അലനെയും അബിനെയും തനിച്ചാക്കി സീന യാത്രയായി; നടുക്കം മാറാതെ സഹപ്രവര്‍ത്തകര്‍

കാഞ്ഞങ്ങാട്: (www.kasargodvartha.com 04.04.2019) ബുധനാഴ്ച സ്‌കൂട്ടറില്‍ ലോറിയിടിച്ച് മരണപ്പെട്ട തങ്ങളുടെ സഹപ്രവര്‍ത്തക സീന തോമസിന്റെ മരണവാര്‍ത്ത കേട്ട ഞെട്ടലില്‍ നിന്നും പത്മ പോളിക്ലിനിക്കിലെ സഹപ്രവര്‍ത്തകര്‍ ഇതുവരെയും മോചിതരായിട്ടില്ല. നാട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കും ഇപ്പോഴുംവിശ്വസിക്കാനാവുന്നില്ല സീനയുടെ മരണം. മക്കളായ ചിറ്റാരിക്കാല്‍ സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥി അലനെയും മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥി അബിനെയും തനിച്ചാക്കിയാണ് സീന യാത്രയായത്.

ബുധനാഴ്ച ഉച്ചക്ക് ഡ്യൂട്ടി കഴിഞ്ഞ് സീനയും കൂട്ടുകാരിയും സഹപ്രവര്‍ത്തകയുമായ ഭവിതയും കളിതമാശകള്‍ പറഞ്ഞ് കൈവീശി ടാറ്റയും പറഞ്ഞുപോയ രംഗം സഹപ്രവര്‍ത്തകരുടെ കണ്‍മുന്നില്‍ ഇപ്പോഴും നിറഞ്ഞു നില്‍ക്കുന്നു. അതുകൊണ്ടു തന്നെ സീനയുടെ ചേതനയറ്റ ശരീരം അവസാനമായി ഒരുനോക്കു കാണാന്‍ പോലും ഇവര്‍ക്ക് ശേഷിയില്ല. ഇരുവരും സ്‌കൂട്ടിയില്‍ കയറി ആശുപത്രിയില്‍ നിന്നും പുറപ്പെട്ട് അധികം വൈകാതെ ഇവര്‍ അപകടത്തില്‍ പെട്ടെന്ന സന്ദേശമാണ് ആശുപത്രിയില്‍ ലഭിച്ചത്. പക്ഷെ ചെറിയ ഒരു അപകടം മാത്രമായിരിക്കുമെന്നാണ് ആശുപത്രി അധികൃതര്‍ കരുതിയത്.

വിവരമറിഞ്ഞയുടന്‍ ആശുപത്രി മാനേജിംഗ് പാര്‍ട്ണര്‍ രഞ്ജിത് ചക്രപാണിയും ഡോക്ടര്‍ വിദ്യാസാഗറും മറ്റു സഹപ്രവര്‍ത്തകരും ജില്ലാ ആശുപത്രിയിലെത്തിയപ്പോള്‍ ദേഹമാസകലം മുറിവേറ്റ് രക്തം വാര്‍ന്നൊലിച്ച സീനയുടെ ചേതനയറ്റ ശരീരമാണ് കണ്ടത്. വിവരമറിഞ്ഞ് മറ്റു സഹപ്രവര്‍ത്തകരും ജില്ലാ ആശുപത്രിയിലേക്ക് കുതിച്ചെത്തി. പിന്നീട് ഉയര്‍ന്നത് കൂട്ടനിലവിളികളായിരുന്നു. ഇവരെ ആശ്വസിപ്പിക്കാന്‍ ആര്‍ക്കും കഴിഞ്ഞില്ല. ഭാര്യക്ക് അപകടത്തില്‍ ചെറിയ പരിക്കേറ്റു എന്നാണ് ചിറ്റാരിക്കാലില്‍ ഓട്ടോറിക്ഷ ഡ്രൈവറായ ഭര്‍ത്താവ് ദീപുജോണിന് വിവരം ലഭിച്ചത്.

