എന്ത് കൊണ്ട് കെ പി സതീഷ് ചന്ദ്രന്‍ പാര്‍ലമെന്റിലെത്തണം?

കാസര്‍കോട്: (www.kasargodvartha.com 18.04.2019) കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലത്തില്‍ നിന്നും മത്സരിക്കുന്ന ഇടതുമുന്നണി സ്ഥാനാര്‍ത്ഥി കെ പി സതീഷ് ചന്ദ്രന്‍ എന്ത് കൊണ്ട് പാര്‍ലമെന്റിലെത്തണം? ഈ ചോദ്യത്തിന് ഉത്തരം എല്‍ഡിഎഫ് തന്നെ നല്‍കുന്നു. സിറ്റിംഗ് എംപി പി കരുണാകരന്‍ മണ്ഡലത്തില്‍ നടപ്പിലാക്കിയ വികസന പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയ്ക്ക് സതീഷ് ചന്ദ്രന്‍ പാര്‍ലമെന്റിലെത്തണമെന്നാണ് എല്‍ഡിഎഫും സ്ഥാനാര്‍ത്ഥിയും വോട്ടര്‍മാരോട് അഭ്യര്‍ത്ഥിക്കുന്നത്. മണ്ഡലത്തില്‍ നടപ്പിലാക്കിയ വികസനങ്ങള്‍ ചൂണ്ടിക്കാട്ടി തന്നെയാണ് ഇത്തവണ സതീഷ് ചന്ദ്രനും ഇടതുമുന്നണിയും വോട്ടര്‍മാരെ സമീപിക്കുന്നത്.
K.P. Satheesh Chandran, CPM, LDF, Election, Top-Headlines, News, Why should KP Satish Chandran to Parliament?

കഴിഞ്ഞ അഞ്ച് വര്‍ഷം കാസര്‍കോട്ട് വികസന വസന്തം

കഴിഞ്ഞ അഞ്ചുവര്‍ഷം വികസന വസന്തമായിരുന്നു കാസര്‍കോട് മണ്ഡലത്തില്‍. എംപിയുടെ പ്രദേശിക വികസന ഫണ്ട് വിനിയോഗത്തില്‍ സംസ്ഥാനത്ത് മുന്‍പന്തിയിലാണ്. 97 ശതമാനം തുക ചെലവഴിച്ചു. പ്രദേശിക വികസന പ്രവര്‍ത്തനങ്ങള്‍ മുതല്‍ സാര്‍വ്വദേശീയ വിഷയങ്ങളില്‍ വരെ ഫലപ്രദമായ ഇടപെടല്‍. റെയില്‍വേ വികസനത്തിന് എംപി ഫണ്ട് ആദ്യമായി ഉപയോഗിച്ച മണ്ഡലമാണ് കാസര്‍കോട്. പിഎംജിഎവൈ സ്‌കീമില്‍ 125 കോടിയുടെ റോഡ് നിര്‍മാണം. കൊല്ലം - കോട്ടപ്പുറം ജലപാത കാസര്‍കോട് വരെ നീട്ടുന്നതിന് സജീവമായി ഇടപെട്ട് അനുകൂല തീരുമാനമുണ്ടാക്കി.

പി കരുണാകരന്‍ പടിയിറങ്ങുന്നത് തലയുയര്‍ത്തി

ഒന്നരപതിറ്റാണ്ട് പാര്‍ലമെന്റില്‍ ഇടതുപക്ഷത്തിന്റെ കരുത്തായിരുന്ന പി കരുണാകരന്‍ പടിയിറങ്ങുന്നത് തലയുയര്‍ത്തി. പാര്‍ലമെന്ററി പ്രവര്‍ത്തനം പി കരുണാകരന് പാവപ്പെട്ടവന്റെയും അടിച്ചമര്‍ത്തപ്പെടുന്നവരുടെയും പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെയും അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള പോരാട്ടമായിരുന്നു. ഇതില്‍ ഒരിക്കലും വിട്ടുവീഴ്ച ചെയ്തില്ല. ലോക്‌സഭാ അംഗമെന്ന നിലയില്‍ സഭാനടപടികളില്‍ പങ്കെടുക്കുന്നതിലും ഇടപെടുന്നതിലും മറ്റുള്ളവര്‍ക്ക് എന്നും മാതൃകയായിരുന്നു. 2004 മുതല്‍ കാസര്‍കോട് മണ്ഡലത്തിന്റെ പ്രതിനിധിയെന്ന നിലയില്‍ മണ്ഡലത്തിന്റെ കാര്യങ്ങള്‍ മാത്രമല്ല, ദേശീയ - അന്തര്‍ദേശീയ വിഷയങ്ങള്‍ ഉള്‍പ്പെടെ സഭയുടെ ശ്രദ്ധയില്‍ കൊണ്ടുവരുന്നതിനും കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തി തീരുമാനമെടുപ്പിക്കുന്നതിനും കഴിഞ്ഞു.


