രണ്ട് എംപിമാരുമായി കോട്ടയത്തിനായി പൊരുതുമെന്ന് യുഡിഎഫ്; എംബിഎക്കാരനായ ജോസ് കെ മാണിയുടെ മാനേജ്‌മെന്റ് വൈദഗ്ധ്യവും ചാര്‍ട്ടേഡ് അക്കൗണ്ടന്റായ തോമസ് ചാഴികാടന്റെ കൂട്ടിക്കിഴിക്കലുകളും കോട്ടയം നഗരത്തെ ഹൈടെക്ക് ആക്കുമെന്നും പാര്‍ട്ടിയുടെ വാഗ്ദാനം

കോട്ടയം: (www.kvartha.com 02.04.2019) ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിക്കുമ്പോള്‍ കോട്ടയത്ത് യു ഡി എഫ് അമിത പ്രതീക്ഷയിലാണ്. കാരണം ഇത്തവണ തോമസ് ചാഴികാടന്‍ വിജയിക്കുകയാണെങ്കില്‍ അടുത്ത അഞ്ചു വര്‍ഷം കോട്ടയത്തിന് രണ്ട് എം പിമാരായിരിക്കുമെന്നാണ് യു ഡി എഫിന്റെ വാഗ്ദാനം.

അഞ്ചും അഞ്ചും ചേര്‍ന്നാല്‍ ആകെ 10 കോടി, കോട്ടയത്തിന്റെ സമഗ്ര വികസനത്തിനുള്ള അടിസ്ഥാന ഫണ്ടായി ഇത് മാറുമെന്നാണ് പാര്‍ട്ടിയുടെ കണക്കുകൂട്ടല്‍.

Will fight with 2MP's, says UDF, Kottayam, News, Politics, UDF, Funds, Education, Technology, Lok Sabha, Election, Kerala

പിന്നെ കേന്ദ്ര ഫണ്ടും, കോട്ടയത്ത് നിലവില്‍ നടന്നുവരുന്ന കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ പൂര്‍ത്തീകരണവുമൊക്കെയായി ആയിരത്തിലേറെ കോടിയുടെ വികസന തുടര്‍ച്ചയാണ് യു ഡി എഫ് വാഗ്ദാനം.

എം ബി എക്കാരനായ ജോസ് കെ മാണിയുടെ മാനേജ്‌മെന്റ് വൈദഗ്ധ്യവും ചാര്‍ട്ടേഡ് അക്കൗണ്ടന്റായ തോമസ് ചാഴികാടന്റെ കൂട്ടിക്കിഴിക്കലുകളുമൊക്കെ ചേരുമ്പോള്‍ ഇപ്പോള്‍ അക്ഷര നഗരിയായ കോട്ടയത്തെ ഹൈടെക് ആക്കി മാറ്റാനാകുമെന്നാണ് യു ഡി എഫിന്റെ പ്രതീക്ഷ.

നേരത്തെ എം എല്‍ എ ആയിരുന്നപ്പോഴൊക്കെ ചാഴികാടന്‍ ഒറ്റയ്ക്കായിരുന്നെങ്കില്‍ ഇനി പാര്‍ലമെന്റിലെത്തിയാല്‍ ചാഴികാടന് ജോസ് കെ മാണിക്കൊപ്പം നിന്നുവേണം പ്രവര്‍ത്തിക്കാന്‍. ഡെല്‍ഹിയില്‍ ഓടി നടക്കാനും വിവിധ മന്ത്രാലയങ്ങളില്‍ കയറിയിറങ്ങാനും ഉദ്യോഗസ്ഥരുമായി ആശയവിനിമയം നടത്താനുമൊക്കെ അറിവും ഭാഷാ നൈപുണ്യവുമുള്ള ഒരു കൂട്ടാണ് തോമസ് ചാഴികാടന്‍.

ഇരുവരും ചേര്‍ന്നാല്‍ കോട്ടയത്ത് തുടക്കം കുറിച്ച പദ്ധതികളേക്കാള്‍ വലിയ പദ്ധതികളും പരിപാടികളും വീണ്ടും കൊണ്ടുവരാന്‍ കഴിയുമെന്നതാണ് പ്രധാന നേട്ടം.

കോട്ടയത്ത് നിലവിലുള്ള വികസന പദ്ധതികളുമായി ചേര്‍ന്ന് പോകുന്ന രാഷ്ട്രീയ കൂട്ടുകെട്ടുവേണം വിജയിക്കാനെന്നാണ് ജോസ് കെ മാണിയുടെ നിലപാട്. കാരണം വലവൂരില്‍ അന്താരാഷ്ട്ര നിലവാരത്തില്‍ ഒന്നാംഘട്ടം പൂര്‍ത്തിയായ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയുടെ അടുത്ത ഘട്ടങ്ങള്‍ ഉടന്‍ പൂര്‍ത്തിയാക്കണം.

