പാലക്കാട്ട് ഏറ്റമുട്ടുന്നത് പ്രീഡിഗ്രി കാലത്തെ സഹപാഠികള്‍; പഴയ എസ് എഫ് ഐക്കാരനും കെ എസ് യുക്കാരനും ഏറ്റുമുട്ടുമ്പോള്‍ വിജയം ആര്‍ക്കൊപ്പം? കണക്കുകള്‍ ഇങ്ങനെ

പാലക്കാട്: (www.kvartha.com 02.04.2019) ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ട മണ്ഡലങ്ങളിലൊന്നായിരുന്നു പാലക്കാട്. അതില്‍ പ്രധാന ചര്‍ച്ച യുഡിഎഫ് സ്ഥാനാര്‍ത്ഥിയും ഡിസിസി പ്രസിഡന്റുമായ വി കെ ശ്രീകണ്ഠനുമായി ബന്ധപ്പെട്ട് തന്നെയാണ്. സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് മുന്നേ, ഡിസിസി പ്രസിഡന്റായിരുന്ന ശ്രീകണ്ഠന്‍ നടത്തിയ ജയ്‌ഹോ പദയാത്രയാണ് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടത്. പ്രതീക്ഷിച്ചതിലും കൂടുതല്‍ വിജയം നേടിയ യാത്ര എതിരാളികള്‍ പോലും ശ്രദ്ധിച്ചു.

സംഭവം ക്ലിക്ക് ആയതോടെ കോണ്‍ഗ്രസിന്റെ ദേശീയ നേതാക്കളും ശ്രദ്ധിച്ചു. മറ്റൊന്നും നോക്കാതെ പാലക്കാട്ടേക്ക് ശ്രീകണ്ഠനെ തന്നെ സ്ഥാനാര്‍ത്ഥിയായി നിയോഗിക്കുകയും ചെയ്തു. സിറ്റിംഗ് എംപി എം ബി രാജേഷിനെ ഇറക്കിയാണ് സിപിഎം വീണ്ടും വിജയമുറപ്പിക്കാന്‍ ഇറങ്ങുന്നത്. യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പേ രാജേഷ് മണ്ഡലത്തില്‍ തയ്യാറായിരുന്നു. സി കൃഷ്ണകുമാര്‍ ആണ് എന്‍ഡിഎ സ്ഥാനാര്‍ഥി. മൂന്ന് പേരും ജനകീയരും യുവനേതാക്കളുമാണ്.

തിരക്കിട്ട പ്രചരണവുമായി ഇരുവരും മുന്നേറുന്നതിനിടെ മറ്റൊരു രസകരമായ വാര്‍ത്ത കൂടി പുറത്തുവന്നു. പാലക്കാട്ടെ ഇടത് -വലത് സ്ഥാനാര്‍ത്ഥികളായ ഇരുവരും പഴയ സഹപാഠികള്‍ കൂടിയാണ്. മൂന്ന് ദശാബ്ദങ്ങള്‍ക്ക് മുന്‍പ് ഒരുമിച്ച് പഠിച്ചവരാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എംബി രാജേഷും യുഡിഎഫ് സ്ഥാനാര്‍ത്ഥി വി കെ ശ്രീകണ്ഠനും.

ഒറ്റപ്പാലം എന്‍എസ്എസ് കോളജില്‍ പ്രീ ഡിഗ്രിക്കാണ് ഇരുവരും ഒരുമിച്ച് പഠിച്ചത്. 1986 - 88 കാലഘട്ടത്തിലായിരുന്നു സംഭവം. അപ്പോള്‍ മുതല്‍ തന്നെ വ്യത്യസ്ത രാഷ്ട്രീയവും ആശയവും പറഞ്ഞ് ക്ലാസ് മുറികളില്‍ വക്‌പോരിലേര്‍പ്പെട്ടിരുന്നു എം ബി രാജേഷ് എന്ന എസ് എഫ് ഐക്കാരനും കെഎസ്‌യുക്കാരനായ വി കെ ശ്രീകണ്ഠനും. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെയായിരുന്നു ഇരുവരും പൊതുപ്രവര്‍ത്തന രംഗത്തേക്ക് കടന്നുവന്നത്. ഇന്ന് എം ബി രാജേഷ് സിപിഎം സംസ്ഥാന കമ്മറ്റി അംഗവും, വി കെ ശ്രീകണ്ഠന്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റുമാണ്.