ഇടതുപക്ഷത്തിന്റെ തലയെടുപ്പുള്ള നേതാവെന്ന പരിഗണന പാര്‍ലമെന്റില്‍ പി കരുണാകരന് എന്നും ലഭിച്ചിരുന്നു. മണ്ഡലത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനം ചെയ്യാനെത്തുന്ന കേന്ദ്ര മന്ത്രിമാരെല്ലാം എംപിയെന്ന നിലയില്‍ പി കരുണാകരന്റെ ഇടപെടലിനെ പ്രശംസിക്കുന്നത് വെറുതേയല്ല. ലോകസഭയിലെ സിപിഎം നേതാവായിരുന്ന പി കരുണാകരനെ ആ നിലയില്‍ പാര്‍ലമെന്റ് ഏറെ ബഹുമാനിച്ചിരുന്നു. കക്ഷി രാഷ്ട്രീയത്തിനപ്പുറം വികസന പ്രവര്‍ത്തനത്തില്‍ മണ്ഡലത്തിലെ വിവിധതലങ്ങളിലുള്ള ജനപ്രതിധികളെ ഏകോപിച്ച് കൊണ്ടുപോകാന്‍ കഴിഞ്ഞതും വലിയ നേട്ടമാണ്. സംസ്ഥാനത്ത് എംപി ഫണ്ട് വിനിയോഗത്തില്‍ കാസര്‍കോടിനെ മുന്നിലെത്തിക്കാന്‍ കഴിഞ്ഞതും എല്ലാ വിഭാഗത്തെയും ഒറ്റ മനസ്സോടെ നയിച്ചതിന്റെ ഫലമാണ്. പദ്ധതി നിര്‍വഹണത്തില്‍ ഉദ്യോഗസ്ഥരെ ജനങ്ങള്‍ക്കൊപ്പം അണിനിരത്താനായതും ചെറിയ കാര്യമല്ല. കേരളത്തിന് അര്‍ഹമായ വിഹിതം കേന്ദ്രം നിഷേധിച്ച ഘട്ടത്തിലെല്ലാം അതിനെതിരെ പോരടിക്കാനും അവകാശങ്ങള്‍ പിടിച്ചുവാങ്ങാനും മുന്നിട്ടിറങ്ങി. ഇതിനായി യുഡിഎഫിന്റെ എംപിമാരെ കൂടി ഒപ്പം നിര്‍ത്താനും സാധിച്ചു. പാര്‍ലമെന്റില്‍ നിന്ന് വിടവാങ്ങുന്നത് മോഡി സര്‍ക്കാരിനെ സഭയ്ക്കകത്ത് വീറോടെ പടനയിച്ച പോരാളിയെയാണ്. എ കെ ജിക്ക് ശേഷം പാര്‍ലമെന്റില്‍ മലയാളികള്‍ക്കായി ഇത്രയേറെ ശബ്ദിച്ച നേതാക്കള്‍ അപൂര്‍വമാണ്.

എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്കായി ഡല്‍ഹിയില്‍ ശബ്ദമുയര്‍ത്തി

എന്‍ഡോസള്‍ഫാന്‍ വിഷമഴക്കെതിരായ മുന്നണി പോരാളിയാണ് പി കരുണാകരന്‍ എംപി. പാര്‍ലമെന്റിനകത്തും പുറത്തും ഇതിനായി ഫലപ്രദമായി ഇടപെട്ടു. നബാര്‍ഡില്‍ നിന്ന് 200 കോടി രൂപയുടെ പ്രത്യേക പാക്കേജ് നേടിയെടുക്കാനായി. ഇതില്‍ 235 വികസന പ്രവൃത്തികള്‍ പൂര്‍ത്തിയായി. ദേശീയ മനുഷ്യവകാശ കമീഷന്‍ ഈ വിഷയയത്തില്‍ ഇടപെട്ടത് എംപിയുടെ ശ്രമഫലമായാണ്. ഭോപാല്‍ ദുരന്തം പോലെയാണ് കാസകോട് എന്‍ഡോസള്‍ഫാന്‍ പ്രശ്‌നമെന്ന് പി കരുണാകരന്‍ മനുഷ്യാവകാശ കമീഷന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

