പരവൂര്‍ പുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്തം : നിര്‍ണായക വിവരങ്ങള്‍ ലഭിച്ചിട്ടും അട്ടിമറി സാധ്യതയെക്കുറിച്ച് ആരും അന്വേഷിച്ചില്ല

കൊല്ലം:(www.kvartha.com 11/04/2019) പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തിലെ വെടിക്കെട്ട് ദുരന്തം നടന്നിട്ട് മൂന്നു വര്‍ഷം കഴിയുന്നു. നൂറ്റിപ്പതിനാല് ജീവനുകളാണു ദുരന്തത്തില്‍ പൊലിഞ്ഞത്. 720 പേര്‍ക്കു പരുക്കേറ്റു. ഇതില്‍ 151 പേരുടെ മുറിവുകള്‍ ഗുരുതരമായിരുന്നു. കൈയും കാലും ചെവിയും കാഴ്ചയും നഷ്ടപ്പെട്ടവരായിരുന്നു ഇവരില്‍ പലരും. ക്ഷേത്രപരിസരത്തെ മുന്നൂറോളം വീടുകള്‍ക്കു കേടുപാടുകള്‍ സംഭവിച്ചു. 2016 ഏപ്രില്‍ 10-ന് പുലര്‍ച്ചെ 3.16-നാണ് ദുരന്തമുണ്ടായത്. കോണ്‍ക്രീറ്റ് കമ്പപ്പുരയില്‍ ശേഖരിച്ചിരുന്ന വെടിക്കോപ്പുകള്‍ക്കു തീപിടിച്ചുണ്ടായ ഉഗ്രസ്ഫോടനത്തില്‍ ചിതറിവീണ ശരീരഭാഗങ്ങള്‍ ക്ഷേത്രമൈതാനത്തെ അക്ഷരാര്‍ഥത്തില്‍ ശവപ്പറമ്പാക്കി.

 News, Kollam, Kerala, Case, Blast, High court, Puttingal, Temble, Firehouse blast, Puttingal firework blast case

തകര്‍ന്ന കമ്പപ്പുരയില്‍നിന്നു തെറിച്ചുപോയ കോണ്‍ക്രീറ്റ് കഷണങ്ങളും അതിലെ ഇരുമ്പ് കമ്പികളുമാണ് ദുരന്തത്തിന്റെ വ്യാപ്തി കൂട്ടിയത്. പതിനഞ്ചു കിലോഗ്രാം വെടിമരുന്ന് കൈവശം വെക്കാന്‍ ലൈസന്‍സുണ്ടായിരുന്നവര്‍ 5500 കിലോഗ്രാമിലധികം സ്ഫോടകവസ്തുക്കള്‍ അനധികൃതമായി ശേഖരിച്ചുവച്ചിരുന്നതാണ് ദുരന്തത്തിനു കാരണമായത്. ദുരന്തത്തില്‍ മരിച്ച ഏഴുപേര്‍ ഉള്‍പ്പടെ കേസില്‍ 59 പ്രതികളായിരുന്നു. 1658 പേര്‍ സാക്ഷിപ്പട്ടികയിലുണ്ട്. കേസ് അന്വേഷണം അവസാനഘട്ടത്തിലാണെന്നാണ് ബന്ധപ്പെട്ടവര്‍ അറിയിച്ചിരുന്നത്.

കേസില്‍ പ്രത്യേക പ്രോസിക്യൂട്ടറെയും നിയമിച്ചിരുന്നു. വിചാരണക്കായി കൊല്ലത്തു പ്രത്യേക കോടതി സ്ഥാപിക്കാനും തീരുമാനിച്ചിരുന്നു. അതും നടപ്പായില്ല. കുറ്റപത്രം ഇനിയും കോടതിയില്‍ സമര്‍പ്പിക്കാന്‍ കഴിഞ്ഞിട്ടില്ല. ദുരന്തത്തെക്കുറിച്ചുള്ള ക്രൈംബ്രാഞ്ചിന്റേയും അന്വേഷണ കമ്മിഷന്റേയും കണ്ടെത്തലില്‍ നിര്‍ണായകമായ പല വിവരങ്ങളും അവഗണിച്ചതായും ആക്ഷേപമുണ്ടായി. ചില നിര്‍ണായക വിവരങ്ങള്‍ ലഭിച്ചിട്ടും അട്ടിമറി സാധ്യതയെക്കുറിച്ച് ആരും അന്വേഷിച്ചില്ലെന്നായിരുന്നു ആക്ഷേപം. സംഭവം കഴിഞ്ഞു ക്ഷേത്രത്തിനു സമീപത്തുനിന്നും ജലാറ്റില്‍ സ്റ്റിക്കിന്റെ അവശിഷ്ടം ലഭിച്ചിരുന്നു. എന്നാല്‍ ഇതിനെക്കുറിച്ച് വിശദമായ അന്വേഷണം നടത്താന്‍ പോലീസും മറ്റു ബന്ധപ്പെട്ടവരും തയാറായില്ല.