പാലക്കാട് ലോക്‌സഭ മണ്ഡലത്തില്‍ ഇത്തവണ ഇരുവരും നേര്‍ക്കുനേര്‍ ഏറ്റുമുട്ടുമ്പോള്‍ വിജയം ആര്‍ക്കൊപ്പമെന്ന് വിധിയെഴുതേണ്ട ഉത്തരവാദിത്വം വോട്ടര്‍മാര്‍ക്കാണ്. പഴയ സൗഹൃദമുണ്ടെങ്കിലും പോര്‍ക്കളത്തിലെ പോരാട്ടം വ്യത്യസ്ത രാഷ്ട്രീയ ആശയങ്ങള്‍ മുറുകെ പിടിച്ചാണ്. രണ്ടു പേരും ഷൊര്‍ണൂര്‍ സ്വദേശികളുമാണ്. രണ്ടുതവണ എംപിയായതിന്റെ ആത്മവിശ്വാസവുമായി എം ബി രാജേഷ് ജനങ്ങള്‍ക്കിടയിലേക്കിറങ്ങുമ്പോള്‍ പാലക്കാട് മാറ്റുണ്ടാക്കാനാവുമെന്നാണ് വി കെ ശ്രീകണ്ഠന്‍ പറയുന്നത്.

എന്തുതന്നെയായാലും ഒരല്‍പ്പം മുന്‍തൂക്കം യുഡിഎഫിന് തന്നെയാണ്. ചില കേന്ദ്രങ്ങളില്‍ സിപിഎമ്മും സിപിഐയും തമ്മില്‍ ഇടഞ്ഞ് നില്‍ക്കുന്നതും ജില്ലയില്‍ സിപിഎം നേതാക്കള്‍ക്കെതിരേ ഉയര്‍ന്ന ആരോപണങ്ങളും എല്‍ഡിഎഫിന് തലവേദനയായിട്ടുണ്ട്. രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കാനെത്തിയതോടെ കേരളത്തില്‍ തരംഗമുണ്ടാകുമെന്ന പ്രതീക്ഷയും ജയ്‌ഹോ പദയാത്രയിലൂടെ ലഭിച്ച സ്വീകാര്യതയും ശ്രീകണ്ഠന് പ്രതീക്ഷ നല്‍കുന്നു.

1957ലാണ് പാലക്കാട് ലോകസഭാ മണ്ഡലം രൂപീകരിച്ചത്. അന്ന് മുതല്‍ 15 തെരഞ്ഞെടുപ്പുകള്‍ നടന്നപ്പോള്‍ വെറും നാലുതവണ മാത്രമാണ് കോണ്‍ഗ്രസ് ജയിച്ചിട്ടുള്ളത്. ബാക്കിയെല്ലാ തെരഞ്ഞെടുപ്പുകളും ഇടതുപക്ഷത്തെ ചേര്‍ത്തുപിടിച്ചവരായിരുന്നു പാലക്കാട്ടുകാര്‍. 1977ല്‍ സുന്നാ സാഹിബും 1980, 1984, 1991 തെരഞ്ഞെടുപ്പുകളില്‍ വി എസ് വിജയരാഘവനുമാണ് കോണ്‍ഗ്രസ് ടിക്കറ്റില്‍ വിജയിച്ചത്. പാലക്കാട്, മലമ്പുഴ, കോങ്ങാട്, ഒറ്റപ്പാലം, ഷൊര്‍ണൂര്‍, മണ്ണാര്‍ക്കാട്, പട്ടാമ്പി എന്നീ ഏഴ് നിയോജകമണ്ഡലങ്ങളാണ് പാലക്കാട് ലോകസഭാ മണ്ഡലത്തില്‍ ഉള്‍പ്പെടുന്നത്. കഴിഞ്ഞ നിയമസഭ തെരഞ്ഞടുപ്പില്‍ ഇതില്‍ അഞ്ചെണ്ണവും എല്‍ഡിഎഫാണ് വിജയിച്ചത്. പാലക്കാട്ട് ഷാഫി പറമ്പിലും മണ്ണാര്‍ക്കാട്ട് മുസ്ലിം ലീഗിന്റെ ശംസുദ്ദീനുമാണ് ജയിച്ചത്.

ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന 2009ല്‍ 1820 വോട്ടിനാണ് കോണ്‍ഗ്രസിന്റെ സതീശന്‍ പാച്ചേനി തോറ്റത്. എന്നാല്‍ 2014ല്‍ എം പി വീരേന്ദ്രകുമാറിനെ 1,05,300 വോട്ടുകള്‍ക്കു അടിയറവ് പറയിച്ചാണ് രാജേഷ് ലോക്‌സഭയിലെത്തിയത്. എന്നാല്‍ ഇത്തവണ പോരാട്ടം കനക്കുമെന്നുതന്നെയാണ് രാഷ്ട്രീയ വിലയിരുത്തല്‍.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Palakkad, Kerala, News, Trending, Election, LS Poll in Palakad: MB Rajesh or VK Sreekantan?


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?