2011ല്‍ പ്രധാനമന്ത്രിക്കും ദേശീയ മനുഷ്യാവകാശ കമീഷന്‍ ചെയര്‍മാനും വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് 2012ല്‍ ദേശീയ മനുഷ്യാവകാശ കമീഷന്‍ കേന്ദ്ര - സംസ്ഥാന  സര്‍ക്കാരുകളോട് ഇരകള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ നിര്‍ദേശിച്ചത്. കേരള സര്‍ക്കാര്‍ ഇതിന് അനുകൂലമായി പ്രതികരിച്ചെങ്കിലും കേന്ദ്രം സഹായിച്ചില്ല. രാജ്യവ്യാപകമായി കീടനാശിനികളുടെ നിരോധനം, കാസര്‍കോടിനെ ജൈവ ജില്ലയാക്കല്‍, ദുരിതബാധിതര്‍ക്ക് നഷ്ടപരിഹാരം നല്‍കല്‍, ഭോപ്പാല്‍ മാതൃകയില്‍ തുടര്‍ ചികിത്സ, സ്‌പെഷ്യല്‍, ബഡ്‌സ് സ്‌കൂളുകള്‍ സ്ഥാപിക്കല്‍, സമഗ്ര പുരനരധിവാസ കേന്ദ്രം, പ്രതിമാസ പെന്‍ഷന്‍, നിയമപരമായ നഷ്ടപരിഹാരം ലഭ്യമാക്കാന്‍ ട്രിബ്യൂണല്‍ രൂപീകരിക്കല്‍, ജല പരിസ്ഥിതി പുനരുജ്ജീവനത്തിന് പ്രത്യേക പാക്കേജ്, കുട്ടികള്‍ക്കും അമ്മമാര്‍ക്കും പ്രത്യേക പോഷകാഹാര പദ്ധതി തുടങ്ങിയവയാണ് റിപ്പോര്‍ട്ടിലെ പ്രധാന നിര്‍ദേശങ്ങള്‍.

ഇതില്‍ മിക്കതും നടപ്പാക്കാനായി. ചില പദ്ധതികള്‍ പൂര്‍ത്തിയായി വരികയാണ്. 10 ബഡ്‌സ് സ്‌കൂളുകള്‍ക്കും 57 വിദ്യാലയങ്ങള്‍ക്കും പുതിയ കെട്ടിടം നിര്‍മിച്ചു. 43 ആശുപത്രികള്‍, 66 അങ്കണവാടികള്‍ എന്നിവയ്ക്ക് കെട്ടിടം ഒരുക്കി. 55 കുടിവെള്ള പദ്ധതികള്‍ സ്ഥാപിച്ചു. ബോവിക്കാനത്ത് പുനരധിവാസ ഗ്രാമവും യാഥാര്‍ഥ്യമാവുകയാണ്. ദുരിത ബാധിത പ്രദേശങ്ങളില്‍ ജൈവ പുനരുജ്ജീവനത്തിനായി സംസ്ഥാന സര്‍ക്കാരില്‍ നിന്ന് 10 കോടി രൂപ അനുവദിപ്പിച്ചു.

കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലത്തിലെ റെയില്‍വേ വികസനം

500 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് അഞ്ച് വര്‍ഷത്തിനിടയില്‍ നടന്നത്. യാത്രക്കാരുടെ സ്വപ്‌നമായ കാഞ്ഞങ്ങാട് - കാണിയൂര്‍ പാതയ്ക്ക് പച്ചക്കൊടി. സംസ്ഥാന സര്‍ക്കാര്‍ പാതയുടെ പകുതി ചെലവ് വഹിക്കാമെന്ന് ഏറ്റു. കര്‍ണാടക സര്‍ക്കാര്‍ കൂടി സമ്മതിച്ചാല്‍ പാത യാഥാര്‍ഥ്യമാകും. നീലേശ്വരം പള്ളിക്കര ആറുവരി റെയില്‍വേ മേല്‍പ്പാലം ഡിസംബറില്‍ പൂര്‍ത്തിയാവും. കാസര്‍കോട്, കാഞ്ഞങ്ങാട്, പയ്യന്നൂര്‍ സ്‌റ്റേഷനുകള്‍ക്ക് എ ക്ലാസ് പദവി. 12 സ്‌റ്റേഷനുകള്‍ ആദര്‍ശ് സ്‌റ്റേഷനുകളായി ഉയര്‍ത്തി. നാല് മേല്‍പ്പാലങ്ങളില്‍ ഗതാഗതം തുടങ്ങി. 10 പുതിയ മേല്‍പ്പാലങ്ങള്‍ക്ക് അനുമതി. ഏഴ് അടിപ്പാതകള്‍ക്ക് അനുമതി.

