സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെതിരെ ലൈംഗീക ആരോപണം: ഗൂഢാലോചന നടന്നിട്ടുണ്ടോയെന്ന കാര്യം ജുഡീഷ്യല്‍ മേല്‍നോട്ടത്തില്‍ അന്വേഷിക്കാന്‍ ഉത്തരവ്, ഗൂഡാലോചനയില്‍ തന്നെ സ്വാധീനിക്കാന്‍ ഒന്നരക്കോടി വാഗ്ദാനം ചെയ്തുവെന്ന് അഭിഭാഷകനായ ഉത്സവ് ബെയ്ന്‍സിന്റെ വെളിപ്പെടുത്തല്‍, അനില്‍ അംബാനിക്കെതിരായ കോടതി ഉത്തരവ് തിരുത്തിയ ഉദ്യോഗസ്ഥനടക്കമുള്ളവരുടെ പേരും പട്ടികയില്‍

ന്യൂഡല്‍ഹി: (www.kvartha.com 25.04.2019) സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെതിരെ ഉയര്‍ന്ന ലൈംഗീക ആരോപണക്കേസ് ജുഡീഷ്യല്‍ മേല്‍നോട്ടത്തില്‍ അന്വേഷിക്കാന്‍ ഉത്തരവ്. ആരോപണത്തിന് പിന്നില്‍ ഗൂഢാലോചന നടന്നിട്ടുണ്ടോയെന്ന കാര്യമാണ് അന്വേഷിക്കുന്നത്. വിരമിച്ച ജസ്റ്റിസ് എ കെ പട്‌നായികിനെയാണ് അന്വേഷണ ചുമതല ഏല്‍പ്പിച്ചിരിക്കുന്നത്. സിബിഐ, ഐബി, ഡല്‍ഹി പോലീസ് എന്നിവര്‍ അന്വേഷണത്തിനായി എ കെ പട്‌നായികിന്റെ നേതൃത്വത്തിലുള്ള സംഘത്തെ സഹായിക്കണം. അന്വേഷണ റിപ്പോര്‍ട്ട് സീല്‍ വച്ച കവറില്‍ സമര്‍പ്പിക്കാനും കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

സത്യവാങ്മൂലത്തില്‍ വസ്തുതയുണ്ടോ എന്ന കാര്യമാണ് ആദ്യം അന്വേഷിക്കേണ്ടത്. തെളിവുകളും അവകാശവാദങ്ങളും സത്യമാണോ എന്ന് പരിശോധിക്കണം. എ കെ പട്‌നായിക് നല്‍കുന്ന ആ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും ബാക്കി അന്വേഷണം. എന്നാല്‍ പരാതിക്കാരി ചീഫ് ജസ്റ്റിസിനെതിരെ ഉന്നയിച്ച ലൈംഗിക പീഡനാരോപണം ഈ അന്വേഷണത്തിന്റെ പരിധിയില്‍ വരില്ല. വെള്ളിയാഴ്ച രാവിലെ മുതല്‍ ജസ്റ്റിസ് എസ് എ ബോബ്‌ഡെ അധ്യക്ഷനായ മൂന്നംഗ ബഞ്ചിന് മുമ്പാകെ പരാതിക്കാരി ഹാജരായി തെളിവ് നല്‍കണമെന്നും സുപ്രീംകോടതി ഉത്തരവിട്ടിട്ടുണ്ട്.

അതിനിടെ ഗൂഡാലോചനയില്‍ തന്നെ സ്വാധീനിക്കാന്‍ ഒന്നരക്കോടി വാഗ്ദാനം ചെയ്തുവെന്ന വെളിപ്പെടുത്തലുമായി അഭിഭാഷകനായ ഉത്സവ് ബെയ്ന്‍സ് രംഗത്തെത്തി. അതിന്റെ തെളിവ് എന്നവകാശപ്പെട്ട് ഒരു സീല്‍ വച്ച കവറും അദ്ദേഹം സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചു. രാവിലെ ഈ കേസ് പരിഗണിച്ചപ്പോഴായിരുന്നു ചീഫ് ജസ്റ്റിസിനെതിരെയുള്ള ഗൂഢാലോചനയില്‍ തന്നെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്ന് ബെയ്ന്‍സ് വെളിപ്പെടുത്തിയത്.

ഗൂഡാലോചനയ്ക്ക് പിന്നില്‍, അനില്‍ അംബാനിക്കെതിരായ കോടതി ഉത്തരവ് തിരുത്തിയ സുപ്രീം കോടതി ഉദ്യോഗസ്ഥനടക്കമുള്ളവരുടെ പേരും ബെയ്ന്‍സ് ഉന്നയിക്കുന്നുണ്ട്. അനുകൂല വിധി കിട്ടാതെ വന്ന ചില കോര്‍പ്പറേറ്റ് കമ്പനികളുടെ പ്രതിനിധികള്‍ സുപ്രീംകോടതിയില്‍ നിന്ന് നേരത്തേ അച്ചടക്ക നടപടി നേരിട്ട ഉദ്യോഗസ്ഥരുമായി ചേര്‍ന്ന് നടത്തിയ ഗൂഢാലോചനയുടെ ഭാഗമാണ് ചീഫ് ജസ്റ്റീസിനെതിരായ ലൈംഗീക ആരോപണമെന്നാണ് ഉത്സവ് ബെയ്ന്‍സ് പറയുന്നത്.

ചീഫ് ജസ്റ്റിസിനെ രാജിവെപ്പിക്കാനുള്ള ഗൂഢനീക്കത്തിന്റെ ഭാഗമായാണ് ഈ ലൈംഗികാരോപണം ഉയര്‍ത്തിയതെന്നാരോപിച്ച ബെയ്ന്‍സ് തപന്‍ കുമാര്‍ ചക്രബര്‍ത്തി, മാനവ് ശര്‍മ എന്നിവരുടെ പേരുകളും എടുത്തു പറഞ്ഞിട്ടുണ്ട്. നേരത്തേ എറിക്‌സണ്‍ കമ്പനി നല്‍കിയ കോടതിയലക്ഷ്യക്കേസില്‍ അനില്‍ അംബാനി നേരിട്ട് ഹാജരാകണമെന്ന സുപ്രീംകോടതി ഉത്തരവ് തിരുത്തിയ കോര്‍ട്ട് മാസ്റ്ററും സ്‌റ്റെനോഗ്രാഫറുമാണ് തപന്‍ കുമാറും മാനവ് ശര്‍മയും.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: New Delhi, National, Supreme Court of India, Justice, Molestation, Conspiracy, Court Order, Former SC Judge AK Patnaik to Probe 'Conspiracy' Against CJI After Sexual Harassment Charges . 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?