എന്താണ് വി വി പാറ്റ്? വി വി പാറ്റ് കൊണ്ടുള്ള ഗുണങ്ങളെന്തൊക്കെ? പ്രവര്‍ത്തന രീതി എങ്ങനെ? ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഉപയോഗിക്കുന്ന വി വി പാറ്റ് സംവിധാനത്തെ കുറിച്ച് വിശദമായി അറിയാം

ന്യൂഡല്‍ഹി: (www.kvartha.com 03.04.2019)  ഇത്തവണത്തെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പൂര്‍ണമായും വി വി പാറ്റ് യന്ത്രം ഉപയോഗിക്കുന്നുവെന്ന പ്രത്യേകതയുമുണ്ട്. വി വി പാറ്റ് സംവിധാനം നിലവില്‍ വരുന്നതോടെ വോട്ടിംഗ് സംവിധാനം കൂടുതല്‍ സുരക്ഷിതമാകും. വി വി പാറ്റ് സംവിധാനം വരുന്നതോടെ വോട്ടിംഗ് കേന്ദ്രത്തില്‍ ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്‍ (ഇ വി എം) കൂടാതെ വി വി പാറ്റും കൂടി ഉണ്ടാകും.

എന്താണ് വി വി പാറ്റ്?

വോട്ടര്‍ വെരിഫൈഡ് പേപ്പര്‍ ഓഡിറ്റ് ട്രയല്‍ എന്നാണ് വി വി പാറ്റ് എന്നതിന്റെ പൂര്‍ണരൂപം. 2013 മുതലാണ് ഇന്ത്യയില്‍ വി വി പാറ്റ് സംവിധാനം ഉപയോഗിച്ച് തുടങ്ങിയത്. ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളുടെ പ്രവര്‍ത്തനത്തില്‍ കൃത്രിമം കാട്ടിയാല്‍ കണ്ടുപിടിക്കുന്നതിനു സഹായിക്കുന്ന സംവിധാനമാണ് വി വി പാറ്റ്. അത് കൊണ്ടുതന്നെ ആധികാരികമായ സ്ഥിരീകരണ രേഖ എന്നുവേണമെങ്കില്‍ വിശേഷിപ്പിക്കാവുന്നതാണ്. വോട്ടിങ് യന്ത്രവുമായി ഒരു പ്രിന്റിങ് ഉപകരണം ബന്ധിപ്പിച്ചുകൊണ്ടാണ് സംവിധാനം നടപ്പിലാക്കുന്നത്.

വി വി പാറ്റുകളുടെ പ്രവര്‍ത്തന രീതി

സാധാരണ പോലെ വോട്ടിംഗ് യന്ത്രത്തില്‍ വോട്ട് രേഖപ്പെടുത്തുമ്പോള്‍ അതിന്റെ വിവരങ്ങള്‍ വി വി പാറ്റ് മെഷീനിലെ ഡിസ്‌പ്ലെയില്‍ തെളിഞ്ഞ് വരും. വോട്ടര്‍ക്ക് ഇത് വായിച്ച് ഉറപ്പ് വരുത്താവുന്നതാണ്. ഒരു നിശ്ചിതസമയത്തേക്ക് മാത്രമേ ഡിസ്‌പ്ലേയില്‍ വിവരങ്ങള്‍ ദൃശ്യമാകുകയുള്ളൂ. പിന്നീട് ഈ വിവരങ്ങള്‍ സ്ലിപ്പ് രൂപത്തില്‍ മെഷീനില്‍ തന്നെയുള്ള ബോക്‌സില്‍ വന്നുപതിക്കും.

വോട്ടര്‍ക്ക് മാത്രം കാണാന്‍ കഴിയുന്ന ഒരു ഗ്ലാസ് കേസിലാണ് വിവി പാറ്റ് മെഷീന്‍ സ്ഥാപിക്കുക. നമ്മള്‍ വോട്ട് ചെയ്യുമ്പോള്‍ അത് വിവി പാറ്റിലും രേഖപ്പെടും. വോട്ട് ചെയ്ത ഉടനെ നമ്മള്‍ വോട്ട് ചെയ്ത സ്ഥാനാര്‍ത്ഥിയുടെ ഇ വി എമ്മിലെ ക്രമ നമ്പര്‍, പേര്, ചിഹ്നം എന്നിവടങ്ങിയ പൂര്‍ണ വിവരങ്ങള്‍ വി വി പാറ്റിലെ ഡിസ്‌പ്ലെയില്‍ തെളിയും. ഏഴ് സെക്കന്‍ഡ് സമയം വോട്ടര്‍ക്ക് ഈ വിവരങ്ങള്‍ കാണാന്‍ സാധിക്കും. ഇതിലൂടെ തങ്ങളുടെ സ്ഥാനാര്‍ഥിക്ക് തന്നെയാണോ വോട്ട് രേഖപ്പെടുത്തിയതെന്ന് പരിശോധിച്ച് ഉറപ്പ് വരുത്താവുന്നതാണ്. ഏഴ് സെക്കന്‍ഡ് കഴിഞ്ഞാല്‍ സ്ലിപ്പ് താനെ മുറിഞ്ഞ് വി വി പാറ്റില്‍ തന്നെയുള്ള പെട്ടിയില്‍ പതിക്കും. അപ്പോഴാണ് ഒരാളുടെ വോട്ടിംഗ് പൂര്‍ണമാകുക.