തൃക്കരിപ്പൂര്‍, ഏഴിമല, ചെറുവത്തൂര്‍, കാഞ്ഞങ്ങാട്, പയ്യന്നൂര്‍, കാസര്‍കോട് സ്‌റ്റേഷനുകളില്‍ പുതിയ കെട്ടിടം. രാജധാനി, അന്ത്യോദയ, സമ്പര്‍ക്കക്രാന്തി എക്‌സ്പ്രസുകള്‍ക്ക് കാസര്‍കോട്ടും ചെന്നൈ സൂപ്പര്‍ ഫാസ്റ്റിന് നീലേശ്വരത്തും സ്‌റ്റോപ്പ്. കാസര്‍കോട് റെയില്‍വെ സ്‌റ്റേഷനില്‍ ലിഫ്റ്റ്. കാഞ്ഞങ്ങാട് പിപിപി മാതൃകയില്‍ വികസനം. നിലേശ്വരം, ചെറുവത്തൂര്‍ റെയില്‍വെ സ്‌റ്റേഷനുകളില്‍ ഫൂട്ട് ഓവര്‍ ബ്രിഡ്ജ് നീട്ടല്‍ പ്രവൃത്തികള്‍ക്ക് 45 ലക്ഷം രൂപ നല്‍കി. മുഴുവന്‍ റെയില്‍വെ സ്‌റ്റേഷനുകളിലും എയര്‍പോര്‍ട്ട് ചെയറും ഹൈമാസ്, സോളര്‍ എനര്‍ജി പദ്ധതികളും നടപ്പാക്കാന്‍ 26 ലക്ഷം രൂപ ചെലവഴിച്ചു.


നീലേശ്വരം പള്ളിക്കര മേല്‍പ്പാലം

നൂറ്റാണ്ടോളമായി ജനങ്ങളെ കുരുക്കിട്ട പള്ളിക്കര ഗേറ്റ് ചരിത്രമാകുന്നു. 269ാം നമ്പര്‍ ഗേറ്റ് മായുമ്പോള്‍ ദേശീയപാത 66ല്‍ കല്യാണ്‍ മുതല്‍ എടപ്പള്ളി വരെയുള്ള അവസാനത്തെ തടസവും ഓര്‍മയാകും. നാടിന്റെയും യാത്രക്കാരുടെയും സ്വപ്‌നമാണ് കടമ്പകളില്ലാത്ത പള്ളിക്കര. 2019 ഡിസംബറില്‍ പണിപൂര്‍ത്തിയാവും. നീലേശ്വരത്ത് നിന്നും ചെറുവത്തൂരില്‍ നിന്നും വരുന്ന വാഹനങ്ങളുടെ പ്രാര്‍ഥന പള്ളിക്കര കനിയണമെന്നാണ്. ഡ്രൈവര്‍മാരെ ആശങ്കപ്പെടുത്തുന്ന ഗേറ്റില്‍ തട്ടി വാഹനങ്ങള്‍ നില്‍ക്കുന്നതും ഇനി ഏതാനും മാസം മാത്രം. പി കരുണാകരന്‍ എംപിയുടെ നേതൃത്വത്തില്‍ നടന്ന ജനകീയ പോരാട്ട വിജയമാണ് പള്ളിക്കര റെയില്‍വേ മേല്‍പ്പാലം.

