തളങ്കരയില്‍ നിരവധി പേരെ കബളിപ്പിച്ച് വന്‍ തുകയുമായി വ്യാജ വൈദ്യന്‍ മുങ്ങിയതായി പരാതി
കാസര്‍കോട് (www.evisionnews.co): കാല്‍മുട്ട് വേദനക്കും അലര്‍ജിക്കും ശമനം കിട്ടുമെന്ന് പറഞ്ഞ് രോഗികളില്‍ നിന്ന് വന്‍ തുക കൈപ്പറ്റി വ്യാജ വൈദ്യന്‍ മുങ്ങി. തളങ്കര കെ.കെ പുറം, ബാങ്കോട് പ്രദേശം കേന്ദ്രീകരിച്ച് ചികിത്സ നടത്തിയിരുന്ന 'വൈദ്യനാ'ണ് മുങ്ങിയത്. ഏതാനും മാസം മുമ്പാണ് മുട്ടുവേദനക്കുള്ള ഫലപ്രദമായ മരുന്നുണ്ടെന്ന് പറഞ്ഞ് ഇയാള്‍ ഈ ഭാഗങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്. മുട്ടുവേദന മൂലം വിഷമിക്കുകയായിരുന്ന പലരും ഇയാളെ സമീപിക്കുകയും മരുന്ന് ആവശ്യപ്പെടുകയും ചെയ്തു. അലര്‍ജിക്കും പെട്ടെന്ന് ഭേദമാകുന്ന മരുന്ന് തന്റെ പക്കലുണ്ടെന്ന് ഇയാള്‍ പ്രചരിപ്പിച്ചിരുന്നു.
മരുന്നിനായി 10,000 മുതല്‍ 25,000 രൂപവരെയാണ് ഈടാക്കിയിരുന്നത്. ആദ്യം 5,000 രൂപ മുന്‍കൂര്‍ വാങ്ങി ഒരാഴ്ചക്കകം മരുന്നുമായി എത്തും. ഏതാനും ഗുളികകളും കുടിക്കാനുള്ള മരുന്നുമാണ് നല്‍കുന്നത്. വേദന മൂലം ഉറക്കമില്ലാതിരുന്ന പലര്‍ക്കും ഗുളിക കഴിച്ചപ്പോള്‍ സുഖനിദ്ര ലഭിച്ചപ്പോള്‍ ആശ്വാസമായി. ഇതിനിടയില്‍, ശ്വാസ തടസത്തിന് ഇയാള്‍ ചികിത്സിച്ചിരുന്ന ഒരു സ്ത്രീക്ക് രോഗം മൂര്‍ച്ഛിച്ചപ്പോള്‍ സ്ത്രീയുടെ ബന്ധുക്കള്‍ ഇയാളെ ഫോണില്‍ ബന്ധപ്പെട്ട് ഉടന്‍ വരാന്‍ ആവശ്യപ്പെട്ടു.
പെട്ടെന്ന് വരാമെന്ന് പറഞ്ഞ 'വൈദ്യന്‍' പിന്നാലെ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തതോടെയാണ് നാട്ടുകാര്‍ക്ക് സംശയമായത്. തൊട്ടുപിന്നാലെ സ്ത്രീ മരിക്കുകയും ചെയ്തു. ഇയാളുടെ ചികിത്സ തേടിയിരുന്നവര്‍ ഇതോടെ ഭീതിയിലായി. തുടര്‍ന്ന് ഇയാള്‍ നല്‍കിയ ഗുളിക ഡോക്ടര്‍മാരെ കാണിച്ചപ്പോഴാണ് മെഡിക്കല്‍ ഷോപ്പുകളില്‍ നിന്ന് ലഭിക്കുന്ന ഉറക്കഗുളികയും വേദന സംഹാരിയും പൊടിച്ച് മിശ്രിതമാക്കിയ ഗുളികകളും മരുന്നുകളും ആണ് ഇതെന്ന് വ്യക്തമായത്. ചെറിയ വിലയുള്ള ഈ ഗുളികകള്‍ക്കാണ് പലരും വലിയ തുക നല്‍കി വഞ്ചിതരായത്. കന്നഡ കലര്‍ന്ന മലയാളത്തില്‍ സംസാരിച്ചിരുന്ന വ്യാജ വൈദ്യനെ കണ്ടെത്താനുള്ള തിരച്ചിലിലാണ് നാട്ടുകാര്‍.
Powered by Info News For You

Comments
Post a Comment