ഇടതുസ്ഥാനാര്‍ത്ഥികള്‍ തന്ത്രിയെയും രാജാക്കന്മാരെയും കാണുന്ന തിരക്കിലാണ്; വീണ ജോര്‍ജ് പന്തളം കൊട്ടാരം സന്ദര്‍ശിച്ചതിന്റെ വിവാദം കെട്ടടങ്ങും മുമ്പെ ശബരിമല തന്ത്രിയെ കണ്ട് അനുഗ്രഹം വാങ്ങി എം ബി രജേഷ്

പത്തനംതിട്ട: (www.kasargodvartha.com 16.04.2019) ലോക്‌സഭ തെരഞ്ഞെടുപ്പ് അടുത്തതോടെ ആത്മീയ നേതാക്കളെ കണ്ട് സമുദായ വോട്ടുകളുറപ്പിക്കാനുള്ള തത്രപ്പാടിലാണ് സ്ഥാനാര്‍ത്ഥികള്‍. ഇതിനായി രാഷ്ട്രീയ മത വിദ്യാസമില്ലാതെ നേതാക്കള്‍ നെട്ടോട്ടത്തിലാണ്. എന്‍ഡിഎ - യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ മതമേലധികാരികളെ കണ്ട് അനുഗ്രഹം വാങ്ങല്‍ പതിവാണെങ്കിലും ഇത്തവണ ഇടതുസ്ഥാനാര്‍ത്ഥികളും ഒട്ടും പിന്നിലല്ല. പത്തനംതിട്ടയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വീണ ജോര്‍ജ് പന്തളം കൊട്ടാരം സന്ദര്‍ശിച്ചതിന്റെ വിവാദം കെട്ടടങ്ങും മുമ്പെ പാലക്കാട് ഇടത് സ്ഥാനാര്‍ത്ഥിയും സിറ്റിംഗ് എംപിയുമായ എം ബി രജേഷ് ശബരിമല തന്ത്രിയെ കണ്ട് അനുഗ്രഹം വാങ്ങിയ സംഭവത്തില്‍ വെട്ടിലായിരിക്കുകയാണ് സിപിഎം.


ശബരിമല മേല്‍ശാന്തി തെക്കുംപറമ്പത്ത് ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയെ ചെര്‍പ്പുളശ്ശേരിയിലെ അദ്ദേഹത്തിന്റെ വസതിയിലെത്തിയാണ് രാജേഷ് സന്ദര്‍ശിച്ചത്. അതിന്റെ ചിത്രം സ്വന്തം ഫേസ്ബുക്കിലൂടെ പ്രസിദ്ധീകരിക്കുകയും ചെയ്തു. ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ എടുത്ത നിലപാടില്‍ മുഖ്യമന്ത്രി ഉറച്ചു നിന്നു സംസാരിക്കുമ്പോഴാണ് രാജേഷ് ശബരിമല തന്ത്രിയെ കണ്ട് അനുഗ്രഹം വാങ്ങി തെരഞ്ഞെടുപ്പിനെ നേരിടുന്നത്. സംഭവത്തില്‍ എം ബി രാജേഷിനോട് സിപിഎം വിശദീകരണം ചോദിക്കുമെന്നാണ് സൂചന.

അതേസമയം വിവാദമായതോടെ സംഭവത്തെ ന്യായീകരിച്ച് രാജേഷ് രംഗത്തെത്തി. ചെര്‍പ്പുളശ്ശേരിക്കടുത്ത് കാറല്‍മണ്ണയിലാണ് തന്റെ അമ്മയുടെ വീടെന്നും മോല്‍ശാന്തിയുമായി ദീര്‍ഘകാലത്തെ ബന്ധമാണുള്ളതെന്നും രാജേഷ് ഫേസ്ബുക്കില്‍ കുറിച്ചു.

എല്ലാ തെരഞ്ഞെടുപ്പുകള്‍ക്കും ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയെ സന്ദര്‍ശിക്കാറുള്ളതാണ്. ഔദ്യോഗികമായ സന്ദര്‍ശന പരിപാടികള്‍ ഇന്നില്ലാത്തതിനാല്‍ ഈ ദിവസം അതിനായി മാറ്റിവെച്ചു. സംഭാരവും അടയും അപ്പവുമായാണ് അദ്ദേഹം സ്വീകരിച്ചത്. പൊന്നാടക്ക് പുറമേ ഒരു മുണ്ടും ഒരു കൈക്കുമ്പിള്‍ നിറയെ നാണയത്തുട്ടുകളും എനിക്ക് വിഷുക്കൈനീട്ടമായി അദ്ദേഹം സമ്മാനിച്ചു. പെരുമാറ്റച്ചട്ടം ഉള്ളതിനാല്‍ അദ്ദേഹത്തിന് വിഷുക്കൈനീട്ടം നല്‍കാനായില്ല. രാജേഷ് പറഞ്ഞു.

അതേസമയം പാലക്കാട്ടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി വി കെ ശ്രീകണ്ഠന്‍ പ്രചരണത്തിലും ജനസമ്മിതിയിലും മുന്നേറുകയാണ്. ഡിസിസി പ്രസിഡന്റ് ആയിരിക്കെ മാസങ്ങള്‍ക്ക് മുമ്പ് ജയ്‌ഹോ എന്ന പേരില്‍ പദയാത്ര നടത്തി മണ്ഡലത്തെ ഇളക്കിമറിച്ച ശേഷമാണ് വി കെ ശ്രീകണ്ഠന്‍ സ്ഥാനാര്‍ത്ഥിത്വം ഏറ്റെടുത്തിരിക്കുന്നത്. കഴിഞ്ഞ പത്ത് വര്‍ഷമായി മണ്ഡലത്തില്‍ എംപിയായി തുടരുന്ന രാജേഷിനെതിരെ അട്ടിമറി വിജയം നേടുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. വിവിധ സര്‍വെ ഫലങ്ങള്‍ നല്‍കുന്ന സൂചനയും അതുതന്നെയാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Pathanamthitta, Kerala, News, Election, CPM, MB Rajesh visits Sabarimala Thanthri 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?