്ക് പിന്തുണ അര്‍പ്പിച്ച് കൊണ്ട് തീവ്രവാദികള്‍ വീഡിയോ ഷൂട്ട് ചെയ്തത്. ഈസ്റ്റര്‍ ദിനത്തില്‍ രാജ്യതലസ്ഥാനത്ത് ആക്രമണം നടത്തിയവരുടെ വസ്ത്രവും കറുത്ത കൊടികളും, സ്ഫോടകവസ്തുക്കള്‍, ചാവേര്‍ ആക്രമണത്തിനുപയോഗിക്കുന്ന കിറ്റുകള്‍, ഡിറ്റണേറ്ററുകള്‍, ഐഎസിന്റെ പതാക, യൂണിഫോം എന്നിവ ഇവിടെ നിന്നും ലഭിച്ചതായും അട്ടപ്പട്ടു വ്യക്തമാക്കി.

അതേസമയം 253 പേര്‍ കൊല്ലപ്പെട്ട സ്‌ഫോടന പരമ്പരയുമായി ബന്ധപ്പെട്ട് 76 പേരാണ് ഇതുവരെ അറസ്റ്റിലായത്. ഇവരില്‍ ഈജിപ്ത്, സിറിയ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരുമുണ്ട്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഐഎസ് ഏറ്റെടുത്തിരുന്നു. എന്നാല്‍ ഇതിന് ഉപോത്ബലകമായ വിവരങ്ങള്‍ അവര്‍ പുറത്തുവിട്ടിട്ടില്ല. ഐഎസിന്റെ വാദം ശരിയാണെങ്കില്‍ ഇറാഖിനും, സിറിയയ്ക്കും പുറത്ത് അവര്‍ നടത്തുന്ന ഏറ്റവും വലിയ കൂട്ടക്കൊലയാണ് ശ്രീലങ്കയില്‍ നടന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Sri Lanka Police Chief Resigns Over Easter Sunday Attacks: President, News, Politics, Trending, Bomb Blast, Sri Lanka, Resigned, Police, World.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?