'വീട്ടിലെ സര്‍വ്വതും മോഷ്ടിച്ച കള്ളന്‍ എല്ലാം ഭാണ്ഡത്തിലാക്കി എന്നെ പേടിച്ച് ഓടി'; ചൗക്കിദാര്‍ നരേന്ദ്ര മോദിയെ പേടിച്ചാണത്രെ നീരവ് മോദിയും ചോക്‌സിയും മല്യയും നാടുവിട്ടത്

നിഷ്ത്തര്‍ മുഹമ്മദ്

ചൗക്കിദാര്‍ നരേന്ദ്ര മോദിയെ പേടിച്ചാണ് തട്ടിപ്പുവീരന്മാരായ നീരവ് മോദിയും മെഹുല്‍ ചോക്‌സിയും വിജയ് മല്യയുമൊക്കെ ഇന്ത്യ വിട്ടതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്ങ് തട്ടിവിട്ടുവല്ലോ.. 'ഗോ'മഡി ഉഷാറായി..

ഇപ്പറഞ്ഞ തട്ടിപ്പുവീരന്മാരൊക്കെ കാവല്‍ക്കാരന്‍ മോദിജിയെ പേടിച്ച് വെറും കൈയ്യോടെ നാടുവിട്ടോടി ഉടുതുണിക്ക് മറുതുണിയില്ലാതെ സോമാലിയയിലോ മറ്റോ തെണ്ടി നടക്കുകയാണല്ലോ..

ഒരു നേരത്തെ അന്നത്തിന് വകയില്ലാതെ അരപ്പട്ടിണിയും മുഴുപ്പട്ടിണിയുമായി കോടിക്കണക്കിനാളുകള്‍ ജീവിക്കുന്ന നാട്ടില്‍ നിന്ന്, ഭവനരഹിതരായ കോടിക്കണക്കിന് ദരിദ്രര്‍ ജീവിക്കുന്ന നാട്ടില്‍ നിന്ന്, ഉപജീവനത്തിന് തെരുവുകളില്‍ മാംസക്കച്ചവടം നടത്തേണ്ടിവരുന്ന ആയിക്കണക്കിന് പാവപ്പെട്ട സ്ത്രീകളുള്ള നാട്ടില്‍ നിന്ന്, എന്തിനേറെ, അപ്പിയിടാന്‍ കക്കൂസ് പോലുമില്ലാത്ത പരസഹസ്രങ്ങള്‍ വസിക്കുന്ന നാട്ടില്‍ നിന്ന് 15,000 കോടിയും 9,000 കോടിയുമൊക്കെ അടിച്ചുമാറ്റിയാണ് മന്ത്രി സാറെ ഇവര്‍ രാജ്യം വിട്ടത്. അത്യാഢംബര റിസോര്‍ട്ടുകളില്‍ സുഖലോലുപതയുടെ ഉത്തുംഗയില്‍ പരിരസിക്കുകയാണ് സാറെ അവരിപ്പോള്‍.

നീരവ് മോദിയുടെ കാര്യമെടുക്കാം.. ലണ്ടനിലെ 'ദി ടെലഗ്രാഫി'ലെ പത്രപ്രവര്‍ത്തകന്‍ മൈക്ക് ബ്രൗണ്‍ വേഷം മാറി നടന്ന 'പുള്ളി'യെ കണ്ടുമുട്ടിയപ്പോള്‍ ധരിച്ചിരുന്നത് ഒമ്പത് ലക്ഷം രൂപയുടെ ഓസ്ട്രിച്ച് ഹൈഡ് ജാക്കറ്റ്. താമസം 16 ലക്ഷം പ്രതിമാസ വാടകയുള്ള ഫ്‌ളാറ്റില്‍.

മുന്‍ സര്‍ക്കാരുകളുടെ കാലത്ത് അവര്‍ പണം വെട്ടിപ്പ് നടത്തി രക്ഷപ്പെടാത്തത് അക്കാലത്തെ ഭരണനിര്‍വാഹകരുടെ ജാഗ്രതയെയാണ് കാണിക്കുന്നത്.

ചെറിയൊരു ഉദാഹരണം.

നിങ്ങള്‍ വീടുപൂട്ടി പുറത്ത് പോകുമ്പോള്‍ കാവല്‍ക്കാരനായി സര്‍വായുധ സജ്ജനാക്കിയ ഒരാളെ നിര്‍ത്തുന്നു. കാവല്‍ക്കാരന്‍ കാവല്‍ നില്‍ക്കുമ്പോള്‍ വീട്ടിലെ പൊന്നും പണ്ടവും കൊണ്ട് കള്ളന്‍ ഓടിപ്പോവുന്നു.. തിരിച്ചുവന്ന വീട്ടുകാരോട് കാവല്‍ക്കാരന്റെ ഡയലോഗടി.. 'വീട്ടിലെ സര്‍വ്വതും മോഷ്ടിച്ച കള്ളന്‍ എല്ലാം ഭാണ്ഡത്തിലാക്കി എന്നെ പേടിച്ച് ഓടി'.. എജ്ജാതി..



Keywords: World, India, National, Article, Narendra Modi, PM, London, Nishthar Muhammed, Nirav Modi, Mehul Choksi, Vijay Malya, Where is our Chowkidar? How did Nirav Modi, Mehul Choksi & Vijay Malya escape?



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?