സാങ്കേതിക കാരണങ്ങളാല്‍ വൈകിപ്പോയിട്ടുണ്ടെങ്കിലും അതിന്റെ കുറവുകളെല്ലാം തീര്‍ക്കുന്ന പാലമാണ് യാഥാര്‍ഥ്യമാകാന്‍ പോകുന്നത്. 720 മീറ്റര്‍ നീളവും 25 മീറ്റര്‍ വീതിയുമുള്ള പാലത്തിലൂടെ ആറുവരി പാത വരെ നിര്‍മിക്കാനാവും. മെയിലാണ് പണി തുടങ്ങിയത്. പെരുമ്പാവൂരിലെ ഇ കെ കെ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ കമ്പനിയാണ് കരാറുകാര്‍. അറുപതോളം തൊഴിലാളികള്‍ നിശ്ചിത സമയത്തിനകം പാലം പൂര്‍ത്തിയാക്കാന്‍ ആഹോരാത്രം പണിയെടുക്കുന്നുണ്ട്. 40 പില്ലറുകളിലായി എട്ട് തൂണുകളാണ് പാലത്തിനുണ്ടാവുക. എട്ട് തൂണുകള്‍, രണ്ട് സര്‍വീസ് റോഡ്, നാല് കള്‍വര്‍ട്ടറുകള്‍, രണ്ട് വെഹിക്കിള്‍ അണ്ടര്‍ പാസ്, ഇലക്ട്രിസിറ്റി ഫിറ്റിങ് എന്നിവയുടെ പണി ഒന്നിച്ചാണ് നടക്കുന്നത്. ഇരുവശവുമുള്ള സര്‍വീസ് റോഡുകള്‍ക്ക് ഏഴ് മീറ്റര്‍ വീതിയുണ്ട്.

4 കോടിയുടെ ചികിത്സാ സഹായം

160 പേര്‍ക്ക് നാലുകോടി രൂപയുടെ ചികിത്സാ സഹായം നല്‍കി. ഏഴ് കുട്ടികള്‍ക്ക് കേന്ദ്ര പദ്ധതിയില്‍ ശസ്ത്രക്രിയ. കാന്‍സര്‍, വൃക്കരോഗം, ഹൃദ്രോഗം എന്നിവ ബാധിച്ചവര്‍ക്ക് സഹായം. സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് കെട്ടിടങ്ങള്‍, ആംബുലന്‍സുകള്‍ എന്നിവ ഒരുക്കുന്നതിന് എംപി ഫണ്ട്, നബാര്‍ഡ് പാക്കേജ്, കാസര്‍കോട് പാക്കേജ് എന്നിവയെ പ്രയോജനപ്പെടുത്തി. കാന്‍സര്‍ വിമുക്ത ജില്ല എന്ന ആശയം മുന്‍നിര്‍ത്തി മലബാര്‍ കാന്‍സര്‍ സെന്ററുമായി സഹകരിച്ച് നീലേശ്വരം ബ്ലോക്കില്‍ കാന്‍സര്‍ നിര്‍മാര്‍ജന പരിപാടി തുടങ്ങി.

തുളു ഭാഷ
തുളു ഭാഷയെ ഭരണഘടനയുടെ എട്ടാം ഷെഡ്യൂളില്‍ ഉള്‍പ്പെടുത്താനുള്ള പരിശ്രമം അവസാനഘട്ടത്തില്‍.

മറാഠി സമുദായം
മറാഠി സമുദായത്തെ വീണ്ടും പട്ടിക വര്‍ഗ ലിസ്റ്റില്‍ ഉള്‍പ്പെടുത്താന്‍ സാധിച്ചു.

കേന്ദ്രീയ വിദ്യാലയങ്ങള്‍
സംസ്ഥാനത്ത് ഏറ്റവും കുടുതല്‍ കേന്ദ്രീയ വിദ്യാലയങ്ങളുള്ള മണ്ഡലം. ഏഴ് കേന്ദ്രീയ വിദ്യാലയങ്ങളാണ് കാസര്‍കോട് മണ്ഡലത്തിലുള്ളത്.

യോഗ ആന്‍ഡ് നാച്ചുറോപ്പതി സെന്റര്‍
കരിന്തളത്ത് യോഗ ആന്‍ഡ് നാച്ചുറോപ്പതി റിസര്‍ച്ച് സെന്ററിന് തറക്കല്ലിട്ടു. കേന്ദ്ര സര്‍ക്കാരിന്റെ ആയുഷ് പദ്ധതിയില്‍ 100 കിടക്കകളുള്ള ആശുപത്രി തുടങ്ങും. പി ജി ഇന്‍സ്റ്റിറ്റിയൂട്ടും ആരംഭിക്കും.