നൈട്രോഗ്ലിസറിന്‍ അല്ലെങ്കില്‍ നൈട്രോഗ്ലിക്കോന്‍ എന്നിവയില്‍ അലിഞ്ഞുചേരുന്ന സോഡിയം നൈട്രേറ്റ് അല്ലെങ്കില്‍ പൊട്ടാസ്യം നൈട്രേറ്റ് സംയുക്തമായ ജലാറ്റില്‍ അത്യുഗ്ര സ്ഫോടനശേഷിയുള്ള വസ്തുവാണ്. ഇത് ഒരിയ്ക്കലും കരിമരുന്നു(കമ്പം) പ്രകടനത്തില്‍ ഉപയോഗിക്കാറില്ല. പാറ ക്വാറികളിലും മൈനിങ് മേഖലകളിലും അതീവ സുരക്ഷയോടെയാണിത് ഉപയോഗിക്കുന്നത്. ഇതു സാവധാനമാണു കത്തുന്നതെങ്കിലും സ്ഫോടനം നടക്കണമെങ്കില്‍ ഡെറ്റണേറ്ററിന്റെ സഹായം ആവശ്യമാണ്. അതുകൊണ്ടുതന്നെ ഇവ സൂക്ഷിക്കുന്നതില്‍ അതീവ സുരക്ഷ ആവശ്യമാണ്. ഇതെങ്ങനെ വെടിക്കെട്ടിന് ഉപയോഗിച്ചുവെന്നതും അജ്ഞാതമാണ്.

ക്വാറികളിലും മൈനിങ് മേഖലകളിലും കൂടാതെ ബോംബ് നിര്‍മാണത്തിലും ഉപയോഗിക്കുന്ന അത്യുഗ്രശേഷിയുള്ള സ്ഫോടകവസ്തുക്കള്‍ വെടിക്കെട്ടിന് ഉപയോഗിച്ചിരുന്നുവെന്ന കാര്യത്തില്‍ ശാസ്ത്രീയ അന്വേഷണം നടത്തുന്നതില്‍ അന്വേഷണ സംഘം പരാജയപ്പെട്ടെന്നാണു വിലയിരുത്തല്‍. ഇതുകൂടാതെ വെടിക്കെട്ടു ദുരന്തത്തിനുശേഷമുണ്ടായ ചില അസ്വാഭാവിക സംഭവങ്ങളെക്കുറിച്ചും വിശദമായ അന്വേഷണം നടന്നില്ല. വെടിക്കെട്ടു പുരയ്ക്കു തീ പിടിക്കുന്നതിനു തൊട്ടുമുമ്പു കമ്പപ്പുരയില്‍ നിന്നും ഇറങ്ങിയോടിയ യുവാവിനെക്കുറിച്ചുള്ള വിവരം കമ്പം കാണാനെത്തിയവരില്‍ ചിലരും ക്ഷേത്രം ഭാരവാഹികളും അറിയിച്ചിട്ടും അതിനെക്കുറിച്ചു യാതൊരു അന്വേഷണവും നടന്നില്ല. ഇതുകൂടാതെ സംഭവം നടന്ന സമത്തിനു തൊട്ടടുത്ത നിമിഷം ക്ഷേത്രത്തിനുള്ളിലെ ഓഫീസ് ഒരു സംഘം അടിച്ചുതകര്‍ത്തതിനെക്കുറിച്ചും അന്വേഷണം നടത്തിയില്ല.