ഉടന്‍ സുഹൃത്തുക്കള്‍ക്കൊപ്പം കാറില്‍ ജില്ലാ ആശുപത്രിയിലെത്തിയ ദീപുവിനെ ഭാര്യയുടെ മരണവിവരമറിയിക്കാന്‍ ആശുപത്രി അധികൃതര്‍ക്കോ സുഹൃത്തുക്കള്‍ക്കോ കഴിഞ്ഞില്ല. ഒടുവില്‍ യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞ ദീപു പൊട്ടിക്കരഞ്ഞു. അപകടത്തില്‍ സീനയുടെ ശരീരം വികൃതമായതിനാല്‍ മൃതദേഹം കാണിക്കാന്‍ ആര്‍ക്കും മനസുവന്നില്ല. ഒടുവില്‍ പൊട്ടിക്കരയുകയായിരുന്ന ദീപുവിനെ ഏറെ പണിപ്പെട്ടാണ് സുഹൃത്തുക്കള്‍ കാറിലേക്ക് കയറ്റിയത്. ഇതിനിടയില്‍ സീനയോടൊപ്പം അപകടത്തില്‍പെട്ട ഭവിതയുടെ നില അതീവ ഗുരുതമായിരുന്നതിനാല്‍ ഉടന്‍ മംഗളൂരു ഫാദര്‍ മുള്ളേഴ്സ് ആശുപത്രിയിലേക്ക് മാറ്റി. അടിയന്തിര ശസ്ത്രക്രിയക്ക് വിധേയമായ ഭവിത അപകടനില തരണം ചെയ്തിട്ടുണ്ട്. പരപ്പ പ്രതിഭാ നഗറിലെ ദിലീപിന്റെ (ഗള്‍ഫ്) ഭാര്യയാണ് ഭവിത.

ചിറ്റാരിക്കാല്‍ ചട്ടമലയില്‍ നിന്നും 49 കിലോമീറ്റര്‍ ദൂരമുള്ള കാഞ്ഞങ്ങാട്ടേക്ക് അപൂര്‍വ്വമായി മാത്രമേ സീന സ്‌കൂട്ടിയില്‍ വരാറുള്ളൂ. അല്ലാത്തദിവസങ്ങളില്‍ ചിറ്റാരിക്കാലിലോ കുന്നുംകൈയിലോ സ്‌കൂട്ടര്‍ നിര്‍ത്തിയിട്ട് ബസിലാണ് യാത്ര. സ്‌കൂട്ടിയില്‍ വരുന്ന ദിവസങ്ങളില്‍ അട്ടേങ്ങാനത്തു നിന്നും ഭവിതയെയും കൂട്ടുമായിരുന്നു. തിരിച്ചുപോകുമ്പോള്‍ ഭവിതയെ അട്ടേങ്ങാനത്ത് തന്നെ കൊണ്ടുവിട്ട ശേഷമാണ് വീട്ടിലേക്ക് മടങ്ങുക.

തിരുമേനിയിലെ ഊന്നുകല്ലേല്‍ തോമസിന്റെയും, ലിസിയുടെയും മകളാണ് സീന. സഹോദരങ്ങള്‍: സിനോജ്, സിന്ധു. ജില്ലാ ആശുപത്രിയിലെ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ചട്ടമല സെന്റ് മേരീസ് ദേവാലയ സെമിത്തേരിയില്‍ സീനയുടെ മൃതദേഹം സംസ്‌കരിക്കും.

Related News:
സ്‌കൂട്ടറില്‍ ലോറിയിടിച്ച് യുവതിക്ക് ദാരുണാന്ത്യം; കൂട്ടുകാരിയുടെ നില ഗുരുതരം



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Kanhangad, Accidental-Death, Top-Headlines, Seena No more
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?