വി വി പാറ്റ് കൊണ്ടുള്ള ഗുണങ്ങള്‍

വോട്ടിംഗ് യന്ത്രത്തില്‍ കൃത്രിമം കാണിക്കാന്‍ സാധിക്കില്ലെന്നതാണ് വി വി പാറ്റ് കൊണ്ടുള്ള ഗുണം. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വോട്ടിംഗ് യന്ത്രത്തില്‍ കൃത്രിമം നടന്നതായി വ്യാപക പരാതി ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് 2019ലെ ജനറല്‍ ഇലക്ഷനില്‍ വി വി പാറ്റ് സംവിധാനം ഉപയോഗിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിച്ചത്. വോട്ടിങ് യന്ത്രത്തില്‍ രേഖപ്പെടുത്തിയ വോട്ട് തങ്ങളുടെ സ്ഥാനാര്‍ത്ഥിക്ക് നേരെ തന്നെയാണോ രേഖപ്പെടുത്തപ്പെട്ടത് എന്ന് വോട്ടര്‍ക്ക് കൃത്യമായി പരിശോധിച്ചുറപ്പിക്കാന്‍ സാധിക്കുമെന്നതാണ് ഇതിന്റെ പ്രത്യേകത.

ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളുടെ കൃത്രിമത്വത്തെ കുറിച്ചുള്ള ആരോപണങ്ങള്‍ ഉയരുന്ന സാഹചര്യത്തില്‍ വിവി പാറ്റ് സംവിധാനം വളരെയേറെ ഉപകാരപ്രദമാണ്. വോട്ടര്‍മാര്‍ക്ക് തത്സമയ ഫീഡ്ബാക്ക് സംവിധാനം പ്രദാനം ചെയ്യുന്നു. വോട്ടര്‍മാര്‍ രേഖപ്പെടുത്തുന്ന വോട്ടുകള്‍ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തില്‍ മാത്രമല്ല, അത് വിവിപാറ്റിലും രേഖപ്പെടുത്തുന്നു. അത് കൊണ്ട് തന്നെ വിവി പാറ്റ് എന്നത് രണ്ടാമത്തെ സ്ഥിരീകരണ രേഖയായി കൂടി കണക്കാക്കാവുന്നതാണ്.

പിന്നീട് വോട്ടെടുപ്പ് സംബന്ധിച്ച് എന്തെങ്കിലും പരാതിയോ സംശയങ്ങളോ ഉയരുകയാണെങ്കില്‍ വിവി പാറ്റ് ബോക്‌സില്‍ പതിച്ച സ്ലിപ്പുകള്‍ പുറത്തെടുത്ത് എണ്ണി നോക്കാന്‍ സാധിക്കും. വി വി പാറ്റ് മെഷിനുകള്‍ വോട്ടര്‍മാര്‍ക്ക് പ്രവര്‍ത്തിപ്പിക്കാനോ തുറക്കാനോ സാധിക്കില്ല. ഇവ പ്രവര്‍ത്തിപ്പിക്കാനുള്ള പൂര്‍ണ അധികാരം പോളിങ് ഉദ്യോഗസ്ഥര്‍ക്ക് മാത്രമായിരിക്കും.

ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുന്നതിന് മുമ്പായി 50 ശതമാനം വിപി പാറ്റ് സ്ലിപ്പുകള്‍ വോട്ടിങ് മെഷീനിലെ വോട്ടുകളുമായി ഒത്തുനോക്കണമെന്നാവശ്യപ്പെട്ട് 21 പ്രതിപക്ഷ പാര്‍ട്ടികള്‍ ഹര്‍ജി നല്‍കിയിരുന്നു. ഇതുസംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീംകോടതി നോട്ടീസയച്ചെങ്കിലും 50 ശതമാനം എണ്ണുകയെന്നത് സാധ്യമല്ലെന്നും ഓരോ മണ്ഡലത്തിലെയും ഒരു വി വി പാറ്റ് യന്ത്രത്തിലെ സ്ലിപ്പുകള്‍ എണ്ണാമെന്നുമാണ് കമ്മീഷന്‍ നല്‍കിയ മറുപടി.

എന്താണ് വി വി പാറ്റ്? വീഡിയോ കാണാം


 (ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: National, News, Election, Trending, VVPAT, Vote, What is VVPAT?


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?