ഇതിനുപുറമേ പുറ്റിങ്ങല്‍ ദേവീക്ഷേത്രത്തെ സംബന്ധിച്ച് ഇരു സമുദായങ്ങള്‍ തമ്മിള്‍ നേരത്തെയുണ്ടായിരുന്ന അവകാശ തര്‍ക്കത്തെക്കുറിച്ചും ക്ഷേത്രം പരമ്പരാഗതമായി തങ്ങളുടേതാണെന്ന ഒരു സംഘടനയുടെ മറവില്‍ മറ്റു ചിലരുടെ രഹസ്യമായ അവകാശവാദവും അന്വേഷണസംഘം അവഗണിച്ചു. ഇതെല്ലാം ഒഴിവാക്കി സംഭവത്തിനു കാരണക്കാര്‍ ക്ഷേത്രം ഭാരവാഹികളെന്ന നിലയിലാണ് ക്രൈംബ്രാഞ്ച് കുറ്റപത്രം തയാറാക്കിയത്. ജില്ലാ ഭരണകൂടത്തെ സമര്‍ഥമായി ഒഴിവാക്കുകയും ചെയ്തു. ക്രൈംബ്രാഞ്ച് എ.ഡി.ജി.പി എസ്. അനന്തകൃഷ്ണനാണ് അന്വേഷണം നടത്തി ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പിച്ചത്. പ്രതികളായി കണ്ടെത്തിയവര്‍ക്കെല്ലാം ഹൈക്കോടതി ജ്യാമം അനുവദിക്കുകയും ചെയ്തു.

പുറ്റിങ്ങല്‍ ക്ഷേത്രത്തില്‍ പൊട്ടിച്ചത് 5249.6 കിലോ വെടിമരുന്നാണ്. നിരോധിത രാസവസ്തു അടങ്ങുന്ന വെടിമരുന്നുകളും കരാറുകാര്‍ ഉപയോഗിച്ചതായി ക്രൈംബ്രാഞ്ച് ഹൈകോടതിയില്‍ സമര്‍പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. നിരോധിക്കപ്പെട്ട പൊട്ടാസ്യം ക്ലോറേറ്റിന്റെ സാന്നിധ്യവും രാസപരിശോധനയില്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ ജലാറ്റിന്‍ സ്റ്റിക്കിന്റെ സാന്നിധ്യത്തെക്കുറിച്ച് ഒന്നും പറയുന്നില്ല. വെടിക്കെട്ടു നടത്താന്‍ രണ്ടു കരാറുകാരുമായാണു ക്ഷേത്രം കമ്മിറ്റിക്കാര്‍ ധാരണയായത്. മത്സര വെടിക്കെട്ടിന് വേണ്ടിയാണ് ഇങ്ങനെ ചെയ്തത്. വെടിക്കെട്ട് കരാറുകാരനായ സുരേന്ദ്രന്‍ 2295.3 കിലോയും മറ്റൊരു കരാറുകാരനായ കൃഷ്ണന്‍കുട്ടി 2954.3 കിലോയും വെടിമരുന്നാണു പൊട്ടിച്ചത്. ഇവ പൊട്ടിച്ച ശേഷമാണു വന്‍ സ്ഫോടനമുണ്ടായത്.

അനുവദനീയ പരിധിയേക്കാള്‍ മുന്നൂറിലേറെ ഇരട്ടി ശക്തിയുള്ള സ്ഫോടനമാണുണ്ടായത്. കിലോമീറ്ററുകളോണം ദൂരെ ഇതിന്റെ പ്രകമ്പനമുണ്ടായി. അക്ഷരാര്‍ഥത്തില്‍ വലിയൊരു ബോംബ് സ്ഫാടനമായാണ് അനുഭവപ്പെട്ടത്. അന്വേഷണവുമായി ബന്ധപ്പെട്ട് ആയിരത്തോളം സാക്ഷികളെയാണു ചോദ്യം ചെയ്തത്. സംഭവത്തില്‍ തീവ്രവാദ പങ്കാളിത്തം ഉണ്ടായിട്ടില്ലെന്നും ദേശവിരുദ്ധ ശക്തികള്‍ക്കു പങ്കാളിത്തം ഉള്ളതായി തെളിഞ്ഞിട്ടില്ലെന്നും ബാഹ്യശക്തികളുടെ ഇടപെടല്‍ ഉണ്ടായിട്ടില്ലെന്നും കണ്ടെത്തിയ അന്വേഷണ ഉദ്യോഗസ്ഥര്‍ അത്യുഗ്ര സ്ഫോടനശേഷിയുള്ള ജലാറ്റിന്റെ സാന്നിധ്യത്തെക്കുറിച്ചു യാതൊന്നും അന്വേഷിച്ചില്ല. കൂടാതെ സംഭവത്തില്‍ ഉദ്യോഗസ്ഥതലത്തിലുണ്ടായ വീഴ്ചയെക്കുറിച്ചും കാര്യമായി അന്വേഷണം നടത്തിയില്ല.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kollam, Kerala, Case, Blast, High court, Puttingal, Temble, Firehouse blast, Puttingal firework blast case


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?