കാലോചിതമായ മാറ്റങ്ങള്‍ അപ്പപ്പോള്‍ ഡെല്‍ഹിയില്‍ സാങ്കേതിക വിദ്യാഭ്യാസ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെടുത്തി അവ കൂടി ഉള്‍പ്പെടുത്തിയാണ് ഓരോ ഘട്ടങ്ങളും മുന്നോട്ട് പോകുന്നത്. 

അതിനെല്ലാം ഒരു ജനപ്രതിനിധി എന്നതിനപ്പുറം ഒരു എക്‌സിക്യൂട്ടീവ് ഉദ്യോഗസ്ഥന്റെ ജാഗ്രതയോടെയുള്ള ഇടപെടലാണ് ജോസ് കെ മാണി നിരന്തരം നടത്തിവരുന്നത്. അതുണ്ടായെങ്കില്‍ മാത്രമേ എല്ലാ പൂര്‍ണതകളോടും കൂടി ഈ പദ്ധതി യാഥാര്‍ത്ഥ്യമാകുകയുള്ളൂ.

കുറവിലങ്ങാട്ടെ സയന്‍സ് സിറ്റിയുടെ കാര്യവും അതുതന്നെയാണ്. ആദ്യ ഘട്ടമാണ് ഇപ്പോള്‍ പൂര്‍ത്തിയാകുന്നത്. അഞ്ചു ഘട്ടങ്ങള്‍ എങ്കിലും പൂര്‍ത്തിയായാലെ അഞ്ചു വര്‍ഷം മുമ്പ് വിഭാവനം ചെയ്ത അവസ്ഥയിലേക്ക് സയന്‍സ് സിറ്റി എത്തുകയുള്ളൂ. അതിനു പുറമേ അനുദിനം വളരുന്ന ശാസ്ത്ര സാങ്കേതിക രംഗത്തെ മാറ്റങ്ങള്‍ കൂടി മനസിലാക്കി ഇതോടൊപ്പം കൂട്ടി ചേര്‍ക്കണം.

നിലവിലെ പ്രോജക്റ്റ് മാറ്റിയെഴുതി അതെല്ലാം കൂട്ടിചേര്‍ക്കണമെങ്കില്‍ ഉദ്യോഗസ്ഥന്മാരെ വേണ്ട വിധം കാര്യങ്ങള്‍ പറഞ്ഞു മനസിലാക്കാന്‍ പറ്റണം. അതിന് എം പിയുടെ പി എ പോയാല്‍ ഉദ്യോഗസ്ഥര്‍ സന്ദര്‍ശനാനുമതി പോലും നല്‍കില്ല. എം പിമാര്‍ക്ക് പോലും പല ഉദ്യോഗസ്ഥരും സന്ദര്‍ശനാനുമതി നല്‍കുന്നത് പ്രയാസപ്പെട്ടാണ്.

അങ്ങനെ ഉദ്യോഗസ്ഥരെ കണ്ടാല്‍ തന്നെ കാര്യങ്ങള്‍ പറഞ്ഞു മനസിലാക്കാനും പ്രോജക്റ്റ് സമര്‍പ്പിക്കാനും കഴിയണം. അതിന് കഴിയാതെ, ഞാന്‍ പാവപ്പെട്ട കുടുംബത്തില്‍ നിന്നും വന്ന തൊഴിലാളി എം പിയാണ്, ചായക്കടക്കാരനാണ്, സാധാരണക്കാരുടെ കണ്ണിലുണ്ണിയാണ് .. എന്നൊക്കെ പറഞ്ഞാല്‍ അവര്‍ ഒരു ഹസ്തദാനം നല്‍കി മടക്കി അയക്കും. ഒരു കാര്യവും നടക്കില്ല.

അതിനാല്‍ തന്നെ ഡെല്‍ഹിയിലെ സാഹചര്യങ്ങള്‍ക്കും നാടിന്റെ ആവശ്യങ്ങള്‍ക്കും അനുസരിച്ചുള്ള പ്രവര്‍ത്തനം കാഴ്ച വയ്ക്കാന്‍ കഴിയുന്ന ജനപ്രതിനിധി എന്നതാണ് യു ഡി എഫ് മുന്നോട്ട് വയ്ക്കുന്നത്. എം പിയുടെ വിദ്യാഭ്യാസ യോഗ്യത, അക്ഷര നഗരിയുടെ വികസനത്തിനും വിദ്യാഭ്യാസ ഹബ്ബിനും അനിവാര്യമാണെന്ന് ധരിപ്പിക്കാനാണ് യു ഡി എഫിന്റെ നീക്കം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Will fight with 2MP's, says UDF, Kottayam, News, Politics, UDF, Funds, Education, Technology, Lok Sabha, Election, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?