കള്ളവോട്ട് ചെയ്യാന്‍ സി പി എം യന്ത്രങ്ങള്‍ തകരാറിലാക്കി; പരാതിപ്പെട്ടിട്ടും കലക്ടര്‍ നടപടി സ്വീകരിച്ചില്ല; പ്രിസൈഡിംഗ് ഓഫീസര്‍മാര്‍ താമസിച്ചത് പാര്‍ട്ടി ഗ്രാമങ്ങളില്‍; ഗുരുതര ആരോപണങ്ങളുമായി യു ഡി എഫ് സ്ഥാനാര്‍ത്ഥി രാജ്‌മോഹന്‍ ഉണ്ണിത്താന്‍

കോഴിക്കോട്: (www.kvartha.com 27.04.2019) കാസര്‍കോട് മണ്ഡലത്തില്‍ ഇക്കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വ്യാപക കള്ളവോട്ട് നടന്നുവെന്ന കണ്ടെത്തലിന് പിന്നാലെ സി പി എമ്മിനെതിരെ ഗുരുതരമായ ആരോപണങ്ങളുമായി യു ഡി എഫ് സ്ഥാനാര്‍ത്ഥി രാജ്‌മോഹന്‍ ഉണ്ണിത്താന്‍.

സി പി എം കള്ളവോട്ട് ചെയ്യാന്‍ യന്ത്രങ്ങള്‍ തകരാറിലാക്കിയെന്നും ഇക്കര്യത്തെ കുറിച്ച് പരാതിപ്പെട്ടിട്ടും കലക്ടര്‍ നടപടി സ്വീകരിച്ചില്ലെന്നുമുള്ള ഗുരുതര ആരോപണങ്ങളാണ് ഉണ്ണിത്താന്‍ നടത്തിയത്. തെരഞ്ഞെടുപ്പിനെത്തുന്ന പ്രിസൈഡിങ് ഓഫീസര്‍ പാര്‍ട്ടി ഗ്രാമങ്ങളിലാണ് താമസിക്കുന്നത്. വോട്ടിങ് മെഷീനിലെ തകരാറിന്റെ പേര് പറഞ്ഞ് പലയിടങ്ങളിലും മണിക്കൂറുകള്‍ വോട്ടെടെപ്പ് മനഃപൂര്‍വ്വം നിര്‍ത്തിവെച്ചു. വോട്ടെടുപ്പ് രാത്രിയിലേക്ക് നീട്ടാനായിരുന്നു ഇത്. വെട്ടവും വെളിച്ചവും ഇല്ലാത്ത സമയത്താണ് കള്ളവോട്ടുകളെല്ലാം ചെയ്തതെന്നും ഉണ്ണിത്താന്‍ ആരോപിക്കുന്നു.

Rajmohan Unnithan responses on fake vote in Kasargod constituency, Kozhikode, News, Politics, Lok Sabha, Election, Trending, Allegation, CPM, Congress, Kerala

എന്നാല്‍ എത്രയധികം കള്ളവോട്ട് നടന്നാലും രാജ്മോഹന്‍ ഉണ്ണിത്താന്‍ കാസര്‍കോട് നിന്ന് ജയിക്കും. പഞ്ചായത്ത് പ്രസിഡന്റടക്കമുള്ളവരാണ് കള്ളവോട്ട് ചെയ്തിരിക്കുന്നത്. ഇവരെ അയോഗ്യരാക്കണം. ഞങ്ങളുടെ ബൂത്ത് ഏജന്റ്മാരെയടക്കം അവര്‍ പുറത്താക്കി. കലക്ടറോട് നിരവധി തവണ പരാതി പറഞ്ഞിട്ടും ഒരു നടപടിയും ഉണ്ടായില്ലെന്നും ഉണ്ണിത്താന്‍ പറയുന്നു.

അതേസമയം കള്ളവോട്ടിനെതിരെ ഞാന്‍ പറയാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായെന്ന് കണ്ണൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി കെ.സുധാകരന്‍ പറഞ്ഞു. പലരും തന്നോട് ചോദിച്ചിരുന്നു നിങ്ങളിതൊക്കെ വെറുതെ പറയുകയല്ലെ എന്ന്. ഇപ്പോള്‍ മാതൃഭൂമി ദൃശ്യങ്ങള്‍ പുറത്ത് വിട്ടതിലൂടെ അവര്‍ക്ക് കാര്യങ്ങള്‍ വ്യക്തമാകും. ലക്ഷ്യത്തിലേക്ക് എത്താന്‍ ഏത് മാര്‍ഗവും സ്വീകരിക്കുന്നവരാണ് സിപിഎമ്മെന്നും അദ്ദേഹം പറഞ്ഞു.

കാസര്‍കോട് മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന കണ്ണൂര്‍ ജില്ലയിലെ പിലാത്തറ എയുപി സ്‌കൂളിലെ 19-ാം നമ്പര്‍ ബൂത്തില്‍ കളളവോട്ട് നടന്നതിന്റെ തെളിവുകളാണ് പുറത്തുവന്നത്. മാതൃഭൂമി ന്യൂസ് ആണ് ഇതുസംബന്ധിച്ച് വാര്‍ത്ത പുറത്തുകൊണ്ടുവന്നത്.