പ്രവാസി ക്ഷേമം
സൗദി നിതാഖത്ത്, യമനിലെ പ്രതിസന്ധി, മാലിയിലെ ആഭ്യന്തര പ്രശ്‌നം തുടങ്ങിയവയില്‍പ്പെട്ട പ്രവാസി മലയാളികള്‍ക്ക് രക്ഷകനും ദൂതനുമായി. വിദേശ രാഷ്ട്രങ്ങളില്‍ ജയിലിലകപ്പെട്ടവരെ മോചിപ്പിച്ച് നാട്ടിലെത്തിക്കുന്നതിന് നയതന്ത്ര ഇടപെടല്‍ നടത്തി. കാസര്‍കോട്ടും പയ്യന്നൂരും പാസ്‌പോര്‍ട്ട് സേവാ കേന്ദ്രം തുടങ്ങി.



കരിന്തളം ഗവ. കോളജ്
കരിന്തളം ഗവ. കോളജ് ആരംഭിക്കുന്നതിന് നേതൃപരമായ പങ്ക്.

കാസര്‍കോട് വികസന പാക്കേജ്
പ്രഭാകരന്‍ കമീഷന്‍ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍  നടപ്പാക്കുന്ന കാസര്‍കോട് പാക്കേജില്‍ 50 കോടി രൂപയുടെ പദ്ധതികള്‍. 25 വിദ്യാലയങ്ങള്‍ക്ക് കെട്ടിടം, കാഞ്ഞങ്ങാട് ജില്ലാശുപത്രിയില്‍ ട്രോമകെയര്‍ യൂണിറ്റും ഡയാലിസിസ് യൂണിറ്റും. കാസര്‍കോട് ഗവ. കോളജില്‍ കാന്റീനും പെണ്‍കുട്ടികള്‍ക്ക് റസ്റ്റ് റൂം.

ആരോഗ്യമേഖല
കാഞ്ഞങ്ങാട് ജില്ലാശുപത്രിയില്‍ പാലിയേറ്റ് കെയര്‍ തുടങ്ങിയവയുടെ കെട്ടിടത്തിന് 49.41 ലക്ഷം രൂപ അനുവദിച്ചു. പ്രത്യേക പ്രിസണേഴ്‌സ് വാര്‍ഡും നിര്‍മിച്ചു.


41 സ്‌കൂളുകള്‍ക്ക് ബസ്
41 പൊതുവിദ്യാലയങ്ങള്‍ക്ക് വാഹനം. 121 വിദ്യാലയങ്ങള്‍ക്ക് കംപ്യൂട്ടര്‍ ഉള്‍പ്പെടെ ഡിജിറ്റല്‍ സൗകര്യം. 33 വിദ്യാലയങ്ങള്‍ക്ക് പുതിയ കെട്ടിടം. 18 സ്‌കൂളുകള്‍ക്ക് ഓപ്പണ്‍ ഏയര്‍ തിയറ്റര്‍. 82 വിദ്യാലയങ്ങളില്‍ 1.22 കോടി ചെലവില്‍ സ്മാര്‍ട്ട് ക്ലാസ് റൂം. കമ്പല്ലൂര്‍, കുട്ടമത്ത് സ്‌കൂളുകള്‍ക്ക് നബാര്‍ഡില്‍ നിന്ന് ആറ് കോടി രൂപ. കക്കാട്ട് ഗവ. സ്‌കൂളിന് എച്ച്എഎല്ലിന്റെ സിഎസ്ആര്‍ ഫണ്ട്. കേന്ദ്ര സര്‍വകലാശാല പെരിയയിലെ സ്വന്തം ക്യാമ്പസിലേക്ക് മാറ്റി.



ദേശീയപാത
കാസര്‍കോട് - തിരുവനന്തപുരം നാലുവരി ദേശീയ പാത വികസനത്തിന് കാസര്‍കോട് സ്ഥലമെടുപ്പ് പൂര്‍ത്തിയായി. ഹൊസ്ദുര്‍ഗ് - പാണത്തൂര്‍ - ബാഗമണ്ഡലം, ചെര്‍ക്കള - ജോഡ്ക്കല്‍ ദേശീയ പാതയ്ക്കുള്ള നിര്‍ദേശം അംഗീകരിച്ചു. നന്ദാരപദവ് മുതല്‍ ചെറുപുഴ വരെ മണ്ഡലത്തിലൂടെ കടന്നുപോകുന്ന മലയോര പാതയും യാഥാര്‍ഥ്യമാകുന്നു.

റോഡ് വികസനം
കാസര്‍കോട് ജില്ലയില്‍ 85.73 കോടി രൂപ ചെലവിട്ട് 118.58 കിലോമീറ്ററിന്റെ 40 റോഡ് പൂര്‍ത്തിയാക്കി. പയ്യന്നൂര്‍ - കല്യാശേരി മണ്ഡലങ്ങളില്‍ 14.39 കോടി രൂപയുടെ 16.71 കിലോമീറ്ററിന്റെ നാലുറോഡുകള്‍ യാഥാര്‍ഥ്യമായി. എന്‍ഡോസള്‍ഫാന്‍ മേഖലയില്‍ 25 കോടി രൂപയുടെ 14 റോഡുകള്‍ നിര്‍മിച്ചു. ആദര്‍ശ് ഗ്രാമങ്ങളായ ചെറുവത്തൂര്‍, കിനാനൂര്‍ കരിന്തളം പഞ്ചായത്തുകളില്‍ രണ്ട് റോഡുകളുടെ വികസനത്തിന് പ്രത്യേകാനുമതി. 62 റോഡുകള്‍ 3.36 കോടി രൂപ ചെലവില്‍ നവീകരിച്ചു.

പട്ടിക ജാതി - പട്ടികവര്‍ഗ ക്ഷേമം
16 കോളനി റോഡുകളുടെ അറ്റകുറ്റപ്പണിക്ക് 1.36 കോടി രൂപ. 10 കോളനികളില്‍ 81.12 ലക്ഷം രൂപയുടെ കുടിവെള്ള പദ്ധതി. അങ്കണവാടി, കമ്യൂണിറ്റി ഹാള്‍ കെട്ടിടങ്ങള്‍ക്ക് 27.5 കോടി രൂപ. മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍ക്ക് വാഹനം. വലിയപറമ്പ് ഒരിയര കോളനിയില്‍ ഒരു കോടി രൂപയുടെ സമഗ്ര വികസനം.

തുറമുഖം
കാസര്‍കോട്, മടക്കര തുറമുഖങ്ങള്‍ നാടിന് സമര്‍പ്പിച്ചു. മഞ്ചേശ്വരം, അജാനൂര്‍, ബേക്കല്‍ മിനി ഹാര്‍ബറുകളുടെ നിര്‍മാണം തുടങ്ങി.


വികസനത്തുടര്‍ച്ചയ്ക്ക് കെപിഎസ്

കാസര്‍കോടന്‍ കോട്ട നിലനിര്‍ത്താന്‍ സി പി എം അങ്കത്തിനിറക്കുന്നത് കമ്പല്ലൂര്‍ കോട്ടയിലെ പടക്കുറുപ്പിനെയാണ്. പ്രബല ജന്മി കുടുംബമായ കമ്പല്ലൂര്‍ കോട്ടയില്‍ തറവാട്ടിലെ ഗോവിന്ദന്‍ നമ്പ്യാരുടെയും, കുഞ്ഞുലക്ഷ്മി അമ്മയുടെയും ഏക മകന്‍ കെ പി സതീഷ്ചന്ദ്രനെന്ന അങ്കച്ചേകവന് കാസര്‍കോടന്‍ ചുവപ്പുകോട്ടയുടെ ആധിപത്യം നിലനിര്‍ത്താനാവുമെന്ന് തന്നെയാണ് പാര്‍ട്ടിയുടെ കണക്ക് കൂട്ടല്‍.

രണ്ടു തവണ തൃക്കരിപ്പൂര്‍ എം എല്‍ എ ആയ സതീഷ്ചന്ദ്രന് മണ്ഡലത്തില്‍ നല്ല വേരോട്ടമുണ്ട്. അന്നു നടത്തിയ വികസന പ്രവര്‍ത്തനങ്ങളിലൂടെ എതിരാളികളുടെ വോട്ടും പെട്ടിയിലാക്കാമെന്നാണ് പാര്‍ട്ടിയുടെ കണക്കുകൂട്ടല്‍. ജില്ലാ സെക്രട്ടറി എന്ന നിലയില്‍ കാസര്‍കോടിന്റെ മുക്കിലും മൂലയിലും കടന്നുചെന്നിട്ടുള്ള അനുഭവവും മുതല്‍ക്കൂട്ടാക്കാമെന്ന് കണക്കുകൂട്ടുന്നു. ഒപ്പം തന്നെ പിതാവിന്റെ കുടുംബ ബന്ധവും അനുകൂല ഘടകമാകുമെന്നാണ് പ്രതീക്ഷ.