വനിതാ പഞ്ചായത്ത് പ്രസിഡന്റും മുന്‍ പഞ്ചായത്ത് അംഗവും അടക്കമുള്ള ആളുകള്‍ ഒന്നിലേറെ തവണ വോട്ട് രേഖപ്പെടുത്തുന്നതും ആളുമാറി വോട്ട് ചെയ്യുന്നതുമുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നത്. സി.പി.എം നേതൃത്വത്തിന്റെ അറിവോടെയാണ് ഇവിടെ കള്ളവോട്ട് നടന്നതെന്നും ഇടത് ആഭിമുഖ്യമുള്ള ഉദ്യോഗസ്ഥര്‍ ഇതിന് കൂട്ടുനിന്നുവെന്നും കോണ്‍ഗ്രസ് ആരോപിച്ചു. ഇക്കാര്യത്തില്‍ നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ അറിയിച്ചു.

ഇതുസംബന്ധിച്ച് കലക്ടര്‍, അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസര്‍, പ്രിസൈഡിംഗ് ഓഫീസര്‍ എന്നിവരോട് റിപ്പോര്‍ട്ട് തേടുമെന്ന്് സംസ്ഥാനത്തെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ വ്യക്തമാക്കിയിരുന്നു. ഇക്കാര്യത്തില്‍ എന്തെങ്കിലും നടപടി എടുക്കുമോ എന്ന് ഇപ്പോള്‍ പറയാനാകില്ലെന്നും ഇങ്ങനെ ഒരു സംഭവം നടന്നിട്ടുണ്ടെങ്കില്‍ അത് ഗുരുതരമാണെന്നും റിപ്പോര്‍ട്ട് ലഭിച്ച ശേഷം സംഭവം സത്യമാണെന്ന് തെളിഞ്ഞാല്‍ ശക്തമായ നടപടി എടുക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

സ്ത്രീകള്‍ ഉള്‍പ്പെടെയുളളവര്‍ 19-ാം നമ്പര്‍ ബൂത്തില്‍ വോട്ടുചെയ്യുന്നതിന്റെ ദൃശ്യങ്ങളാണ് കോണ്‍ഗ്രസ് പുറത്തുവിട്ടത്. മുന്‍ പഞ്ചായത്ത് മെമ്പറും നിലവിലെ പഞ്ചായത്ത് മെമ്പറും സിപിഎം പ്രാദേശിക നേതാവുമാണ് ദൃശ്യങ്ങളിലുളളത്. 16-ാം നമ്പര്‍ ബൂത്തില്‍ വോട്ടുളള മുന്‍ പഞ്ചായത്ത് മെമ്പറായ സ്ത്രീ , 19-ാം നമ്പര്‍ ബൂത്തില്‍ വോട്ടുചെയ്യുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. ആറ് പേരുടെ ദൃശ്യങ്ങളാണ് കാമറയില്‍ പതിഞ്ഞത്. ഇതിന് പുറമേ 24-ാം നമ്പര്‍ ബൂത്തില്‍ വോട്ടുളള നിലവിലെ പഞ്ചായത്ത് മെമ്പറും ഇവിടെ കളളവോട്ട് ചെയ്തതായി കോണ്‍ഗ്രസ് ആരോപിക്കുന്നു.

ഒരു ബൂത്ത് ഏജന്റ് തിരിച്ചറിയല്‍ കാര്‍ഡ് നല്‍കുന്നതും, വോട്ടു രേഖപ്പെടുത്തിയ ശേഷം തിരിച്ചറിയല്‍ കാര്‍ഡ് തിരികെ നല്‍കുന്നതും ദൃശ്യങ്ങളില്‍ കാണാം. കടന്നപ്പളളി പഞ്ചായത്തിലെ പ്രാദേശിക നേതാവ് ഇവിടെ വന്ന് വോട്ടു രേഖപ്പെടുത്തി. ഇദ്ദേഹത്തിന്റെ വോട്ട് മറ്റൊരു ബൂത്തിലാണെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം.

ആളുമാറി വോട്ടുചെയ്യുന്നതും ഒരാള്‍ തന്നെ രണ്ടുതവണ വോട്ടു ചെയ്യുന്നതും ദൃശ്യങ്ങളിലുണ്ട്. വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ച് മറ്റു ബൂത്തിലുളളവര്‍ വോട്ടു ചെയ്യുന്നതും കാമറയില്‍ പതിഞ്ഞിട്ടുണ്ട്. ഇവിടെയുളള പ്രാദേശിക രാഷ്ട്രീയ നേതാവ് ബൂത്തില്‍ കയറി നില്‍ക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ഇത് ചട്ടവിരുദ്ധമാണെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു.

പ്രിസൈഡിങ് ഓഫീസറെ കാഴ്ചക്കാരനാക്കിയാണ് കള്ളവോട്ട് നടന്നതെന്ന് ദൃശ്യങ്ങളില്‍ വ്യക്തമാണ്. കണ്ണൂര്‍ ചെറുതാഴം ഗ്രാമപഞ്ചായത്തിലെ ജനപ്രതിനിധിയായ സലീന എം.പിയും മുന്‍ ജനപ്രതിനിധിയായ സുമയ്യ കെ.പി എന്നിവരാണ് കള്ളവോട്ട് ചെയ്യുന്നത്. ചില വോട്ടര്‍മാര്‍ മണിക്കൂറുകളോളം വരിയില്‍ കാത്തുനിന്ന ശേഷം വോട്ട് ചെയ്യാനാവാതെ മടങ്ങിപ്പോകേണ്ടി വരുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഇവരുടെ വോട്ട് നേരത്തെ തന്നെ മറ്റാരോ ചെയ്‌തെന്ന് വ്യക്തമായതിനെ തുടര്‍ന്നാണ് മടങ്ങേണ്ടി വന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Rajmohan Unnithan responses on fake vote in Kasargod constituency, Kozhikode, News, Politics, Lok Sabha, Election, Trending, Allegation, CPM, Congress, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?