ഒട്ടേറെ ഗ്രാമങ്ങള്‍ അധീനതയിലുണ്ടായിരുന്ന കമ്പല്ലൂര്‍ കോട്ടയില്‍ തറവാട്ട് ജന്മിയായിരുന്ന സതീഷ്ചന്ദ്രന്റെ പിതാവ് ഗോവിന്ദന്‍ നമ്പ്യാര്‍ പക്ഷെ ഉള്ളുകൊണ്ട് കമ്മ്യൂണിസ്റ്റ് ചിന്താഗതിക്കാരനായിരുന്നു. ഐക്യകേരളത്തിന്റെ ആദ്യ തെരഞ്ഞെടുപ്പില്‍ പ്രഥമ മുഖ്യമന്ത്രിയായിരുന്ന ഇ എം എസ് നമ്പൂതിരിപ്പാട് നീലേശ്വരത്ത് ആദ്യമായി വോട്ടഭ്യര്‍ത്ഥിച്ചു ചെന്നത് ഗോവിന്ദന്‍ നമ്പ്യാരുടെ അടുക്കലേക്കായിരുന്നു. അന്ന് നീലേശ്വരം തമ്പുരാന്‍ വിലക്കിയിട്ടും ഗോവിന്ദന്‍ നമ്പ്യാര്‍ ഇ എം എസിനെ സ്വീകരിക്കുക മാത്രമല്ല പട്ടേനയിലെ പൊതുയോഗത്തില്‍ പ്രസംഗിക്കാനും ക്ഷണിച്ചുവരുത്തി. അന്ന് ഇ എം എസ് പ്രസംഗിച്ച പട്ടേനയിലെ സ്ഥലം ഇന്ന് ഇ എം എസ് നഗര്‍ എന്നാണറിയപ്പെടുന്നത്. അച്ഛന്റെ ഉള്ളിലുണ്ടായിരുന്ന കമ്മ്യൂണിസ്റ്റ് ബോധം തന്നെയാണ് പിന്നീട് സതീഷ്ചന്ദ്രനേയും സ്വാധീനിച്ചത്.

എസ് എഫ് ഐയുടെ നീലേശ്വരം രാജാസ് ഹൈസ്‌കൂള്‍ യൂണിറ്റ് എക്‌സിക്യൂട്ടീവ് അംഗമായി സംഘടനാ പ്രവര്‍ത്തനം ആരംഭിച്ച സതീഷ്ചന്ദ്രന്‍ പിന്നീട് യൂണിറ്റ് സെക്രട്ടറി, താലൂക്ക് പ്രസിഡണ്ട്, സംസ്ഥാന വൈസ് പ്രസിഡണ്ട്, ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി, സംസ്ഥാന വൈസ് പ്രസിഡണ്ട്, കേന്ദ്ര കമ്മിറ്റി അംഗം, സിപിഎം നീലേശ്വരം ഏരിയാ സെക്രട്ടറി, ജില്ലാ സെക്രട്ടറി എന്നീ പദവികള്‍ക്കുശേഷം സംസ്ഥാന കമ്മിറ്റി അംഗവുമായി. രണ്ടു തവണ നിയമസഭയിലേക്ക് ജയിച്ചുകയറിയ ശേഷമാണ് സതീഷ്ചന്ദ്രന്‍ പാര്‍ലിമെന്റ് തെരഞ്ഞെടുപ്പില്‍ അങ്കം കുറിക്കുന്നത്.

തൃക്കരിപ്പൂര്‍ മണ്ഡലത്തില്‍ പത്ത് വര്‍ഷക്കാലയളവില്‍ സതീഷ് ചന്ദ്രന്‍ നടപ്പാക്കിയ വികസന ക്ഷേമ പദ്ധതികള്‍ക്ക് കക്ഷിരാഷ്ട്രീയ ഭേദമന്യേ വലി അംഗീകാരമാണ് ലഭിച്ചത്. പാര്‍ലമെന്റ് അംഗമായാലും ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും വികനത്തിനും കക്ഷിരാഷ്ട്രീയമില്ലാതെ പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം ഉറപ്പുനല്‍കുന്നു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: K.P. Satheesh Chandran, CPM, LDF, Election, Top-Headlines, News, Why should KP Satish Chandran to Parliament? 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?